ADVERTISEMENT

ഒറീസയിലെ പ്രശസ്തമായ കൊണാർക് സൂര്യക്ഷേത്രത്തിലെ നൃത്തോത്സവത്തിൽ കുമാരനാശാന്റെ കരുണയുടെ മോഹിനിയാട്ടരൂപം അവതരിപ്പിക്കും. ശാന്തി നികേതനിലെ നൃത്തപഠനത്തിനു ശേഷം ബംഗാളിൽനിന്നും കേരളത്തിലെത്തി മോഹനിയാട്ടം പഠിച്ച കലാമണ്ഡലം പല്ലവി കൃഷ്ണനാണു കരുണ കൊണാർക്കിലെത്തിക്കുന്നത്.

മലയാളം കവിത തന്നെയാണു സംഗീതമായി ഉപയോഗിക്കുക. പൂർണമായും മോഹിനിയാട്ടം രൂപത്തിലാണ് അവതരണം. പല്ലവിതന്നെയാണു നൃത്തം ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൗന്ദര്യംകൊണ്ടു മനസ്സു കീഴടക്കുന്ന യുവ സുന്ദരിയായ വാസദത്തയ്ക്ക് ഉപഗുപ്തനെന്ന ബുദ്ധ സന്യാസിയോടു തോന്നുന്ന പ്രണയമാണ് കരുണയുടെ കാതൽ. വർഷങ്ങൾക്കു ശേഷം ശരീരമാകെ വെട്ടിമുറിച്ചു സമൂഹം ശ്മശാനത്തിൽ ഉപേക്ഷിക്കുന്ന വാസദത്തയെ ബുദ്ധന്റെ വാക്കുകളിലൂടെ ഉപഗുപ്തൻ സമാധാനിപ്പിക്കുകയാണ്. ശാന്തമായ മനസ്സുമായി വാസവദത്ത മരണത്തിലേക്കു യാത്രയാകുന്നു.

culture-dance
കലാമണ്ഡലം പല്ലവി കൃഷ്ണൻ, Photo Credit: Special Arrangement

വേദിയിൽ ബുദ്ധ സന്യാസിമാരുടെ സാന്നിധ്യമുള്ള സമയത്തു അടയാളമായി കാവി ഷാ‍ൾ നർത്തകിമാർ ഉപയോഗിക്കുന്നുണ്ട്. ഉപഗുപ്തനും കാവിയുടെ മേൽവസ്ത്രം ഉപയോഗിക്കുന്നു. 45 മിനിറ്റുള്ള നൃത്ത രൂപത്തിലെ ശ്മശാനരംഗം അതീവ ഹൃദ്യമാണ്. അത്യാഗ്രഹം മനുഷ്യനു സമ്മാനിക്കുന്ന ദുരിതം ഇന്നത്തെ സാഹചര്യത്തിൽ ഏറെ പ്രസക്തമാണെന്നു തോന്നിയതുകൊണ്ടു കൂടിയാണു കരുണ നൃത്തരൂപമാക്കിയതെന്നു പല്ലവി കൃഷ്ണൻ പറ‍ഞ്ഞു. കരുണയെന്നതു പ്രണയകാവ്യം മാത്രമല്ല ബുദ്ധനിലേക്കുള്ള വാതിൽ കൂടിയാണ്. ഇത്രയും മഹത്തായ കാഴ്ചപ്പാടുള്ള കവികൾ മലയാളത്തിനുലുണ്ടെന്നു മറ്റു ഭാഷയിലുള്ളവരോടു പറയാനുള്ള അവസരമായിക്കൂടി ഇതിനെ കാണുന്നുവെന്നവർ പറഞ്ഞു.

നെടുമ്പള്ളി രാം മോഹനനാണു സംഗീതം. കലാമണ്ഡലം ഷീന സുനിൽ, കലാമണ്ഡലം ജയശ്രീ, നിമിഷ മേനോൻ, പൊന്നി സുദർശൻ, കൃഷ്ണേന്ദു, ഗ്രീഷ്മ, റെനീഷ എന്നിവരാണു നർത്തകിമാർ. റജു നാരായണൻ, കലാമണ്ഡലം ഹരികൃഷ്ണൻ, നിധിൻ കൃഷ്ണ, വിവേക് ഷേണായ് എന്നിവർ പക്കമേളക്കാരും.

English Summary:

Kumaranashan's Karuna: A Live Dance Homage to Love and Enlightenment at Konark Temple

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com