കൈമാറ്റച്ചന്ത, പൊക്കാളി വിഷു, നോൺവെജ് സദ്യ, മധ്യകേരള വിഷുക്കട്ടി... വീണ്ടും വിരുന്നെത്തുന്ന വിഷു ഓർമകൾ

Mail This Article
വിഷുവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രാദേശികത്തനിമകൾ നമുക്കുണ്ട്. എറണാകുളം ചേന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ പാലിയം സ്കൂൾ മൈതാനത്തോടു ചേർന്ന ‘മാറ്റപ്പാടത്ത്’ നടക്കുന്ന കൈമാറ്റച്ചന്ത വിഷുനന്മയുടെ തിരുശേഷിപ്പാണ്. കൊച്ചി മഹാരാജാവിന്റെ മന്ത്രിയായിരുന്ന പാലിയത്തച്ചനാണ് ‘ബാർട്ടർ’ മാതൃകയിലുള്ള ഈ അങ്ങാടിക്കു രൂപം നൽകിയത്. ആദ്യ ദിവസം ‘ചെറിയ മാറ്റ’മെന്നും രണ്ടാം നാൾ ‘വലിയ മാറ്റ’മെന്നും രാപകൽ പ്രവർത്തിക്കുന്ന ചന്തയുടെ ചിട്ടകളെ വിളിക്കുന്നു. എറണാകുളം–തൃശൂർ മേഖലക ളിലെ കർഷകർ തങ്ങളുടെ കാർഷികോൽപന്നങ്ങൾ ചേന്ദമംഗലത്തെ മാറ്റപ്പാടത്ത് എത്തിച്ച് പകരം തങ്ങൾക്കാവശ്യമുള്ള വീട്ടുപകരണങ്ങളും കൈത്തറിത്തരങ്ങളുമെല്ലാം വാങ്ങുമായിരുന്നു. കാർഷികവിളകൾ കൈമാറ്റം ചെയ്യുന്നതിനും പകരം ചട്ടിയും കലവും പനവട്ടിയും കുട്ടയും മുറവും അടുക്കള സാമഗ്രികളും കൈപ്പറ്റുന്നതിനുമെല്ലാം മാറ്റച്ചിട്ടകൾ ഉണ്ടായിരുന്നു. കൃഷിക്കുള്ള മിക്ക ഉപകരണങ്ങളും വിത്ത്–നടീൽ വകകളും മുതല്‍ കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾവരെ കറൻസിയുടെയും നാണയത്തിന്റെയും ഇടനിലയില്ലാതെ ഇവിടെ വിനിമയം ചെയ്തിരുന്നു! മുസിരിസ് പൈതൃകോത്സവശ്രേണിയിൽ പാലിയം വിഷുച്ചന്തയ്ക്കു പ്രാമുഖ്യം കൽപിച്ചിട്ടുണ്ട്.

പൊക്കാളി വിഷു
കൊച്ചിയുടെ വടക്കുപടിഞ്ഞാറ് പ്രദേശങ്ങളിലെ പൊക്കാളി നെൽകർഷകരുടെ വിഷു ആഘോഷങ്ങൾ മത്സ്യബന്ധന കൗതുകങ്ങൾ നിറഞ്ഞതാണ്. കടമക്കുടി പിഴല, ചരിയന്തുരുത്ത് തുടങ്ങിയ ദ്വീപുസമാന ദേശങ്ങളിലെ പൊക്കാളിപ്പാടങ്ങളിൽ നെല്ലുവിളവെടുത്താല്‍ പിന്നെ ആറു മാസം ചെമ്മീൻകൃഷിയാണ്. വിളവെടുപ്പിനു ശേഷവും ഈ പാടങ്ങളിൽ മത്സ്യങ്ങൾ ബാക്കിയുണ്ടാകും. ഇവിടങ്ങളിൽ വിഷുത്തലേന്ന് ആർക്കും പൊക്കാളിപ്പാടത്തിറങ്ങി മീൻ പിടിക്കാം. ചെമ്മീനിനു പുറമേ പള്ളത്തി, പരൽ, കുറുവ, മൊരശ്, കാരി തുടങ്ങിയുള്ള പലയിനം നാട്ടുമീനുകളും ലഭിക്കും. ദൂരദേശങ്ങളിൽനിന്നുപോലും മത്സ്യപ്രേമികൾ ഇവിടെ എത്തിയിരുന്നു.
നോൺവെജ് വിഷുസദ്യ
ഉത്തര കേരളത്തിലെ വിഷുസദ്യയും വേറിട്ട അനുഭവം തന്നെ. എട്ടുകൂട്ടം കൂട്ടാനൊക്കെ ഒരുക്കി ഓണസദ്യപോലെ തൂശനിലയിലാണ് വിഷുസദ്യ വിളമ്പുക. പക്ഷേ മലബാർ വിഷുസദ്യ നോൺ വെജ് കൂടിയാണ്. മത്സ്യവിഭവങ്ങൾക്കും വിഷുസദ്യയിൽ ഇടമുണ്ട്. ആട് വയ്ക്കുക എന്ന പേരിൽ ആട്ടിറച്ചിത്തരങ്ങളും ഉണ്ടാവും. ആട്ടിറച്ചി നന്നായി കൊത്തിയരിഞ്ഞ് തേങ്ങാപ്പാലിൽ പുഴുങ്ങി സ്റ്റൂവായും വറുത്തരച്ച തീയലായും മൊരിച്ചെടുത്ത ഉപ്പേരിയായും വിളമ്പും. കണ്ണൂർ–തലശ്ശേരി–കാസർകോട് മേഖലകളിലൊക്കെ ഈ രീതി കാണാം.
മധ്യകേരള സ്പെഷൽ
ഉണക്കലരിയും ശർക്കരയും പഴം നുറുക്കും ചേർത്ത് വെന്തെടുക്കുന്നതിലേക്കു ചുക്കും ഏലക്കപ്പൊടിയും തൂവി തയാറാക്കുന്നൊരു വിഷുവിഭവമുണ്ട് മധ്യകേരളത്തിൽ. കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേർത്ത് സ്വാദ് വർധിപ്പിക്കുന്ന ഈ വിഭവത്തിന് വിഷുക്കട്ടി എന്നു പേര്. ഓണാട്ടുകരയിൽ വിഷുവിന് കാർഷിക ഉപകരണങ്ങളിൽ അരിമാവ് കലക്കി തൂകും. പിടിയിലും കലപ്പയിലും നുകത്തിലുമൊക്കെ അരിമാവുചിത്രങ്ങൾ പതിയും. പാടത്ത് ചാലു കീറി ഒരു പിടി വിത്തും ചാണകപ്പൊടിയും കണിക്കൊന്നപ്പൂവും ചേർത്ത് പൊഴിയിൽ വിതറി വിഷുച്ചാൽ ചമയ്ക്കുന്നതും പാരമ്പര്യ മുറതന്നെ. പുന്നെല്ലരി നന്നായി വേവിച്ച് ഊറ്റിയെടുക്കാതെ വറ്റിച്ചെടുക്കുന്ന പരുവത്തിൽ തേങ്ങാപ്പാലും പൊടിച്ച ജീരകവും ആവശ്യത്തിന് ഉപ്പും തൂവുന്നതോടെ വശ്യഗന്ധം പകരുന്ന വിഷുക്കഞ്ഞിയും തയാർ.
ഫോൺ: 9447909238 (ഹരികുമാർ)