ADVERTISEMENT

കുമിളകൾ (കഥ)

കാടിനു നടുവിലെന്ന് തോന്നിപ്പിക്കും വിധം മരങ്ങൾക്കിടയിലെ ബംഗ്ലാവിലാണ് ഞങ്ങൾ ഈ അവധിക്കാലത്ത്. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും ഭർത്താവും, മക്കളും, പിന്നെ അദ്ദേഹത്തിന്റെ കൂട്ടുകാരും കുടുംബവും.

എനിക്ക് ഒട്ടും താൽപര്യമില്ലാത്ത യാത്രകളാണിവ. കള്ളും, സിഗരറ്റും, ഇറച്ചിയും പിന്നെ പൊങ്ങച്ചവും അതാണീ അവധിക്കാലാഘോഷം.

നിന്റെയീ ദുർമോന്ത അവിടെ കാണിക്കരുതെന്ന് വണ്ടിയിലേയ്ക്കു കയറും മുന്നേ ഭർത്താവ് ഉഗ്രശാസന തന്നിട്ടുണ്ട്. മക്കൾ മറ്റു കുട്ടികളുമായി ഇണങ്ങി ചേർന്നു ഗെയിമും സെൽഫിയും ആയി ആഘോഷത്തിലാണ്.

രണ്ടാമത്തെ നിലയിലെ അതിഥി മുറിയിലിൽ സ്ത്രീകളെല്ലാം ഒത്തുകൂടി. പുരുഷൻമാർ മൂന്നാം നിലയിലും.

റോസ് ഗോൾഡിന്റയും, വജ്രത്തിന്റെയും, ചന്ദേരി സിൽക്ക്സിന്റയും ചർച്ച വല്ലാതെ മടുത്ത് ഞാൻ ഞങ്ങളുടെ മുറിയിലേക്ക് തിരിച്ചു പോന്നു. ഈ അവധിക്കാലം നാട്ടിലേക്കു പോകണമെന്ന് ഞാൻ ഒരുപാട് ആശിച്ചിരുന്നതാണ്.

പക്ഷേ….!

അല്ലങ്കിലും ആശകളൊക്കെ അലമാരയിൽ വച്ചു പൂട്ടാൻ ഞാൻ ശീലിച്ചു കഴിഞ്ഞു. മുറി തുറയുക്കുന്ന ശബ്ദം കേട്ടു ഞാൻ തിരിഞ്ഞു നോക്കി. ഭർത്താവാണ്.

“നീയെന്താ ഇവിടിരിക്കുന്നത്?”

"എനിക്കിവിടിരിക്കാനാണ് തോന്നുന്നത്..."

“എന്നെ നാണം കെടുത്തിയേ അടങ്ങൂന്ന് നിനക്കെന്താ ഇത്ര നിർബന്ധം ?”

ഞാനാ സ്ത്രീകളുടെ ഇടയിൽ നിന്നെണീറ്റു പോന്നതിനാണ്. ഞാനെന്തു പറഞ്ഞിട്ടും ഇനി കാര്യമില്ല.

“ഞാനൊന്നു ഫ്രഷായി തിരികെ പൊയ്ക്കോളാം.”

എന്നത്തെയും പോലെ ഞാൻ മനസ്സിനെ അവഗണിച്ചു, അനുസരണശീലയായ ഭാര്യയുടെ പളപള മിന്നുന്ന വേഷമണിഞ്ഞ് വീണ്ടും അവരുടെ ഇടയിലേയ്ക്കു ചെന്നു.

സ്ത്രീ സമത്വത്തെപ്പറ്റിയാണ് ഇപ്പോഴവരുടെ ചർച്ച. ഞാൻ വെറുതേ കേട്ടുകൊണ്ടിരുന്നു. വീണ്ടും വല്ലാതെ മടുപ്പു തോന്നിയപ്പോൾ ഞാനെണീറ്റ് അടുക്കളയിലേക്ക് ചെന്നു.

അവിടെ വാസുവും പ്രകാശനും അജിതയുമുണ്ടായിരുന്നു. മിച്ചം വന്ന ആഹാരം വീട്ടിലേയ്ക്കു കൊണ്ടുപോകാനായി വാസു പ്ലാസ്റ്റിക് ടിന്നുകളിൽ നിറയ്ക്കുകയാണ്.

പ്രകാശന്റെ ഭാര്യയാണ് അജിത. വാസു അജിതയുടെ ആങ്ങളയും.

സുന്ദരികളായ രണ്ട് പെൺകുട്ടികളുടെ അച്ഛനാണ് സംസാരശേഷിയില്ലാത്ത വാസു... നിറമോ ആകാരവടിവോ അല്ല  ആത്മാർത്ഥതയും, കാര്യപ്രാപ്തിയുമാണ് ആ കുട്ടികളുടെ സൗന്ദര്യം.

എന്റെ മകന് കല്യാണപ്രായമാകുമ്പോൾ വാസുവിന്റെ മക്കളിലൊരാളെ വിവാഹം കഴിക്കാനായെങ്കിൽ എന്ന് ഞാൻ ഞാനാഗ്രഹിക്കുന്നു.

ഒരു സഞ്ചിയിൽ ടിന്നുകൾ വച്ച് പുഞ്ചിരിച്ചു വാസു ഇറങ്ങി. വേലയെടുത്ത് അന്നന്നേയ്ക്കുള്ള അന്നം മാത്രം കണ്ടെത്തുന്ന ഒരാൾക്ക് മുഖം നിറയെ പുഞ്ചിരി വിരിയിക്കാൻ കഴിയുമായിരിക്കും.

ഒരു തുണി സഞ്ചിയുമായി റേഷൻ കടയിലെ വരിയിൽ നിന്ന് അരീം, ഗോതമ്പും, മണ്ണെണ്ണയും വാങ്ങി, മിച്ചമുള്ള രൂപയ്ക്ക് മീനും വാങ്ങി വന്ന്, എന്റെ സ്നേഹവും ചേർത്ത് പാചകം ചെയ്ത്, അടുക്കളയിലെ വെറും നിലത്തിരുന്ന് ഭർത്താവിനും മക്കൾക്കും വിളമ്പാനും, അവരത് മനസ്സ് നിറഞ്ഞ് കഴിക്കുന്നത് കാണാനും ഞാൻ ആഗ്രഹിക്കുന്നു. 

അജിത എന്നെ സ്നേഹത്തോടെ നോക്കി. മനോഹരമായി സ്നേഹിക്കാൻ ഈ പെൺകുട്ടിക്കറിയാം. അപ്പുറത്തെ മുറിയിലിരുന്ന് എന്തിനെപ്പറ്റിയോ ഘോര ഘോരം സംസാരിക്കുന്നവർക്ക് കഴിയാത്ത വിധം ഈ പെൺകുട്ടി എന്നെ മനസ്സിലാക്കുന്നു.

ഇതിനു മുൻപ് ഇവിടെ വന്നപ്പോഴൊക്കയും, അടുക്കളയ്ക്ക് പുറത്തെ വരാന്തയിലിരുന്ന് എന്റെ  തലയും, പാദങ്ങളും അവൾ മസാജ് ചെയ്ത് തന്നിട്ടുണ്ട്. അവളുടെ സമയം കുറച്ചു നേരം എനിക്കായ് സമ്മാനിച്ചിട്ടുമുണ്ട്.

അജിതയ്ക്കും പ്രകാശനും കുട്ടികളില്ല. അവൾക്ക് പ്രകാശൻ മകനും, പ്രകാശന് അവൾ മകളുമാണത്രേ. പ്രകാശൻ ചിലപ്പോഴൊക്കെ അവളുടെ മുടി പിന്നിക്കൊടുക്കുകയും, പൊട്ടു തൊടുവിച്ചു കൊടുക്കുകയും, ചെയ്യുമെന്ന് പറയുമ്പോൾ അജിതയുടെ കണ്ണുകളിൽ  നാണം തെളിഞ്ഞു. അതു കണ്ട് ഞാൻ ചിരിച്ചപ്പോൾ, "എല്ലാ സന്തോഷവും ഒരുമിച്ച് ഈശ്വരൻ തരില്ല ചേച്ചീയേ"

എന്നു പറഞ്ഞ് അജിത ദീർഘനിശ്വാസം വിട്ടു. അജിതയുടെ ജോലി തീരാൻ കാത്തുകൊണ്ട് ഞാൻ അടുക്കളയിലെ സ്റ്റൂളിൽ ഇരുന്നു.

“ചേച്ചീടെ ചേല് അപ്പിടീം പോയല്ലോ, ചേച്ചിക്ക് മനസ്സിന് ദെണ്ണം വല്ലതുമുണ്ടാ?”

എന്റെ കണ്ണു നിറഞ്ഞു. എങ്കിലും ഞാൻ വെറുതെ ചിരിച്ചു.

മനസ്സ്! എന്റെ മനസ്സ് എന്നേ മരവിച്ചു പോയി.

"താരേ...... "

ഉച്ചത്തിലുള്ള വിളി കേട്ട് ഞാനെണീറ്റു ചെന്നു. കോണിപ്പടിയ്ക്ക് ചുവട്ടിൽ നിന്ന് ഭർത്താവാണ് വിളിച്ചത്. ആ മുഖത്ത് പരന്ന ക്യുമുലോ നിംബസ് മേഘങ്ങളെ ഞാൻ കണ്ടു. മുറിയിലോട്ട് കയറണ്ട താമസം വാക്കുകളായി ഇടിവെട്ടി പെയ്തു തുടങ്ങി.

“ഹൗ ഡേർ ആർ യു? വീട്ടിൽ നിന്നിറങ്ങിയപ്പഴേ നിന്നോട് ഞാൻ പറഞ്ഞതല്ലേടി? ഈ ലോ സ്റ്റാന്റേർഡ് പീപ്പ്ളുമായി മാത്രേ നിനക്കു കൂട്ടുള്ളോ? മനുഷ്യനെ നാണം കെടുത്താനായി, കൾച്ചർലസ് ഇഡിയറ്റ് !’’

ഈ സ്റ്റാന്റേർഡ് അളവ് നിർണ്ണയിക്കുന്ന സ്കെയിൽ ഏതാണാവോ? അക്കാഡമിക് സർട്ടിഫിക്കറ്റ്സ്, ബാങ്ക് ബാലൻസ്, കുടുംബ മഹിമ, ജാതി ഇവയൊക്കെ ആണോ?

ചോദ്യം ചെയ്യാനുള്ള കഴിവ് എന്നിൽ നിന്നും പണ്ടേ ചോർന്നു പോയിരുന്നു. ഞാൻ വെറുതെ ആ മുഖത്തോട്ടു നോക്കി നിന്നു.

“ദിസ് ഇസ് മൈ ലാസ്റ്റ് വാണിങ്, ഇനിയും നീ ഇത്തരത്തിൽ ബിഹേവ് ചെയ്താൽ പിന്നെ പുറം ലോകം കാണില്ല.”

ആ പറച്ചിൽ എന്നെ വളരെയധികം സന്തോഷിപ്പിച്ചു. എനിക്കൊരുണർവ് തോന്നി. ഇതു പോലുള്ള യാത്രകളോ, കൂടിച്ചേരലുകളോ ഞാനൊരിക്കലും ആഗ്രഹിക്കുന്നില്ല.

പൊങ്ങച്ചങ്ങൾക്കും പരദൂഷണങ്ങൾക്കുമിടയിൽ ഒരു നോക്കുകുത്തിയായി ഇരിക്കാനും, വെറുതെ തലയാട്ടി ആ വിടുവായത്തരങ്ങൾ ശരിയെന്ന് സമ്മതിച്ച് അഭിനയിക്കാനും എനിക്ക് വയ്യ. എനിക്ക് മനസ്സിലാവുകയും, എന്നെ മനസ്സിലാക്കുകയും  ചെയ്യുന്നിടമാണെനിക്കിഷ്ടം.

മുറിയുടെ തറ പൊട്ടി ചിതറും വിധം തറ ചവിട്ടിക്കുലുക്കി ഭർത്താവ് പുറത്തേയ്ക്കു പോയി. ഞാൻ മുഖം കഴുകി തിരികെ വന്ന് എന്റെ ബാഗിൽ നിന്നും പീച്ച് നിറത്തിലെ ഒരു പുതിയ സാരിയും, ചീപ്പും എടുത്ത് വീണ്ടും അടുക്കളയിൽ അജിതയുടെ അരികിലേയ്ക്കു ചെന്നു.

ഞാനാ സാരി അജിതയ്ക്കു കൊടുത്തു. അടുക്കളമുറ്റത്തെ വരാന്തയിലിരുന്ന് അജിത എന്റെ മുടി ചീവുകയും, രണ്ടു കൈകൾ കൊണ്ടും മുടിയ്ക്കിടയിലൂടെ തലയോട്ടിയിൽ ഉഴിയുകയും ചെയ്യുമ്പോൾ, എന്റെ ഭർത്താവ് ഇതു കണ്ടുകൊണ്ട് വരണേ എന്നു  ഞാൻ മനസ്സുരുകി പ്രാർഥിക്കുകയായിരുന്നു…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com