വരുമാനം ഒരു പ്രശ്നമാണ്; ബ്രഡ്, ബൺ എന്നിവ കണ്ടു പിടിച്ചവർക്ക് നന്ദി: ലാജോ ജോസ് മനസ്സുതുറക്കുന്നു
Mail This Article
മലയാള നോവൽ സാഹിത്യം ഇന്നൊരു മാറ്റത്തിന്റെ കൊടുങ്കാറ്റിൽ പെട്ടുലഞ്ഞുകൊണ്ടിരിക്കുകയാണ്. ഓരോ മനുഷ്യരും എല്ലായ്പ്പോഴും കാലത്തിനനുസരിച്ച് നവീകരിക്കപ്പെടുമ്പോൾ സാഹിത്യം മാത്രമെങ്ങനെ അതിനു ഒരുങ്ങാതെയിരിക്കും? ക്ലാസിക് നോവൽ എന്ന ആശയത്തിന്റെ മലയാളീകരിക്കപ്പെട്ട അർഥം എല്ലായ്പ്പോഴും വലിയ വാചകങ്ങൾ നിറഞ്ഞ പേരെടുത്ത എഴുത്തുകാരാൽ എഴുതപ്പെടുന്ന സൃഷ്ടികളാണെന്ന ബോധം നമുക്കുണ്ട്. പക്ഷേ ലോക സാഹിത്യത്തിലേക്ക് നോക്കുമ്പോൾ കാലം കടന്നും നിലനിൽക്കേണ്ടുന്ന എഴുത്തുകാരിൽ റൗളിംഗും ലൂയിസ് കാരളും അഗത ക്രിസ്റ്റിയുമൊക്കെയുണ്ട്. താമസിച്ചാണെങ്കിൽ പോലും മലയാളത്തിലും ഒരു മാറ്റത്തിന്റെ മണി മുഴങ്ങുന്നു. വർഷങ്ങൾക്കു മുൻപ് പാടെ ഇല്ലാതായിപ്പോയ അപസർപ്പക സാഹിത്യം വീണ്ടും പൊതുധാരയിലേക്കെത്തുന്നു. മലയാളത്തിൽ അപസർപ്പക എഴുത്തിൽ ഏറ്റവും പുതിയ താരം ലാജോ ജോസ് എന്ന കോട്ടയംകാരനാണ്. കോഫി ഹൗസ്, ഹൈഡ്രാഞ്ചിയ എന്നീ രണ്ടു ക്രൈം ത്രില്ലറുകളാണ് ലാജോയുടേതായി ഇറങ്ങിയത്.
ഒരു മാസം കൊണ്ട് മൂന്നു പതിപ്പുകൾ ഇറങ്ങിയ പുസ്തകമാണ് ലാജോയുടെ രണ്ടാമത്തെ പുസ്തകമായ ഹൈഡ്രാഞ്ചിയ. ആദ്യ പുസ്തകത്തിന്റെയും മൂന്നാം പതിപ്പ് ഇപ്പോൾ ഇറങ്ങി. വായനക്കാർ അവരുടെ വായനയുടെ ശൈലി മാറ്റുന്നതിന്റെ അടയാളപ്പെടുത്തലാണ് ലാജോയിലൂടെ വ്യക്തമാകുന്നത്. ലാജോ ജോസ് സംസാരിക്കുന്നു.
എഴുത്ത് സ്വപ്‌നമാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ, എങ്ങനെയാണ് അത് സ്വപ്നമായി തീർന്നത്?
കുഞ്ഞുനാൾ മുതലേ നാമെല്ലാം വളരുന്നത് കഥകൾ കേട്ടാണല്ലോ! ആലീസ് ഇൻ വണ്ടർലാന്റ്, ഗള്ളിവേഴ്സ് ട്രാവൽസ്, അമർ ചിത്ര കഥ ഒക്കെ തുറന്നു തന്നത് വിസ്മയ ലോകങ്ങളാണല്ലോ. അത്തരം ഒരു വിസ്മയം തീർക്കണം എന്ന ആഗ്രഹത്തിൽ നിന്നാവാം എഴുത്ത് ഒരു സ്വപ്നമായി മാറിയത്. 2011 നു മുമ്പു വരെ ഞാനൊരു എഴുത്തുകാരനാവും എന്ന് ആരെങ്കിലും പറഞ്ഞിരുന്നുവെങ്കിൽ, ഞാൻ ചിരിച്ച് ചത്തേനേ. യാദൃശ്ചികമായി എഴുതിയ ഒരു ഹ്രസ്വ തിരക്കഥയ്ക്ക് കിട്ടിയ അഭിനന്ദനങ്ങളാണ് എഴുതാം എന്ന ആത്മവിശ്വാസം നൽകിയത്. അതു പിന്നെ അസ്ഥിക്ക് പിടിക്കുകയായിരുന്നു. ഇപ്പോൾ എഴുത്തില്ലെങ്കിൽ ശ്വാസം മുട്ടുന്ന അവസ്ഥയായി.
ആ സ്വപ്നത്തിനു വേണ്ടി മലയാള സാഹിത്യം തീരെ അവഗണിച്ചിരുന്ന ഒരു ജോണറിൽപെട്ട എഴുത്ത്എ ന്തു കാരണം കൊണ്ടാണ് തിരഞ്ഞെടുത്തത്?
കുറ്റാന്വേഷണം/ത്രില്ലർ എന്നീ വിഭാഗങ്ങളോടുള്ള ഇഷ്ടം ജനിപ്പിച്ചത് ഷെർലക് ഹോംസ് കഥകളാണ്. 1997 ൽ നിന്നു പോയ ഫിക്ഷൻ വായന പുനരാരംഭിച്ചത് 2009 ൽ കയ്യിൽത്തടഞ്ഞ ജെയിംസ് പാറ്റേഴ്‌സണ്‍ നോവലിലൂടെയാണ്. മാതൃഭാഷയിൽ തിരഞ്ഞപ്പോൾ ആ വിഭാഗം ശൂന്യം. വായന മരിക്കുന്നു എന്നുള്ള മുറവിളിയല്ലാതെ എന്തുകൊണ്ടത് സംഭവിക്കുന്നു എന്നാരും അന്വേഷിക്കുന്നില്ല. വായന മരിക്കുന്നത് മലയാളത്തിൽ മാത്രമാണ്. ഇംഗ്ലിഷ്/ ഇന്ത്യൻ-ഇംഗ്ലിഷ് പുസ്തകങ്ങളുടെ സുവർണ്ണ കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. മലയാളത്തിലെ ബുദ്ധിജീവി സമൂഹം പുച്ഛിച്ചു തള്ളുന്ന പുസ്തകങ്ങൾ പോലും ലക്ഷക്കണക്കിനാണ് ഇന്ത്യയിൽ വിറ്റഴിയുന്നത്. മലയാളത്തിൽ വായന മരിക്കുന്നത് പുതുതലമുറയ്ക്ക് ആവശ്യമായ, ഇഷ്ടമുള്ള തരം പുസ്തകങ്ങളുടെ ലഭ്യതക്കുറവാലാണ്.
പുതുതലമുറയുടെ ആസ്വാദനരീതി മാറി. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള മീഡിയ ഒരുവശത്തും തെരഞ്ഞെടുക്കാൻ ഒരുപാടുള്ള ഇംഗ്ലിഷ് പുസ്തകങ്ങൾ മറുവശത്തും. പിന്നെയെന്തിനവർ വായിച്ചാൽ അർഥം മനസ്സിലാകാത്ത, ഒരേ ശൈലിയിൽ മാത്രമുള്ള പുസ്തകങ്ങൾ വായിക്കണം?
ഇഷ്ടമുള്ള ജോണറിലുള്ള പുസ്തകങ്ങൾ വാങ്ങാൻ മറ്റു ഭാഷകളിൽ പോകേണ്ട ആവശ്യം പുതു തലമുറയ്ക്ക് ഉണ്ടാകരുത് എന്നുള്ള ആഗ്രഹം കൊണ്ടാണ് എല്ലാവരും വായിക്കാൻ ഇഷ്ടപ്പെടുന്ന മിസ്റ്ററി, ക്രൈം ത്രില്ലർ വിഭാഗം എഴുതാൻ തീരുമാനിക്കുന്നത്.
കോഫി ഹൗസിൽ നിന്ന് ഹൈഡ്രേഞ്ചിയയിലേയ്ക്ക് എത്തുമ്പോൾ ലാജോ ജോസ് എന്ന എഴുത്തുകാരനു വന്ന മാറ്റങ്ങൾ എന്തൊക്കെയാണ്?
കോഫി ഹൗസ് പൂർത്തിയായി ആറ് മാസത്തിനു ശേഷമാണ് ഹൈഡ്രേഞ്ചിയ എഴുതിത്തുടങ്ങുന്നത്. ഓരോ നിമിഷവും ഓരോ ദിവസവും ഞാനെന്ന എഴുത്തുകാരൻ പഠിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോൾ എഴുത്തുകൾ വ്യത്യസ്തമായിക്കൊണ്ടിരിക്കും. നമ്മൾ കൽപിക്കാത്ത അർഥങ്ങൾ ആൾക്കാർ വായിച്ചെടുക്കും എന്നുള്ള യാഥാർഥ്യമാണ് കോഫി ഹൗസ് എനിക്ക് നൽകിയത്.
അടുത്ത നോവലിലേക്കെത്തുമ്പോൾ മുന്നിലുള്ള ആശങ്കകൾ എന്തൊക്കെയാണ്?
പ്രതീക്ഷയുടെ അമിതഭാരം തന്നെ. എന്റെ പ്രതീക്ഷകൾക്ക് അപ്പുറത്തായിട്ടാണ് ഹൈഡ്രേഞ്ചിയ സ്വീകരിക്കപ്പെടുന്നത്. 27 ദിവസങ്ങൾക്കുള്ളിൽ മൂന്നാം പതിപ്പ് എന്നത് എന്നെപ്പോലുള്ള ഒരു തുടക്കക്കാരന് അവിശ്വസനീയം തന്നെ. അപ്പോൾ ഹൈഡ്രേഞ്ചിയ നൽകിയ ആസ്വാദന തലത്തിന്റെ മുകളിൽ ഉള്ളതാവണം അതിനു ശേഷം വരുന്ന അടുത്ത നോവൽ. ഓരോ നോവലും അങ്ങനെയാവണം. അത് ഭയങ്കര ഉത്തരവാദിത്തമാണ്. ഓരോ തവണ എഴുതാൻ ഇരിക്കുമ്പോഴും ഈ ഉത്തരവാദിത്തം ഒരു വാൾ പോലെ തലയ്ക്കു മീതെ തൂങ്ങിക്കിടപ്പുണ്ട്.
പൊതുവെ ഇപ്പോഴുള്ള പ്രമുഖ സാഹിത്യ-എഴുത്തുകാർ പോപ്പുലർ ഫിക്ഷനോട് ചിറ്റമ്മ നയം കാണിക്കാറുണ്ട്. അവരിൽ നിന്നും ധാരാളം എതിർപ്പുകൾ നേരിടേണ്ടി വരുന്നുണ്ടല്ലോ, അതിനെ എങ്ങനെ കാണുന്നു? എങ്ങനെ നേരിടുന്നു?
പുതിയ എഴുത്തുകാരുടെ കൃതികൾ ആദ്യ പതിപ്പിൽ ഒതുങ്ങിയാൽ ആർക്കും ഒരു പ്രശ്നവുമില്ല. രണ്ടാം പതിപ്പ് വരുമ്പോൾ തൊട്ട് മുറുമുറുപ്പ് തുടങ്ങും. നിലവാരമില്ലാത്ത കൃതികളാണ് ഇപ്പോൾ ആൾക്കാർ വായിക്കുന്നത്, സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞ്.
ജനപ്രിയ സാഹിത്യത്തെ വരേണ്യ സാഹിത്യം പേടിക്കാൻ കാരണം അവരുടെ സിംഹാസനം ഇളകുമോ എന്ന ഭയത്താലാണ്. ജനപ്രിയം എന്നാൽ ജനങ്ങൾക്ക് പ്രിയപ്പെട്ടത് എന്നാണല്ലോ. വേറൊരു കാര്യം സെൻസ് ഉള്ള വരേണ്യ സാഹിത്യ രചയിതാക്കൾക്ക് ഇതൊന്നും പ്രശ്നമല്ല എന്നുള്ളത്. മറ്റ് ചിലർക്ക് കയ്യടി അവർക്ക് മാത്രം കിട്ടേണ്ടതാണ് എന്നുള്ള ചിന്തയാണ്.
ആദ്യമൊക്കെ ഞാൻ ബഹുമാനിക്കുന്ന എഴുത്തുകാർ നമ്മളെക്കുറിച്ച് മോശം പറയുന്നത് കേൾക്കുമ്പോൾ വിഷമം ആയിരുന്നു. മനസ്സിലെ വിഗ്രഹങ്ങൾ ഉടഞ്ഞു തുടങ്ങി. ഇപ്പോ എല്ലാം ശീലമായി. ഇവിടെ എഴുത്തിൽ എല്ലാവർക്കും സ്പേസ് ഉണ്ട്. ഇന്നു വരെ ഉള്ളവർക്കും നാളെ വരാൻ പോകുന്നവർക്കും.
പണ്ട് വീക്കിലികളിൽ അച്ചടിച്ചു വന്നിരുന്ന പോപ്പുലർ ഫിക്ഷന്റെ വായനയല്ല കോഫി ഹൗസോ, ഹൈഡ്രേഞ്ചിയയോ തരുന്നത്. കാലം മാറി വരുമ്പോൾ എഴുത്തിന്റെ രീതികൾ വ്യത്യാസപ്പെടുന്നുണ്ടല്ലോ. ഒരു ടൈം ബ്രേക്കർ ആയിരുന്നു അങ്ങനെ പറയുമ്പോൾ കോഫി ഹൗസ്. ആ മാറ്റത്തിന്റെ കാതലെന്താണ്?- പുതിയ ഫിക്ഷനുകളുടെ സാമ്പ്രദായിക രീതി തകർത്തുള്ള എഴുത്തു രീതിയെക്കുറിച്ച്?
വീക്കിലികളിൽ വന്നിരുന്ന കഥകൾ അക്കാലത്തെ അഭിരുചിക്കനുസരിച്ചുള്ളതായിരുന്നു. പിന്നെ ടിവി വന്നു, കേബിൾ ടി.വി വന്നു, ഡിറ്റിഎച്ച് വന്നു, തിയേറ്ററുകളിൽ അന്യഭാഷാ ചിത്രങ്ങൾ വന്നു, നെറ്റ്ഫ്ലിക്സ് ആമസോൺ പ്രൈം എന്നിവ വന്നു, ടൊറന്റ് വന്നു. ഇതെല്ലാം ജനങ്ങളുടെ ആസ്വാദന നിലവാരമുയർത്തി.
ഹാരി പോട്ടർ ഒരു കൊടുങ്കാറ്റായി വന്നു. പുറകേ ഗെയിം ഓഫ് ത്രോൺസ് വന്നു. ഓൺലൈൻ സൈറ്റ്, കിൻഡിൽ എന്നിവ വഴി അന്യഭാഷ പുസ്തകങ്ങൾ നമ്മുക്ക് ലഭിക്കാൻ എളുപ്പമായി.
ഇങ്ങനെ പല പ്ലാറ്റ്‌ഫോമുകളിൽ നിന്നും നമ്മുടെ സൗകര്യങ്ങളിലേയ്ക്കു വരുന്ന ആസ്വാദന നിലവാരത്തിന്റെ 100% എത്തിയില്ലെങ്കിലും ഒരു 75% എങ്കിലും കൊടുക്കാൻ പറ്റണം. അല്ലെങ്കിൽ 'ചവറ് ' എന്ന ഒറ്റവാക്കിൽ നമ്മളെ പുതു തലമുറ വലിച്ചെറിയും. ആ ഒരു തോന്നൽ ഉള്ളതു കൊണ്ടാണ് ഇംഗ്ലിഷ് ത്രില്ലറുകളുടെ മാതൃക പിന്തുടർന്ന് എഴുതിത്തുടങ്ങിയത്.
എന്താണ് വായനയിൽ നിന്നും അന്വേഷിക്കുന്നത്? അത് വായനയിൽ നിന്നും ലഭിച്ചുവോ?
സ്വയം നവീകരിക്കലാണ് എനിക്ക് വായന. പുതിയ എഴുത്തു രീതികൾ, കഥ പറച്ചിൽ ഒക്കെ പഠിക്കാൻ വേണ്ടിയാണ് ത്രില്ലർ മേഖലയിൽ മാത്രം വായന/കാഴ്ച എന്നിവ ഒതുക്കുന്നത്.
സ്വപ്നത്തിനു വേണ്ടി ജോലി ഉപേക്ഷിക്കുമ്പോൾ നമ്മുടെ മുന്നിൽ ഒന്നും ചെയ്യാനില്ലാത്ത, മടുപ്പിക്കുന്ന ഒരു നീണ്ട കാലമുണ്ടാകുമെന്ന് അറിയുമായിരുന്നില്ലേ? അത് എങ്ങനെ അതിജീവിക്കുമെന്ന് വിശ്വസിച്ചു? അതിനെ അതിജീവിക്കാൻ എന്തൊക്കെ ചെയ്യുന്നു?
സ്വപ്നം നമ്മുക്ക് തരുന്ന ഒരു "ഫാൾസ് ബിലീഫ്" ഉണ്ട് - സ്വപ്നം യാഥാർഥ്യമാകും എന്ന്. അപ്പോൾ മറ്റൊന്നും നമ്മുടെ മുന്നിൽ ഉണ്ടാകില്ല. അതിജീവനം എന്നൊരു കാര്യമേ മനസ്സിൽ ഇല്ലായിരുന്നു. വിജയിക്കും എന്നുള്ള വിശ്വാസത്തിൽ ആയിരുന്നു.
വരുമാനം വലിയൊരു പ്രശ്നമാണ് ഇപ്പോഴും. ബ്രഡ്, ബൺ എന്നിവ കണ്ടു പിടിച്ചവർക്ക് നന്ദി. സുഹൃത്തുക്കളാണ് മാസാമാസം കാശ് തരുന്നത്. അതിൽ പിടിച്ചു നിൽക്കുന്നു.
ഇപ്പോഴും മലയാളം എഴുത്തുകാർ എന്നാൽ സാമ്പത്തികമായി നല്ല നിലയിലെത്തിയവരല്ല. ഒരു പ്രോഗ്രാമിന് അതിഥി ആയി വിളിച്ചാൽ പോലും വണ്ടി കൂലി തരാൻ പോലും സംഘാടകർക്ക് ബുദ്ധിമുട്ടാണ്. ആ കാലം മാറുമെന്ന് വിശ്വസിക്കുന്നുണ്ടോ? എങ്ങനെ?
ആ കാലം മാറിത്തുടങ്ങി. പുതിയ പ്രസാധകർ മലയാളത്തിന്റെ സാധ്യതകൾ അറിഞ്ഞു വരുന്നുണ്ട്. പ്രസാധകർ അഡ്വാൻസ് തന്ന് നമ്മുടെ കൃതികൾ വാങ്ങുന്ന കാലം വിദൂരമല്ല.
പുതിയ എഴുത്തുകൾ, പുസ്തകങ്ങൾ... വായനകൾ എന്നിവയെ കുറിച്ച്.
എഴുത്ത് ഒരു പ്രഫഷൻ ആയിക്കാണുന്നതു കൊണ്ട് എഴുത്തിന്റെ മൂഡ് വരുമ്പോൾ എല്ലാ ദിവസവും എഴുതും. അല്ലെങ്കിൽ എഴുതാൻ പോകുന്നതിനെക്കുറിച്ച് ചിന്തിക്കും. ഒരെഴുത്ത് കഴിഞ്ഞാൽ പിന്നെ ശൂന്യതയാണ്. ആ സമയം വായന, സിനിമ കാണൽ എന്നിവയാണ് ദിനചര്യ.
വായനയിൽ ഏറ്റവുമധികം സ്വാധീനിച്ച എഴുത്തുകാരൻ- കാരണം.
ജെയിംസ് പാറ്റേഴ്‌സൺ. ലളിതമായ ഭാഷയിൽ ആകാംഷകൾ സൃഷ്ടിക്കുന്ന കഴിവ് അപാരമാണ്. അദ്ദേഹം ഒരു ബ്രാന്റ് ആയി മാറിയതിൽ പിന്നെ നിലവാരത്തകർച്ച ഉണ്ടായെങ്കിലും അദ്ദേഹം എനിക്ക് ഗുരുവാണ്.