ADVERTISEMENT

"മഹീ..." തനുജ അലറി വിളിച്ചു.

"പാമ്പ്... പാമ്പ്" നാലു വശത്തു നിന്നും മൂർഖൻ പാമ്പുകൾ വേഗത്തിൽ നീന്തിയെത്തിക്കൊണ്ടിരുന്നു. വള്ളത്തിൽ പെൺകുട്ടികളുടെ കൂട്ട നിലവിളി മുഴങ്ങി.

"നിങ്ങള് വള്ളം മറിക്കരുതേ..." മഹേന്ദ്രൻ പെൺകുട്ടികളെ നോക്കി അലറി.

"വള്ളം മറിഞ്ഞാൽ... ഒന്നുകിൽ മൂർഖൻ ചാലിൽ മുങ്ങി മരിക്കും. അല്ലെങ്കിൽ മൂർഖന്റെ കടിയേറ്റ് മരിക്കും... മഹേന്ദ്രൻ ഒന്നു നിർത്തി". 

പിന്നെ, തിരിഞ്ഞ് സച്ചിനെ നോക്കി.

"സച്ചീ... പിടിയെടാ... " മഹേന്ദ്രൻ നയമ്പ് സച്ചിൻ സേവ്യറിനു നേരെ ഇട്ടു കൊടുത്തു.

"വള്ളം നീയും ഫയാസും കൂടി നോക്ക്. പമ്പുകളുടെ കാര്യം ഞാൻ നോക്കിക്കോളാം" സച്ചിൻ നയമ്പ് എടുത്തു തുടങ്ങി.

പിന്നെ, സച്ചിനും ഫയാസും ആഞ്ഞ് തുഴഞ്ഞു തുടങ്ങി. ആറടി അകലത്തിൽ മൂർഖൻ പാമ്പുകൾ എത്തിയിരുന്നു. ഇരുകൈകളും നെഞ്ചോടമർത്തി 'പക്ഷി രാജമന്ത്രം' ഉരുവിടുകയായിരുന്നു തനുജ. ഗരുഡ മന്ത്രമാണ്. സർപ്പ ഭീതി വരുമ്പോൾ അത് ജപിക്കണം എന്നാണ് മുത്തശ്ശി പറഞ്ഞിട്ടുള്ളത്. മഹേന്ദ്രൻ മിന്നൽ വേഗത്തിൽ ബാഗുകളിൽ ഒരെണ്ണം വലിച്ചു തുറന്നു. അതിൽ നിന്ന് ഉപ്പിന്റെ ഒരു പായ്ക്കറ്റ് എടുത്തു. പിന്നെ, രണ്ടു ലിറ്ററിന്റെ രണ്ട് കുപ്പികളും. കുപ്പികളിൽ നിറയെ മണ്ണെണ്ണ ആയിരുന്നു. ഭയം കൊണ്ട് വിറച്ചു നിൽക്കുന്നതിനിടയിലും മഹേന്ദ്രന്റെ പ്രവർത്തികൾ അമ്പരപ്പോടെയാണ് തനുജയും ശ്രേയയും ഫാത്തിമയും കണ്ടത്. മഹേന്ദ്രൻ മണ്ണെണ്ണ കുപ്പികളുടെ അടപ്പ് തുറന്നു. മൂർഖൻ പാമ്പുകളുടെ മീതേക്ക് മണ്ണെണ്ണ ഒഴിച്ച് ഉപ്പ് വിതറാനാണ് മഹേന്ദ്രന്റെ നീക്കം എന്ന് തനുജയ്ക്ക് മനസ്സിലായി.

"മഹീ... അരുത്" തനുജ നിലവിളിക്കും പോലെ പറഞ്ഞു.

"വല്യ പാപമാ അത്. സർപ്പശാപം തലമുറകളോളം പിന്തുടരും."

"പിന്നേ.... കോപ്പാ... " മഹേന്ദ്രൻ  പല്ലു ഞെരിച്ചു.

"കൊത്തി കൊല്ലാൻ വരുന്ന പാമ്പിന് ഞാൻ ഡയറി മിൽക്ക് മേടിച്ച് കൊടുക്കാമെടീ... " പറഞ്ഞിട്ട് മഹേന്ദ്രൻ മണ്ണെണ്ണ വള്ളത്തിന്റെ നാലു ചുറ്റിലേക്കും ഒഴിച്ചു. പിന്നെ, ഉപ്പ് പൊടിയുടെ പായ്ക്കറ്റ് പൊട്ടിച്ച് ഉപ്പും വിതറി. ചീറി വന്ന മൂർഖൻ പാമ്പുകളുടെ വേഗം ഒന്നു കുറഞ്ഞു. പാമ്പുകളെ നോക്കി മഹേന്ദ്രൻ പല്ലു ഞെരിച്ചു.

"ഇനിയുമുണ്ട് വേറെ പണി. ആളും തരവും നോക്കിയേ നീയൊക്കെ ഇനി പത്തി വിരിച്ച് ഇറങ്ങാവൂ." പറഞ്ഞു കൊണ്ട് മഹേന്ദ്രൻ ബാഗിൽ നിന്ന് ഒരു ഫയർ ഗൺ വലിച്ചെടുത്തു. അത് പാമ്പുകൾക്ക് നേരെ തീതുപ്പി. മണ്ണെണ്ണ ഒഴുകിപ്പടർന്ന ജലപ്പരപ്പിനു മീതെ അഗ്നിയുടെ നീല ജ്വാലകൾ പുളഞ്ഞു. മൂർഖൻ പാമ്പുകളിൽ ചിലത് പിടയ്ക്കുന്നത് തനുജ കണ്ടു. പിന്നെ, ഒരു പിടച്ചിലോടെ അവ വെള്ളത്തിനടിയിലേക്ക് ഊളിയിട്ട് പോവുന്നു. വിജയിച്ചതിന്റേതായ ഒരു ചിരി മഹേന്ദ്രന്റെ മുഖത്ത് ഉണ്ടായി.

"അല്ല പിന്നെ..." മഹേന്ദ്രൻ എല്ലാവരെയും വിജയ ഭാവത്തിൽ ഒന്നു നോക്കി. "ഞാനിതൊക്കെ മുൻകൂട്ടി കണ്ടിരുന്നു"

"മഹീ..." തനുജ താക്കീത് പോലെ വിളിച്ചു. 

"കൊടും പാപമാ ചെയ്തത്. സന്തതിപരമ്പരകൾക്ക് പോലും ശാപം കിട്ടുന്ന മഹാപാപം"

"നീ... ഒന്നു പോടീ.." മഹേന്ദ്രൻ ചുണ്ടു കോട്ടി.

"ഇതല്ലാതെ പിന്നെ എന്തു വേണമായിരുന്നു. നമ്മള് ആറ് പേരും കൂടി പാമ്പിന്റെ വായിലേക്ക് തല വച്ച് കൊടുക്കണമായിരുന്നോ. പിന്നെ... സന്തതികളുടെ കാര്യം" മഹേന്ദ്രൻ ഒന്നു ചിരിച്ചു. 

"അത് നമുക്ക് സന്തതികൾ ഉണ്ടാവുമ്പോഴല്ലേ...  അന്നേരം നോക്കാം"

വള്ളത്തിൽ ഒരു കൂട്ടച്ചിരി ഉണ്ടായി. വേറെ കുഴപ്പങ്ങൾ ഒന്നുമില്ലാതെ അര മണിക്കൂർ കൊണ്ട് വള്ളം മൂർഖൻ ചാലിന്റെ മറുകരയിൽ എത്തി.

.......

ഇതേ സമയം... കൊച്ചി. സീപോർട്ട്- എയർപോർട്ട് റോഡിലെ പൂജാരി വളവ്. മഴ അലറിയാർത്തു പെയ്യുകയായിരുന്നു. ഹെഡ് ലൈറ്റുകൾ മിന്നിച്ചു കൊണ്ട്

ഇടിമിന്നൽ പോലെ കറുത്ത പഴയ ഒരു ഫോക്സ് വാഗൺ വാൻ മഴയിലൂടെ പാഞ്ഞു വന്നു നിന്നു. കപ്പിത്താൻ ആയിരുന്നു ഡ്രൈവിങ് സീറ്റിൽ. ഡാഷ് ബോർഡിൽ വൈബ്രേറ്റർ മോഡിൽ കിടന്നിരുന്ന ഫോൺ ഇരമ്പിക്കൊണ്ടിരുന്നു. കപ്പിത്താൻ ഫോൺ എടുത്തു. മാട്ടുംഗയിൽ നിന്ന് അബ്ദുള്ള.

"ഹലോ.. അബ്ദുള്ള ഭായ്'' കപ്പിത്താൻ ഫോൺ കാതോട് ചേർത്തു.

"കൈസാ ഹൈ ?''

"അച്ചാ ഹെ.." മറുവശത്തു നിന്ന് അബ്ദുള്ളയുടെ മറുപടി കേട്ടു.

"കപ്പിത്താനേ..." അടുത്ത നിമിഷം അബ്ദുള്ളയുടെ ജാഗ്രതയോടെയുള്ള വിളി കേട്ടു.

"ആ പിള്ളേര് ജാനകിക്കാട് കയറിയോ?"

"കയറി'' കപ്പിത്താന്റെ കണ്ണുകൾ ഇടുങ്ങി.

"ഇപ്പോൾ അവർ നിലവറ ക്ഷേത്രത്തിലേക്കുള്ള വഴി തേടി വാസുകിയുടെ മുമ്പിലുണ്ടാവും"

"മാഡം നാളെ അസർബൈജാനിൽ നിന്ന് ഇന്ത്യയിലേക്ക് പറക്കും" മറുവശത്തു നിന്ന് അബ്ദുള്ളയുടെ സ്വരം വീണ്ടും കേട്ടു.

"ഹോട്ടൽ മാരിയറ്റിലാണ് റൂം ബുക്ക് ചെയ്തിരിക്കുന്നത്. ഞാൻ വിളിക്കാം. കപ്പിത്താനെ നേരിട്ടു കാണണം എന്നു മാഡം പറഞ്ഞു. ഇത്തവണ കൂടി ഈ മിഷൻ പാളാൻ പാടില്ല."

"ഇത്തവണ പാളില്ല അബ്ദുള്ളേ " കപ്പിത്താന്റെ പല്ലുകൾ ഞെരിഞ്ഞു.

"രണ്ടു കയ്യിലേയുമായി ആറുവിരലുകൾ സർപ്പങ്ങൾ കടിച്ചെടുത്തിട്ടും കപ്പിത്താന് നഷ്ടം വിരലുകളും വാർന്നു പോയ കുറച്ച് ചോരയും മാത്രമാ. ആത്മധൈര്യത്തിന്റെയോ ആത്മവിശ്വാസത്തിന്റെയോ ഒരു കണിക പോലും ചോർന്നു പോയിട്ടില്ല." കപ്പിത്താൻ ഒന്നു നിർത്തി.

"അതു കൊണ്ട്, താൻ തന്റെ മാഡത്തിന് ഉറപ്പ് കൊടുത്തോ ഇത്തവണ കപ്പിത്താൻ മാഡത്തിന്റെ കാൽക്കൽ വച്ചിരിക്കും.നൂറ് കിലോ സ്വർണ്ണത്തിന്റെ സർപ്പത്തല..." കപ്പിത്താൻ കാൾ കട്ട് ചെയ്ത് വാനിന്റെ സീറ്റിലേക്ക് ഇട്ടു.

നാളെ റഷ്യയിൽ നിന്ന് മാഡം വിമാനം കയറുന്നു. അഞ്ച് തലയുള്ള ശീഷ നാഗത്തിന്റെ സ്വർണ്ണത്തല തേടി.

മാഡം... കമ്പനീ ദേവി!

കയ്യിൽ വരാൻ പോവുന്നത് നൂറ് കോടി രൂപയാണ്. കപ്പിത്താന്റെ കണ്ണുകളിൽ ഒരു ചിരിത്തിളക്കം ഉണ്ടായി. ക്ലച്ചിൽ കാൽ അമർത്തിയിട്ട് അയാൾ ഗിയർ ലിവർ തട്ടി. വാനിന്റെ ചക്രങ്ങൾ മഴയിലൂടെ പതിയെ മുമ്പോട്ട് ഉരുണ്ടു.

.....          

ഇരുണ്ട വനത്തിനുള്ളിൽ വെള്ളി നിറമുള്ള നൂൽപ്പാമ്പുകളെ പോലെ മഴ പെയ്തു കൊണ്ടിരുന്നു. വലിയ കാട്ടു കടമ്പ് മരത്തിനg മീതെ കെട്ടിയ വാസുകിയുടെ ഏറുമാടത്തിലായിരുന്നു മഹേന്ദ്രനും കൂട്ടരും. മുമ്പിലിരുന്ന തടി കോപ്പയിൽ നിന്ന് ചാരായം മോന്തിയിട്ട് വാസുകി അവരെ ഒന്നു നോക്കി.

"മുക്കുറ്റിയും കറുകയും... പിന്നെ നല്ലൊന്നാന്തരം മൂർഖനെയും ഇട്ടു വാറ്റിയതാ. വേണോ"

"വേണ്ട" ഫയാസ് പറഞ്ഞു. പെൺകുട്ടികൾ ചുളിഞ്ഞ മുഖം തിരിച്ചു കളഞ്ഞു.

"ഏരിയാ അമ്പത്തിയൊന്നിൽ പോവാൻ നിങ്ങളും ..." വാസുകി ഉച്ചത്തിലൊന്ന് ചിരിച്ചു. 

"നാഗയക്ഷിയുടെ നിലവറ അമ്പലത്തിൽ നിന്ന് സർപ്പത്തല സ്വന്തമാക്കാൻ ആഗ്രഹം" വാസുകി വീണ്ടും ചിരിച്ചു.

മഹേന്ദ്രന്റെയും കൂട്ടരുടെയും മുഖം വിളറിപ്പോയി.

"ഒരുപാട് പേര് വന്നു." വാസുകി വീണ്ടും ചിരിച്ചു.

"ആ നൂറ് കിലോ സ്വർണ്ണം തേടി പോയവർ ആരും പിന്നെ തിരികെ വന്നിട്ടില്ല. അതു കൊണ്ടു തന്നെ പോവും വഴി നിങ്ങൾ വഴിയിൽ കാണുന്ന അസ്ഥി കൂടങ്ങൾ എണ്ണിക്കോ..."

"ഞങ്ങക്ക് പേടിയൊന്നുമില്ല. വല്യ അന്ധവിശ്വാസോം ഇല്ല .. " ശ്രേയ ആണ് മറുപടി പറഞ്ഞത്.

"നല്ല കാര്യം" വാസുകി വാറ്റുചാരായം അൽപ്പം കൂടി മോന്തി.

"പേടിയില്ലെങ്കിൽ മുമ്പോട്ട് പോ. അടുത്ത വെള്ളിയാഴ്ച രാവിലെ ആയില്യംപൂജയാണ്. അന്ന് മൂർഖൻ ചാൽ ഒന്നു കൂടി കടന്ന് നിങ്ങൾ ഇവിടെ എത്തിയാൽ ഞാൻ വഴി പറഞ്ഞു തരാം"

"ഞങ്ങൾ വരും" ഫാത്തിമയും ശ്രേയയും ഒന്നിച്ചാണ് പറഞ്ഞത്.

"മിടുക്കികൾ" വാസുകി ചിരിച്ചു.

പിന്നെ തനുജയെ നോക്കി "മോൾ എന്താ മിണ്ടാത്തത്"

"അവൾക്ക് മാത്രമേയുള്ളു ഇത്തിരി ഭയം" മഹേന്ദ്രനാണ് മറുപടി പറഞ്ഞത്.

"പാമ്പിനോട് കളിക്കുമ്പോൾ ആയുസ്സിൽ ഇത്തിരി പേടി വയ്ക്കുന്നത് നല്ലതാ..." വാസുകി ഒന്നു നിർത്തി.

"നാഗങ്ങളെ കുറിച്ച് നിങ്ങൾക്ക് എന്തറിയാം കുഞ്ഞുങ്ങളെ ?" വാസുകി എല്ലാവരെയും മാറി മാറി നോക്കി.

"ആയിരം സംവത്സരമാണ് സർപ്പങ്ങൾക്ക് ആയുസ്സ് എന്നാണ് വിശ്വാസം. ആയുസ്സ് പകുതിയാവുമ്പോൾ.... ഭൂമിയിൽ നിധിയുള്ള സ്ഥലം കണ്ടെത്തി സർപ്പം അവിടെ തപസ്സിരിക്കുമത്രെ. തപസ്സ് പൂർത്തിയാവുമ്പോൾ നിധി ഉരുകി നാഗമാണിക്യം ആയി മാറും. പാമ്പ് അതുമായി ഭഗവാൻ ശിവനെ കാണാൻ കൈലാസ സന്നിധിയിലേക്ക് പറക്കും. പോവും വഴി സൂര്യരശ്മികളേറ്റ് പാമ്പ് ഭസ്മമായി ഭൂമിയിൽ പതിക്കും. പക്ഷേ, പാമ്പിന്റെ ജീവനും നാഗമാണിക്യവും ശിവ സന്നിധിയിൽ എത്തും. ഭൂമിയിൽ, പാമ്പിന്റെ ഭസ്മം വീണസ്ഥലങ്ങൾ പിന്നീട് സർപ്പക്കാവുകൾ ആയി മാറും.. " വാസുകി ഒന്നു നിർത്തി.

"ആയതിൻ ചിത വീഴുന്ന ദിക്കല്ലോ... പാമ്പ് കാവെന്നു ചൊല്ലുന്നു നാം.. " വാസുകി എല്ലാവരെയും നോക്കി. തനുജ ഒഴികെ ബാക്കി എല്ലാവരുടെയും മുഖത്ത് പുച്ഛമായിരുന്നു.

"എന്നാൽ നിങ്ങൾ ഇറങ്ങിക്കോ. നിങ്ങൾ വെള്ളിയാഴ്ച വന്നാൽ... വരാൻ നിങ്ങൾക്ക് കഴിഞ്ഞാൽ ആയില്യം കാവിൽ കാണാം "

വാസുകി അങ്ങനെയാണ് പറഞ്ഞത്.

"ഞങ്ങൾ വരും " മഹേന്ദ്രൻ ഉറച്ച സ്വരത്തിൽ പറഞ്ഞു. എല്ലാവരും എണീറ്റു.

"നിൽക്ക്'' വാസുകി ഏറുമാടത്തിന്റെ മൂലയിൽ നിന്ന് ഒരു വേര് എടുത്ത് അവർക്ക് നീട്ടി.

"നാഗദന്തിയുടെ വേര് ആണ്. പാമ്പുകൾ അടുക്കാൻ ഒന്നു മടിക്കും. രാത്രി മൂർഖൻ ചാൽ മുറിച്ച് കടക്കേണ്ടതല്ലേ" തനുജ കൈ നീട്ടി നാഗദന്തിയുടെ വേര് വാങ്ങി.

"എന്നാൽ ശരി"

അഞ്ഞൂറിന്റെ പത്ത് നോട്ടുകൾ വാസുകിയുടെ മുമ്പിലെ പലകത്തട്ടിൽ വച്ചിട്ട് മഹേന്ദ്രൻ തിരിഞ്ഞു. മുള കൊണ്ടുള്ള ഗോവണിയിലൂടെ എല്ലാവരും മഴ ഇരച്ച് വീഴുന്ന വനത്തിലേക്ക് ഇറങ്ങി. പൊടുന്നനെ ഏറുമാടത്തിൽ നിന്ന് വാസുകിയുടെ വിളി വന്നു.

"ഒന്നു നിന്നേ... ഒരു കാര്യം കൂടി കേട്ടിട്ട് പൊയ്ക്കോ" എല്ലാവരും മുകളിലേക്ക് തല ഉയർത്തി. കാവൽമാടത്തിന്റെ കൈവരിയിൽ പിടിച്ചു കൊണ്ട് വാസുകി താഴേക്ക് നോക്കി.

"നിങ്ങൾ ആറ് പേരല്ലേ വന്നത്. ഒരു കാര്യം മനസ്സിൽ കുറിച്ചു വച്ചോ. നാഗയക്ഷിയുടെ നിലവറ ക്ഷേത്രവും സ്വർണ്ണ പ്രതിമയും തേടി നിങ്ങൾ പോയാൽ..." വാസുകി ഒന്നു നിർത്തി.

"നിങ്ങൾ വിജയിച്ചേക്കാം. പക്ഷേ, നിങ്ങളിൽ രണ്ടു പേർ മാത്രമേ അവശേഷിക്കു. നാല് പേരെ പാമ്പ് കൊണ്ട് പോവും..."

വാസുകി പറഞ്ഞു നിർത്തിയതും സ്വർണ്ണ സർപ്പം പുളയും പോലെ മാനത്ത് ഒരു മിന്നലുണ്ടായി. പിന്നാലെ, കാതടപ്പിക്കുന്ന ഇടിമുഴക്കവും. മഹേന്ദ്രനും കൂട്ടരും മഴയുടെ താഴെ ഭയന്നു വിറുങ്ങലിച്ച് നിന്നു.

(തുടരും...)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com