കേരളത്തിനു വഴികാട്ടി അട്ടപ്പാടി, ചെറുധാന്യങ്ങളുടെ താഴ്വരയായി തായണ്ണൻകുടി: അരുമറിയാത്ത മില്ലറ്റ് വിശേഷങ്ങൾ
Mail This Article
മനുഷ്യൻ മുഖ്യഭക്ഷണമായി ഉപയോഗിക്കുന്ന നെല്ലും ഗോതമ്പും മറ്റു ധാന്യങ്ങളുമൊക്കെ കൃഷി ചെയ്യുന്നതിനുമുമ്പ് ചെറുധാന്യങ്ങൾ കൃഷി ചെയ്തിരുന്നതായി ചരിത്രരേഖകൾ പറയുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും വരണ്ടെ പ്രദേശങ്ങളിലാണ് ചെറുധാന്യങ്ങൾ കൃഷി ചെയ്തിരുന്നത്. മില്ലറ്റ് കൃഷി എളുപ്പമാണെന്നും ചുരുങ്ങിയ കാലം കൊണ്ട് വിളവെടുക്കാൻ കഴിയുമെന്നും പോഷക സമ്പന്നമാണെന്നും പൂർവികരായ കർഷക സമൂഹം കണ്ടെത്തി. ഏഷ്യൻ രാജ്യങ്ങളിലെ കർഷകരും ചെറുധാന്യങ്ങൾ ഏറ്റെടുത്തു. അതിൽ മുഖ്യ ഇടപെടലുകൾ നടത്തിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ചെറുധാന്യങ്ങൾ ഉൽപാദിപ്പിക്കുന്നതും ഇന്ത്യയാണ്.
രാജ്യത്ത് മില്ലറ്റ് ഉൽപാദനത്തിൽ ഒന്നാം സ്ഥാനത്ത് രാജസ്ഥാനാണ്. രാജ്യത്തെ ആകെ വിളവിന്റെ 41% വരുമിത്. പേൾ മില്ലറ്റാണ് പ്രധാന കൃഷി. ചെറുധാന്യങ്ങൾക്ക് കുറഞ്ഞ അളവിൽ വെള്ളം മതി എന്നതാണ് വരണ്ട പ്രദേശത്തും ഇവയുടെ കൃഷി സാധ്യമാക്കുന്നത്. ചുരുക്കത്തിൽ ഏതു തരത്തിലുള്ള മണ്ണിലും സുഗമമായി വളരാൻ കഴിയുന്ന ഒരു സുസ്ഥിരവിളയാണ് മില്ലറ്റ്.
ആയിരക്കണക്കിന് ചെറുധാന്യങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നുവെങ്കിലും, ഇന്ന് വ്യാവസായികാടിസ്ഥാനത്തിൽ 9 ഇനങ്ങളാണ് കൃഷി ചെയ്യുന്നത്.
റാഗി (Finger Millet)
ചാമ (Little Millet)
വരഗ് (Kodo Millet)
പനിവരഗ് (Proso Millet)
തിന (Foxtail Millet)
കമ്പ് , ബജ്റ (Perl Millet)
മണിച്ചോളം, ജോവർ (Sorghum)
കുതിരവാലി (Barnyard Millet)
മലഞ്ചാമ, കൊലെ, കുല ചാമ (Brown Top Millet)
അട്ടപ്പാടി കേരളത്തിന്റെ വഴികാട്ടി
ചെറുധാന്യങ്ങളുടെ പ്രാധാന്യം വർഷങ്ങൾക്ക് മുൻപ് തിരിച്ചറിഞ്ഞവരാണ് അട്ടപ്പാടിയിലെ ഗോത്ര വിഭാഗക്കാർ. ആചാരങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമായി ചെറുധാന്യകൃഷി ചെയ്യുന്നവരാണ് അവിടുത്തെ കർഷക സമൂഹം. അവർ പരമ്പരാഗതമായി കൃഷിചെയ്ത് പോന്നിരുന്ന ചെറുധാന്യങ്ങളായിരുന്നു ചാമ, റാഗി, തിന, കമ്പ്, വരക്, പനിവരക്, മണിച്ചോളം, കുതിരവാലി എന്നിവയും, കൂടാതെ തുവര, പൊരിച്ചിര, അമര, അട്ടപ്പാടി കടുക് എന്നീ വിളകളും.
കേരളം ആരോഗ്യ രംഗത്ത് കൈവരിച്ച നേട്ടങ്ങൾ വലുതാണ്. പക്ഷേ, എന്തുകൊണ്ട് അട്ടപ്പാടിയിൽ മാത്രം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. അട്ടപ്പാടിയിലെ ജനവിഭാഗങ്ങളുടെ മുഖ്യമായ ഭക്ഷണം ചെറുധാന്യങ്ങളായിരുന്നു. അതുകൂടാതെ അട്ടപ്പാടി മേഖലയിൽ കാണപ്പെടുന്ന നാൽപ്പതിൽപ്പരം ചീരയിനങ്ങളും ഭക്ഷണമാക്കിയിരുന്നു. കാലക്രമേണ അട്ടപ്പാടിയിൽ സൗജന്യ റേഷനരിയും മറ്റു ഭക്ഷണങ്ങളും നൽകാൻ തുടങ്ങിയത് ചെറുധാന്യ ഭക്ഷണങ്ങളുടെ ഉപയോഗത്തിൽനിന്നു ഗോത്രവിഭാഗക്കാർ അകന്നു. ഭക്ഷണക്രമങ്ങളിലെ മാറ്റങ്ങൾ ഗോത്രവിഭാഗക്കാരിൽ പോഷകാഹാരക്കുറവും അതിനു ചുവടുപിടിച്ച് ശിശുമരണ നിരക്കുകളും ഉയർന്നു.
ചെറുധാന്യങ്ങൾ ഉപയോഗിക്കുന്നത് കുറഞ്ഞതാണ് പ്രശ്നങ്ങൾക്കു കാരണമെന്നു തിരിച്ചറിഞ്ഞതോടെ 2017 ഒക്ടോബറിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പ്, പട്ടികവർഗ്ഗ വികസനവകുപ്പ് അട്ടപ്പാടിയിൽ മില്ലറ്റ് വില്ലേജ് അട്ടപ്പാടി എന്ന ചെറുധാന്യകൃഷി വ്യാപന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ചെറുധാന്യങ്ങൾ ഏറ്റവും കൂടുതൽ കൃഷിചെയ്യുന്ന രാജ്യമാണ് ഇന്ത്യയെങ്കിലും ചെറുധാന്യകൃഷി വ്യാപനത്തിനായി ഒരു ഭൂപ്രദേശത്ത് ആദ്യമായി നടപ്പിലാക്കിയ പദ്ധതിയാണ് മില്ലറ്റ് ഗ്രാമം പദ്ധതി. പദ്ധതിയാരംഭിച്ച് 6 വർഷം പിന്നിടുമ്പോൾ കേരളത്തിന്റെ ചെറുധാന്യഹൃദയമായി അട്ടപ്പാടി മാറുകയാണ്.
ഇന്ന് ചെറുധാന്യങ്ങളുടെ താഴ്‌വര എന്നാണ് അട്ടപ്പാടി അറിയപ്പെടുന്നത്. ഗോത്രവിഭാഗക്കാരുടെ ഭക്ഷണത്തിനു ശേഷമുള്ള ചെറുധാന്യങ്ങൾ മൂല്യവർധിത ഉൽപന്നങ്ങളായി വിപണനം ചെയ്യുന്നതിന് അട്ടപ്പാടി ട്രൈബൽ ഫാർമേഴ്സ് അസോസിയേഷൻ ഫോർ മില്ലറ്റ്സ് ( ATFAM) എന്ന FPOയും രൂപീകരിച്ചു. കർഷകരിൽനിന്ന് ചെറുധാന്യങ്ങൾ സംഭരിച്ച് മൂല്യവർധിത ഉൽപന്നങ്ങളായി വിപണിയിലിറക്കാൻ ATFAM എന്ന FPOക്ക് കഴിയുന്നു. ജൈവരീതിയിലാണ് ചെറുധാന്യങ്ങൾ കൃഷിചെയ്യുന്നത്. ശുദ്ധമായ ഉൽപന്നം എന്ന നിലയിൽ സ്വാദും കൂടുതലാണ്. അട്ടപ്പാടി എന്നത് 190 ഊരുകൾ ചേർന്ന , കേരളത്തിലെ ആലപ്പുഴ ജില്ലയോളം വലുപ്പമുള്ള മൂന്ന് പഞ്ചായത്തുകൾ ചേർന്ന ഭൂപ്രദേശമാണ്. 172 ഊരുകളിൽ ചെറുധാന്യകൃഷിയും നടന്നുവരുന്നു.
അന്നം ശരിയല്ലെങ്കിൽ
ഔഷധം കൊണ്ട് പ്രയോജനമില്ല.
അന്നം ശരിയാണെങ്കിൽ
ഔഷധത്തിന്റെ ആവശ്യവുമില്ല.
ഇന്ത്യയിൽ ചെറുധാന്യങ്ങളുടെ സാധ്യതകൾ
കാലാവസ്ഥാ വ്യതിയാനത്തെയും തുടർന്ന് കാർഷിക വിളകളിലുണ്ടായ അനുബന്ധ പ്രശ്നങ്ങളെയും അതിജീവിക്കാനുള്ള ശേഷി ചെറുധാന്യങ്ങൾക്കുണ്ട് എന്ന് ലോകം തിരിച്ചറിഞ്ഞതിന്റെ ഭാഗമായി 2023 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചിരുന്നു. 2018ൽ ഇന്ത്യ ദേശീയ ചെറുധാന്യ വർഷമായി പ്രഖ്യാപിച്ചിരുന്നു. 2023ൽ 72 രാജ്യങ്ങളുടെ പിന്തുണയോടെ അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ലോകമെമ്പാടും ആചരിക്കാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചു.
2024ൽ തിനയുടെ വില 80 രൂപ. ഏതാനും വർഷങ്ങൾക്കു മുൻപ് ഒരു കിലോ തിനയുടെ വില 10 രൂപയായിരുന്നു. പ്രധാനമായും പക്ഷികൾക്കുള്ള ഭക്ഷണമായിട്ടായിരുന്നു തിന ഉപയോഗിച്ചിരുന്നത്. അന്ന് തിന ഉൽപ്പാദിപ്പിക്കുന്ന കർഷകന് ഒരു രൂപപോലും ചിലപ്പോൾ കിട്ടിക്കാണില്ല. 2023 ചെറുധാന്യ വർഷമായി യുഎൻ പ്രഖ്യാപിച്ചതോടുകൂടി ഇന്ത്യയിലെ ചെറുധാന്യ കർഷകരുടെ സുവർണ കാലം ആരംഭിച്ചുവെന്നു പറയാം.
മറയൂർ തായണ്ണൻകുടി ചെറുധാന്യങ്ങളുടെ താഴ്‌വര
ഇടുക്കി ജില്ലയുടെ വടക്കേ അറ്റത്ത് ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന തായണ്ണന്‍കുടി ചെറു ധാന്യങ്ങളുടെ ഒരു കലവറയാണ്. അട്ടപ്പാടി കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ചെറുധാന്യക്കൃഷിയുള്ള മേഖലയാണ് ചിന്നാർ. ചിന്നാര്‍ പുഴയോരത്ത് തമിഴ്‌നാട്ടിലെ തൊണ്ടിമലയ്ക്കും കേരളത്തിലെ വണ്ടുമലയ്ക്കും വെള്ളക്കല്ല് മലയ്ക്കും ഇടയിലുള്ള ആദിവാസി ഊരാണ് തായണ്ണന്‍കുടി. മറയൂരിലെ ചിന്നാര്‍ തായണ്ണന്‍കുടി പരമ്പരാഗത വിത്തുകളുടെയും വിളകളുടെയും വിളനിലമാണിപ്പോള്‍. മുതുവാന്‍ ഗോത്രവാസികളുടെ കൂട്ടായ ശ്രമത്തില്‍ 38 ഇനം റാഗി വിത്തുകളെ കണ്ടെടുത്ത് തായണ്ണന്‍കുടിയില്‍ കൃഷിയിറക്കുന്നുണ്ട്. സമുദ്രനിരപ്പില്‍ നിന്ന് 600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന പ്രദേശത്ത് രണ്ടു മൂന്നു പതിറ്റാണ്ട് മുമ്പു വരെ റാഗി, തിന, ചോളം, ചാമ തുടങ്ങിയവയായിരുന്നു പ്രധാന കൃഷി.
പതിനേഴര ടണ്‍ ചോളവും മൂന്നര ടണ്‍ ബീന്‍സും രണ്ടു ടണ്‍ റാഗിയും കഴിഞ്ഞ കൃഷിയില്‍ വിളവെടുത്തെന്ന് മൂപ്പൻ ചന്ദ്രന്‍കാണി പറഞ്ഞു. എല്ലാ ഊരുകളിലേക്കും വേണ്ടിടത്തോളം ചീരകളും പയറും റാഗിയും വിളയിക്കുന്നു. വിളവുകള്‍ എല്ലാവരും വീതം വച്ചെടുക്കുകയാണ്.
വൈവിധ്യങ്ങള്‍ നിറഞ്ഞതാണ് ആദിവാസികളുടെ കൃഷി. പൂര്‍ണമായും ജൈവകൃഷി. വന്‍മലകള്‍ തട്ടുകളാക്കി ഓരോ കുന്നിലും തട്ടിലും ഓരോ ഇനം കൃഷി. ചിന്നാര്‍ പുഴ ഒരിക്കലും വറ്റില്ല. കൊടുവെയിലും പെരുംമഴയും ഈ മഴനിഴല്‍പ്രദേശത്തെ ബാധിക്കാറുമില്ല. മേയില്‍ വിതയ്ക്കുന്ന റാഗി ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ വിളവെടുക്കും. കുടികളില്‍ ആവശ്യത്തിന് എടുത്തശേഷം ബാക്കി വനംവകുപ്പിന്റെ സഹകരണത്തോടെ വില്‍പ്പന നടത്തും. തമിഴ്‌നാട്ടിലാണ് പ്രധാന വിപണി. തൂക്കത്തിലും വിലയിലും ചൂഷണമുണ്ടാകാതിരിക്കാന്‍ വനംവകുപ്പ് ശ്രദ്ധചെലുത്തും.
കാട്ടുമൃഗങ്ങള്‍ കൃഷി നശിപ്പിക്കാതിരിക്കാന്‍ വേലിയായി മുള്‍ച്ചെടികളും നാരകവും കൃഷിയിടത്തിനു ചുറ്റും നട്ടു വളര്‍ത്തുന്നുണ്ട്. മൃഗങ്ങള്‍ വന്നാല്‍ പന്തം കത്തിച്ചും പാട്ട കൊട്ടിയും ഓടിക്കാന്‍ മലയുടെ എല്ലാ കോണുകളിലും മുള കെട്ടി പുല്ലു മേഞ്ഞ കാവല്‍പ്പുരകളുണ്ട്. ചിന്നാറിന്റെ ഇക്കോ ഷോപ്പില്‍ കാട്ടുതേന്‍, ചോളപ്പൊടി, റാഗിപ്പൊടി, വിവിധ കാട്ടു വിഭവങ്ങളുടെ അച്ചാറുകള്‍, പുല്‍ത്തൈലം, ചന്ദനതിരി എന്നിവ വില്‍ക്കുന്നുണ്ട്.
ആരോഗ്യകരമാണോ ചെറുധാന്യങ്ങള്‍?
ജീവിത ശൈലി രോഗങ്ങൾ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. തിരക്കുപിടിച്ച യന്ത്രവൽക്കരണ ജീവിതത്തിൽ വ്യായാമത്തിനുള്ള പ്രാധാന്യം കുറയുകയും ഒപ്പം ഭക്ഷണത്തിനോടുള്ള താൽപ്പര്യം കൂടി വരുകയും ചെയ്തതോടെ പൊണ്ണത്തടി, പ്രമേഹം എന്നീ രോഗാവസ്ഥകൾ സർവസാധാരണമായി. അരിയാഹാരങ്ങൾക്ക് ബദൽ എന്ന നിലയ്ക്ക് നമ്മൾ ഉപയോഗിക്കുന്ന ഗോതമ്പ് ഭക്ഷണങ്ങൾ കഴിച്ചാലോ അതിൽ ധാരാളം ഗ്ലൂട്ടൺ അടങ്ങിയിട്ടുള്ളതിനാൽ അതുവഴിയുണ്ടാകുന്ന പ്രശ്നങ്ങൾ വേറേയാണ്. എന്നാൽ മില്ലറ്റ് ഭക്ഷണങ്ങൾ ശീലമാക്കിയാലോ അവയിൽ അടങ്ങിയിട്ടുള്ള ഗ്ലൂക്കോസ് സാവധാനത്തിൽ മാത്രമേ നമ്മുടെ രക്തത്തിൽ അലിഞ്ഞുചേരൂ. ഇതാണ് നമ്മൾ സ്ഥിരമായി കഴിക്കുന്ന അരി, ഗോതമ്പ് മുതലായ ധാന്യങ്ങൾ കൊണ്ടു തയാറാക്കിയ ഭക്ഷണവും ചെറുധാന്യ ഭക്ഷണങ്ങളും തമ്മിലുള്ള വ്യത്യാസം. കൂടാതെ വിവിധങ്ങളായ രോഗങ്ങൾ ഉള്ളവർക്ക് ആശ്വാസമാകാനും ചെറുധാന്യ ഭക്ഷണങ്ങൾ ഗുണകരമാകും. ചെറുധാന്യങ്ങളിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കുന്നു. ഇതിനു പുറമെ ജീവകങ്ങൾ, അമിനോ ആസിഡുകൾ എന്നിവയുടെ സംഭരണ കലവറകളാണ് ചെറുധാന്യങ്ങൾ.