സ്നേഹത്തിന്റെ ആ തുളസിക്കതിർ; നിത്യചൈതന്യം, സുന്ദരം
Mail This Article
ഒരു തുളസിക്കതിരിനുപോലും ജീവന്‍ നിലനിര്‍ത്താനുള്ള കഴിവുണ്ട്; മരണത്തില്‍നിന്നു ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരാന്‍, എഴുതില്ലെന്നു ശഠിച്ചിട്ടും എഴുത്തിനു പ്രചോദനമേകാൻ, കണ്ണീര്‍മറയിലൂടെയല്ലാതെ പുഞ്ചിരിക്കാന്‍, ലോകത്തെയും തന്നെത്തന്നെയും സ്നേഹിക്കാന്‍. അത്തരമൊരു അനുഭവത്തെക്കുറിച്ച് സ്നേഹാര്‍ദ്രമായി പറഞ്ഞിട്ടുണ്ട് അടുത്തിടെ അന്തരിച്ച എഴുത്തുകാരി അഷിത. ജീവിതത്തിന്റെ വഴികളില്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ഗുരുസാമീപ്യത്തെക്കുറിച്ച്. അറിവിന്റെയും സംസ്കാരത്തിന്റെയും കരുണയുടെയും സഹാനുഭൂതിയൂടെയും പ്രയോക്താവായി വിരാജിച്ച ഗുരു നിത്യചൈതന്യയതിയെക്കുറിച്ച്. ഉപനിഷദ് മന്ത്രങ്ങളുടെയും യോഗവിദ്യയുടെയും പ്രചാരകനും സ്നേഹത്തില്‍ അധിഷ്ഠിതമായ സംസ്കാരത്തിന്റെ പ്രചാരകനുമായി, ഒരു കാലഘട്ടത്തിന്റെ വിളക്കായി പ്രകാശിച്ച ഗുരുവിനെക്കുറിച്ച്. ഗുരുവില്‍നിന്നു കിട്ടിയ സമ്മാനങ്ങളില്‍ ഏറെ പ്രിയപ്പെട്ടതായി അഷിത കാത്തുവച്ചിരുന്നു ഒരു തുളസിക്കതിരും മൂന്നോ നാലോ വാക്കുകളുള്ള ഒരു കത്തും. സ്നേഹത്തിന്റെ ധാരാളിത്തത്തില്‍ എഴുതിയതായിരുന്നു കത്ത്. ജീവന്റെ നാളം അണയുമ്പോഴും ജ്വലിച്ചുകൊണ്ടിരുന്ന പ്രാണനെക്കുറിച്ച് ഓര്‍മിപ്പിക്കുന്ന കത്ത്. പിന്നെയൊരു തുളസിക്കതിരും. ഗുരുവിന്റെ സമാധിക്കുശേഷം രണ്ടു പതിറ്റാണ്ടോളം അഷിത ജീവിച്ചിരുന്നു. അക്കാലമത്രയും മങ്ങാതെ, മറയാതെ, വാടാതെ, കൊഴിയാതെ അഷിതയ്ക്കൊപ്പമുണ്ടായിരുന്നു ആ തുളസിക്കതിര്‍. പ്രകൃതി പ്രതിഭാസങ്ങളൊന്നും ബാധിക്കാതെ, കാലത്തിന്റെ കാറ്റ് ഏല്‍ക്കാതെ എന്നും പുതുമയോടെ... നിത്യസുന്ദരമായി... നിത്യചൈതന്യമായി.....
20 വര്‍ഷം മുമ്പാണ് ഗുരു സമാധിയാകുന്നത്. അവസാനത്തെ ദിവസം മരണത്തിനു തൊട്ടുമുമ്പുള്ള നിമിഷം വരെയും ഊട്ടിയിലെ ഫേണ്‍ഹില്‍ ആശ്രമത്തില്‍ സജീവമായിരുന്ന, പ്രവര്‍ത്തനനിരതനായിരുന്ന ഗുരുവിനെക്കുറിച്ച് ശിഷ്യര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ എഴുതിയിട്ടുമുണ്ട്. പക്ഷേ അദ്ദേഹത്തില്‍നിന്നു സന്യാസദീക്ഷ സ്വീകരിച്ച മുനി നാരായണ പ്രസാദിന്റെ മനസ്സില്‍ മറ്റൊരു രൂപമുണ്ട്. അധികമാരും അറിയാത്ത ഒരു ഗുരുവിന്റെ സാമീപ്യം.
എസ്എസ്എല്‍സി നല്ല നിലയില്‍ ജയിച്ചുനില്‍ക്കുന്ന ഒരു വിദ്യാര്‍ഥി- പ്രസാദ്. തിരുവനന്തപുരത്ത് വക്കം എന്ന സ്ഥലത്ത്് എംവിടി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ്ങില്‍ പഠിക്കാന്‍ ചേരുന്നു. സിംഗപ്പൂരില്‍ ഉദ്യോഗസ്ഥനായിരുന്ന എം.കെ.കുഞ്ഞുകൃഷ്ണന്‍ എന്നയാള്‍ നടത്തുന്ന സ്ഥാപനം. പഠനത്തിനിടെ, ഒരു ദിവസം, അവിചാരിതമായി കുഞ്ഞുകൃഷ്ണന്‍ സാറിന്റെ വീട്ടില്‍ ഒരതിഥിയെത്തി. സുമുഖനായ ഒരു ചെറുപ്പക്കാന്‍. ധരിച്ചിരിക്കുന്നത് ലളിതമായ വെള്ളവേഷം. നല്ല പൊക്കവും വണ്ണവുമുള്ള ആളാണെങ്കിലും പതിഞ്ഞ സ്വരത്തിലുള്ള സംഭാഷണം. കുറ്റിത്താടി. ആര്‍. ജയചന്ദ്രന്‍ എന്നാണു പേര്. വര്‍ക്കല നാരായണ ഗുരുകുലത്തില്‍ നടരാജഗുരുവിന്റെ ശിഷ്യനാണെന്നും മഹാപണ്ഡിതനാണെന്നും പറയുന്നതുകേട്ടു. രാത്രി അദ്ദേഹം ഉറങ്ങിയത് ഇന്‍സ്റ്റിറ്റ്യൂട്ടിലെ രണ്ടു ബെഞ്ചുകള്‍ ചേര്‍ത്തിട്ട് അതിന്‍മേലാണ്. ആദ്യകാഴ്ചയില്‍ത്തന്നെ പ്രസാദിന് വല്ലാത്ത ഒരു ആകര്‍ഷണീയത തോന്നി ജയചന്ദ്രനോട്.
പിറ്റേന്ന് ഞായറാഴ്ച. ആ ഭാഗത്തുള്ള കുട്ടികളെയൊക്കെ വിളിച്ചുകൂട്ടി. വിശിഷ്ടാതിഥിയായ ജയചന്ദ്രന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍വച്ച് ഒരു ഹോമം നടത്തി. അതിനുശേഷം കുറച്ചു മന്ത്രങ്ങള്‍ ചൊല്ലി. അത് ഈശാവാസ്യോപനിഷത്താണെന്ന് അദ്ദേഹം വിശദീകരിച്ചു. ആ മന്ത്രങ്ങളുടെ അര്‍ഥം കുട്ടികള്‍ക്കു പറഞ്ഞുകൊടുത്തു. പുതിയൊരു അറിവിന്റെ ലോകം തുറക്കുകയായിരുന്നു. അന്നു കുട്ടികള്‍ ബഹുമാനത്തോടെ ജയചന്ദ്രന്‍ സാര്‍ എന്നു വിളിച്ച വ്യക്തിയാണ് പിന്നീട് ഗുരുവായത്. നിത്യവും ചൈതന്യം പ്രസരിപ്പിക്കുന്ന യതിയായത്. ഗുരു നിത്യചൈതന്യയതിയായത്. ഇടയ്ക്കിടെ അദ്ദേഹം ക്ലാസ്സ് എടുക്കാന്‍ വന്നുകൊണ്ടിരുന്നു. കുറച്ചുനാളിനുശേഷം പ്രസാദ് അദ്ദേഹവുമായി സംസാരിക്കാന്‍ ശ്രമിച്ചു. അപ്പോള്‍ അദ്ദേഹം മൗനവ്രതത്തിലേക്ക് കടന്നിരുന്നു. വര്‍ഷങ്ങള്‍ നീണ്ട കഠിനമായ വ്രതം. അത്യാവശ്യം കാര്യങ്ങള്‍ എഴുതിക്കാണിക്കുക മാത്രം ചെയ്തു ജീവിക്കുന്ന യോഗി.
നാരായണ ഗുരുകുലത്തിന്റെ മാത്രമല്ല, ആധുനികകേരളത്തിന്റെതന്നെ ഗുരു എന്ന അസുലഭ പദവിയില്‍ നിത്യചൈതന്യ എത്തുന്നത് പതിറ്റാണ്ടുകള്‍ നീണ്ട സാധനയിലൂടെ, കഠിനമായ വ്രതചര്യകളിലൂടെ. സന്ന്യാസിയായിരിക്കെത്തന്നെ കവിയായിരുന്നു അദ്ദേഹം. കവിയായിരിക്കെ യോഗിയും. അല്‍പായുസ്സായ വികാരങ്ങളെയും അനശ്വരമായ അറിവിനെയും അദ്ദേഹം ഒരുമിപ്പിച്ചു. ആത്മീയതയുടെ നിറഞ്ഞുകത്തുന്ന വിളക്കായി പരിലസിച്ചു.
അഷിതയുടെ ഓര്‍മയില്‍തുടങ്ങുന്ന ഗുരു അനുസ്മരണം ഗുരുവിന്റെ പ്രിയശിഷ്യയുടെ മറ്റൊരു ഓര്‍മയില്‍ അവസാനിപ്പിക്കാം. അഷിതയുടെ മകള്‍ക്ക് അന്നു മൂന്നു വയസ്സു മാത്രം. ഗുരുവിന് അയച്ച ഒരു കത്തില്‍ അക്കാലത്ത് കുട്ടി ഒരു സംശയം ഉന്നയിച്ചു. ഗുരു നിത്യചൈതന്യ യതി എന്ന നീണ്ട പേരുള്ള മനുഷ്യനെ അദ്ദേഹത്തിന്റെ അമ്മ എന്തു പേരിലായിരിക്കും വിളിക്കുക എന്ന്. സംശയം വായിച്ച് ഗുരു ചിരിച്ചു; നിഷ്കളങ്കമായി, നിര്‍മലമായി. കളങ്കമേശാത്ത ആ ചിരി ഇന്നുമുണ്ട് ഗുരുവിനെ അറിഞ്ഞ മനസ്സുകളില്‍. ഉദിച്ചുവരുന്ന സവിതാവിനെപ്പോലെ... അസ്തമിച്ചാലും ഇരുട്ടു കീറി വെളിച്ചവുമായി വീണ്ടുമെത്തുന്ന ഊര്‍ജപ്രവാഹമായി...