വൈക്കം അൽഭുത ബഷീറും കുഴിയിൽ വീണപ്പോൾ എഴുന്നേറ്റു കഞ്ഞി കുടിച്ച ശവവും
Mail This Article
ചിലർ എഴുതിയ കഥകൾ വായിച്ചാൽ ലേഖനമാണെന്നു തോന്നും. ഒരു കഥയുമുണ്ടാവില്ല. എന്നാൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ലേഖനം വായിച്ചാൽ കഥ പോലെ തോന്നും. ഇതെന്തു മന്ത്രവാദം എന്നു ചോദിച്ചാൽ ബഷീർ പറഞ്ഞേന: ചുമ്മാ പോ. മരിച്ചയാളെ ജീവിപ്പിക്കുന്ന വിദ്യ വരെ എന്റെ കഥയിലുണ്ട്. അതാണല്ലോ ആശുപത്രിയിലെ മരണം എന്ന കഥ.
ബഷീറിന് ജീവിക്കാൻ രണ്ടേക്കർ പറമ്പ് വേണമായിരുന്നു. പക്ഷേ കഥയെഴുതാൻ വേണ്ടത് ച്ചിരിപ്പിടിയോളം കടലാസ്. ച്ചിരിപ്പിടി എന്നു ബഷീർ എഴുതുമ്പോൾ അതിൽ ഇച്ചിരി മാത്രമല്ല, ചിരിയും ഉണ്ട്. അങ്ങനെയെങ്കിൽ തീരെ ച്ചിരിപ്പിടിയോളം കടലാസിൽ എഴുതിയതാണ് ആശുപത്രിയിലെ മരണം എന്ന കഥ.
കൂരിരുട്ടത്ത് അടുത്തു കിടക്കുന്നയാൾ ബഷീറിനോട് ചോദിക്കുന്നു, ആശുപത്രിയിൽ ദിവസേന നടക്കുന്ന മരണങ്ങൾ കാര്യമായ വാർത്തയാണോ എന്ന്. അനന്തരം അയാൾ വിശ്വസിക്കാൻ കഴിയാത്ത ഒരു സംഭവം ബഷീറിനെ പറഞ്ഞു കേൾപ്പിക്കുന്നു. ആശുപത്രിയിൽ നിന്ന് ഡോക്‌ടർ സർട്ടിഫൈ ചെയ്‌ത ശവശരീരവുമായി ആംബുലൻസിൽ പോവുകയാണ് കുറേപ്പേർ. റോഡിലെ കുഴിയിൽ വീണപ്പോൾ ശവശരീരം ഒന്നു ദീർഘമായി ഞരങ്ങിയോ എന്ന് കൂടെയുള്ളവർക്ക് സംശയം. വണ്ടി വീണ്ടും കുഴിയിൽ വീണപ്പോൾ ശവശരീരം ദൈവത്തെ വിളിച്ചു കരഞ്ഞു. വീടെത്താറായപ്പോൾ കൂടെയുള്ളവരുടെ തോളിൽ പിടിച്ച് മൃതദേഹം വീടുവരെയെത്തി. അമ്മയുടെ കയ്യിൽ നിന്ന് കഞ്ഞി വാങ്ങിക്കുടിച്ചു. അയാൾക്ക് പത്തുവർഷമായി കുഴപ്പമില്ല. അന്നത്തെ ആ മൃതദേഹമാണ് താൻ എന്നാണ് അയാൾ ബഷീറിനോട് പറഞ്ഞത്.
ഡോക്‌ടർമാർക്ക് ചെയ്യാൻ കഴിയാത്തത് റോഡിലെ കുഴികൾക്ക് ചെയ്യാൻ കഴിയുന്നു. കുഴികൾ എത്ര നല്ല ഡോക്‌ടർമാർ. മരിച്ചെന്നു ഡോക്‌ടർ വിധിയെഴുതിയ ആൾ കുഴിയിൽ വീണപ്പോൾ കുഴിയിൽ നിന്നെണീറ്റ് വന്നില്ലേ? ചില ആശുപത്രികളിൽ ചെന്നു പെട്ടാൽ കുഴിയിൽവീണതു പോലെ തന്നെ. കുഴിയിലോട്ടു കാലും നീട്ടിയിരുന്ന മനുഷ്യൻ കുഴിയിൽ വീണപ്പോഴാണ് രക്ഷപ്പെട്ടത്. റോഡിലാകെ കുഴിയാണ്. ജല അതോറിറ്റിയുടെ പേര് കുഴി അതോറിറ്റി എന്നു മാറ്റേണ്ടതാകുന്നു. കുഴിയെണ്യേ വാധികാരസ്‌തേ മാ ഫലേഷു കദാചന എന്നാകുമോ അവരുടെ പ്രമാണം?
മരിച്ചെന്നു ഡോക്‌ടർ വിധിയെഴുതിയ ആൾ എഴുന്നേറ്റ് നടന്നത് അൽഭുതം. ഹോട്ടലിൽ ചെന്ന് വയറു നിറയെ വെട്ടിവിഴുങ്ങിയിട്ട് കാശു കൊടുക്കാൻ നോക്കിയപ്പോൾ കാണാതായ പഴ്‌സ് അത് മോഷ്‌ടിച്ചവൻ തന്നെ എത്തി തിരികെ നൽകിയതും അൽഭുതം. ഇങ്ങനെ അൽഭുതങ്ങളെക്കുറിച്ച് എഴുതിയെഴുതി ബഷീർ അത്യൽഭുതമായി. ഇദ്ദേഹമാണ് വൈക്കം അൽഭുത ബഷീർ.
കേസരി ബാലകൃഷ്‌ണപിള്ളയെ കുട്ടിക്കൃഷ്‌ണമാരാർ ബാകൃപി എന്നു ചുരുക്കി വിളിച്ചു. ബാകൃപി കുകൃമാ എന്നു തിരിച്ചും വിളിച്ചു. ഇക്കാര്യം ബഷീർ എഴുതിയിട്ടുണ്ട്. സുകുമാർ അഴീക്കോട് താൻ കോസകശാലയുടെ പിവിസി ആയിരുന്നു എന്ന് എഴുതിയതു പോലെ. ഇക്കാര്യത്തിൽ ബഷീറും ഒട്ടും മോശമായിരുന്നില്ലല്ലോ. അദ്ദേഹം വൈക്കം ചന്ദ്രശേഖരൻ നായരെ ചശേ നായരെ എന്നു ചുരുക്കി. തന്റെ ഭാര്യ പ്രസവിക്കാൻ പോവുന്നത് പെണ്ണിനെയാണെങ്കിൽ അംബിക, ഷീല, വിജയ എന്നീ നടികളുടെയും പത്രാധിപരായ കാമ്പിശേരി കരുണാകരന്റെയും പേരുകൾ ചേർത്ത് വിജയാംബികഷീലക്കാമ്പി എന്നു പേരിടുമെന്നും ബഷീർ എഴുതി. അവർ മാസം തോറും നൂറു രൂപ ബഷീറിന് അയച്ചു കൊടുക്കണമെന്നും. അങ്ങനെയുള്ള ബഷീറിന് ഇത്രയും ചുരുക്കി ഒരു കഥയെഴുതാനാണോ പാട്?
English Summary : Kadhanurukku, Column Vaikom Muhammed Basheer And His Shortstories