ഭാവനാസമുദ്രങ്ങളെ നീന്തിക്കടക്കുന്ന യാതനയുടെ ചെറുമീൻ; മിന്നലുതിരുന്ന കണ്ണുകളുള്ളത്...
Mail This Article
സ്വെറ്റ്ലാന അലക്സിവിച്ചിനു സാഹിത്യത്തിനുള്ള നൊബേൽ സമ്മാനം നൽകിയപ്പോൾ (2015) അത് ഒരു ജേണലിസ്റ്റിനു ലഭിക്കുന്ന ആദ്യ നൊബേൽ സമ്മാനമായി. അലക്സിവിച്ച് എഴുതിയതു സാഹിത്യമാണോ എന്ന ചോദ്യമാണ് അപ്പോൾ പ്രധാനമായും ഉയർന്നത്. അതിനു മുൻപു ബെർട്രാൻഡ് റസലിനു സാഹിത്യ നൊബേൽ ലഭിച്ചെങ്കിലും (1950) അദ്ദേഹവും സാഹിത്യം എഴുതിയിട്ടില്ല. കിഴക്കൻ യൂറോപ്പിലെ ചെറുരാജ്യമായ ബെലാറസിൽനിന്നുള്ള ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് സ്വെറ്റ്ലാന അലക്സിവിച്ചിനു സമ്മാനം നൽകിയതു കഥയോ നോവലോ കവിതയോ എഴുതിയതിനല്ല. തന്റേത് ‘വാമൊഴി ചരിത്ര’ (oral history) മാണ് എന്ന് അവർ പറയും.
സോവിയറ്റ് കാലത്തു റഷ്യയിലെ ചെർണോബിൽ ആണവ നിലയം ചോർന്നുണ്ടായ മഹാദുരന്തത്തിന്റെ ശേഷിപ്പുകൾ അന്വേഷിച്ചുപോയ സ്വെറ്റ്ലാന കണ്ടെത്തിയ ഭയാനകതകളാണ് ‘വോയ്സസ് ഫ്രം ചെർണോബിൽ’ (1997) എന്ന പുസ്തകമായി ഇറങ്ങിയത്. ചെർണോബിലിലെ ആണവ വികിരണങ്ങൾ ഏറ്റവും ബാധിച്ചതും അയൽനാടായ ബെലാറസിനെയായിരുന്നു. മറ്റൊരു ശ്രദ്ധേയ രചനയായ ‘ദ് ലാസ്റ്റ് വിറ്റ്നസസ്’ രണ്ടാം ലോകയുദ്ധകാലത്തു കുട്ടികളായിരുന്നവരുടെ സ്മരണകളാണ്. സോവിയറ്റ് യൂണിയന്റെ ചരിത്രത്തെ വികലമായി ചിത്രീകരിക്കുകയും വസ്തുതകളെ ഭാവന ചേർത്തു കളങ്കപ്പെടുത്തുകയും ചെയ്യുന്നു എന്നെല്ലാം അവരുടെ എഴുത്തിനെപ്പറ്റി റഷ്യയിൽ വിമർശനമുണ്ട്.
ഫിക്‌ഷനോ കവിതയോ എഴുതാത്തവർക്ക് നൊബേൽ സമ്മാനിക്കുമ്പോഴെല്ലാം തർക്കം ഉയരാറുണ്ട്. ഒരു രചന ഏതെങ്കിലും സാഹിത്യവിഭാഗത്തിൽ മാത്രം ഉറച്ചു നിൽക്കുന്നതാണോ സാഹിത്യമൂല്യം വിലയിരുത്തുന്നതിലെ മാനദണ്ഡം? ജേണലിസ്റ്റ് താൻ കേട്ട മനുഷ്യരുടെ മൊഴികളെ ആഖ്യാനം ചെയ്യുമ്പോൾ അതു റിപ്പോർട്ടിങ് മാത്രമാണോ?
നമ്മുടെ കാലത്തിന്റെ വലിയ യാതനകളെയും ആത്മരോദനങ്ങളെയും ആവിഷ്കരിച്ചതിനാണ് സ്വെറ്റ്ലാന അലക്സീവിച്ചിനു സമ്മാനം നൽകിയതെന്നു സ്വീഡിഷ് അക്കാദമി വിശദീകരിക്കുകയുണ്ടായി. ഫിക്‌ഷനെയും നോൺഫിക്‌ഷനെയും വേർതിരിക്കുന്ന അതിരുകൾ കടന്നു പുതിയ ഒരു സാഹിത്യരൂപം സ്വെറ്റ്ലാന നിർമിച്ചു എന്ന് അക്കാദമി നിരീക്ഷിച്ചു. സോവിയറ്റ് യൂണിയൻ എന്ന പ്രതിഭാസവുമായി ബന്ധപ്പെട്ട ഇരുപതാം നൂറ്റാണ്ടിൽ റഷ്യൻ ജനത കടന്നുപോയ അവിശ്വസനീയവും വിചിത്രവുമായ അനുഭവങ്ങളെ ഒരു നോവലിനെക്കാൾ ശക്തമായ ആവിഷ്കാര വിശേഷത്തോടെയാണു സ്വെറ്റ്ലാന എഴുതിയത്.
തന്റെ റിപ്പോർട്ടിങ് ജോലിക്കായി താനെഴുതുന്ന ഗദ്യത്തെ, ഫിക്‌ഷന്റെ ഭാഷയെ മറികടക്കുന്ന ഒന്നാക്കി അവർ മാറ്റി. കൽപിത കഥ പറയുന്നവരെ ജയിക്കാൻ യഥാർഥ ലോകത്തിലെ, ജീവിക്കുന്ന മനുഷ്യരെത്തന്നെ അവർ കണ്ടുപിടിച്ചു. ഇതു പുതിയ സാഹിത്യരൂപം തന്നെയായി മാറുകയും ചെയ്തു. കഴിഞ്ഞ ദിവസം 90-ാം വയസ്സിൽ അന്തരിച്ച ഇംഗ്ലിഷ് നിരൂപകൻ ജോർജ് സ്റ്റെയ്നർ ലോകമെങ്ങും അറിയപ്പെടുന്ന സാഹിത്യ നിരൂപകനും കോളമിസ്റ്റുമായിരുന്നു. നാത്‌സികളെ അതിജീവിച്ച ഫ്രഞ്ച് ജൂതരിലൊരാണ് അദ്ദേഹം. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ യുഎസിലെ പ്രമുഖ പൊതുബുദ്ധിജീവികളിലൊരാളായ അദ്ദേഹത്തിനു സാഹിത്യ നൊബേൽ നൽകണമെന്ന് പലവട്ടം നിർദേശമുയർന്നതാണ്. എന്നാൽ സാഹിത്യനിരൂപണം ക്രിയേറ്റീവ് ലിറ്ററേച്ചറിന്റെ ഗണത്തിൽ വരില്ലെന്നതാണു സ്റ്റെയ്നർക്കു തടസ്സമായി മാറിയത്.
സ്വെറ്റ്ലാനയുടെ കാര്യത്തിൽ ഇതേ ക്രിയേറ്റിവിറ്റി പ്രശ്നം ഉയർന്നെങ്കിലും വിധികർത്താക്കൾ തങ്ങളുടെ തീരുമാനത്തിനു ന്യായം കണ്ടെത്തി. സ്റ്റെയ്നർക്ക് ഈ ആനുകൂല്യം കിട്ടിയതുമില്ല. സാഹിത്യനിരൂപണവും ജേണലിസവും സർഗാത്മകമാകുന്നത് എപ്പോഴാണ് എന്ന ചോദ്യം ഈ സന്ദർഭത്തിൽ ഉയരുന്നു. വിമർശകനും പത്രപ്രവർത്തകനും കവിയും കഥാകൃത്തുമെല്ലാം ഭാഷ കൊണ്ടു പണിയെടുക്കുന്നവരാണെങ്കിലും ഇവർക്കിടയിലെ വിഭജനങ്ങൾ ശക്തമാണ്. നാം ഗദ്യത്തിന്റെ കാലത്തു ജീവിക്കുന്നവരാകയാൽ ഗദ്യത്തിനു മേലുള്ള ഏതു പരീക്ഷണവും സർഗാത്മകമായിത്തീരുമെന്നാണ് എനിക്കു തോന്നുന്നത്. ഗദ്യത്തിന്റെ ഏതെങ്കിലും ഒരു പ്രത്യേക രൂപം മാത്രം സർഗാത്മകമായി ശേഷിക്കണമെന്നു നിർബന്ധം പിടിക്കുന്നതു യാഥാസ്ഥിതികമാണ്. ഉദാഹരണത്തിന്, മാരാരുടെ ‘ഭാരത പര്യടനം’ എന്ന കൃതിയെ നിങ്ങൾക്കു പ്രത്യേക സാഹിത്യവിഭാഗത്തിൽ തളച്ചിടാനാകുമോ. ഭാരതപര്യടനം പ്രസരിപ്പിക്കുന്ന ഭാവനാശക്തിയുടെ ഊർജം അതിനെ എംടിയുടെയും പി.കെ. ബാലകൃഷ്ണന്റെ മഹാഭാരതകേന്ദ്രിതമായ നോവലുകളെക്കാൾ സമകാലികമാക്കുന്നുണ്ട്. കെ.പി. അപ്പന്റെ ‘തനിച്ചിരുന്നപ്പോൾ ഓർമിക്കുന്നത്’, വി. രാജകൃഷ്ണന്റെ ‘മറുതിര കാത്തുനിന്നപ്പോൾ’, എം.ഗംഗാധരന്റെ ‘ഉണർവിന്റെ ഉർവരതയിലേക്ക്’, കൽപറ്റ നാരായണന്റെ ‘മറ്റൊരു വിധമായിരുന്നുവെങ്കിൽ’, ‘തൽസമയം’ തുടങ്ങിയ കൃതികളിലെ ഗദ്യം മലയാളസാഹിത്യത്തിലെ പ്രമുഖമായ പല നോവലുകളിലെയും ഭാഷയേക്കാൾ ഉയർന്നുനിൽക്കുന്നതാണ്.
ധൈഷണികതയും ഭാവനയും പ്രകാശിക്കുന്ന ഈ ഗദ്യശൈലി, നാം ഇന്നെഴുതുന്ന മലയാളത്തെ സർഗാത്മകമായി നവീകരിക്കാൻ പ്രാപ്തമാണെന്നും ഞാൻ കരുതുന്നു. ബോബ് ഡിലാനു നൊബേൽ സമ്മാനം (2016) കൊടുത്തപ്പോൾ, പാട്ടെഴുത്തിനാണോ പുരസ്കാരം എന്ന ചർച്ചയുയർന്നു. ഈ ചോദ്യത്തിൽ പാട്ടെഴുത്തു കവിതയെക്കാൾ താഴെയാണെന്നു വ്യക്തമായ ആക്ഷേപമുണ്ടായിരുന്നു. ഇതിനു മറുപടിയായി ഇംഗ്ലിഷ് കവിതാപാരമ്പര്യത്തിലുള്ള വലിയ കവിയാണു ബോബ് ഡിലാൻ എന്നും അദ്ദേഹം തന്റേതായ ഒരു ശ്രേഷ്ഠ കാവ്യാവിഷ്കാരം ഉണ്ടാക്കിയെന്നും നൊബേൽ സമ്മാനസമിതി പ്രഖ്യാപിക്കുകയുണ്ടായി.
സാഹിത്യവിമർശകൻ സാഹിത്യപ്രചാരകനോ സാഹിത്യപൊലീസോ ആകുന്നത് ഒരു പരാജയമാണ്. ചാവേറാകുകയല്ല അയാളുടെ പണി. പകരം തന്റെ ക്രിയേറ്റിവിറ്റിയുടെ ആവിഷ്കാരമാണ് അയാളുടെ എഴുത്ത്. ഒരാൾ താൻ വായിച്ച പുസ്തകത്തെപ്പറ്റി എഴുതുമ്പോൾ അയാൾ തന്റെ വായനാനുഭവത്തിലൂടെ, അതു തന്റെ ഭാവനയിലും ധിഷണയിലുമുണ്ടാക്കിയ പ്രകമ്പനങ്ങളാണു രേഖപ്പെടുത്തുന്നത്. അത്തരം പ്രകമ്പനങ്ങൾ സർഗപ്രവൃത്തി തന്നെയാണ്. ഒരാൾ വലിയ എഴുത്തുകാരെ വായിക്കുമ്പോൾ അത് അയാളുടെ ജീവിതയാത്രയുടെ ഭാഗമായിത്തീരുന്നു.
ഗെർഷോ ഷോളവും വാൾട്ടർ ബെന്യമിനും ആത്മസുഹൃത്തുക്കളായിരുന്നു. ഇരുവർക്കും കാഫ്കയായിരുന്നു പ്രിയം. വലിയ ആത്മപ്രതിസന്ധിയുടെ ഘട്ടങ്ങളിൽ അവർ പരസ്പരം കാഫ്കയെപ്പറ്റി ആവർത്തിച്ചെഴുതിക്കൊണ്ടിരുന്നു. ഇരുവരുടെയും സൗഹൃദത്തെയും കത്തുകളെയും വിലയിരുത്തുന്ന ‘ദ് ഫ്രണ്ട് ഓഫ് എ ഫ്രണ്ട്സ്റ്റെയ്നർ’ പറയുന്നത്, ഒന്നാംതരം ജ്ഞാനം കവിതയോ മഹത്തായ കലയോ പോലെ ഒരു അപൂർവതയാണ് എന്നാണ്. ഈ അപൂർവതകൾ കണ്ടെടുക്കലാണു സാഹിത്യവിമർശകന്റെ ജോലി. ഒരുപക്ഷേ അധികമാരുടെയും കയ്യടി വാങ്ങാതെയാണ് അയാൾ അതുചെയ്തുകൊണ്ടിരിക്കുന്നത്.
English Summary : Nobel Prize Controversy