ADVERTISEMENT

കര്‍ഷകരുടെ കഥ മലയാള സാഹിത്യത്തില്‍ വേണ്ടുവോളമുണ്ട്. അതിനൊപ്പം മറ്റ് കഥകൾ പറയുന്ന കൂട്ടത്തിൽ കൃഷി വിഷയമാകുന്ന നോവലുകളും ധാരാളമുണ്ട്. കാർഷികസംസ്കാരം ഓർമയായിക്കൊണ്ടിരിക്കുന്ന മലയാളിക്ക് നോവലുകളിലെ കൃഷിയെക്കുറിച്ചുള്ള പരാമർശങ്ങൾ പോലും ഗൃഹാതുരത്വം ഉണർത്തുന്നതാണ്. പി.കേശവദേവിന്റെ ' അയൽക്കാർ ' എന്ന നോവലിലെയും സാറാ ജോസഫിന്റെ ' മാറ്റാത്തി ' എന്ന നോവലിൽ നിന്നുമുള്ള ചില കൃഷി പരാമർശങ്ങൾ നോക്കാം. 

പ്രമാണിമാരായ രണ്ട് തറവാട്ടുകാരുടെ ശത്രുതയും ക്ഷയവും പ്രമേയമാക്കുന്ന നോവലാണ് പി കേശവദേവിന്റെ അയല്‍ക്കാര്‍. നെല്ലും നാളികേരവും പ്രമാണിത്തം നിശ്ചയിക്കുന്ന  ഒരു കാലഘട്ടത്തിന്റെ കഥയാണിത്. നായര്‍പ്രമാണിയായ പദ്മനാഭന്‍നായരുടെ ഭൂമിയില്‍ കൃഷി ചെയ്ത് പൊന്നുവിളയിക്കുകയാണ് കുഞ്ഞുവറീത്. കുഞ്ഞുവറീതിന്റെ കൃഷിയെക്കുറിച്ച് നോവലില്‍ പറയുന്നത് ഇങ്ങനെ-

‘കുഞ്ഞുവറീതും കുടുംബവും വിശ്രമമില്ലാതെ രാപ്പകല്‍ ജോലി ചെയ്യുകയാണ്. എൺപത് പറ നിലവും ഏഴേക്കര്‍ പുരയിടവമുണ്ട് അയാള്‍ക്ക് കൃഷി ചെയ്യാന്‍. ആ നിലയിടവും പുരയിടങ്ങളും എന്നും  പച്ചയായിരിക്കണമെന്ന് അയാള്‍ക്ക് നിര്‍ബന്ധവുമുണ്ട്. നിലങ്ങളിലും പുരയിടങ്ങളിലും ഒരിഞ്ച് സ്ഥലത്ത് പോലും കുഞ്ഞുവറീതിന്റെ കൈയും കാലും എത്താതിരിക്കുകയില്ല. അയാള്‍ പറയും ' നമ്മളു മണ്ണിനെ സ്‌നേഹിച്ചാല്‍ മണ്ണ് നമ്മളേം സ്‌നേഹിക്കും. മണ്ണിന് തീറ്റ കൊടുത്താല്‍ മണ്ണ് നമുക്കും തീറ്റ തരും. നിങ്ങളോട് പെരുമാറേണ്ടത് പോലെ നിങ്ങള്‍ അങ്ങോട്ടും പെരുമാറുക എന്നാ ദൈവപുത്രന്‍ പറഞ്ഞിരിക്കുന്നത്.' 

പത്തും പന്ത്രണ്ടും മേനി വിളഞ്ഞിരുന്ന നിലങ്ങളില്‍ കുഞ്ഞുവറീത് ഇരുപത്തിയഞ്ചും മുപ്പതും മേനി വിളയിച്ചെന്ന് നോവലില്‍ പറയുന്നു. നല്ല കൃഷിക്കാരന്‍ കയ്യും മെയ്യും മറന്ന് മണ്ണില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കുമെന്ന് കുഞ്ഞുവറീത് തെളിയിക്കുമ്പോള്‍ പിടിപ്പുകേടും അലസതയും കാരണം പരമ്പരാഗത ഭൂപ്രഭുക്കന്‍മാരുടെ കയ്യില്‍ നിന്ന് മണ്ണ് വഴുതിമാറുന്നതും ഈ നോവല്‍ വരച്ചുകാണിക്കുന്നുണ്ട്. 

നായർതറവാടുകളുടെ അഭിവൃദ്ധിയും ക്ഷയവും പറയുന്ന നോവലിൽ നിന്ന് അക്കാലത്തെ സാമൂഹിക പശ്ചാത്തലവും നന്നായി മനസിലാക്കാം. അൽപ്പമാത്രം പരാമർശങ്ങൾ മാത്രമേ ഉള്ളെങ്കിലും കൃഷി ഈ നോവലിന്റെ ഭാഗമാണെന്ന് പറയാം. 

ലൂസിയുടെ വാഴക്കൃഷി 

സാറാ ജോസഫിന്റെ മാറ്റാത്തിയും കൃഷി ഇതവൃത്തമാകുന്ന കൃതിയല്ല. എങ്കിലും അങ്ങിങ്ങുള്ള പരാമര്‍ശങ്ങളില്‍ ഒരു അടുക്കളത്തോട്ടവും വാഴക്കൃഷിയും എഴുത്തുകാരി നന്നായി വിവരിക്കുന്നുണ്ട്. നോവലിലെ ലൂസി എന്ന കഥാപാത്രം വാഴക്കന്ന് നടുന്ന രീതി സാറാ ജോസഫ് വിവരിക്കുന്നതിങ്ങനെ-  

'ഒരു കുന്നോളം ചാണകം ലൂസി പൊടിച്ചുണ്ടാക്കി. പ്ലാവായ പ്ലാവിന്റെയൊക്കെ, മാവായ മാവിന്റെയൊക്കെ, ചോട്ടില്‍ കിടക്കുന്ന കരിയിലകള്‍ പൊടിച്ചുകൂട്ടി വെണ്ണീരും ചാണകവും കരിയിലപ്പൊടിയും കൈക്കോട്ടുകൊണ്ട് ഇളക്കിമറിച്ചു, ചവറില കത്തിച്ച വെന്ത മണ്ണുള്ള കുഴികളില്‍ പൊടി വാരിയിട്ടു മീതെ വെള്ളം തളിച്ചു.'

വാഴക്കൃഷിയുടെ എബിസിഡി അറിയാത്തവർക്ക് പോലും ഒരു വാഴക്കന്ന് നട്ട് നോക്കാൻ ധൈര്യം നൽകുന്ന വിവരണമാണ് എഴുത്തുകാരി നടത്തുന്നത്. ഒപ്പം അടുക്കളത്തോട്ടത്തിൽ നിന്ന് അപ്പപ്പോഴെടുക്കുന്ന വകകൾകൊണ്ട് ലൂസി തയ്യാറാക്കുന്ന വിഭവങ്ങളും ഈ നോവലിൽ പരാമർശിച്ചുപോകുന്നു. 

കാർഷികമേഖലയോട് ചേർന്ന് നിൽക്കുന്ന കഥകളിലൂടെയാണ് മലയാളസാഹിത്യം ഒരു കാലത്ത് വായിക്കപ്പെട്ടത്. അതിന്റെ എത്രയോ ഉദാഹരണങ്ങൾ ഇനിയുമുണ്ട്. അതുപോലെതന്നെ എത്രയോ നാടൻപാട്ടുകളും കഥകളും കൃഷിയുമായി ഇഴുകിച്ചേർന്ന് കിടക്കുന്നുമുണ്ട്.

 

Content Summary: Agriculture being an important part in Malayalam Stories by P. Kesavadev and Sara Joseph

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com