വന്യമൃഗസ്നേഹികളെ നിങ്ങളിത് വായിക്കാതെ പോകരുത്
Mail This Article
കേരളത്തിലെ മലയോര ജനത വന്യജീവി ആക്രമങ്ങൾമൂലം ദുരിതത്തിലാണ്. കൃഷിയിടത്തിലെ വിളവെടുക്കാൻ പാകമായ വിളകൾ ആനയും പന്നിയും കുരങ്ങുമെല്ലാം അപഹരിക്കുകയും തകർത്തെറിയുകയും ചെയ്യുമ്പോൾ നിസ്സഹായനായി നോക്കി നിൽക്കാനേ കർഷകനു കഴിയുന്നുള്ളൂ. കണ്ണൂരിലെ ആറളം, കൊട്ടിയൂർ മേഖലയിൽ കാട്ടാന ആക്രമണങ്ങളിൽ കഴിഞ്ഞ ഒരു വർഷം കൊല്ലപ്പെട്ടത് 13 പേരാണ്. നാൽപതോളം പേർക്ക് വിവിധ ആക്രമണങ്ങളിലായി പരിക്കേറ്റിട്ടുമുണ്ട്. എന്നിട്ടും മലയോര ജനതയുടെ വേദന ആരും കാണാത്തതെന്തെന്നാണ് കർഷകരുടെ ചോദ്യം. ആനയ്ക്കും നായയ്ക്കും പന്നിക്കുമൊക്കെ വേണ്ടി ശബ്ദമുയർത്താനും വാദിക്കാനും ആളുകളുള്ളപ്പോൾ ഞങ്ങളെ എന്തുകൊണ്ട് മറക്കുന്നുവെന്നാണ് ഓരോ കർഷകനും ചോദിക്കാനുള്ളത്. ഞങ്ങളും മനുഷ്യരാണ് ഞങ്ങൾക്കും ജീവിക്കാൻ അവകാശമുണ്ട്, വന്യമൃഗ സ്നേഹികളെ നിങ്ങളിത് വായിക്കാതെ പോകരുത്... കർഷകരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി കണ്ണൂർ സ്വദേശി സിജു തോമസ് എഴുതിയ കുറിപ്പ് ചുവടെ.
കഴിഞ്ഞ വെറും ഒരു വർഷത്തിനിടയിൽ ആറളം, കൊട്ടിയൂർ വന്യജീവി സങ്കേതത്തോട് അതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലായി 13 പേർ കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ ഒരു വർഷം കൊല്ലപ്പെട്ടു.
കേളകം - 1
കൊട്ടിയൂർ - 2
ആറളം ഫാം -10 (ഫാമിലെ തൊഴിലാളികളും ആദിവാസികളും ഉൾപ്പെടെ)
പരിക്കേറ്റവർ - 39 (കാട്ടാന, പന്നി )
ഒരാനയ്ക്ക് ജീവഹാനി സംഭവിച്ചപ്പോൾ നാടാകെ ഉണർന്നു, എങ്ങും പ്രതിഷേധങ്ങളും അനുശോചനങ്ങളും. പക്ഷേ, പതിമൂന്ന് മനുഷ്യജീവനുകൾ പൊലിഞ്ഞത് ആരെയും വേദനിപ്പിച്ചില്ല, വെറും ഒറ്റക്കോളത്തിൽ അവസാനിക്കുന്ന പത്രവാർത്തയായി അതൊതുങ്ങി. നഷ്ടം മരിച്ചവന്റെ കുടുംബത്തിന് മാത്രമാണല്ലോ!
നിങ്ങൾക്കറിയാമോ, വന്യജീവിസങ്കേതങ്ങളുടെ അടുത്ത് താമസിക്കാൻ വിധിക്കപ്പെട്ട മനുഷ്യരുടെ ജീവന് സർക്കാർ ഇട്ടിരിക്കുന്ന വിലയാണ് 10 ലക്ഷം! തിരഞ്ഞെടുപ്പ് സമയത്ത് മാത്രം വിലകൂടുന്ന കുറെ പടുജന്മങ്ങൾ!
ഇനി ബഫർസോണും കൂടി വന്നാൽ,‘അടച്ചുറപ്പുള്ള ഒരു വീട്’ എന്നത് പലർക്കും സ്വപ്നമായി അവശേഷിക്കും. മണ്ണിനു താഴെ പണിയെടുത്തു ജീവിക്കാൻ കാട്ടുമൃഗങ്ങൾ അനുവദിക്കില്ല. മണ്ണിനു മുകളിൽ എന്തെങ്കിലും പണിയാൻ ബഫർസോണും സമ്മതിക്കില്ല. പിന്നെ ഇവിടുത്തെ ജനങ്ങൾ എന്തുചെയ്യണം എന്നുകൂടി ബഹുമാനപ്പെട്ട ‘സാറന്മാർ’ ഒന്നു പറഞ്ഞു തരണം.
മറ്റൊരു കാര്യം, ആറളം ഫാമിൽ മരിച്ചവരിൽ ഭൂരിഭാഗവും സർക്കാർ പതിച്ചുനൽകിയ സ്ഥലത്ത് ജീവിച്ചിരുന്ന ആദിവാസികളാണ്. മറ്റെവിടെയൊക്കെയോ ജീവിച്ചിരുന്ന അവരെ സർക്കാർ തന്നെ അവിടെക്കൊണ്ടുപോയി കൊലയ്ക്കു കൊടുത്തു, അതല്ലേ വാസ്തവം?
ഇതാണോ നിങ്ങൾ പറയുന്ന ജനസേവനം? ആറളത്ത് ഈ മനുഷ്യരെ നിങ്ങൾ പുനരധിവസിപ്പിച്ചില്ലായിരുന്നെങ്കിൽ അവരിന്നു ജീവനോടെയെങ്കിലും കാണുമായിരുന്നില്ലേ? എന്നിട്ടും ഒരു മടിയുമില്ലാതെ അതേ ചെറ്റക്കുടിലുകളിലേക്കുതന്നെയല്ലേ നിങ്ങൾ വോട്ടും ചോദിച്ചു കയറിച്ചെല്ലുന്നത്?
നിവൃത്തികേടുകൊണ്ട് ഒരു മനുഷ്യൻ തന്റെ കൃഷിയിടത്തിൽ വിഷം വെച്ചതും അതുതിന്ന് ഒരു കാട്ടാന ചത്തതും വലിയ വാർത്തയായിരുന്നല്ലോ. കാട്ടിലായിരുന്നെങ്കിൽ ആ ആന ചാകുമായിരുന്നോ? അന്ന് ആനയ്ക്കായ് നിലവിളിച്ചവർ അറിയണം, ഇങ്ങനെ കുറെ മനുഷ്യജന്മങ്ങളും ഇവിടെ ഇങ്ങനെ ഒടുങ്ങിയിട്ടുണ്ട്. വിഷം വയ്ക്കുമ്പോഴോ കെണിവയ്ക്കുമ്പോഴോ അയാളുടെ മനസിൽ ഒരൊറ്റച്ചിന്തയെ ഉള്ളൂ, കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന താനും, തന്നെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന ഒരു കുടുംബവും. ഗർഭിണിയായ ആന അയാളുടെ കൃഷിയിടത്തിൽ വന്ന് വിഷം തിന്നിട്ടുണ്ടെങ്കിൽ അതിനുത്തരവാദികൾ വനംവകുപ്പും അവിടുത്തെ ഉദ്യോഗസ്ഥരും മാത്രമാണ്. വന്യമൃഗങ്ങളെ കാട്ടിനുള്ളിൽത്തന്നെ സംരക്ഷിക്കാൻ കഴിയുന്നില്ലെങ്കിൽ പിന്നെന്തിനാണീ വനംവകുപ്പ്.
മറ്റുള്ളവന്റെ പറമ്പിലെ പുല്ലുകണ്ട് പശുവിനെ വളർത്തരുത്.
English summary: Man-Wildlife Conflict in Kerala