മറക്കാനാവാത്ത ക്രിസ്മസ് – മൻസൂർ അഹമ്മദ് എഴുതിയ കഥ

Mail This Article
മറക്കാനാവാത്ത ക്രിസ്തുമസ് (കഥ)
അവസാനത്തെ വാഹനവും സ്കൂളിന്റെ പടി കടന്നു പോകുന്നതവന്‍ നോക്കി നിന്നു. ബോർഡിംഗില്‍ നിന്നും ഇനി അവന്‍ ഇറങ്ങിയേ മതിയാവൂ. ദൂരെയേതോ ഗ്രാമത്തിലേയ്ക്കുള്ള വണ്ടി പൊയ്പോയാലോ എന്നോര്‍ത്ത് വാര്‍ഡന്‍ വേവലാതിപ്പെടുന്നു.
"ജെറുമിയാമ്മേ ഈ കുട്ടിയെ ഒന്നു നോക്കിക്കൊള്ളാമോ?, ഇവനു കാവലിരുന്നാല്‍ എന്റെ വണ്ടി പോകും." "ജോണ്‍സണ്‍ പൊയ്ക്കോ അവന്റപ്പന്‍ വരാന്‍ താമസിക്കും". സിസ്റ്റര്‍ വാര്‍ഡനോട് പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് എങ്ങനെ ആയിരുന്നു. അവന്‍ ഓര്‍ത്തു നോക്കി. ഡാഡി വന്നത് 24 ത്തിനു ട്രിവാന്‍ഡ്രമില്‍ നിന്നും ബോര്‍ഡിംഗിലെത്തിയപ്പോള്‍ എല്ലാവരും കുര്‍ബ്ബാനയ്ക്ക് പോയിരുന്നു. നേരെ പള്ളി വാതില്‍ക്കല്‍ എത്തി ഉച്ചത്തില്‍ ഒരു വിളി
"ഗബ്രിയേലച്ചോ ഞാനെന്റെ മോനെ കൊണ്ടു പോവുകാ" എന്നിട്ട് മുട്ടുകുത്തി നിന്നു പ്രാര്‍ഥിച്ചിരുന്ന തന്റെ തലയ്ക്കിട്ട് ഒരു ഞോണ്ട്. "ഇറങ്ങി വാഡാ." മമ്മിയെവിടെയെന്ന് ചോദിച്ചില്ല. വീട്ടില്‍ ചെന്നപ്പോള്‍ വല്ല്യമ്മച്ചി ചോദിച്ചു "ദീനാമ്മ വന്നിലേടാ" "ഓ ഇല്ലമ്മച്ചി, അവള്ടെ ആശൂപത്രീല് ഇതൊക്കെ വല്യ ആഘോഷമാ."
സ്കൂള്‍ തുറന്നു ചെന്നപ്പോള്‍ പ്രിന്‍സിപ്പല്‍ ആൻസീനാമ്മ ചോദിച്ചു "എന്നാലും ഫിലിപ്പോസെ, പിറപ്പുകേടല്ലേടാ നീ കാണിച്ചേ കുര്‍ബ്ബാന സമയത്താണോടാ പള്ളി വാതിക്കെ കുടിച്ചു കൂത്താടുന്നെ?"
ആന്‍സീനാമ്മയ്ക്ക് അത് ചോദിക്കാം ഡാഡിയുടെ ഒരു ബന്ധുവാണവര്. ഡാഡിയൊന്നും പറഞ്ഞില്ല നേരെ ഒരു കവര്‍ പ്രിന്‍സിപ്പലിന്റെ കൈയ്യില്‍ കൊടുത്തു.
"പള്ളിക്കെന്തിനെങ്കിലും ഉപകരിക്കും" "പിന്നെ നിന്റെ നക്കാ പിച്ച കാശല്ലേ പള്ളിക്കുപകരിക്കാന്‍ പോണേ." "അല്ലാ ഇത് എത്രയുണ്ട്" സിസ്റ്റര്‍ നൂറിന്റെ കെട്ടുകള്‍ എണ്ണി നോക്കിയിട്ടു പറഞ്ഞു.
"ഇത് കൊണ്ട് വല്ല തൊഴുത്തും കെട്ടാം." "തൊഴുത്തെങ്കില്‍ തൊഴുത്ത് എന്നിട്ടതില്‍ കേറി കിടന്നോ" എന്നും പറഞ്ഞ് യാത്ര പോലും പറയാതെ ഡാഡി നേരെ കാറിലേയ്ക്ക് കയറി. ഒന്നു തിരിഞ്ഞു നോക്കുമെന്ന് കരുതി കുറച്ചു നേരം കൂടെ നിന്നു. കൈ വീശിയോ എന്ന് കാറിന്റെ പുക കാരണം കണ്ടില്ല.
"നീയെങ്ങും പോകരുത് ഞാന്‍ ഇതൊക്കെ ഒന്ന് മഠത്തില്‍ കൊണ്ട് പോയി വെയ്ക്കട്ടെ" എന്നും പറഞ്ഞ് സിസ്റ്റര്‍ ജെര്‍മി അവനെ അവിടെ ഇരുത്തിയിട്ട് പോയി. അവന്‍ ആകാശത്തേയ്ക്ക് നോക്കി. ഒരു പറ്റം തത്തകള്‍ കൂട്ടമായി പറക്കുന്നു. അവര്‍ എങ്ങോട്ടാകാം പോകുന്നത്. കാലിത്തൊഴുത്തില്‍ പിറക്കാന്‍ പോകുന്ന രാജകുമാരനെ കാണാനായിരിക്കും.
അതോ ഇനി ആ രാജകുമാരന്‍ ആ കൂട്ടത്തിലുണ്ടോ?
അമ്പഴത്തിലിരിക്കുന്ന കാക്കയെ അവന്‍ നോക്കി. കാക്കയ്ക്കതത്ര ഇഷ്ടപ്പെട്ടില്ല. അവന്‍ പതുക്കെ അതിനോട് ചങ്ങാത്തം കൂടാന്‍ ചെന്നു. തല ചരിച്ചൊന്നു നോക്കിയിട്ട് അത് പറന്ന് പോയി. "ഹോ എന്തൊരു ഗമ" അവന്‍ ഓര്‍ത്തു.
അവന്‍ സ്കൂളിന്റെ പുറകിലേയ്ക്ക് നടന്നു. അവിടെ പശുവിനു കൊടുക്കുവാന്‍ വളര്‍ത്തുന്ന പുല്ലിനിടയിലേയ്ക്ക് ഇറങ്ങി നടന്നു. പുല്‍ച്ചാടികളും ചെറുകിളികളും ചെറിയ ഓന്തുകളും നൂലോളം വലിപ്പമുള്ള കുഞ്ഞു പാമ്പുകളുമൊന്നും അവനെ ഗൗനിച്ചില്ല. എല്ലാവര്‍ക്കും ക്രിസ്തുമസിന്റെ രാവിന്റെ തിടുക്കം.
ആകാശത്തേയ്ക്ക് നോക്കിയവന്‍. നീണ്ട രാവിനായി തയാറെടുക്കുന്നു സന്ധ്യ. അവന്‍ പുല്ലിലേയ്ക്കമര്‍ന്ന് കിടന്നുറങ്ങി.
ആകാശത്തിന്റെ വാതിലുകളൊന്നൊന്നായി തുറക്കുന്നതവന്‍ കണ്ടു. മാലാഖമാര്‍ നൃത്തം ചെയ്യുന്നതും പാടുന്നതും അവന്‍ വ്യക്തമായി കണ്ടു. പാടാനറിയാത്ത അവനെ കളിയാക്കി അവരെന്തോ പറഞ്ഞു. അവനുണര്‍ന്നു.
"പള്ളിയില്‍ പോകുന്നില്ലേ" ആരോ ചോദിക്കുന്നു. അവന്‍ നോക്കി, ഒരു സ്ത്രീയാണ് "വരൂ നമുക്ക് പള്ളിയിലേയ്ക്ക് പോകാം" അവര്‍ മുന്‍പേ നടന്നു. അവരെത്തുമ്പോള്‍ പള്ളിയില്‍ നിന്നുമെല്ലാവരും പുറത്തേയ്ക്കിറങ്ങി വരുന്നുണ്ടായിരുന്നു. താന്‍ എത്ര നേരമുറങ്ങി? കണക്കു കൂട്ടാന്‍ അവന്‍ ഒരു ശ്രമം നടത്തി.
എല്ലാ വര്‍ഷവും പള്ളിയില്‍ കിടന്നുറങ്ങാറുള്ളതുകൊണ്ട് എല്ലാം കഴിയുന്ന സമയം അറിയാറില്ലല്ലോ എന്നവന്‍ ഓര്‍ത്തു. അവരവനേയും കൊണ്ട് പള്ളിയിലേയ്ക്ക് കയറാന്‍ പോയപ്പോള്‍ അവന്‍ കൈ വലിച്ചു. അവര്‍ ചോദ്യരൂപത്തില്‍ നോക്കി. അവന്‍ കൈ കുടഞ്ഞിറങ്ങി നടന്നു.
എന്നിട്ട് തിരിഞ്ഞു നോക്കാതെ ആള്‍ക്കൂട്ടത്തിനിടയിലൂടെ അവന്‍ ഓടി. ആദ്യമൊപ്പം .
പിന്നെ അവരില്‍ നിന്നും വേറിട്ട്.
"ഹേയ് നിൽക്കൂ"
ഒരു മാലാഖക്കുട്ടി, അവന്‍ ഒന്ന് നോക്കിയെങ്കിലും ഓട്ടം നിര്‍ത്തിയില്ല. .
"ഹേയ് നിൽക്കൂ" ആ മാലാഖ ഓടി അവനോടൊപ്പമെത്തി. അവന്‍ തളര്‍ന്നു വീണു.
അവന്റെ ശ്വാസം മന്ദഗതിയിലായി തുടങ്ങി. അവനാശ്വാസം തോന്നി. ആ മാലാഖയവനെ മടിയിലേയ്ക്ക് കിടത്തി.
"എന്തേ രാവ് പുലരാത്തത്" അവന്‍ ചോദിച്ചു. മാലാഖ മിണ്ടിയില്ല.
"എന്തേ ആകാശം ചുവക്കാത്തത്. എന്തേ രാവ് പുലരാത്തത്" മാലാഖയുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പി. എന്നിട്ട് പതുക്കെ അവനോട് പറഞ്ഞു
"നിനക്കല്ലേ അത് ചുവപ്പിക്കാന്‍ കഴിയൂ?" "ആ ചുവപ്പിനേ രാവിനെ പുലര്‍പ്പിക്കാന്‍ കഴിയൂ"
എങ്ങനെയെന്നവന്‍ ചോദിച്ചില്ല. പക്ഷേ അവന്റെ കണ്ണുകള്‍ തിളങ്ങി. മാലാഖയവനെ ചുംബിച്ചു. എന്നിട്ട് നനുത്ത വിരലുകള്‍ അവന്റെ നെഞ്ചിന്‍ കൂടിനുള്ളില്‍ കടത്തി ആരോ ഒരിക്കലവിടെ സൂക്ഷിച്ചു വെച്ച ഒരൽപം രക്തമെടുത്ത് ആകാശത്തേയ്ക്ക് വിതറി.
അപ്പോള്‍,
ഇടിമുഴക്കങ്ങള്‍ ഉണ്ടാകുന്നതും തീമഴ പെയ്യുന്നതും ആകാശം ചുവക്കുന്നതും രാവോടി മറയുന്നതും കിളികള്‍ പറന്നു തുടങ്ങുന്നതും മഞ്ഞുതുള്ളികള്‍ ഉണ്ടാകുന്നതും അതില്‍ സൂര്യ രശ്മികള്‍ അലിഞ്ഞിറങ്ങുന്നതും അവന്‍ കണ്ടു.
അവന്റെ കണ്ണില്‍ അലിവുണ്ടായിരുന്നു. അലിവ് മാത്രം.
Content Summary: Malayalam Short Story ' Marakkanavatha Christmas ' written by Manzoor Ahammed