ADVERTISEMENT

അയാൾ ഒരു ചിത്രകാരനാണ്, ശിൽപകലയും പഠിച്ചിട്ടുണ്ട്. ശിൽപങ്ങളുമായി ബന്ധപ്പെട്ട് ഒരുപാട് ഓർമകൾ അയാൾക്കുണ്ട്. ഈ ഓർമകളുടെ മുകളിൽ അടയിരുന്ന് അയാൾ ഒരു കഥയെഴുതിയാൽ? സംശയമുണ്ടോ, ശിൽപങ്ങളെയും പ്രതിമകളെയും കുറിച്ച് എഴുതപ്പെടാവുന്ന ഏറ്റവും മികച്ച കഥകളിലൊന്നായിരിക്കും അത്. ആ മികവാണ് അമലിന്റെ ഉരുവം എന്ന കഥയെ വ്യത്യസ്തവും മനോഹരവുമാക്കുന്നത്. നാടു തോറും വേറിട്ടുനിന്ന് അനുഗ്രഹിച്ചുകൊണ്ടിരുന്ന ശ്രീനാരായണഗുരുവിഗ്രഹങ്ങളെ പഞ്ചലോഹമാക്കി പുനഃപ്രതിഷ്ഠിക്കുന്നതിലുള്ള വിയോജിപ്പായി വായിക്കാവുന്ന കഥയാണിത്. കളിമണ്ണ് കൂടി ഉൾപ്പെടുന്ന പഞ്ചഭൂതങ്ങളിൽ നിന്നുദ്ഭവിക്കുന്നത് മനുഷ്യൻ മാത്രമല്ലെന്നും മനുഷ്യാകാരമുള്ള പ്രതിമകൾക്ക് വായു കൊടുത്താൽ അവയുടെ നിൽപുപീഠങ്ങളിൽ നിന്നിറക്കി മണ്ണിലൂടെ ഒപ്പം നടത്താനാവുമെന്നും അമൽ ഭാവന ചെയ്യുന്നു.

 

amal-pirappancode-writer
അമൽ പിരപ്പൻകോട്

മൈലാടിയിൽ മഹാന്മാരായ മനുഷ്യരുടെയും ദൈവങ്ങളുടെയുമൊക്കെ കൽശിൽപങ്ങളുണ്ടാക്കി ജീവിക്കുന്ന മലൈച്ചാമി എന്ന കുശവസമുദായക്കാരൻ വളരെ വർഷങ്ങൾക്കു മുമ്പ് അരുവിപ്പുറത്തെ ആറ്റുവെള്ളത്തിൽ മുങ്ങിപ്പോയൊരു പെൺകുട്ടിയെ എടുത്തുചാടി വീണ്ടെടുത്ത് പാറപ്പുറത്തു പ്രതിഷ്ഠിച്ചത് ഒരു പ്രണയത്തിന്റെ തുടക്കമാവുകയായിരുന്നു. നാടോടിയായി നടന്ന മലൈച്ചാമിയുടെ കൂടെ മൈലാടിയിലേക്ക് ഒളിച്ചോടിയ പെൺകുട്ടി പൂർണഗർഭിണിയായിരിക്കെ ദുരഭിമാനികളായ അച്ഛനും ആങ്ങളമാരും കൂടി കണ്ടുപിടിച്ച് കയ്യോടെ വീട്ടിലേക്കു തിരിച്ചുകൊണ്ടുപോയി. അമ്മയുടെ വയറുവിട്ട് പുറത്തിറങ്ങിയ കുമാരൻ വളർന്നപ്പോൾ മലൈച്ചാമിയെ തേടി മൈലാടിയിലേക്കു പോവുക പതിവായി. പെൺകുട്ടി വളർന്നു സ്ത്രീയായപ്പോൾ മലൈച്ചാമിയെ വെറുത്തു. അവരുടെ വീട്ടുകാർ അയാളെ ശത്രുവായി കണ്ടു. പക്ഷേ, നാട്ടിലൊരു ഗുരുമന്ദിരത്തിൽ പ്രതിഷ്ഠിക്കാൻ ശ്രീനാരായണ ഗുരുവിന്റെ വിഗ്രഹം ആവശ്യമായി വന്നപ്പോൾ കുമാരന്റെ അപ്പൂപ്പൻ മൈലാടിക്കു തിരിച്ചു. എത്തിപ്പെട്ടത് മലൈച്ചാമി ജോലി ചെയ്യുന്ന ശിൽപനിർമാണ സ്ഥാപനത്തിൽ. മലൈച്ചാമിയെ ഇഷ്ടമില്ലാതിരുന്നിട്ടും അയാളുണ്ടാക്കിയ സിമന്റ് വിഗ്രഹം ഗുരുമന്ദിരത്തിൽ കൊണ്ടുവന്നു പ്രതിഷ്ഠിക്കേണ്ടി വന്നു. പിൽക്കാലത്ത് കുമാരന്റെ അപ്പൂപ്പനും കൂട്ടുകാരും കൂടി ഗുരുമന്ദിരത്തെ ഗുരുദേവക്ഷേത്രമാക്കുകയും മലൈച്ചാമി ഉണ്ടാക്കിയ വിഗ്രഹം മാറ്റി പഞ്ചലോഹവിഗ്രഹം പ്രതിഷ്ഠിക്കുകയും ചെയ്തു. പ്രതിഷ്ഠാവാർഷികത്തിന് വീട്ടിലെല്ലാവരും ഗുരുദേവക്ഷേത്രത്തിലേക്കു പോകാനൊരുങ്ങുമ്പോൾ കുമാരൻ നേരേ മൈലാടിക്കു പുറപ്പെടുകയാണ്; അച്ഛനെ കാണാൻ. പതിവുപോലെ അമ്മ ദേഷ്യപ്പെടും എന്നാണ് കരുതിയതെങ്കിലും അന്ന് അവർ പ്രസന്നവതിയായാണ് മകനെ യാത്രയയച്ചത്. വൈകിട്ട് അഞ്ചിന് നടതുറക്കുമ്പോൾ അമ്മ നേതൃത്വം കൊടുക്കുന്ന ശിങ്കാരിമേളവും മുത്തുക്കുട ചൂടിയുള്ള ഘോഷയാത്രയുമൊക്കെ ഉണ്ടാകും. അപ്പോഴത്തേക്കിങ്ങു വരണം എന്നു മാത്രം പറഞ്ഞു. അച്ഛനെ കാണാൻ പോകുന്ന മകൻ തിരുവനന്തപുരം നഗരത്തിലെ പ്രതിമകളായ പ്രതിമകളെല്ലാം തന്റെയും അച്ഛന്റെയുമൊപ്പം നടക്കാൻ വരുന്നതു കാണുന്നു. മലയാളിയുടെ അയ്യപ്പൻ തമിഴ്‌നാട്ടിൽ അയ്യനാരായി വാഴുന്നതിനെക്കുറിച്ചു വിചാരിക്കുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്രവും വേലകളിയുമൊക്കെ സങ്കൽപിക്കുന്നു.

 

ഭാഷയും കഥാശിൽപത്തിന്റെ മുറുക്കവുമാണ് ഈ കഥയുടെ പ്രത്യേകതകൾ. പല പല അടരുകളുണ്ടാവുകയും  അവയെയൊക്കെ വിസ്മയകരമായി കൂട്ടിയോജിപ്പിക്കുകയും ചെയ്യുന്നതിലെ  വൈഭവം കഥ വായിച്ചു തന്നെ അനുഭവിക്കേണ്ടതാണ്.

കരിമ്പിന്റെ മധുരമറിയാൻ മൂടോടെ കഴിക്കണമെന്നു നിർബന്ധമില്ല. കഥയുടെ ഗുണം മനസ്സിലാവാനും ഒരു തുണ്ടെടുത്ത് മെല്ലെ രുചിച്ചുനോക്കാവുന്നതേയുള്ളൂ.

 

കഥയിൽനിന്ന്-

 

അതൊരു വിനായക ചതുർഥി ദിനമായിരുന്നു. ശംഖുമുഖത്ത് ഒഴുക്കാനായി കൂറ്റൻ ഗണേശരൂപങ്ങളും വഹിച്ചുകൊണ്ടുള്ള വർണാഭമായ ഘോഷയാത്ര നഗരത്തിലൂടെ കടന്നുപോയ നേരം. കുമാരനും അച്ഛനും നിയമസഭാമന്ദിരത്തിനു സമീപം ഇഎംഎസ്സിന്റെ പാർക്കിൽ പ്രതിമകൾ കണ്ടുകണ്ട് കണ്ണ് കഴച്ചിരിക്കുകയായിരുന്നു.

പൂജയും ഉൽസവങ്ങളുമൊക്കെ പണ്ടേ ഉണ്ടെങ്കിലും ഇത്തരം ഘോഷയാത്രയൊക്കെ ഈയടുത്താണ് നഗരത്തിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്.

വായിച്ചുകൊണ്ടിരുന്ന പുസ്തകം മടക്കി പേനകൾ മൂന്നും പോക്കറ്റിൽത്തന്നെയുണ്ടെന്ന് തടവി ഉറപ്പു വരുത്തി നമ്പൂതിരിപ്പാട് മലൈച്ചാമിയോടു പറഞ്ഞു. കുമാരൻ അതു ശ്രദ്ധിക്കാതെ അടച്ചിട്ട ഗേറ്റിനിടയിലൂടെ കൈയിട്ട്, കുനിഞ്ഞിരുന്നുറങ്ങുന്ന ഗാന്ധിജിയെയും ചടുലതയോടെ ഭാവിയിലേക്ക് നീങ്ങുന്ന നെഹ്‌റുവിനെയും അംബേദ്ക്കറെയും ശൂശൂന്ന് വിളിച്ചു. നെഹ്‌റുവിനെ വടിയാക്കി ഗാന്ധിജി പൂന്തോട്ടത്തിലേക്ക് വന്നെങ്കിലും അംബേദ്കർ ക്ഷോഭത്തോടെ നിയമസഭാമന്ദിരത്തിനകത്തേക്കു നോക്കി തിരിഞ്ഞു നിന്നു.

 

നോവലും കാർട്ടൂണും രേഖാചിത്രങ്ങളുമെല്ലാം രചിക്കാറുള്ള അമലിന്റെ വിരലുകളിൽനിന്നു പിറവിയെടുത്ത മനോഹരമായൊരു കഥാശിൽപമാണ് ഉരുവം. തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് സ്വദേശിയായ അമൽ നാലുവർഷമായി  ജാപ്പനീസ് ഭാഷാ പഠനവും പാർട് ടൈം ജോലികളുമൊക്കെയായി ജപ്പാനിലെ ടോക്കിയോയിൽ താമസിക്കുന്നു. ജപ്പാൻകാരിയാണ് ഭാര്യ കുമിക്കോ.

2011 മുതൽ 2017 വരെ തിരുവനന്തപുരം ഫൈൻ ആർട്‌സ് കോളജ്, മാവേലിക്കര രാജാ രവിവർമ സെന്റർ ഓഫ് എക്‌സലൻസ് ഫോർ വിഷ്വൽ ആർട്‌സ് എന്നിവിടങ്ങളിൽ ആർട് ഹിസ്റ്ററി ലക്ചറർ ആയി ജോലി നോക്കിയിരുന്നു.

amal-pirappancode-and-family
അമലും ഭാര്യ കുമിക്കോയും

മാവേലിക്കര രാജാ രവിവർമ ഫൈൻ ആർട്‌സ് കോളജിൽനിന്നു പെയിന്റിങ്ങിൽ ബിരുദവും കൊൽക്കത്ത വിശ്വഭാരതി-ശാന്തിനികേതനിൽനിന്നു കലാ ചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 

വ്യസന സമുച്ചയം നോവലിന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാർ, ബഷീർ യുവപ്രതിഭാ പുരസ്‌കാരം എന്നിവ ലഭിച്ചു. വേറെയും ഒട്ടേറെ പുരസ്‌കാരങ്ങൾ അമലിനെ തേടിയെത്തിയിട്ടുണ്ട്. കൽഹണൻ നീ ഞാൻ ആരാണ്, ബംഗാളി കലാപം, അന്വേഷിപ്പിൻ കണ്ടെത്തും, പാതകം വാഴക്കൊലപാതകം, നരകത്തിന്റെ ടാറ്റൂ, പരസ്യക്കാരൻ തെരുവ്, മഞ്ഞക്കാർഡുകളുടെ സുവിശേഷം, കെനിയാസാൻ (കഥ /നോവൽ), ദ്വയാർത്ഥം (ഗ്രാഫിക് കഥ), മുള്ള് (കാർട്ടൂൺ സമാഹാരം), വിമാനം (ബാലസാഹിത്യം), കള്ളൻ പവിത്രൻ (ഗ്രാഫിക് നോവൽ) എന്നിവയാണ് മറ്റു കൃതികൾ.

 

ഉരുവം എഴുതാനിടയായ പശ്ചാത്തലത്തെക്കുറിച്ച് അമൽ:

 

എഴുതിയ കഥകളിൽ പ്രിയപ്പെട്ട ഒന്നാണ് ഉരുവം. ഈ വർഷത്തെ മാതൃഭൂമി ഓണപ്പതിപ്പിലാണ് സാമാന്യം നീളമുള്ള ഉരുവം വന്നത്. കുറച്ചു ചർച്ച ചെയ്യപ്പെടണം എന്ന് ആഗ്രഹിച്ച ഒരു വിഷയം പറയാൻ ശ്രമിച്ചതുകൊണ്ടും അതിലെ പ്രതിമകൾ തേടിക്കണ്ട് നടക്കുന്ന, അപ്പനെത്തേടി ദൂരെ മൈലാടിയിലേക്ക് സഞ്ചരിക്കുന്ന യുവാവിൽ ആത്മാംശം ഉള്ളതിനാലും അക്കഥയോട് കുറച്ച് ഇഷ്ടം കൂടുതലാണ്. പല കാലത്തും സമയത്തും നിന്നുള്ള കാഴ്ചകളും അനുഭവങ്ങളും ഉള്ളിൽ കിടന്നു കിടന്ന് ഉരുകിയൊന്നായി ഉരുവം എന്ന കഥാരൂപമായതാണ്.

 

അതിൽ ആദ്യത്തേത് തിരുവനന്തപുരം നഗരവുമായി ബന്ധപ്പെട്ട ആദ്യ ഓർമകളായ ശിൽപങ്ങളാണ്. കുഞ്ഞിലേ എപ്പോഴോ കണ്ട വേളിയിലെ ശംഖും മത്സ്യകന്യകയും ശ്രീ ഉത്രാടം തിരുനാൾ ആശുപത്രിക്കു മുൻപിൽ ഉള്ള അമ്മയും കുഞ്ഞും ഒക്കെ കുട്ടിക്കാല മനസ്സിന് ഉൾക്കൊള്ളാനാവാത്തതിലുമധികം വലുപ്പം കാരണം വല്ലാതെ ഉള്ളിൽ പതിഞ്ഞു കിടക്കുന്നതാണ്. ഓരോ മഹദ് വ്യക്തിയെയും കാണുമ്പോൾ ഇവർ ആരാണ് എന്നറിയാൻ ആഗ്രഹമുണ്ടായിരുന്നു. ഫലകലിഖിതങ്ങൾ വായിച്ചുനോക്കാം, അറിയാം. പല്ലെടുക്കാൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുമ്പോഴൊക്കെ അവിടിരിക്കുന്ന ഹിപ്പോക്രാറ്റസിനെ നോക്കും. ഇതാരാണ് എന്ന് അറിയാനാകാതെ എത്രയോ കൊല്ലങ്ങൾ. പേര് എഴുതിവച്ചിട്ടുണ്ടാകും. അന്ന് മൊബൈലോ ഗൂഗിളോ ഒന്നുമില്ലല്ലോ. ചോദിക്കാനും ആരും ഇല്ലായിരുന്നു. എത്രയോ വർഷം കഴിഞ്ഞാണ് അതിനു കഴിഞ്ഞത്. അന്നേരം ‘മിസ്റ്റർ ഹിപ്പോക്രാറ്റസ്, നിങ്ങളെയാണോ ഇത്ര നാൾ ഏതോ അപ്പൂപ്പൻ എന്നു വിചാരിച്ച് നടന്നിരുന്നത്?’ എന്ന് അയാളോടു സംസാരിച്ചുപോകും. അത്തരത്തിൽ അറിവിനെയും ഭാവനയെയും ഒരു തരത്തിൽ, നിരത്തുകളിൽ നിൽക്കുന്ന ഇവർ ഉദ്ദീപിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്. എല്ലാവരും ചുറ്റും ബഹളം വച്ചു സഞ്ചരിക്കുമ്പോൾ അവർ മാത്രം പ്രത്യേക പോസിൽ കുറച്ച് ഉയരത്തിൽ നിൽക്കുന്നു. അതെന്താണെന്ന് കൗതുകം നിറഞ്ഞ കുട്ടിക്കാല മനസ്സ് വിചാരപ്പെടാതിരിക്കുമോ,  അവരൊക്കെ ഇറങ്ങി വന്ന് നമ്മളോട് സംസാരിച്ച് ഒപ്പം നടന്നാലോ.. അങ്ങനെ പോകും ഭാവനകൾ. അന്ന് നഗരത്തിൽ ഇല്ലാതിരുന്ന, പുതുതായി വന്ന, വരുന്ന മഹാന്മാരെയൊക്കെ അറിയാൻ പറ്റും. അങ്ങനെ ഏറ്റവും ഒടുവിൽ ശ്രീനാരായണഗുരുവിന്റെ ‘നമുക്ക് ജാതിയില്ലാ’ വിളംബരത്തിന്റെ നൂറാം വാർഷികം ആചരിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് ശ്രീ നാരായണഗുരുവിന്റെ പൂർണകായ പ്രതിമ സാംസ്‌കാരിക വകുപ്പ് സ്ഥാപിച്ചു. അപ്പോഴുണ്ടായ പ്രതിമാചിന്തകളാണ് കഥയിലേക്ക് പെട്ടെന്ന് എത്തിച്ചത്.

 

ചില കാരണങ്ങളാൽ വീട്ടിൽനിന്ന് അകന്നു കഴിയുന്ന അച്ഛനെ കാണാൻ വേണ്ടി പതിമൂന്നു വയസ്സ് മുതൽ എന്റെ പിരപ്പൻകോട് ഗ്രാമത്തിൽനിന്ന് ഞാൻ തിരുവനന്തപുരത്തേക്കു ബസ് കയറുമായിരുന്നു; നിരന്തരം. അച്ഛനെ കണ്ടുമുട്ടുന്ന സമയങ്ങളിൽ ഞങ്ങൾ ഇങ്ങനെ നഗരനിരത്തുകളിലൂടെ നടക്കും. എന്റെ ചോദ്യങ്ങൾക്ക് അറിയാവുന്ന കാര്യങ്ങൾ പറയും. പട്ടം മുതൽ കിഴക്കേക്കോട്ട വരെ ഞാൻ നിരന്തരം കാഴ്ചകൾ കാണാൻ നടന്നിട്ടുണ്ട്. ഫൈൻ ആർട്‌സ് കോളജിൽ താൽക്കാലിക അധ്യാപകനായി ജോലി കിട്ടിയ സമയം വരെ അച്ഛനുമൊത്തുള്ള ഇത്തരം നഗരനടത്തം തുടർന്നിരുന്നു. പിന്നെ അത് ഇല്ലാതായി. ഈ മഹാന്മാരുടെ പ്രതിമകൾ സ്വന്തമാക്കണം എന്ന അബോധആഗ്രഹം പിൽക്കാലത്ത് കഥയിലൂടെയെങ്കിലും സാധിച്ചു. പത്തു വർഷം മുൻപ് മാവേലിക്കര രവിവർമ കോളജിൽ ചേർന്ന കാലം മുതൽ ബുദ്ധകല ആവർത്തിച്ച് വായിക്കുന്നതാണ്.

 

മൗര്യ, ശുംഗ, ശതവാഹന, കുശാന, ഗുപ്ത കാലത്തൊക്കെ ബുദ്ധന്റെ  ശിൽപത്തിനും ആശയത്തിനും വളരെയധികം മാറ്റങ്ങൾ ഉണ്ടാകുന്നുണ്ട്. ഒടുവിൽ, ബുദ്ധൻ പറഞ്ഞ ആശയങ്ങൾക്ക് കടകവിരുദ്ധമായ ഒരവസ്ഥയിലേക്കു കാര്യങ്ങൾ എത്തുന്നതു കാണാം. മാവേലിക്കരയിൽ താമസിച്ച സ്ഥലത്ത് ഗുരുമന്ദിരങ്ങളും അനുബന്ധ പ്രവർത്തനങ്ങളും വളരെ സജീവമായിരുന്നു. ഏഴു വർഷത്തോളം അതൊക്കെ അടുത്തുനിന്ന് കാണാൻ കഴിഞ്ഞ അനുഭവങ്ങളും ഉണ്ട്. പിന്നെ എന്റെ വീട്ടിലും ഗുരുചിത്രങ്ങളും ദൈവമായിത്തന്നെ ഗുരുവിനെ ആരാധിക്കുന്ന രീതികളും ഞാൻ കണ്ടു. അതിലെയൊക്കെ എന്തോ ശരികേട് എന്നെ നിരന്തരം ചിന്തിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്തു. ബുദ്ധന്റെ  ആശയങ്ങൾ എങ്ങനെ നേപ്പാളിലും തിബത്തിലും ഒക്കെ അട്ടിമറിക്കപ്പെട്ടു പോയി. അവിടെയുള്ള ബുദ്ധ രൂപങ്ങൾ കണ്ടാൽ ഭയം തോന്നും. അപ്പോൾ ഗുരുരൂപം ഒരിക്കൽ അങ്ങനെ ആകുമോ എന്നൊക്കെ ചിന്തകൾ ഉണ്ടായി. രൂപം, പ്രതിമ, ശിൽപം, പഞ്ചലോഹവിഗ്രഹം അങ്ങനെ ബിംബവളർച്ച നിരീക്ഷിച്ചിരുന്നത് ആ ആധി കൂട്ടി. ഇപ്പോൾത്തന്നെ ഗുരുരൂപങ്ങൾ നോക്കിയാൽ അവ പ്രത്യക്ഷ വിഗ്രഹലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.    

 

എന്റത്ര പ്രായമുള്ള ഒരഡാർ തെങ്ങ് വീട്ടിലുണ്ട്. എന്റെ ചെറുതിലേ അത് ചെത്താൻ കൊടുത്തിരുന്നു. ഇന്ന് ചെത്തില്ല. ആ ചെത്തു കത്തി, കുടം ഒക്കെ ഉപേക്ഷിച്ചത് ഞാൻ കണ്ടു. തമിഴ്‌നാട്ടിലൂടെ ബസിലും ട്രെയിനിലും സഞ്ചരിക്കവേ കണ്ട അയ്യനാർ രൂപങ്ങൾ, ജാതി, അങ്ങനെ പല പല കാര്യങ്ങളുടെ ഒരു കൂടിക്കലരൽ ഉള്ളിൽ നടന്നുവന്നു. അങ്ങനെയങ്ങനെ സംഭവിച്ചതാണ് ഉരുവം. പറയാനുദ്ദേശിച്ച പ്രധാന സംഗതിയെ (ശ്രീനാരായണഗുരു പഞ്ചലോഹ ഹൈന്ദവവിഗ്രഹവൽക്കരിക്കപ്പെടുന്ന അവസ്ഥ) അമർത്തി വയ്ക്കാൻ പല പല അടരുകളിലൂടെ കഥ പറയുന്ന രീതി സ്വാഭാവികമായി കടന്നു വരികയായിരുന്നു.

 

Content Summary: Kadhayude Vazhi column by Ravivarma Thampuran on writer Amal Pirappancode

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com