"പ്രമേഹമുള്ളവർ തണ്ണീർ മത്തൻ ദിനങ്ങൾ കാണരുത്, ചത്തുപോകും!"
Mail This Article
'സായാഹ്ന യാത്രകളുടെ അച്ഛാ, വിട തരിക.' എന്നു വിളിച്ചു പറഞ്ഞ് ഖസാക്കിലെ സ്കൂൾ മുറ്റത്തു നിന്നു മടങ്ങുന്ന രവി മാഷ് മലയാളി വായനക്കാർക്ക് അപരിചിതനല്ല. ഒ.വി. വിജയൻ മലയാളിവായനക്കാർക്കു പരിചയപ്പെടുത്തിയ മന്ദാരത്തിന്‍റെ ഇലകള്‍ ചേര്‍ത്തു തുന്നിയ പുനർജ്ജനിയുടെ കൂടുമായി തണ്ണീർമത്തൻ ദിനങ്ങളിലെ സ്കൂളിനെ താരതമ്യം ചെയ്യുകയാണ് എഴുത്തുകാരൻ ലിജീഷ് കുമാർ. പ്രമേഹമുള്ളവർ തണ്ണീർ മത്തൻ ദിനങ്ങൾ കാണരുതെന്നും ഓർമിപ്പിക്കുന്നു എഴുത്തുകാരൻ.
ലിജീഷ് കുമാർ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപം–
സ്കൂൾ മുറ്റത്ത് നിന്നു സർക്കാർ വണ്ടിയിലേക്ക് കയറുമ്പോൾ രവി പത്മനാഭൻ ഒന്ന് തിരിഞ്ഞ് നോക്കി. എന്താവും അയാൾ മനസിൽ പറഞ്ഞിട്ടുണ്ടാവുക! എനിക്കറിയാവുന്ന ഒരു രവി മാഷുണ്ട്. 'സായാഹ്ന യാത്രകളുടെ അച്ഛാ, വിട തരിക.' എന്ന് വിളിച്ചു പറഞ്ഞ് ഖസാക്കിലെ സ്കൂൾ മുറ്റത്തു നിന്ന് അയാൾ മടങ്ങുന്നത് ഞാങ്കണ്ടു. എനിക്ക് ചിരി വന്നു. ചിലർക്കയാൾ നായകനാണ്, ചിലർക്ക് വില്ലനും. രവി മാഷ് പറഞ്ഞു, 'മന്ദാരത്തിന്‍റെ ഇലകള്‍ ചേര്‍ത്ത് തുന്നിയ ഈ പുനര്‍ജ്ജനിയുടെ കൂട് വിട്ട് ഞാന്‍ വീണ്ടും യാത്രയാണ്.' (ഖസാക്കിന്‍റെ ഇതിഹാസം)
മന്ദാരത്തിന്‍റെ ഇലകള്‍ ചേര്‍ത്ത് തുന്നിയ പുനര്‍ജ്ജനിയുടെ കൂട്! അങ്ങനെ ഒരു സ്കൂൾ കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ തണ്ണീർ മത്തൻ ദിനങ്ങൾ കാണണം. നിറയെ പൂക്കളും പൂവല്ലികളുമുള്ള കാടുപോലെ ഒരു സ്കൂൾ, ചുറ്റും കാട്ടുമരങ്ങൾ. സസ്യശാസ്ത്രം പഠിച്ചവർക്കറിയാം, ഈ മരങ്ങളുണ്ടല്ലോ, അതിനൊന്നും ആണും പെണ്ണുമില്ല. പക്ഷേ, ആൺ മരവും പെൺ മരവും വെവ്വേറെ കാണുന്ന ഒരു മരമുണ്ട്. ആ മരമാണ് ജാതി മരം. ജാതിക്കാ തോട്ടങ്ങളിൽ ചെന്നാൽ ആൺ മരങ്ങൾ പെൺ മരങ്ങളെ പ്രണയിക്കുന്നത് കാണാം, പരാഗണം കാണാം. രവി മാഷിന്റെ ഏദനിൽ നിന്ന് പുറത്താക്കപ്പെട്ട ആദം, ഹവ്വയെയും കൂട്ടി ജാതി മരങ്ങളുടെ പ്രണയം കാണാൻ പോവുന്നതാണ് തണ്ണീർ മത്തൻ ദിനങ്ങളുടെ കഥ.
ഈ തണ്ണീർ മത്തനുണ്ടല്ലോ, വേനലിൽ വിളയുന്ന പഴമാണത്. ജയ്സൺ തണ്ണീർ മത്തനാണ്. കീർത്തിയുടെ ഒറ്റയുമ്മ കൊണ്ട് അവന്റെ പുറന്തോട് പൊട്ടി, ഉള്ളിലെ മധുരച്ചോപ്പ് തെറിച്ച് കണ്ണിലും കവിളിലും ചുണ്ടിലുമെല്ലാം വന്നു വീണു. നാക്ക് ആവാവുന്നത്രയും വട്ടം കറക്കി, നക്കി നക്കി ഞാൻ തീയേറ്ററിൽ നിന്നിറങ്ങി. എന്ത് മധുരമാണ് ഈ കുട്ടികൾക്ക്.
മധുരത്തെപ്പറ്റി പറഞ്ഞപ്പഴാണ്, ഈ പഞ്ചസാര ഒരു നിശ്ചിതസമയത്തിനുള്ളില്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന തോതിനെ ഗ്ലൈസീമിക് ഇന്‍ഡക്‌സ് എന്നാണ് പറയുക. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടിയാല്‍ പ്രമേഹം കൂടും. പ്രമേഹമുള്ളവർ തണ്ണീർ മത്തൻ ദിനങ്ങൾ കാണരുത്. ഗ്ലൈസീമിക് ഇന്‍ഡക്‌സ് കൂടി ചത്തുപോകും.