ADVERTISEMENT

എംടി മലയാള സാഹിത്യത്തിന്റെ എംഡി സ്‌ഥാനത്തിരിക്കുന്നതിനും എത്രയോ കാലം മുൻപായിരുന്നു അത്. കുട്ടിക്കാലം. കവിതയും കഥയും എഴുതി പ്രസിദ്ധീകരണങ്ങൾക്ക് അയയ്‌ക്കാൻ തപാൽച്ചെലവായ മുക്കാൽ അണ തേടി പതിവായി അമ്മയുടെ  കാൽപ്പെട്ടി തപ്പുമായിരുന്നു ആ കുട്ടി. ആർക്കും പിടി കൊടുക്കാതിരിക്കാൻ അമ്മ താക്കോൽ സൂക്ഷിക്കുന്ന സ്‌ഥലം ദിവസവും മാറ്റുമായിരുന്നെന്ന് എംടി എഴുതിയിട്ടുണ്ട്.

ഓരോ ദിവസവും അമ്മ താക്കോൽ വയ്‌ക്കുന്നത് എവിടെയാണെന്നു പറയാനാവില്ലെന്നതുപോലെ എംടിക്ക് കൃതികളുടെ പേര് കിട്ടുന്നതും  രചനയുടെ ഏത് മുഹൂർത്തത്തിലാണെന്നു  കൃത്യമായി പറയാനാവില്ല. ഏതായാലും എഴുത്തിന്റെ തുടക്കത്തിലേ  പേരിടുന്ന രീതി തനിക്കില്ലെന്ന് എംടി പറഞ്ഞു. മിക്കവാറും എഴുതിക്കഴിഞ്ഞാണ് പേരിടുക. നാലുകെട്ടിന് നടുക്ക് വച്ചാണ് പേരിട്ടത്. അതായത് നടുമുറ്റത്ത്. കഥാപാത്രങ്ങളുടെ പേരുകൾ ലളിതവും സാധാരണവുമായിരിക്കണമെന്ന് എംടിക്ക് നിർബന്ധമുണ്ട്. അപ്പോൾ കൃതികളുടെ പേരുകളും അങ്ങനെയാവാം. നാലുകെട്ടും മഞ്ഞും കാലവും രണ്ടാമൂഴവുമൊക്കെ അതാണ് ഓർമിപ്പിക്കുന്നത്. ഇന്നലെവരെ പൂക്കൾ കണ്ടവരാരും ഇന്നും അവ കണ്ടാൽ നോക്കാതിരിക്കുന്നില്ല. അടുത്ത് ചെന്ന് സൗരഭ്യം നുകരാതിരിക്കുന്നില്ല. അത് അനുഭൂതി വിശേഷമാണ്.

ചില കൃതികളുടെയെങ്കിലും തലക്കെട്ടിടുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ഇംഗ്ലിഷിലുള്ള പേരുകളാണ് ആദ്യം എംടിയുടെ മനസ്സിലേക്ക് വന്നത്. കാലം, ഇരുട്ടിന്റെ ആത്മാവ് എന്നീ കൃതിക്കൾക്ക് പേരിട്ടപ്പോഴും ഇംഗ്ലിഷ് പേര് ആദ്യം മനസ്സിലേക്കു വന്നു. ജീവിതത്തിൽ നിന്ന് ഒരേട് എന്ന് ശീർഷകമെഴുതി ഉറങ്ങാൻ കിടന്നപ്പോൾ ഹൃദയത്തിൽ നിലാവും കുളിർമയുമുണ്ടായിരുന്നു എന്ന് എംടി എഴുതിയിട്ടുണ്ട്. പക്ഷേ പുസ്‌തകത്തിൽ ആ പേര് നിന്റെ ഓർമയ്‌ക്ക് എന്നാക്കി.

എംടി എഴുതുന്നത് വരയ്‌ക്കാൻ വേണ്ടിയാണെന്ന് തോന്നും. നമ്മുടെ ഹൃദയത്തിൽ വരയ്‌ക്കാൻ. വരച്ചതുപോലെ അതങ്ങനെ കിടക്കും. അതുകൊണ്ടാണ് നിന്റെ ഓർമയക്ക് എന്നു വായിക്കുമ്പോൾ കണ്ണുകളിൽ തെല്ലൊരമ്പരപ്പും ഈറൻമേഘം പോലത്തെ മുഖവുമുള്ള പെൺകുട്ടിയെ ഓർമവരുന്നത്. ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലെന്ത് വായനക്കാർ ഉറക്കത്തിലും അവളുടെ മുഖം  കണ്ടാൽ തിരിച്ചറിയും. അതാണ് ആ പേരിന്റെ ആർദ്രത.

എംടി എഴുതിയിട്ടുണ്ട്, ഒരു പൊന്തക്കാടിന്റെ സങ്കീർണതയിൽനിന്ന് എത്തിനോക്കുന്ന പൂമൊട്ടാണ് കഥാബീജമെന്ന്. എഴുതിത്തുടങ്ങുമ്പോൾ തന്നെ പേരിനെക്കുറിച്ചുള്ള ആലോചനയും തുടങ്ങുമെന്ന്  അദ്ദേഹം പറഞ്ഞു. സുഗന്ധം ഉള്ളിലൊതുക്കിയ ഒരു പൂമൊട്ടാണവൾ  എന്ന് എംടിയുടെ ഒരു കഥാപാത്രം പറയുന്നുണ്ട്. എംടി എന്ന പൂന്തോട്ടത്തിൽ നിന്ന് എത്തിനോക്കുന്ന പൂമൊട്ടുകൾ പോലെയാണ് അദ്ദേഹത്തിന്റെ കൃതികളുടെ പേര്. ഒരു പൂമൊട്ട് കയ്യിലെടുക്കുന്നത്ര ലാളനയോടെയാണ് മഞ്ഞും നാലുകെട്ടും നാം കയ്യിലെടുക്കുന്നത്.

mt-vasudevan-nair-birthday

ഏറ്റവും വലിയ നാലുകെട്ട് ആരുടേതാണെന്നു ചോദിച്ചാൽ അത് എംടിയുടേതാണ്. ഒരു എട്ടുകെട്ടിന്റെയോ പതിനാറുകെട്ടിന്റെയോ പ്രൗഢി അതിനുണ്ട്. എത്ര പേർ ഇന്നും അത് അവരുടെ നാലുകെട്ടുകളിൽ സൂക്ഷിക്കുന്നു. സകല നാലുകെട്ടും പൊളിച്ചുവിൽക്കുന്ന ഇക്കാലത്ത് പൊളിക്കാത്തതായി അത് മാത്രം. നാലുകെട്ട് പൊളിക്കണമെന്നാണ്  നോവലിലെ അപ്പുണ്ണി പോലും ആഗ്രഹിക്കുന്നതെങ്കിലും. എംടിയുടെ നാലുകെട്ടിനെ പൊളിച്ചെഴുതിക്കൊണ്ട് അതേ ഫ്യൂഡൽ വ്യവസ്‌ഥിതിയെക്കുറിച്ച് വന്ന മറ്റൊരു നോവലില്ല. കുമരനെല്ലൂരിലെ കുളങ്ങൾ എന്ന് എംടി ഒരു ലേഖനത്തിന് പേരിട്ടത് അവിടെയുണ്ടായിരുന്ന സകല കുളങ്ങളും  അദ്ദേഹത്തിന് കാണാപ്പാഠമായിരുന്നതുകൊണ്ട് കൂടിയാണ്. വിദ്യാഭ്യാസകാലത്ത് കുമരനെല്ലൂരിൽ താമസിക്കുമ്പോൾ  കുളിക്കാൻവേണ്ടി കുളങ്ങൾ തേടിനടക്കാറുള്ള കാര്യം ആ ലേഖനത്തിലെഴുതിയത് എംടി സംഭാഷണത്തിനിടെ ഓർമിച്ചു. പാഠങ്ങൾ കാണാപ്പാഠമാക്കേണ്ട പ്രായത്തിൽ അദ്ദേഹം ഈ കുളങ്ങളും കാണാപ്പാഠമാക്കി. 

കോരല്ലൂരമ്പലക്കുളം, എരിഞ്ഞിക്കൽ കുളം, കുമ്മാണിക്കുളം, പുന്നയൂർക്കുളത്ത് എലിയങ്ങാട്ട് കോവിലകത്തെ ചിറ, കൂടല്ലൂരിൽ വീടിന്റെ തെക്കുഭാഗത്തെ ഇല്ലപ്പറമ്പിലെ കുളം, വടക്കേവീട്ടിലെ കുളം... അങ്ങനെയങ്ങനെ ഓരോ കുളവും അദ്ദേഹം വർണിക്കുന്നു.  കുളങ്ങളെപ്പറ്റി ഇത്ര ആധികാരികമായി പറയാൻ  കൊറ്റികൾക്ക് പോലും കഴിയുമോ എന്നു സംശയമാണ്. അക്കാര്യം  എഴുതിയപ്പോൾ കുമരനല്ലൂരിലെ കുളങ്ങൾ എന്ന പേരു തന്നെയാണ് അതിനു പറ്റിയതെന്ന് എംടിക്ക് തോന്നി. ആ കുളങ്ങളിൽ നിന്നൊക്കെ എംടി ഓരോ കുമ്പിൾ വെള്ളം  കോരിത്തന്നു. തീർഥജലം പോലെ  നമ്മളത്  കുടിച്ചു.

രണ്ടു പൂക്കാലങ്ങളാണ് മലയാള സാഹിത്യത്തിലുണ്ടായത്. നാലപ്പാട്ടെ നീർമാതളം പൂത്ത കാലവും മാടത്തുതെക്കേപ്പാട്ടെ  കണ്ണാന്തളിപ്പൂക്കളുടെ കാലവും. വെറുതെയാണോ എംടിയും മാധവിക്കുട്ടിയും എഴുതുമ്പോൾ കേരളം ഒരു വലിയ മ്യൂസിയമാണെന്നു  തോന്നുന്നത്. കുങ്കുമത്തറ, ചെറിയമ്മാമയുടെ ആധാരക്കെട്ടുകൾ, അദ്ദേഹം സൂക്ഷിക്കുന്ന തെങ്ങുകയറ്റത്തിന്റെ പുസ്‌തകങ്ങൾ, അച്‌ഛമ്മ, അച്‌ഛൻപെങ്ങൾ, ലക്ഷ്‌മിക്കുട്ടിയോപ്പ, കാർത്ത്യായനി ഓപ്പു, അരിച്ചാന്തുകൊണ്ട് വരച്ചുണ്ടാക്കുന്ന ഓണവില്ലുകൾ തുടങ്ങിയവയൊക്കെ ആ മ്യൂസിയത്തിൽ കാലത്തിനു പോലും മങ്ങലേൽപിക്കാൻ കഴിയാത്തവിധം കാണാം.

എംടി കഥകൾ എഴുതുകയല്ല റെക്കോർഡ് ചെയ്യുകയാണെന്നു തോന്നാറുണ്ട്. ടേപ്പ് റെക്കോർഡർ കൊണ്ട് കഥയെഴുതാൻ എംടിക്കേ കഴിയൂ. സംഭാഷണങ്ങളുടെ തനിമയുണ്ട് അതിനു തെളിവായി. മഞ്ഞ് എന്ന പേരിന് ഒരു ഉപശീർഷകം ചോദിച്ചാൽ  ഒരുപക്ഷേ വായനക്കാർ പറയുക ‘വരും വരാതിരിക്കില്ല’ എന്നാവും. പ്രതീക്ഷയുടെ അർഥം എന്താണെന്ന് ആലോചിക്കുമ്പോൾ നമുക്ക് പറയാൻ എംടി തന്ന ആ രണ്ട് വാക്കുകളേയുള്ളൂ, വരും വരാതിരിക്കില്ല. ജീവിതത്തിൽ പതറിപ്പോയ ആരോടെല്ലാം നമ്മൾ എത്രയോ തവണ അതു പറഞ്ഞു. ചില വാക്കുകൾ നമ്മളോട് സംസാരിക്കും. വരും വരാതിരിക്കില്ല  എന്നു കേട്ടാൽ  ആ വാക്കുകൾ വായനക്കാരുടെ നെറ്റിക്ക് തുണി നനച്ചിട്ട് ഒച്ച താഴ്‌ത്തി പറയുന്നതുപോലെ തോന്നും: ഉറങ്ങിക്കോ ഒന്നും പേടിക്കാനില്ലെന്ന്.  ഓരോ കൃതിയും എഴുതാനിരിക്കുമ്പോൾ അതിനെന്തു പേരിടുമെന്ന് ആലോചിക്കവേ എംടിയുടെ മനസ്സും ഇതു തന്നെയാവും പറയുക: വരും വരാതിരിക്കില്ല.

(2011 ജൂലൈയിൽ മലയാള മനോരമ ദിനപത്രത്തിൽ പ്രസിദ്ധീകരിച്ചത്)

Content Summary: The Naming process of Literary Works of MT Vasudevan nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com