ADVERTISEMENT

മലയാള സാഹിത്യകാരന്മാരിൽ സൈക്കിൾ ചവിട്ടി നടന്നിരുന്നവരിൽ മുമ്പൻ കവി വിഷ്ണു നാരായണൻ നമ്പൂതിരി തന്നെ. കവികളിലെ ഏറ്റവും വലിയ ‘സൈക്കിൾ മുതലാളി’യും അദ്ദേഹം തന്നെയായിരുന്നു. മൂന്നു സൈക്കിളുകളുടെ ഉടമ! മൂന്നും ഓരോരോ കാലത്തായി മോഷണം പോവുകയും ചെയ്തു. മൂന്നാമത്തെ സൈക്കിളും കള്ളൻ കൊണ്ടുപോയപ്പോൾ അദ്ദേഹം തീരുമാനിച്ചു, ഇനി സൈക്കിൾ വേണ്ട!  

കോളജിലേക്കും സാഹിത്യസമ്മേളനങ്ങളിലേക്കും പലചരക്കുകടയിലേക്കും ആശുപത്രിയിലേക്കും സുഹൃത്തുക്കളുടെ വീട്ടിലേക്കുമൊക്കെ സൈക്കിളിലായിരുന്നു സഞ്ചാരം. അദിതി, അപർണ എന്നീ രണ്ടുമക്കളെ സൈക്കിൾ ബാറിലിരുത്തി നാടുചുറ്റാനും പോയിരുന്നു. 

കവിയുടെ രണ്ടാമത്തെ സൈക്കിളിന് ഒരു പ്രത്യേകതയുണ്ടായിരുന്നു. അതിന്റെ ‘അര മുതലാളി’യായിരുന്നു അദ്ദേഹം. 

സൈക്കിളിന്റെ തുകയുടെ പാതി മുടക്കിയ ആളെന്ന നിലയിലാണ് അര മുതലാളിയെന്ന പ്രയോഗം. മറ്റേ ‘അര’ക്കാരനും കവി തന്നെയായിരുന്നു. കെ.വി. രാമകൃഷ്ണൻ മാഷ്. എറണാകുളത്തു മഹാരാജാസ് കോളജിൽ പഠിപ്പിക്കുന്ന കാലത്താണ് ഇരുവരും ചേർന്നു സൈക്കിൾ വാങ്ങുന്നത്. 

വിഷ്ണുനാരായണൻ നമ്പൂതിരി പുതിയ ൈസക്കിൾ വാങ്ങാൻ പോവുകയാണെന്നറിഞ്ഞപ്പോൾ രാമകൃഷ്ണൻ മാഷു പറഞ്ഞു, 

‘എങ്കിൽ പാതി പണം ഞാനിടാം. നമുക്കു മാറി മാറി ചവിട്ടുകയും ചെയ്യാമല്ലോ!’ മരടിലെ വാടകവീട്ടിൽ നിന്നും വിഷ്ണുനാരായണൻ നമ്പൂതിരി മഹാരാജാസിലേക്കു സൈക്കിളിൽ പോകും. രാമകൃഷ്ണൻ മാഷ് ഇടയ്ക്കു കോളജിലെത്തി സൈക്കിളുമായി പോകും. വൈകിട്ടു വിഷ്ണുനാരായണൻ നമ്പൂതിരി മടങ്ങാൻനേരം സൈക്കിൾ തിരികെ കോളജിലെത്തിക്കുകയും ചെയ്യും. 

g-sankara-kurupu-vishnu-narayanan
പഴയൊരു കവിസമ്മേളനത്തിൽ വിഷ്ണുനാരായണനൻ നമ്പൂതി ജി.ശങ്കരക്കുറുപ്പിനൊപ്പം

ഒരിക്കൽ മൂത്ത മകൾ അതിദിയെ മുന്നിലിരുത്തി ഓരോരോ വിശേഷങ്ങളും പറഞ്ഞുപോകുമ്പോൾ കുട്ടിയുടെ കാലുകൾ മുൻചക്രത്തിൽ കുടുങ്ങി. കമ്പികൾ തുളഞ്ഞു കാലിൽകയറി. നിറയെ ചോര. കുട്ടി നല്ല കരച്ചിൽ. കവി പരിഭ്രാന്തനായി. ഉടനെ ആശുപത്രിയിൽ എത്തിച്ചു. പിന്നെ കുറച്ചുനാളത്തേയ്ക്കു കുട്ടികളെ സൈക്കിളിൽ കയറ്റിയിട്ടില്ല. പിന്നീടു വളരെ ശ്രദ്ധയോടെ മാത്രമേ കുട്ടികളുമായി സഞ്ചരിച്ചിട്ടുള്ളൂ. 

നിത്യവും സൈക്കിൾ ചവിട്ടുന്നതുകൊണ്ടാകാം നല്ല ആരോഗ്യവാനായിരുന്നു വിഷ്ണു നാരായണൻ നമ്പൂതിരി. ദിവസവും വീട്ടിൽ വ്യായാമവും പതിവായിരുന്നു. എറണാകുളം വിട്ട് അദ്ദേഹം തിരുവനന്തപുരത്തെത്തി. സാഹിത്യസമ്മേളനങ്ങളും കവിതാകൂട്ടായ്മകളുമൊക്കെ സജീവമായ നഗരം. കവിക്ക് ധാരാളം ആരാധകർ. വൈകുന്നേരങ്ങളിൽ പരിപാടികളുടെ തിരക്ക്. 

സാഹിത്യ സമ്മേളനങ്ങൾക്കു ക്ഷണിക്കുമ്പോൾ മറ്റു കവികൾ കാറും വണ്ടിക്കൂലിയുമൊക്കെ ചോദിക്കുമ്പോൾ വിഷ്ണുനാരായണൻ നമ്പൂതിരി പറയും, 'ഒന്നും വേണ്ട, ഞാനന്റെ സൈക്കിളിൽ അങ്ങെത്തിക്കൊള്ളാം.' പത്തുപന്ത്രണ്ടു കിലോമീറ്റർ ചുറ്റളവിലുള്ള പരിപാടകൾക്കൊക്കെ അദ്ദേഹം സൈക്കിൾ ചവിട്ടി തന്നെ പോയി. എന്തിനാ വെറുതെ സംഘാടകരെ ബുദ്ധിമുട്ടിക്കുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. വീട്ടുകാരോടും ഇതുതന്നെ പറഞ്ഞു. 

മീറ്റിങ്ങുകൾക്കു കോളജിൽ നിന്നും ലീവ് എടുത്തുപോകുന്നതായിരുന്നു പതിവ്. ലീവെടുത്തു നിയമപരമായി മാത്രമേ പോകാവൂ എന്ന് ഇഷ്ടകവിയായ വൈലോപ്പിള്ളി മാഷും വിഷ്ണുനാരായണൻ നമ്പൂതിരിയെ ഉപദേശിച്ചിട്ടുണ്ട്. ദൂരദിക്കുകളിൽ നടക്കുന്ന സമ്മേളന സ്ഥലങ്ങളിലേക്കു കാറിൽ കൊണ്ടുപോകും. മിക്കവാറും സന്ദർഭങ്ങളിൽ തലസ്ഥാനത്തെ കൂട്ടുകവികളും കാണും. സമ്മേളനം തീര്‍ന്നാൽ എത്രയും പെട്ടന്നു വീട്ടിലെത്തണം. ഭാര്യയും കുട്ടികളുമൊക്കെ കവി വരുന്നതും കാത്തിരിക്കുകയാവും. ചിലപ്പോൾ കവിയുടെ അച്ഛനും വീട്ടിലുണ്ടാകും. വിഷ്ണുനാരായണൻ നമ്പൂതിരി എത്തിയാലേ അദ്ദേഹം അത്താഴം കഴിക്കൂ. പക്ഷേ കൂടെയുള്ള കവികൾക്കുണ്ടോ ഇത്തരം ആവലാതികളൊക്കെ. മടക്കയാത്രയിൽ അവർ വഴിയരികിലുള്ള എല്ലാ കള്ളുഷാപ്പിന്റെ മുന്നിലും കാറു നിർത്തിക്കും. വിഷ്ണു വരില്ലെന്ന് അവർക്കറിയാം. അദ്ദേഹത്തെ കാറിലിരുത്തി പെട്ടന്നു വരാമെന്നും പറഞ്ഞ് അവർ അകത്തേക്കു പോകും.  

ഷാപ്പല്ലേ. കള്ളല്ലേ... അകത്തുചെന്നാൽ കവിതയും വർത്തമാനവുമൊക്കെ വരാതിരിക്കുമോ..? ഷാപ്പിനകത്തു നിന്നു കവിതയും പ്രസംഗവുമൊക്കെ ഉച്ചത്തിൽ കേട്ടുതുടങ്ങും. സഹകുടിയന്മാരും ചേരുന്നതോടെ ഷാപ്പിനകത്തെ ചൂടുപിടിച്ച സാഹിത്യചർച്ചകളും അങ്ങുഷാറാകും. പുറത്തൊരാൾ കാറിൽ കാത്തിരിക്കുന്നതു എന്ന ചിന്തപോലും അവർക്കുണ്ടാകില്ല. ഇത്തരം ഒരു സന്ദർഭത്തിൽ ഗതികെട്ട് വിഷ്ണു നാരായണൻ നമ്പൂതിരി തന്നെ ഷാപ്പിനകത്തേക്കു ചെന്നു കൂട്ടുകവികളെ തിരിച്ചിറക്കി കൊണ്ടുവന്നു.  

കൂട്ടത്തിലെ പ്രസിദ്ധനായൊരു കവി കുഴച്ചിലോടെ പറഞ്ഞു:  ‘നമ്പൂരിസാറേ..എത്ര നേരമായി നമ്മൾ യാത്ര തുടങ്ങിയിട്ട്. ഒരു ഷാപ്പെങ്കിലും കണ്ടോ..? വേഴാമ്പലിനെപ്പോലെ ദാഹിച്ച്.. ദാഹിച്ചിരിക്കുമ്പോഴാണ് ഈയൊരെണ്ണം കണ്ടത്. ഇപ്പോൾ തന്നെ പോകണമെന്നാണോ പറയുന്നത്...?’

സുഹൃത്തിനെ ഒന്നു സൂക്ഷിച്ചുനോക്കിയ ശേഷം വിഷ്ണു നാരായണൻ നമ്പൂതിരി പറഞ്ഞു: 

‘വേഴാമ്പൽ ഇപ്പോൾ ആമ്പലു പോലെയായിട്ടുണ്ട്. കഴുത്തറ്റം മുങ്ങിയാണു നിൽക്കുന്നത്...!’ ആ പ്രയോഗം കേട്ട് എല്ലാ കുടിയന്മാരും ഒരുമിച്ചു ചിരിച്ചു. ജീവിതത്തിൽ ഒരിക്കൽപ്പോലും വിഷ്ണു നാരായണൻ നമ്പൂതിരി കുടിച്ചിട്ടില്ല. പക്ഷേ ഇത്തരം യാത്രകളിൽ കൂട്ടുകാർ നടത്തുന്ന ആഘോഷങ്ങളെയൊന്നും അദ്ദേഹം കഠിനമായി എതിർത്തിട്ടുമില്ല.