ADVERTISEMENT

ഈസ്റ്റർ മുട്ടയും ക്രിസ്മസ് ടർക്കിയും – രണ്ട് ആഘോഷങ്ങളുടെ സ്പെഷൽ വിഭവങ്ങളാണ്. എന്നാൽ കേരളത്തിലെ വളരെ കുറച്ചു വീടുകളിൽ മാത്രമാണ് ഇപ്പോഴും ഇവ കാണാൻ സാധിക്കുക. ഈസ്റ്റർ മുട്ട താരതമ്യേന കൂടുതൽ പ്രചരിക്കുന്നുണ്ടെങ്കിലും ക്രിസ്മസിനു ടർക്കി കഴിക്കുന്നത് പലർക്കും ഒരു സങ്കൽപം മാത്രമാണിപ്പോഴും. ആവശ്യമുള്ളപ്പോള്‍  വേണ്ടത്ര കിട്ടാനില്ലെന്നത് ഒരു കാരണം. 7 കിലോ വരുന്ന ടർക്കിക്കോഴി കിലോയ്ക്ക് 550 രൂപ നിരക്കിൽ പലർക്കും താങ്ങാനാവില്ലെന്നത് മറ്റൊരു കാരണം.  

ഇതിനൊക്കെ പരിഹാരം കണ്ട്  അടുത്ത ക്രിസ്മസിനു ടർക്കിമാംസം ആസ്വദിക്കാൻ വഴി പറഞ്ഞുതരികയാണ് കോട്ടയം  പെരുമ്പായിക്കാട് സ്വദേശി റിതിൻ രാജു. 3 മാസം പ്രായമായ ടർക്കിയെ വാങ്ങി വളർത്തുക. വില പരമാവധി 350 രൂപ. ആദ്യ രണ്ടാഴ്ച സ്റ്റാർട്ടർ തീറ്റ നൽകണം. വീട്ടിലെ ഭക്ഷണാവശിഷ്ടങ്ങളും പറമ്പിലെ പച്ചിലകളും ഇത്തിരി കൈത്തീറ്റയും നല്‍കുക. ഏറ്റവുമധികം തീറ്റയെടുക്കുന്ന 3–6 മാസം പ്രായത്തില്‍ 150 ഗ്രാം കൈത്തീറ്റ നൽകേണ്ടിവരും. അടുത്ത ക്രിസ്മസാകുമ്പോഴേക്കും റെഡി ടു കട്ട്.  2 കിലോ പോത്തിറച്ചിയുടെ ചെലവിൽ 5–7 കിലോ ടർക്കിയിറച്ചി!. 

turkey-rithin-1

ടർക്കിയെ എല്ലാവർക്കുമറിയാം. എന്നാൽ വളർത്തുന്നവർ കുറവാണു താനും, എന്തു കൊടുത്താലും തിന്നുകയും മാംസമാക്കി മാറ്റുകയും ചെയ്യുന്ന ഈ വമ്പനെ വളർത്താൻ പലർക്കും ആത്മവിശ്വാസം പോരെന്നതാണ് വാസ്തവം. എന്നാൽ സൗദിയിലെ ജോലി നിർത്തിവച്ച് മക്കളെ നോക്കാൻ നാട്ടിലെത്തിയ റിതിനാകട്ടെ, വീടിനു പിന്നിലെ ഏതാനും സെന്റിൽ അവയെ അനായാസം വളർത്തുന്നു. ടർക്കിക്കുഞ്ഞുങ്ങളെ വളർത്തി നിശ്ചിത വലുപ്പമെത്തിച്ച് വില്‍ക്കുകയാണ് റിതിൻ.  ഒരു മാസം പ്രായമായ കുഞ്ഞുങ്ങളെ  കേരളത്തിനു പുറത്തുള്ള ഹാച്ചറികളിൽനിന്നു വാങ്ങും.  

വ്യത്യസ്ത ഇനം ടർക്കികളുടെ മാതൃ–പിതൃശേഖരം റിതിനുണ്ട്. ബ്രോഡ് ബ്രെസ്റ്റഡ് വൈറ്റ്, മിഡ്ഗറ്റ് വൈറ്റ്, വൈറ്റ് ഹോളണ്ട്, സ്മാൾ വൈറ്റ് ഹോളണ്ട് , ജെറ്റ് ബ്ലാക്ക് തുടങ്ങിയവയാണ് പ്രധാനം. അവയുടെ മുട്ട അടവച്ച് സ്വന്തമായും കഞ്ഞുങ്ങളെ ഉൽപാദിപ്പിക്കുന്നു ടർക്കിയെ 3 മാസം പ്രായം മുതൽ വളർത്താനായും 7–8 മാസത്തിൽ മാംസാവാശ്യത്തിനായും വാങ്ങുന്നവരുണ്ട്. കേരളത്തിനു പുറത്തുള്ളവരാണ് വളർത്താനായി വാങ്ങുന്നവരിലേറെയും. പെറ്റ് കുറിയർ സംവിധാനത്തിലൂടെ നാട്ടിലെവിടെയും ടർക്കിക്കുഞ്ഞുങ്ങളെ സുരക്ഷിതമായി ജീവനോടെ എത്തിക്കാനാകുമെന്ന് റിതിൻ.

Read also: ടര്‍ക്കി വളര്‍ത്താം 3 രൂപ ചെലവില്‍; വിപണി ഉറപ്പാക്കിയാല്‍ മികച്ച ലാഭം 

ക്രിസ്മസ്, ഈസ്റ്റർ സീസണിൽ  മാത്രമാണ്  കേരളത്തിൽനിന്നു ടർക്കി മാംസത്തിന് ഓർഡർ. അതും പരിമിതമായ തോതിൽ.  രുചികരവും കോളസ്ട്രോൾരഹിതവുമാണ് ടർക്കിയുടെ മുട്ടയും മാംസവുമെന്ന് റിതിൻ പറഞ്ഞു. കോട്ടയത്തും പരിസരത്തും 30 രൂപ വില കിട്ടുന്ന ടർക്കിമുട്ടയ്ക്ക് എറണാകുളത്തും മറ്റു ജില്ലകളിലും 40 രൂപ കിട്ടും. 

turkey-rithin-2
ആൺ ടർക്കിയും അടയിരിക്കുന്ന പെൺടർക്കിയും

വളര്‍ത്താന്‍ ഫാന്‍സി ഇനങ്ങള്‍

അരുമയായി വീട്ടമുറ്റത്ത് വളർത്താൻ വാങ്ങുന്നവർക്കു ഫാൻസി ഇനങ്ങളോടാണ്  താൽപര്യം. ഇറച്ചി വില്‍പനയ്ക്കായി വളർത്തുന്നവർ ബ്രോഡ് ബ്രസ്റ്റഡ് വൈറ്റ് പോലുള്ള ഇനങ്ങളെയാണ് വാങ്ങുക. ടർക്കിയുടെ ഫാൻസി ഇനങ്ങൾക്ക് മുന്തിയ വിലയാണ്. റോയൽ പാം ടാർക്കി, ബൊർബോൺ റെഡ്, ഡോർ ബ്ര ലൈറ്റ് റെഡ്, ബ്ലൂ സ്ലേറ്റ് തുടങ്ങിയ ഫാൻസി സങ്കരഇനങ്ങളുണ്ട്. ബ്ലൂ സ്ലേറ്റ് ടർക്കി ജോടിക്ക് 25000–32000 രൂപയും റോയൽപാം ടർക്കി ജോടിക്ക്  4000–5000 രൂപയും വിലയുണ്ട്.  രണ്ടോ മൂന്നോ സെന്റ് സ്ഥലം വേലികെട്ടി തിരിച്ച്  ടർക്കി വളർത്താനാകുമെന്ന് റിതിൻ ചൂണ്ടിക്കാട്ടി. അതിനുള്ളിൽ അവയ്ക്കു വിശ്രമിക്കാനും അടയിരിക്കാനുമായി ഷെഡുകളും വേണം. പിടകൾ അടയിരിക്കുമെങ്കിലും കുട്ടികളെ പരിപാലിക്കില്ല. ടർക്കിയോടൊപ്പം നാടൻ കോഴികളെയും വളർത്തിയാണ് റിതിൻ  ഈ പ്രശ്നം പരിഹരിച്ചത്. 

ഫോൺ: 7356704988

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com