ADVERTISEMENT

നിലമ്പൂർ തേക്ക് മ്യൂസിയം പുനരുദ്ധാരണ പ്രവർത്തങ്ങൾക്കായി ഒരു മാസം അടച്ചിടാൻ തീരുമാനിച്ചു. കേരള വനഗവേഷണ സ്ഥാപനത്തിന്റെ പ്രാദേശിക കേന്ദ്രമായ നിലമ്പൂർ സബ് സെന്ററിനാണ് തേക്ക് മൂസിയത്തിന്റെയും അധികാരം. അന്നത്തെ അവിടത്തെ ഓഫീസർ ഇൻ ചാർജ് കേരള വനം വകുപ്പിൽനിന്നു ഡെപ്യൂട്ടേഷനിൽ നിയമിതനായ ഡോ. എൻ.സി. ഇന്ദുചൂഡൻ. മ്യൂസിയം പൂട്ടുന്നതിനു മുമ്പുള്ള കലാശക്കൊട്ടെന്ന നിലയിൽ ഒരറിയിപ്പും ഒരു പ്രത്യക പ്രദർശനവും നടത്താൻ തീരുമാനിച്ചു. അക്കൂട്ടത്തിൽ ചാലിയാറിലെ മത്സ്യശേഖരത്തിന്റെ ഒരു പ്രദർശനം ഒരുക്കണമെന്ന് എന്നോടും പറഞ്ഞു. ആവാമെന്ന് ഞാനും. അന്ന് രാത്രി ചാലിയാറിൽനിന്നു വീശി കുറച്ചു പിടിച്ചു. അത് കുപ്പിയിലേക്കാക്കി ഡെസ്കിൽ നിരത്തിവച്ചതിനു ശേഷം നേരം വെളുത്ത് ഏകദേശം ഏഴരയോടെ വലയുമായി നെടുങ്കയത്തേക്കു വിട്ടു.

ഒരു പത്തരയോടെ ഞാൻ നെടുങ്കയത്തുനിന്ന് ജീവനുള്ള മീനുകളുമായി തിരിച്ചുവരുമ്പോൾ വാഹനത്തിലെ അനൗൺസ്മെന്റ് കേട്ട് തരിച്ചിരുന്നുപോയി. ‘55 കിലോവരെ വലുപ്പം വയ്ക്കുന്ന അപൂർവ കുയിൽ മത്സ്യം കാണാൻ, നമ്മുടെ പുഴയിലെ ഭീമാകാരൻ, അപൂർവ അവസരം തേക്ക് മ്യൂസിയത്തിൽ- ഒരിക്കലും പാഴാക്കരുത്’, അതിനൊപ്പം സാഹിത്യവും ചേർന്ന ആവേശം സൃഷ്ടിക്കാൻ പോന്ന പരസ്യവാചകങ്ങൾ. ഞാൻ തേക്ക് മൂസിയത്തിന്റെ വാതിൽക്കൽ എത്തിയപ്പോൾ പോലീസ് ആകാശത്തേക്ക് വെടിവച്ചാൽ പോലും പിരിഞ്ഞുപോകാത്തവിധം ജനക്കൂട്ടം. ഞാൻ വെറുതെ ചെന്ന് ക്യുവിൽ നിൽക്കുന്ന ഒരാളോട് ചോദിച്ചു ‘എന്താ അവിടെ വിശേഷം?’, അയാൾ പറഞ്ഞു ‘55 കിലോള്ള മീനാണി, ഇജ്ജ് വന്നു കണ്ടാള’.

ഞാൻ പതിയെ അങ്ങേ ഗേറ്റ് വഴി മൂസിയത്തിനകത്തെത്തി. മൂസിയത്തിനകത്തെത്തിപ്പോൾ ഒരു കുപ്പിയിലെ മീനുമായി ഇന്ദുചൂഡൻ സാറും പിന്നെ ഒരു ജനക്കൂട്ടവും. കുപ്പിയിലിരിക്കുന്ന കഷ്ടി 15 സെന്റിമീറ്റർ നീളമുള്ള ഒരു കുയിൽ കുഞ്ഞിനെ എടുത്ത് കാണിച്ചുകൊണ്ട് ഇന്ദുചൂഡൻ സാർ പറയുന്നു, ‘ഇതിനെ വലുതാകാൻ വിട്ടാൽ 55 അല്ല അറുപത് കിലോയോളം വരും’. ആ തിരക്കിനിയടയിൽ എന്റെ മുഖം കണ്ട ഇന്ദുചൂഡൻ സാർ വിളിച്ചു. ഞാൻ ചെന്നപ്പോൾ ഇന്ദുചൂൻ സാർ അവിടെ നിന്ന ജനത്തോടായി പറഞ്ഞു. ‘നമ്മുടെ മീനുകളെക്കുറിച്ച് ഏറ്റവും അറിവുള്ള ഒരാളാണിത്, ആളിങ്ങനെ ഇരിക്കണതൊന്നും നോക്കണ്ട, ഭയങ്കര അറിവാണ്’. എന്നിട്ട് എന്റെ നേരെ തിരിഞ് -‘ഷാജി ഈ ഭയങ്കര മൽസ്യത്തെക്കുറിച്ച് ഇവർക്കൊന്ന് പറഞ്ഞുകൊടുക്കു’. എന്നിട്ടു ജനത്തോടായി പറഞ്ഞു, ‘ആരും തിരക്ക് കൂട്ടരുത്, എല്ലാം വിശദമായി പറഞ്ഞു തരും’.

ഇന്ദുചൂഡൻ സാർ മുങ്ങിയ പാടെ ജനം എന്റെ നേരെ തിരിഞ്ഞു. ‘എവിടാഡോ 55 കിലോയുള്ള മീൻ’ എന്നായി ചോദ്യം. എന്റെ നേരെ ആക്രോശിച്ച ജനത്തെ ഞാൻ ഒതുക്കിയത് 1920കൾ മുതൽ 1946 വരെയുള്ള കാലങ്ങളിൽ സായിപ്പന്മാർ പിടിച്ചു ഫോട്ടോയെടുത്ത ചില വലിയ കുയിലുകളുടെ ചിത്രങ്ങൾ കാണിച്ചാണ്. അന്നെന്നെ അവർ കൊല്ലാതെ വിട്ടതിൽ ഡോ. സജീവിന്റെ കാരുണ്യം കലർന്ന ഇടപെടൽ കൂടിയുണ്ട്.

kuyil--1
(ചിത്രം 1) 1946 മാർച്ച് 22 ന് കബിനിയിൽ നിന്നും വാൻ ഇന്ജെൻ (J. Wet. Van Ingen)പിടിച്ച 120 പൗണ്ട് തൂക്കമുള്ള കുയിൽ (54.43 Kilogram). (ചിത്രം 2) 1919 ഡിസംബർ 28 ന് കാവേരി നദിയിൽ നിന്നും കേണൽ JSR റിവേറ്റ് ക്രൂസ് പിടിച്ച 119 പൗണ്ട് തൂക്കമുള്ള കുയിൽ (53.97 Kilogram).

നിലമ്പൂരിലെ നിഷ്ക്കളങ്കരായ ജനത്താൽ ഞാൻ കൊല്ലപ്പെട്ടില്ല. പ്രദർശനം അവസാനിച്ചു കഴിഞ ഒരു ദിവസംകൂടി കഴിഞ്ഞാണ് ഞാൻ ഇന്ദുചൂഡൻ സാറിനെ കണ്ടത്. സാർ അര മണിക്കൂറോളം നീണ്ടുനിന്ന ഒരു ചിരിയിലൂടെ എന്നിൽനിന്നും വരാവുന്ന എല്ലാ ചോദ്യങ്ങളേയും തടഞ്ഞു. അന്നവിടെ ഇന്ദുചൂഡൻ സാർ പറഞ്ഞതിൽ സത്യമുണ്ട്. അത്രയും വലുപ്പം വരുന്ന മഹ്സീർ അഥവാ കുയിൽ മത്സ്യങ്ങൾ തെന്നിന്ത്യയിലെ ശുദ്ധജലത്തിലുണ്ട്. അത്തരത്തിലുള്ള കേരള പശ്ചിമഘട്ടത്തിൽ കാണുന്ന മലബാർ മഹ്സീറിനെക്കുറിച്ചും പശ്ചിമഘട്ടത്തിന്റെ വടക്കൻ ഭാഗങ്ങളിൽ കാണുന്ന ഡെക്കാൻ മഹ്സീറിനെക്കുറിച്ചും സംസാരിക്കാം.

മഹ്സീറിനെക്കുറിച്ച് തേക്കടിയിലെ റിസർച്ച് റേഞ്ച് ഓഫീസർ ആയിരുന്ന ജയിംസ് സാർ പറഞ്ഞു തന്നത് ഉപകാരപ്പെട്ടു, ജയിംസ് സാർ ഒരിക്കൽ പറഞ്ഞു –നീ രണ്ടു പുസ്തകം വായിക്കണം, ഒന്ന് എച്ച്.എസ്. തോമസ് എഴുതിയ റോഡ്സ് ഇൻ ഇന്ത്യ, രണ്ടാമതായി മക് ഡൊണാൾഡിന്റെ സർക്കംവെന്റിങ് മഹസീർ എന്ന പുസ്തകവും. രണ്ടു പുസ്തകവും തേക്കടിയിൽവച്ച് ഞാൻ വായിച്ചെങ്കിലും കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വന്നതിനു ശേഷമുള്ള വായനയിലാണ് എനിക്ക് കാര്യങ്ങൾ മനസിലായത്. മഹസിറിനെക്കുറിച്ച് പറയും മുമ്പ് കേണൽ എച്ച്.എസ്. തോമസ് എന്താണ് പറയുന്നതെന്ന് കേൾക്കണം. കാനറയിൽ (ഇന്നത്തെ കൊടഗ്) നിന്നുള്ള മഹ്സീറിന് മെരുവൽ എന്നൊരു മലയാളം പേരുണ്ടെന്ന് ആദ്യമേ പറയുന്നു, തോമസ്. മഹ്സീർ എന്ന പേര് തമിഴോ, തെലുങ്കോ അല്ലെന്നും അത് ഹിന്ദുസ്ഥാനി ആണെന്നും പറയുന്നു. മഹ്സീർ എന്ന പേര് സംസ്കൃതത്തിൽ അതിന്റെ നിഷ്പത്തി കണ്ടെത്തും. മഹാ എന്നാൽ വലിയ എന്നർഥം, ആസ്യ എന്നാൽ വായ് എന്നും അർഥം. രണ്ടു വാക്കുകൾ ചേർന്ന് മഹാസ്യ എന്നാവുകയും പിന്നീട് മാഷീർ എന്ന് രൂപാന്തരം ഭവിക്കുകയും ചെയ്തു.

ഒരു ചരിത്രത്തെക്കൂടി പറയണം. ബലൂചിസ്ഥാനിലെ നാൾ ഗ്രാമത്തിൽനിന്നുള്ള പുരാവസ്തുഖനനത്തിൽ മൃതദേഹസംസ്കരണവുമായി ബന്ധപ്പെട്ട മൺപാത്രങ്ങൾ ലഭിക്കുകയുണ്ടായി. മൂവായിരം വർഷത്തിന് മുമ്പ് ഹാരപ്പൻ സംസ്ക്കാരം നിലനിന്ന കാലത്തെന്നു ഗണിക്കപ്പെട്ട ആ മൺപാത്രങ്ങളിലാവട്ടെ നിരവധി മത്സ്യങ്ങളുടെ ചിത്രങ്ങൾ ആലേഖനം ചെയ്തലങ്കരിച്ചിരുന്നു. കല്ലൊട്ടി കൊയ്ത്ത, ലേബിയോ തുടങ്ങിയ മത്സ്യങ്ങളെയാണ് ആലേഖനം ചെയ്തിരുന്നതായി ഡോ. സുന്ദർ ലാൽ ഹോറ കണ്ടെത്തിയിരുന്നു. അതിൽ മഹ്സീറിന്റെ ചിത്രവും ഉണ്ടായിരുന്നു (ഹിമാലയത്തിലെ കുയിലുകളുടെ).

kuyil-1
കുയിൽമത്സ്യം

ചാലൂക്യ രാജവംശത്തിലെ സോമേശ്വരൻ മൂന്നാമൻ രചിച്ച സംസ്കൃത കൃതിയായ മനസോല്ലാസത്തിൽ കടലിലും ശുദ്ധജലത്തിൽനിന്നുമായി 35 ഇനങ്ങളെ വിവരിക്കുന്നതിൽ മഹാശിലാ എന്നു പറഞ്ഞു വിവരിക്കുന്നത് നമ്മുടെ ഈ കുയിൽ മത്സ്യത്തെയാണെന്ന് സുന്ദർ ലാൽ ഹോറ പറയുന്നു. അങ്ങനെയാണെങ്കിൽ കുയിൽമത്സ്യത്തിനെ ആദ്യം വിളിച്ച പേര് മഹാശിലാ എന്നാവും. മഹ്സീർ എന്ന പേര് മഹാശിരാസ് അതായത് വലിയ തലയുള്ള എന്നർഥം തരുന്ന വാക്കിൽനിന്നും രൂപാന്തരം സംഭവിച്ചതാവും എന്നും പറയുന്നു. മറ്റൊരു വാദം മഹാസുല (Mahasula), മഹാശിൽക (Mahasilka) അതായത് വലിയ ശൽക്കങ്ങൾ അല്ലെങ്കിൽ ചിതമ്പലുകൾ ഉള്ള മത്സ്യങ്ങൾ എന്ന വാക്കുകളിൽനിന്നും ഉത്ഭവിച്ചതാവാം എന്നൊരുവാദവും നിലനിൽക്കുന്നു. ഇതിനുപോൽബലകമായി കാണുന്ന നിരീക്ഷണം മഹ്സീറിന്റെ ചിതമ്പലുകൾ ഒത്ത ഒരാളുടെ കൈത്തലത്തോളം വരുമെന്നുമാത്രമല്ല ഈ ചിതമ്പലുകൾ ചീട്ടുകളിക്കായി ഉപയോഗിച്ചിരുന്നതായും പറയുന്നുണ്ട്. മഹാരാഷ്ട്രയുടെ പലഭാഗത്തും ഇതിനെ മഹ്സൂൽ (Mahsol) എന്നാണു വിളിക്കുന്നത്.

ലോകത്താകമാനം 15 ഇനം കുയിൽ ജാതികളുണ്ട്. കേരളത്തിൽ ടോർ കുദ്രി (Tor khudree), ടോർ രെമാദേവിയെ (Tor remadevii), ടോർ മലബാറിക്കസ് (Tor malabaricus) എന്നിങ്ങനെ മൂന്നിനം കുയിലുകളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഇവയിൽ കേരളത്തിൽ അധികമല്ലാതെ കാണപ്പെടുന്ന കുയിൽ ടോർ കുദ്രി എന്ന ശാസ്ത്രനാമമുള്ള ഡെക്കാൻ മഹ്സീർ എന്ന ആംഗലേയ നാമത്തിൽ അറിയപ്പെടുന്ന മത്സ്യത്തെക്കുറിച്ച് ആദ്യം പറയാം.

കുദ്രിയുടെ സ്വാഭാവിക ജന്മദേശം പശ്ചിമഘട്ടത്തിന്റെ വടക്കൻ ഭാഗങ്ങളാണ്. ഇവ കേരളമടക്കമുള്ള തെക്കൻ നാടുകളിലേക്ക് വന്നതിന്റെ ചരിത്രങ്ങൾ പരിശോധിക്കേണ്ടതുണ്ട്. കേരളത്തിൽ ഇതിനെ ഇപ്പോൾ കാണുന്നത് ചാലക്കുടിപുഴയിലാണ്.

ഒരു നാച്ചുറലിസ്റ്റ് കൂടിയായ കേണൽ വില്യം ഹെൻറി സൈക്സ് എന്ന ബ്രിട്ടീഷ് സൈനികോദ്യോഗസ്ഥൻ 1838 നവംബർ 27ന് സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ മുമ്പാകെ വായിപ്പവതരിപ്പിച്ച “ഫിഷെസ് ഓഫ് ദുക്കും” എന്ന പേപ്പറിൽ 46 മത്സ്യങ്ങളെ അവതരിപ്പിക്കുന്നു. അദ്ദേഹം തന്നെ പറയുന്നു ഇതിൽ 42 എണ്ണം ശാസ്ത്രലോകത്തിന് പുതിയതാണ്. ദുക്കും എന്നത് ദക്ഷിൺ എന്ന് പറയാൻ പറ്റാത്ത സായിപ്പന്മാർ പറഞ്ഞപ്പോൾ അങ്ങനെ ആയതാണ്. ഡെക്കാൻ എന്ന വാക്കും ദക്ഷിൺ, ദക്ഷിണം എന്നതിന്റെ ആംഗലേയ രൂപമാണ്. ഈ വായനയുടെ റിപ്പോർട്ട് പുറത്തിറങ്ങിയത് 1839ലാണെന്ന് മാത്രം. ഇതേ പേപ്പർ 1841ൽ ട്രാൻസാക്ഷൻസ് ഓഫ് സുവോളജിക്കൽ സൊസൈറ്റി ഓഫ് ലണ്ടൻ എന്ന ജേർണലിൽ സചിത്രസഹിതം പ്രസിദ്ധീകരിച്ചുവന്നു. ഈ ഈ രണ്ട് പ്രസിദ്ധീകരണങ്ങളിലൂടെയാണ് ടോർ കുദ്രിയെന്ന മത്സ്യത്തെ പുറംലോകം അറിയുന്നത്. 1838ലാണ് കുയിൽ മത്സ്യത്തെ പൂനയിൽനിന്നും 8 മൈൽ അകലെയുള്ള മൊട്ട മോളാ നദിയിൽനിന്നു കണ്ടെത്തുന്നത്. അന്നാട്ടുകാർ, അതായത് മറാത്ത ഭാഷയിൽ ഈ മത്സ്യത്തെ വിളിച്ചിരുന്ന പേരാണ് ‘Khudis അല്ലെങ്കിൽ Khadshi’. ഈ പ്രാദേശിക നാമത്തിൽ നിന്നാണ് കുദ്രി എന്ന വംശ നാമത്തിന്റെ ഉൽപത്തി.

ഇനി സൈക്സ് നെക്കുറിച്ച് അൽപ. ചുരുങ്ങിയ കാലംകൊണ്ട് ഹിന്ദിയും മറാത്തിയും പഠിക്കുകയും, ബുദ്ധിസത്തെക്കുറിച്ച് ഒരുപാടെഴുതുകയും, ഇന്ത്യക്കാർ അവരുടെ തദ്ദേശീയ വിദ്യാഭ്യാസം തുടരണമെന്ന് വാദിക്കുകയും ചെയ്ത ഇംഗ്ലീഷുകാരൻ. തീർന്നില്ല, 1857ലെ ഒന്നാം സ്വാതന്ത്ര്യസരം എന്ന് നമ്മൾ വിളിച്ച മഹത്തായ വിപ്ലവത്തിന്റെ കാരണം ഇന്ത്യയിൽ നിലനിന്നിരുന്ന ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മതരീതികളെയും മനസിലാക്കാൻ ബ്രിട്ടീഷുകാർ പരാചയപെട്ടതിന്റെ പരിണിതഫലമാണെന്ന് തിരിച്ചറിഞ്ഞ ഒരിംഗ്ലീഷുകാരൻകൂടിയാണ് സൈക്സ്. 1839 നമ്മൾ പരിചയപ്പെട്ട 42 പുതിയ മത്സ്യങ്ങളെക്കൂടാതെ 56 ഇനം പുതിയ പക്ഷികളെക്കൂടി ശാസ്ത്രത്തിനു പരിചയപെടുത്തിയിട്ടുണ്ട് കേണൽ സൈക്സ് . pond heron എന്ന് വിളിക്കുന്ന നമ്മുടെ കുളക്കൊക്കും അതിൽ ഉൾപ്പെടും.

കേരളത്തിൽ വ്യാപകമായി കാണപ്പെടുന്ന കുയിൽ ഇനം ടോർ മലബാറിക്കസ് എന്നയിനമാണെന്ന് തന്മാത്രാപഠനങ്ങൾ വ്യക്തമാക്കുന്നു. കർണാടകം മുതൽ ഇങ്ങു തെക്കു പേച്ചിപ്പാറവരെയുള്ള പടിഞ്ഞാട്ടൊഴുകുന്ന നദികളിൽ കാണുന്നയിനമാണിത്. 1849ൽ ജെർഡൻ എന്ന നാച്ചുറലിസ്റ്റ് കണ്ടുപിടിച്ചതാണീ വംശത്തെ. ഏകദേശം 18 ഇഞ്ച് വരെ വലുപ്പം വയ്ക്കുന്ന ഈ കുയിൽ കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്ന നദികളിൽ സാധാരണമാണ്.

തന്മാത്ര പഠനങ്ങളുടെ മത്സ്യങ്ങളുടെ വർഗീകരണത്തിന് അത്ര നന്നായി ഉപയോഗപെടുത്തിയിട്ടില്ലാതിരുന്ന ഒരു കാലം വരെ അതായത് ഏതാണ്ട് 2003 വരെ തെക്കൻ കേരളത്തിൽ കുയിൽ എന്നും, മധ്യകേരളത്തിൽ ചൂര എന്നും, വടക്കൻ കേരളത്തിൽ കാസറഗോഡ് വരെ കറ്റി എന്നും കാസറഗോഡ് ഭാഗങ്ങളിൽ മെരുവൽ എന്നും വിളിച്ചിരുന്ന മഹ്സീറിനെ ടോർ കുദ്രി എന്ന ശാസ്ത്രനാമത്തിലാണറിഞ്ഞിരുന്നത്. തന്മാത്രാപഠനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ പുഴകളിൽ കാണുന്ന കുയിൽ ടോർ മലബാറിക്കസ് ആണെന്ന നിഗമനത്തിൽ തൽക്കാലം എത്തിച്ചേർന്നിരിക്കുന്നു.

അഴകുകൊണ്ടും, വലുപ്പംകൊണ്ടും, രൗദ്രഭാവം കൊണ്ടും ശുദ്ധജല മത്സ്യങ്ങളുടെ രാജാവാണ് കുയിൽ മത്സ്യം. ആംഗ്ലിങ് നടത്തുന്നവരുടെ പന്തയവും, അവരുടെ സ്വപ്നവുമാണ്. ബ്രിട്ടീഷ് ഭരണകാലത്ത് ആംഗ്ലിങ് വിനോദത്തിൽ പങ്കെടുത്തിരുന്നവർ അവർ പിടിച്ച കുയിലിന്റെ ചിത്രങ്ങൾ എടുക്കുകയും അവ ശാസ്ത്ര ജേർണലുകളിലടക്കം പ്രസിദ്ധപ്പെടുകയും ചെയ്യുമായിരുന്നു. 2011 മാർച്ച് 13ന് ബ്രിട്ടീഷ് ആംഗ്ലെറായ കെൻ ലൗഗ്രാൻ (Ken Loughran) പിടിച്ച 130 പൗണ്ട് (55 കിലോഗ്രാം) തൂക്കമുള്ള കുയിലാണ് ഇതുവരെയുള്ളതിൽ പിടിച്ചതിൽ ഏറ്റവും വലുതെന്ന് പ്രശസ്ത വന്യജീവി ഗവേഷകനും അധ്യാപകനും ആംഗ്ലെറും കൂടിയായ AJT ജോൺസിങ് പറയുന്നു. 1946 മാർച്ച് 22 ന് കബിനിയിൽനിന്നും വാൻ ഇന്ജെൻ (J. Wet. Van Ingen)പിടിച്ച കുയിലിന് 120 പൗണ്ട് (54.43 കിലോഗ്രാം) തൂക്കമുണ്ടായിരുന്നു. 1919 ഡിസംബർ 28 ന് കാവേരി നദിയിൽനിന്നു കേണൽ JSR റിവേറ്റ് ക്രൂസ് പിടിച്ച കുയിലിന്റെ തൂക്കം 119 പൗണ്ടായിരുന്നു (53.97 കിലോഗ്രാം) . നിലവിലെ അറിവുകൾ ഈ സ്പീഷിസ് ടോർ രമാദേവി എന്ന വംശമായിരിക്കാം എന്ന നിഗമനത്തിലേക്കെത്താൻ പോന്നതാണ്.

kuyil-3
2019 മെയ് 10 മുതൽ 14വരെയുള്ള തീയതികളിൽ കുയിലുകളടക്കമുള്ള മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ പയസ്വിനിപ്പുഴയിൽ നിന്നുള്ള ദൃശ്യം.

ഇത്രയും വലുപ്പമോ, ഇതിനോടടുത്ത വലുപ്പമോ ഉള്ള കുയിൽ മത്സ്യങ്ങൾ ഇന്നിപ്പോൾ അപൂർവമായിക്കൊണ്ടിരിക്കുകയാണ്. പുഴകളിലെ ജലവ്യാപ്തം കുറഞ്ഞതും, പുഴയോരവനങ്ങളുടെ അളവ് കുറഞ്ഞതും, തടയണകൾ വന്നതും ഒഴുക്ക് കുറഞ്ഞുപോയതും, പുഴകളിലെ സൂക്ഷ്മ ആവാസവ്യവസ്ഥകൾക്ക് വ്യതിയാനം വന്നതും ശേഷികൂടിയ മത്സ്യബന്ധനോപാധികൾ വന്നതും ഉയർന്ന തോതിലുള്ള മത്സ്യബന്ധനവും, വിനാശകരമായ മത്സ്യബന്ധനവും എല്ലാം വളർച്ചയെ മാത്രമല്ല വർധനയെയും സാരമായി ബാധിച്ചു.

ആംഗ്ലർമാർ- ചൂണ്ടയിടൽ ഒരു വിനോദവാറും മത്സരവുമായി കൊണ്ടുനടക്കുന്നവരുടെ ഇടയിൽ കുയിൽ എന്നും സജീവ ചർച്ചയാണ് കുയിൽ മത്സ്യം. തേക്കടിയിലെ മന്നാൻ ആദിവാസികൾക്ക് കുയിൽ മത്സ്യത്തിന്റെ ഭക്ഷണം, പ്രജനനം എന്നിവയെക്കുറിച്ച് ഗഹനമായ അറിവുകളുണ്ട്. ഞാൻ ഇത്തരം അറിവുകളുടെ പ്രയോഗത്തിന് സാക്ഷിയും ആയിട്ടുണ്ട്. ചില സമയങ്ങളിൽ ഇരയായി ഇത്തിക്കണ്ണിയുടെ പൂവ് വരെ ഉപയോഗിക്കുന്നു. ചില മാസങ്ങളിൽ രുദ്രാക്ഷത്തിന്റെ കായും ഉപയോഗിക്കുന്നു. മറ്റുചിലപ്പോൾ ഞണ്ടാണ് ഇര. ഇതവരുടെ അറിവാണ്.

നല്ല ഒഴുക്കുള്ള തെളിഞ്ഞ വെള്ളത്തിൽ, ചെറിയ വെള്ളച്ചാട്ടങ്ങളിൽ, വെള്ളം തിരിഞ്ഞൊഴുകുന്ന ചുഴികളിൽ, ആഴക്കയങ്ങളിൽ, വെള്ളം അലച്ചൊഴുകി പതഞ്ഞു പതിക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിൽ ഇവിടെയൊക്കെയാണ് കുയിൽ മത്സ്യം താമസിക്കുന്നത്. കാടുകൾക്കുള്ളിലെ പുഴകളിലും അരുവികളും അതുചേർന്നുണ്ടാവുന്ന അല്ലെങ്കിൽ ഉണ്ടാക്കുന്ന തടാകങ്ങളിലോമാത്രം കാണുന്ന ഒന്നാണ് കുയിൽ മത്സ്യം.

ഒഴുക്കുനിലച്ചുപോയ പുഴകൾ, കീടനാശിനികൾ ഒലിച്ചിറങ്ങിയ പുഴകൾ, ഈ പുഴയിടങ്ങളിൽ ഈ വലിയ മത്സ്യത്തിന് ജീവനം സാധ്യമാവാതെ വന്നു. ഊർജിത മത്സ്യബന്ധനം, വിഷം കലക്കിയുള്ള മത്സ്യബന്ധനം, സ്ഫോടനം വഴിയുള്ള മത്സ്യബന്ധനം, പ്രജനനകാലത്തെ മത്സ്യബന്ധനം തുടങ്ങിയവ വഴി അവശേഷിക്കുന്നവയെകൂടി നാം പ്രതിസന്ധിയിലാക്കി. അധികം ദൂരം ഒഴുകാനില്ലാത്ത നമ്മുടെ പുഴകളിൽ അധികമില്ലാത്ത ഇടങ്ങളിൽ അധിവസിക്കുന്ന ഇവ നമ്മുടെ കരുതൽ അർഹിക്കുന്നവരാണ്.

കേരളത്തിൽ ചിലയിടങ്ങളിൽ കുയിൽ മത്സ്യത്തെ ക്ഷേത്രങ്ങളോടു ചേർന്ന ജലാശയങ്ങളിൽ മീനൂട്ട് നടത്തി ആരാധിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. കുളത്തുപ്പുഴ, പമ്പ ഉദാഹരണങ്ങൾ. പമ്പയിലെ മത്സ്യങ്ങളെ തിരുമക്കൾ എന്നാണു പറയുകയത്രേ. ആചാരങ്ങളുടെയൊ അനുഷ്ഠാനങ്ങളുടെയോ പിൻബലത്താലല്ലാതെ തട്ടേക്കാട് പക്ഷിസങ്കേതത്തിനെതിർവശത്തുള്ള ക്ഷേത്രത്തിനു താഴെ പുഴയിൽ കുയിൽ മതിച്ച് മറയുന്ന കാഴ്ച രസകരം തന്നെയാണ്.

ഈ പ്രതിസന്ധികൾക്കിടയിലും ഈ ജലരാജാക്കന്മാർ തിമിർന്നാടുന്ന ഇടങ്ങളുണ്ട്. തേക്കടി തടാകവും അതിലേക്കു വരുന്ന മുല്ലയാറും പെരിയാറും പിന്നെ പറമ്പിക്കുളവും കേരളത്തിലെ കുയിൽ ബാങ്കുകളാണ് (Mahseer banks)

ആണ്ടോടാണ്ട് മത്സ്യമരണങ്ങൾ നടക്കുന്ന അതും വ്യാപകമായ തോതിൽ നടക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. അവസാനം നടന്ന കൂട്ടമരണം പയസ്വിനി പുഴയിലേതാണ്. കേരളത്തിലെ കുയിൽ മത്സ്യങ്ങളുടെ എക്സ്റ്റെർമിനേഷൻ ക്യാമ്പ് അല്ലെങ്കിൽ ഉന്മൂലന കേന്ദ്രം എന്നു വിശേഷിപ്പിക്കാവുന്നത് കാസർകോഡ് ജില്ലയിലെ പുഴകളാണ്. കാസർകോഡുകാരുടെ മലയാള ഭാഷ സഞ്ചയത്തിൽനിന്നു മെരുവൽ എന്ന പേരിന് അധികം വൈകാതെ വംശനാശം സംഭവിക്കും. കൂറ്റൻ മെരുവലുകളെ പിടിച്ച മീൻപിടുത്തക്കാരുടെ കഥകളും പോയ് മറയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com