ADVERTISEMENT

1924 ജനുവരി 16. മലയാളകാവ്യചരിത്രത്തിലെ ദുഃഖസാന്ദ്രമായ ദിനം. ആലപ്പുഴയ്ക്കും കൊല്ലത്തിനുമിടെ പല്ലനയിലെ ബോട്ടപകടത്തിൽ ജീവൻ നഷ്ടമായവരിൽ മഹാകവി കുമാരനാശാനും. 92 വർഷം മുൻപ് പല്ലനയാറ്റിലെ ആഴങ്ങളിൽ ആശാന്റെ ശരീരം നിശ്ചലമായെങ്കിലും അദ്ദേഹത്തിന്റെ തൂലിക മലയാളത്തിനു സമ്മാനിച്ച കാവ്യങ്ങൾ ഇന്നും ആസ്വാദകരുടെ ഹൃദയചക്രവാളങ്ങളിൽ അനുഭൂതികളുടെ മുഴക്കങ്ങൾ സൃഷ്ടിക്കുന്നു. മലയാള കവിതയെ ആധുനിക ഭാവുകത്വ പരിസരത്തേക്ക് ഉയർത്തിയ, മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ പ്രിയകവി. വീണ്ടും ഒരു ജനുവരി 16; ആശാന്റെ ഓർമകളുടെ ദിനം. 

കുമാരനാശാന്റെ ആദ്യത്തെ പ്രധാനകാവ്യമാണ് വീണപൂവ്. നാൽപത്തിയൊന്ന് പദ്യങ്ങളുള്ള ചെറിയ കൃതി. തലശേരിയിൽ നിന്ന് ഇറങ്ങിയ ‘മിതവാദി’യിൽ 1907ൽ പ്രസിദ്ധീകരണം. ‘ഭാഷാപോഷിണി’യിൽ വീണ്ടും പ്രസിദ്ധീകരിച്ച വീണപൂവ് കേരളവർമ വലിയ കോയിത്തമ്പുരാൻ പഠപുസ്തത്തിൽ ഉൾപ്പെടുത്തി. പിന്നീടിങ്ങോട്ട് എണ്ണമറ്റതലമുറകൾ അദ്ഭുതകാന്തിയോടെ വിടർന്നുവെങ്കിലും ഞെട്ടറ്റടർന്നുപോയ പൂവിന്റെ അൽപായുസ്സിൽ ജീവിതത്തിന്റെ അർഥവും നിരർഥകതയും കണ്ടെത്തി. ഒരു വ്യക്തിയെക്കുറിച്ചല്ലാതിരുന്നിട്ടും വിലാപകാവ്യത്തിന്റെ ലക്ഷണങ്ങളെല്ലാം ഒത്തുചേർന്ന വീണപൂവ് പുതിയകാലത്തും വായിക്കപ്പെടുന്നു. ആസ്വാദനങ്ങളും പഠനങ്ങളുമുണ്ടാകുന്നു. പൂവിന്റെ ജീവിതമായി വായിക്കുമ്പോൾത്തന്നെ വീണപൂവ് അകന്നുപോയ പ്രിയപ്പെട്ടവരുടെ ജീവിതത്തിന്റെ അനുസ്മരണവും ഹൃദയത്തിന്റെ വേദനയുമാകുന്നു– പ്രതീകാത്മക കവിതയുടെ പ്രത്യേകത. ആശാൻ ഈ വിഭാഗത്തിൽപ്പെടുന്ന കവിതകൾ വേറെയും എഴുതിയിട്ടുണ്ട്. 

ഹാ! എന്നു കവിതയുടെ തുടക്കം. ദുഃഖിപ്പിക്കുന്ന അനുഭവത്തിലേക്കു കവി കൂട്ടിക്കൊണ്ടുപോകുന്നു. അവസാനിക്കുന്നതു ‘കഷ്ടം’ എന്ന വാക്കിൽ. തുടക്കവും ഒടുക്കവും കൂട്ടിച്ചേർത്താൽ ‘ഹാ! കഷ്ടം!’ ഉദിച്ചുയരുന്നതിനും മുൻപേ അകാലത്തിൽ അസ്തമിക്കുന്ന ജീവിതങ്ങൾ കാണുമ്പോൾ ചുണ്ടിൽ ആ വാക്കുകൾ ഇപ്പോഴും എത്തിച്ചേരുന്നു. വളരെ ഉയർന്നൊരു സ്ഥാനത്ത്, കാണുന്നവരുടെയൊക്കെ കണ്ണും കരളും കുളിർപ്പിച്ച്, രാജ്ഞിയെപ്പോലെ ശോഭിച്ച പൂവ്. ലതയാകുന്ന അമ്മയുടെ ഓമനമകൾ. ഒരു കൊച്ചുകുട്ടിയായി കവി പൂമൊട്ടിനെ സങ്കൽപിക്കുന്നു. അമ്മ തളിരുകൾക്കിടയിൽ കാത്തുസൂക്ഷിക്കുന്ന കുട്ടി. തൊട്ടിലാട്ടുന്നത് കാറ്റ്. പച്ചിലകൾ മുട്ടിയുരുമ്മുന്ന താരാട്ടുകേട്ട് കുട്ടി ഉറങ്ങുന്നു. പാലുപോലുള്ള നിലാവിൽ കുളിച്ചും ഉദയസൂര്യന്റെ വെയിലേറ്റു വിളയാടിയും കുഞ്ഞ് വളരുന്നു. നേരം വെളുക്കുമ്പോഴേക്കും കിളികൾ അടുത്തുകൂടുന്നു. ചെടിയുടെ ചുവട്ടിലും വള്ളികളിലുമിരുന്ന് അവ പാട്ടുപാടുന്നു. പൂമൊട്ട് പാട്ടുകേട്ട് തലയാട്ടി രസിക്കുന്നു. രാത്രിയിൽ മാനത്തു തെളിയുന്ന നക്ഷത്രങ്ങൾ ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും തത്ത്വങ്ങൾ പഠിപ്പിക്കുന്നു. 

പൂമൊട്ട് ഇപ്പോൾ വിടർന്നുനിൽക്കുന്ന പൂവായിരിക്കുന്നു. ആരുകണ്ടാലും നോക്കിനിന്നുപോകുന്ന സൗന്ദര്യദർശനം. ലൗകീകസുഖങ്ങളെല്ലാം ത്യജിച്ച സന്യാസിയോ, ശത്രു ആയുധവുമായി വേട്ടയാടുമ്പോൾ ഭയന്നോടുന്നയാളോ പോലും പൂവ് കണ്ടാൽ നിശ്ചലരായി നിന്നുപോകും. കാണുന്ന കണ്ണുകളെയെല്ലാം ആനന്ദിപ്പിക്കുന്ന പൂവിന്റെ അരികിലേക്ക് ചിത്രശലഭങ്ങളും വണ്ടും അനുരാഗം മൂളിയെത്തി. 

അൽപായുസ്സായിരുന്നു പൂവ്. അതു ഞെട്ടറ്റു. ഇനി അന്ത്യകർമങ്ങൾ. ശൈശവത്തിൽ പൂവിനെ ശുശ്രൂഷിച്ചവർതന്നെ അന്ത്യകർമങ്ങളും ചെയ്യുന്നു. ചെറിയ ചിലന്തികൾ മിനുത്തുനേർത്ത നൂലിനാൽ നെയ്തെടുത്ത ശവക്കോടികൊണ്ട് പൂവിന്റെ ദേഹം മൂടി. എന്നും തലോടി ഓമനിച്ചിരുന്ന ഉഷസ്സ് മഞ്ഞുതുള്ളികൾ കോർത്തുണ്ടാക്കിയ അന്ത്യമാല്യം ശവക്കോടിക്കു മീതെ അണിയിച്ചു. ഇതൊക്കെക്കണ്ട് കവി പറയുന്നു; കണ്ണേ മടങ്ങുക! 

കണ്ണേ മടങ്ങുക, കരിഞ്ഞുമലിഞ്ഞുമാശു 

മണ്ണാകുമീ മലരു, വിസ്മൃതമാകുമിപ്പോൾ. 

എണ്ണീടുകാർക്കുമിതു താൻ ഗതി, സാധ്യമെന്തു 

കണ്ണീരിനാൽ–അവനി വാഴ്‌വു കിനാവു കഷ്ടം! 

കരിഞ്ഞും അലിഞ്ഞും പൂവ് മണ്ണിൽ ലയിച്ചുചേരുകയാണ്. കരച്ചിലെല്ലാം വെറുതെ. ഓർമകളിൽപ്പോലും ഇനി ആ പൂവ് ഉണ്ടായില്ലെന്നുവരാം. വീണപൂവിന്റെ മാത്രമല്ല, സർവ ചരാചരങ്ങളുടെയും കഥ ഇതുതന്നെ. പൂവിന്റെ പതനത്തിൽ കാമുകനായ വണ്ടുമാത്രമല്ല ചുറ്റുമുള്ള സകല ജീവികളും ദുഃഖിക്കുന്നു. 

വീണപൂവിലൂടെ ആശാൻ വെളിപ്പെടുത്തിയതു ജീവിതത്തിന്റെ അസ്‌ഥിരതയും വിധിയുടെ അലംഘനീയതയുമാണെങ്കിലും അദ്ദേഹത്തിന്റെ കാവ്യങ്ങൾ കാലത്തെ അതിജീവിച്ച്, പുതിയ ചരിത്രം രചിച്ചു. വാടുകയും കൊഴിയുകയും ചെയ്ത പൂവുകളല്ല അദ്ദേഹത്തിന്റെ കാവ്യങ്ങൾ; വീടർന്ന് എന്നുമെന്നും സൗന്ദര്യദർശനവും അനുഭൂതിയും പകരുന്ന വാടാമലരുകൾ!

(2016 ജനുവരിയിൽ പ്രസിദ്ധീകരിച്ച ലേഖനം)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com