ADVERTISEMENT

മലയാള ഭാഷയ്ക്ക് അടിത്തറയിട്ട എഴുത്തച്ഛന്റെ സ്മരണയാണ് തുഞ്ചൻപറമ്പ്. മലയാളികൾക്കിടയിൽ അറിയപ്പെടുന്ന സാംസ്കാരിക കേന്ദ്രം കൂടിയാണിത്. തുഞ്ചൻപറമ്പിനെ ഇന്നത്തെ നിലയിലേക്കു മാറ്റിയെടുത്തതിൽ എം.ടി.വാസുദേവൻ നായർ വഹിച്ച പങ്കു ചെറുതല്ല. അദ്ദേഹത്തിന്റെ നവതി തുഞ്ചൻപറമ്പ് ആഘോഷമാക്കുന്നതും ഇതിനാലാണ്.

1961 ഡിസംബറിൽ അന്നത്തെ മുഖ്യമന്ത്രി പട്ടം താണുപിള്ളയാണു തുഞ്ചൻ സ്മാരകത്തിനു തറക്കല്ലിട്ടത്. തുടർന്ന് തുഞ്ചൻപറമ്പിന്റെ നടത്തിപ്പിനായി 1964ൽ സർക്കാർ 12 അംഗ സമിതി രൂപീകരിച്ചു. കെ.പി.കേശവമേനോനും പുന്നയ്ക്കൽ കുട്ടിശങ്കരൻ നായരുമായിരുന്നു ഭാരവാഹികൾ. 1970ൽ എസ്.കെ.പൊറ്റെക്കാട്ടും 1984ൽ ടി.എൻ.ജയചന്ദ്രനും 1987ൽ ഡോ. എം.എസ്.മേനോനും സമിതിയെ നയിച്ചു. 1992 ൽ ആണ് എം.ടി.വാസുദേവൻ നായർ ചെയർമാനാകുന്നത്. പിന്നീടാണ് തുഞ്ചൻപറമ്പ് ഇന്ന് കാണുന്ന നിലയിലേക്കു വളർന്നത്.

2001ൽ ഈ സമിതി തുഞ്ചൻ സ്മാരക ട്രസ്റ്റായപ്പോഴും എംടിക്കു തന്നെയായിരുന്നു സാരഥ്യം. കെ.കുമാരൻ നായരുടെ വിയോഗ ശേഷം പി.നന്ദകുമാർ എംഎൽഎ ആണ് സെക്രട്ടറിയായി തുടരുന്നത്. തുഞ്ചൻ സ്മാരക ഗവേഷണ കേന്ദ്രം എന്നു പേരിട്ട സമഗ്ര വികസന പദ്ധതിക്കു തുടക്കമിട്ടത് എംടിയുടെ നേതൃത്വത്തിലുള്ള സമിതിയാണ്. വിനോദങ്ങൾ ഉൾപ്പെടുത്തി നടത്തിയിരുന്ന തുഞ്ചൻ ഉത്സവത്തെ ഗൗരവമേറിയ സാംസ്കാരിക, സാഹിത്യ സംവാദ വേദികളാക്കി ഇവർ മാറ്റി. വലിയ ലൈബ്രറി, ഗവേഷണ കേന്ദ്രം, സാഹിത്യ മ്യൂസിയം, വിപുലീകരിച്ച ഓഡിറ്റോറിയം, പാചകപ്പുര, സരസ്വതീ മണ്ഡപം, ശിൽപ മന്ദിരം, എഴുത്തു കളരി, വിശ്രമ മന്ദിരം, താമസ സൗകര്യങ്ങൾ എന്നിങ്ങനെ ഇന്നിവിടെ കാണുന്ന വികസനങ്ങളെല്ലാം എംടിയുടെ നേതൃത്വത്തിലുള്ള സമിതി കൊണ്ടുവന്നതാണ്. പിന്നെങ്ങനെ എംടിയുടെ നവതി തുഞ്ചൻപറമ്പിന് ആഘോഷമാക്കാതിരിക്കാനാകും.

mt-vasudevan-nair-birthday
എം.ടി വാസുദേവൻ നായർ തുഞ്ചൻ പറമ്പിലെ തന്റെ കോട്ടേജിൽ

എംടിക്കായി പണിത കോട്ടേജ്

തുഞ്ചൻപറമ്പിലെ ഓരോ ഇടങ്ങളും എംടിക്ക് അത്രമേൽ പ്രിയപ്പെട്ടതാണ്. എന്നാൽ എംടിയുടെ സാന്നിധ്യം ഏറ്റവുമധികം അറിഞ്ഞിരിക്കുക ലൈബ്രറിയോടു ചേർന്ന കോട്ടേജ് ആയിരിക്കും. തുഞ്ചൻപറമ്പിലെത്തിയാൽ എം.ടി.വാസുദേവൻ നായർ താമസിക്കുന്ന സ്ഥലമാണിത്. ഈ കോട്ടേജിന്റെ വരാന്തയിലിരുന്നാൽ തുഞ്ചൻപറമ്പ് മുഴുവനായി കാണാം. എംടി വന്നെന്നറിഞ്ഞാൽ സന്ദർശകരും ഈ കോട്ടേജിനെ ലക്ഷ്യം വച്ചാണ് ഓടിയെത്താറുള്ളത്. ജനപ്രതിനിധികളും സാഹിത്യകാരന്മാരും പൊതുപ്രവർത്തകരും... അങ്ങനെ ഈ കോട്ടേജിലെത്താത്തവർ വിരളം.

mt-birthday-celebration
എം.ടി ഉത്സവത്തിന്റെ ഭാഗമായി തിരൂർ തുഞ്ചൻ പറമ്പ് വൈദ്യുത വിളക്കുകളാൽ അലങ്കരിച്ചപ്പോൾ

ഒട്ടേറെ സാഹിത്യ സാംസ്കാരിക ചർച്ചകൾക്ക് ഈ കെട്ടിടത്തിന്റെ ചുമരുകൾ സാക്ഷിയായിട്ടുണ്ട്. മുൻപ് സ്ഥലത്തെത്തിയാൽ തുഞ്ചൻപറമ്പ് മുഴുവൻ ചുറ്റിക്കാണുകയാണ് എംടി ചെയ്തിരുന്നത്. ഇടക്കാലത്ത് നടത്തം പ്രയാസമായപ്പോഴാണ് കോട്ടേജിൽ ഇരിക്കാൻ തുടങ്ങിയത്. 12 വർഷം മുൻപ് എംടിയോടുള്ള ആരാധന കാരണം കോട്ടയ്ക്കൽ സ്വദേശിയായ യു.അച്ചു അദ്ദേഹത്തിനു വേണ്ടി സൗജന്യമായി നിർമിച്ചു നൽകിയതാണ് ഈ കെട്ടിടം.

Content Summary: M T Vasudevan Nair and Thunchan Parambu

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com