ADVERTISEMENT

അയാൾ (കഥ)

 

നേരം വെളുക്കുന്നേയുണ്ടായിരുന്നുള്ളൂ അപ്പോഴേയെക്കും അയാൾ കുളിച്ചു ഫ്രഷായി ഷർട്ടും പാന്റും ഉടുത്ത് ഓഫീസിലേക്ക് പോകാൻ റെഡിയായി. രണ്ട് കഷ്ണം പുട്ടും തേങ്ങയരച്ചു വച്ച കോഴിക്കറിയും തിന്ന് ഏമ്പക്കം വിട്ട് അയാൾ എഴുന്നേറ്റു. പിന്നെ ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞ് അയാൾ തന്റെ ബൈക്കുമെടുത്ത് ഓഫീസിലേക്ക് പുറപ്പെട്ടു.

 

 

 

മാനേജർ സാറിനെയൊന്ന് മുഖം കാണിച്ച് രജിസ്റ്ററിൽ ഒപ്പിട്ട് അയാൾ തന്റെ മേശയ്ക്കരികിലേക്ക് നടന്നു. കമ്പ്യൂട്ടർ ഓപ്പണാക്കിയപ്പോയേക്കും തന്നെ മെയിലുകളുടെ ഒരു പെരുമഴ തന്നെയായിരുന്നു. അതിൽ ചിലത് അയാൾ എടുത്തുനോക്കി എന്തിനെന്നപോലയോ അവിടെത്തന്നെ ഇരുന്നു. വർക്ക് ചെയ്യാൻ അയാൾക്ക് ഒരു മൂഡ് വരുന്നില്ല. വല്ലാത്ത ഒരസ്വസ്ഥത. ഓഫീസ് ബോയിയെ കൊണ്ട് ഒരു കട്ടൻ വരുത്തിച്ച് അതും കുടിച്ചിരുന്നു. കമ്പ്യൂട്ടറും പൂട്ടിവെച്ച് അയാൾ ഓരോന്നാലോചിച്ച് ഇരുന്നു.

 

‘‘ഞാൻ എന്ത് ക്രൂരനാണ്? ഈ ലോകം എന്ത് ക്രൂരമാണ്? ജനങ്ങൾ എന്ത് ക്രൂരന്മാരാണ്?’’

 

‘‘എനിക്കുബോധമില്ലേ.. ജനങ്ങൾക്ക് ബോധമില്ലേ. ഈ ലോകത്താർക്കും ബോധമില്ലേ.’’

 

 

 

രാവിലെ ഓഫീസിലേക്ക് വരുന്ന വഴിയിൽ താൻ എന്തെല്ലാം കാഴ്ചകളാണ് കണ്ടത്. അങ്ങാടിയിലെ പലചരക്കു കടയിൽ ഒന്നും രണ്ടും പറഞ്ഞു ഉന്തും തള്ളുമുണ്ടാക്കുന്ന കടയുടമയും വാഴിപ്പോക്കനും. അവരെ എനിക്ക് പിടിച്ചുമാറ്റാമായിരുന്നില്ലേ.. ട്രാഫിക് ജാമിൽ വണ്ടികിടന്നപ്പോൾ വിശന്നൊട്ടിയ വയറുമായി വന്ന വൃദ്ധയെ കൈയിൽ ഒന്നും ഇല്ലെന്ന് പറഞ്ഞു ഓടിച്ചുവിട്ടു. അവർക്ക് തന്റെ കീശയിലെ ഏതെങ്കിലുമൊരു കടലാസ് കഷ്ണം നൽകാമായിരുന്നില്ലേ.. മരണപ്പാച്ചിലിനിടയിൽ റോഡ് മുറിച്ചുകടക്കാനാവാതെ കഷ്ടപ്പെടുന്ന വൃദ്ധയെ കണ്ടില്ലെന്ന് നടിച്ചു. തന്റെ വണ്ടി നിർത്തി അവർക്ക് പോകാൻ അവസരം നൽകാമായിരുന്നില്ലേ. താൻ മുന്നിലെത്തണം എന്ന മരണയോട്ടത്തിനിടക്ക് മറ്റുള്ളവർക്ക് എന്ത് പറ്റും എന്ന്പോലും നോക്കാതെ മരണപ്പാച്ചിൽ നടത്തുന്ന ബസ്സുകൾ, എന്തോ പറഞ്ഞു ഉന്തും തള്ളുമായ യുവാക്കൾ, എന്തിനോവേണ്ടി തന്റെ മൊബൈലിൽ വീഡിയോ പിടിക്കുന്ന ചെറുക്കൻ, ബൈക്കിൽ ചീറിപ്പായുന്ന കുട്ടികൾ, ഒരു പണിയുമില്ലാതെ ബീഡിയും വലിച്ചിരുകുന്ന വൃദ്ധന്മാർ, തങ്ങളുടെ ജീവിതം രണ്ടറ്റം കൂട്ടിമുട്ടിക്കാൻ നെട്ടോട്ടമൊടുന്ന പലതരം യന്ത്രമനുഷ്യർ. എന്തെല്ലാം ജീവിതങ്ങളാണ് തന്റെ മുന്നിൽ.

 

 

 

എന്റെ നാടിനെന്താണ് പറ്റിയത്, എന്തുകൊണ്ടാണ് തനിക്കിതെല്ലാം കണ്ടില്ലെന്ന് നടിക്കാൻ പറ്റുന്നത്, തനിക്കിതിനെതിരെ എന്തെങ്കിലും ചെയ്തുകൂടെ. തനിക്കവരെ രക്ഷിച്ചുകൂടെ.. താനൊരു ആരോഗ്യമുള്ള ധൈര്യമുള്ള പുരുഷനല്ലേ.

 

 

 

നല്ല തലവേദനയുണ്ട് ഒന്ന് ഡോക്ടറെ കാണിക്കട്ടെ എന്നും പറഞ്ഞ് അയാൾ ഓഫീസിൽനിന്നിറങ്ങി. അയാളുടെ മനസ്സിൽ ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു. തനിക്കവരെ സഹായിക്കണം. എന്റെ നാടിനെ, താൻ കണ്ട വൃദ്ധയെ, വഴിപോക്കനെ, എന്റെ നാട്ടുകാരെ, എല്ലാവരെയും സഹായിക്കണം. അതിനുവേണ്ടി അയാൾ ധൃതിപിടിച്ച് വണ്ടിയോടിച്ചു. ആ ഓട്ടത്തിനിടക്ക് ഫോൺ എടുക്കാനും ഹെൽമെറ്റ്‌ വെക്കാനും വരെ അയാൾ മറന്നുപോയി.

 

 

 

അങ്ങാടിയിലേക്ക് അയാളുടെ ബൈക്ക് ചീറിവന്നു. അതിനിടയിൽ തന്റെ ബൈക്കിന്റെ പിന്നിൽ നിന്ന് ഒരു ശബ്ദം കേട്ടു ‘ബ്ധിം’. അയാൾ തിരിഞ്ഞുനോക്കാതെ പറന്നു. അയാൾക്ക് തന്റെ ലക്ഷ്യത്തിൽ എത്രയും വേഗം എത്തണം.

 

 

 

അങ്ങാടിയിൽ എത്തിയ അയാൾ അത്ഭുതപ്പെട്ടു. അവിടെ പലചരക്കുകടക്കാരനില്ല, വഴിപോക്കനില്ല, വൃദ്ധയില്ല,വ യസ്സനില്ല, ബസ്സില്ല ആരുമില്ല.

 

അവരെല്ലാം റോഡിന്റ ഒത്തനടുവിൽ കൂടിനിൽക്കുകയായിരുന്നു. പിന്നിലുള്ളവർ മുന്നിലുള്ളവരുടെ ഇടയിലൂടെ എത്തിനോക്കുന്നു, സ്ത്രീകൾ കുശുകുശുക്കുന്നു, യുവാക്കൾ ആരെയൊക്കെയോ വിളിക്കുന്നു, ചെക്കൻ വീഡിയോ പിടിക്കുന്നു, ആരൊക്കയോ അവനെ തടയുന്നു, ശകാരിക്കുന്നു, എല്ലാവരും അവിടെ കൂടിയിരിക്കുന്നു

 

‘‘അവിടെ ഒരാൾ കിടക്കുകയാണ്, തല പൊട്ടി ചോരയൊലിപ്പിച്ച് കിടക്കുന്നു’’

 

 

 

പിന്നിൽനിന്ന് വന്ന ലോറി ഇടിച്ച് തെറിപ്പിച്ചതാണെന്നും ലോറി നിർത്താതെ പോയെന്നും മറ്റും പറയുന്നു. പേടിച്ച് കുട്ടികൾ കരയുന്നു. എല്ലാവരും അവിടെ കൂടിയിരിക്കുന്നു. എങ്ങും കുശുകുശുപ്പും അടക്കം പറച്ചിലുകളും മാത്രം.ആരും അയാളെ പരിചരിക്കുന്നില്ല, ആശുപത്രിയിൽ കൊണ്ടുപോകുന്നില്ല, അയാൾക്ക് ഒരിറ്റ് വെള്ളം പോലും കൊടുക്കാൻ ആരുമില്ല. എല്ലാവരും അന്ധാളിച്ച് നിൽക്കുന്നു.

 

 

 

മരണത്തെ മുന്നിൽകണ്ട് ചോരയൊലിച്ച് കിടക്കുന്ന ഒരു പാവം യുവാവായിരുന്നു അത്. അത് അയാളായിരുന്നു. അയാൾക്ക് നാടിനെ, നാട്ടുകാരെ, ലോകത്തെ എല്ലാവരെയും രക്ഷിക്കണമായിരുന്നു, സഹായിക്കണമായിരുന്നു. പക്ഷേ അയാൾ അറിഞ്ഞിരുന്നില്ല തന്നെ രക്ഷിക്കാൻ ആരുമില്ലെന്ന്. അപ്പോഴും അയാൾ ചോരയൊലിപ്പിച്ച് അവിടെതന്നെ കിടക്കുന്നുണ്ടായിരുന്നു.

 

 

 

Content Summary: Ayal, Malayalam short sory

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com