ADVERTISEMENT

പ്രിയപ്പെട്ട വാസ്വേട്ടന് തൊണ്ണൂറ്! എനിക്കു വിശ്വസിക്കാനാവുന്നില്ല. ഈ സമയത്ത് വാസ്വേട്ടനെ ആദ്യം കണ്ടത് എന്നായിരുന്നു എന്നോർത്തുപോകുന്നു. ഞങ്ങൾ തിരുവനന്തപുരത്തെ ഒരു വാടകവീട്ടിൽ താമസം തുടങ്ങീട്ട് ഏറെ നാളുകളായിരുന്നില്ല–തമ്പുരാൻമുക്കിലുള്ള ഒരു കൊച്ചു വീടായിരുന്നു അത്. 

ലളിതാംബിക അന്തർജനത്തിന്റെ രണ്ടാമത്തെ മകൻ മോഹൻ (എൻ. മോഹനൻ) സാറിന്റെ (ഒഎൻവിയുടെ) ഉറ്റ സുഹൃത്തായിരുന്നു. രാമപുരത്തുള്ള അവരുടെ വീട്ടിൽ അമ്മയെ കാണാൻ പോകുന്ന അവസരങ്ങളിലെല്ലാം അവിടത്തെ കുടുംബാംഗങ്ങളെല്ലാം അദ്ദേഹത്തിനു സ്വന്തംപോലെയായി–അവരിൽ ഏറെ പ്രിയപ്പെട്ടവൻ മോഹൻതന്നെ. ഇതിനിടെ ഞങ്ങൾ വിവാഹം കഴിഞ്ഞ് എറണാകുളത്ത് കലൂരിൽ ഒരു വാടകവീട്ടിൽ താമസം തുടങ്ങിയിരുന്നു. മോഹൻ അക്കാലത്ത് കാലടി കോളജിൽ അധ്യാപകനായിരുന്നു. സാറ് എറണാകുളം മഹാരാജാസ് കോളജിലും. മോഹനും വേറെ ചില സുഹൃത്തുക്കളും കൂടി ഞങ്ങളുടെ വാടകവീട്ടിൽ ഒഴിവുദിവസങ്ങളിൽ ഒത്തുകൂടും. പിന്നെ സാഹിത്യചർച്ചകളും പാട്ടുകളും തമാശകളുമെല്ലാമായി അവിടെ കഴിച്ചുകൂട്ടിയിരുന്ന വിനോദവേളകൾ ഇന്നും മറക്കാനാവുന്നില്ല. 

പിന്നീടു മോഹൻ കാലടി കോളജിലെ ജോലി വിട്ട് തിരുവനന്തപുരത്ത് പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായി. അതേസമയം ഞങ്ങളും തിരുവനന്തപുരത്തേക്കു ചേക്കേറി. അവിടെയും മോഹൻ ഞങ്ങളുടെ വാടകവീട്ടിൽ നിത്യസന്ദർശകനായി. അങ്ങനെയിരിക്കെ ഒരു ദിവസം ഒരു പുതിയ സുഹൃത്തിനെയും കൂട്ടിയാണ് മോഹൻ വന്നത്. കോഴിക്കോട്ട് ഒരു ട്യൂട്ടോറിയൽ കോളജിൽ അധ്യാപകനായിരുന്ന എംടിയും പത്നിയും. വാസ്വേട്ടനെ ഞാൻ ആദ്യമായി കാണുന്നത് അന്നാണ്. പിന്നീട് അദ്ദേഹവുമായുള്ള അവരുടെ സൗഹൃദം പലപല ഘട്ടങ്ങളിലായി വളർന്നു. 

onv-with-his-wife-sarojini
ഒഎൻവിയും അദ്ദേഹത്തിന്റെ ഭാര്യ സരോജിനിയും

കോഴിക്കോട്ട് മാതൃഭൂമിയിൽ സഹപത്രാധിപരായി വാസ്വേട്ടൻ ചുമതലയേറ്റു. എൻ.വി. കൃഷ്ണവാരിയരായിരുന്നു അന്നു മുഖ്യ പത്രാധിപർ. എൻവിയുടെ നേതൃത്വത്തിൽ ഉറൂബ്, എൻ.പി. മുഹമ്മദ്, തിക്കോടിയൻ, കെ.ടി. മുഹമ്മദ്, എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങിയുള്ളവരുടെ മഹത്തായ സാഹിത്യക്കൂട്ടായ്മ ഉടലെടുത്തു. അതോടൊപ്പംതന്നെ കെ.ടി. മുഹമ്മദ്, തിക്കോടിയൻ തുടങ്ങിയവർ ചേർന്ന് നാടകം, സിനിമ എന്നീ കലാപരിപാടികളുടെ ഒരു കൂട്ടായ്മയും തുടങ്ങി. ഇവർ രണ്ടിലും സഹകരിച്ചിരുന്നു. തുഞ്ചൻപറമ്പിലെ ചുമതല വാസ്വേട്ടൻ ഏറ്റെടുത്തപ്പോൾ, അവിടെ പല പല പരിപാടികൾക്കും സാറ് പോയിത്തുടങ്ങി. ഏതാണ്ട് അതേ സമയത്തുതന്നെ കലാമണ്ഡലത്തിന്റെ ഭാരവാഹിത്വം സാറിനും ഏറ്റെടുക്കേണ്ടിവന്നു. 

സാഹിത്യസുഹൃത്തുക്കളോടൊപ്പം അമേരിക്കയിലെ ‘ഫൊക്കാന’ എന്ന മലയാളി സംഘടനയ്ക്ക് അവർ രണ്ടുതവണ പോയിട്ടുണ്ട്. അമേരിക്കയിലേക്കെന്നപോലെ ജർമനിയിലേക്കും ഒന്നിലേറെ തവണ പോയിട്ടുണ്ട്. സാറിന്റെ ഉജ്ജയിനി എന്ന കഥാകാവ്യം സിനിമയാക്കണമെന്ന് വാസ്വേട്ടൻ ആഗ്രഹിച്ചിരുന്നു. തിരക്കഥപോലും എഴുതിത്തുടങ്ങി എന്നാണു ഞാൻ മനസ്സിലാക്കുന്നത്. ഉജ്ജയിനി അവരൊന്നിച്ചു സന്ദർശിച്ച്, സിനിമ ചിത്രീകരിക്കാൻ പറ്റിയ സ്ഥലങ്ങൾ നോക്കിവയ്ക്കുകപോലും ചെയ്തിട്ടുണ്ടായിരുന്നു. വാസ്വേട്ടന്റെ ഒട്ടുമിക്ക നോവലുകളെല്ലാം ഞാൻ വായിച്ചിട്ടുണ്ട്. എന്റെ ജന്മസ്ഥലവും വാസ്വേട്ടന്റെ ജന്മസ്ഥലവും അടുത്തടുത്താണ്. അതുകൊണ്ടുതന്നെ ഒരേ കുടുംബപശ്ചാത്തലമാണ് ഞങ്ങൾക്ക്. മരുമക്കത്തായരീതി സ്വീകരിക്കുന്നതിനാൽ അതിന്റേതായ ഗുണവും ദോഷവും അനുഭവിച്ചിട്ടുള്ളവരാണു ഞങ്ങൾ. വാസ്വേട്ടന്റെ രചനകളിലെല്ലാം അത് ഏറിയും കുറഞ്ഞും നിഴലിച്ചു കാണാം. 

സാറിന്റെ പേരിലുള്ള സാഹിത്യ അവാർഡ് വാസ്വേട്ടനു കിട്ടീട്ടുണ്ട്. അതു നേരിട്ടു വാങ്ങാനായി അനാരോഗ്യം വകവയ്ക്കാതെ വാസ്വേട്ടൻ കുടുംബസമേതം  തിരുവനന്തപുരത്തു വന്നു. അവർ അന്ന് ഇന്ദീവരത്തിൽ ഞങ്ങളുടെ അതിഥികളായി എന്നുള്ള സന്തോഷവും ഞാനും കുട്ടികളും പങ്കുവയ്ക്കട്ടെ. ഇനി വാസ്വേട്ടൻ ആരോഗ്യത്തോടെ നൂറു പിന്നിടുന്നതു കാണാൻകൂടി ഇടയാവട്ടെ – ഇതു ഞങ്ങളുടെ പ്രാർഥനയാണ്.

Content Summary: Sarojini O.N.V. Remembering M. T. Vasudevan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com