ആദ്യ പടത്തിൽ തന്നെ ഡെലിവറി സീൻ, അതും കൊടും ഭീകരം: ‘മാർക്കോ’യിലെ ‘ഗർഭിണി’ ഇവിടുണ്ട്!

Mail This Article
മലയാളികൾക്ക് ഏറെ സുപരിചിതമായ ഗാനമാണ് പുലിവാൽ കല്യാണത്തിലെ ‘ഗുജറാത്തി കാൽത്തള കെട്ടിയ മലയാളിപ്പെണ്ണാണ് നീ’ എന്നത്. കൈതപ്രം എഴുതിവച്ചതു പോലൊരു നായിക മാർക്കോയിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ജന്മം കൊണ്ടു ഗുജറാത്തിയും ജീവിതം കൊണ്ടു മലയാളിയുമായ ദുർവ ഠാക്കർ. സിനിമയിൽ ഏറെ ചർച്ചയായ ഡെലിവറി സീൻ മാത്രം മതി ദുർവയുടെ റേഞ്ച് തിരിച്ചറിയാൻ! വിക്ടറിന്റെ കാമുകിയായ ഇഷയായി അസാമാന്യ പ്രകടനമാണ് ദുർവ കാഴ്ച വച്ചത്. ചെറുപ്പത്തിൽ മിസ് യൂണിവേഴ്സ് ആയും സൂപ്പർ മോഡലായും ഒരുപാടു തവണ ഫാൻസി ഡ്രസ് മത്സരത്തിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും സിനിമയോ അഭിനയമോ അന്നൊന്നും ദുർവയെ മോഹിപ്പിച്ചിട്ടില്ല. എന്നാൽ, അഭിനയവും സിനിമയും യാദൃച്ഛികമായി ദുർവയുടെ ജീവിതത്തിൽ സംഭവിക്കുകയായിരുന്നു. ആദ്യ സിനിമയുടെ വിശേഷങ്ങളുമായി ദുർവ ഠാക്കർ മനോരമ ഓൺലൈനിൽ.
തുടക്കം പരസ്യചിത്രത്തിൽ
ഞാൻ ഗുജറാത്തിയാണ്. മട്ടാഞ്ചേരിയിലെ ഒരു ഗുജറാത്തി കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. ഞാൻ ജനിച്ചത് ഗുജറാത്തിൽ ആണെങ്കിലും വളർന്നത് കൊച്ചിയിൽ തന്നെയാണ്. വീട്ടിൽ എല്ലാവരും ഗുജറാത്തിയാണ് സംസാരിക്കുക. പക്ഷേ, മലയാളവും എനിക്ക് അറിയാം. മട്ടാഞ്ചേരിയിലെ ഗുജറാത്തി സ്കൂളിലാണ് 12 വരെ പഠിച്ചത്. പിന്നീട് ചിന്മയ കോളജിൽ നിന്ന് ഡിഗ്രി എടുത്തു. ചെറുപ്പത്തിലെ അഭിനയഭ്രമം ഉണ്ടായിരുന്നില്ല. കോളജിൽ പഠിക്കുമ്പോൾ തിയറ്റർ ക്ലബിലൊക്കെ സജീവമായിരുന്നു. അങ്ങനെയാണ് ഈ മേഖലയോട് ഇഷ്ടം തോന്നിത്തുടങ്ങിയത്. ഒരു ഇവന്റ് കമ്പനിക്കൊപ്പം രണ്ടു വർഷം ജോലി ചെയ്തു. പിന്നീടാണ് പരസ്യചിത്രങ്ങൾ ചെയ്യാൻ അവസരം ലഭിച്ചത്. ഒരു ഇലക്ട്രിക് സ്കൂട്ടറിന്റെ പരസ്യത്തിലൂടെയാണ് തുടക്കം. പിന്നീട് ധാരാളം പരസ്യം ചെയ്തു. അവിടെ നിന്നാണ് മാർക്കോ സിനിമയുടെ കാസ്റ്റിങ് ഡയറക്ടർ അനീഷിനെ പരിചയപ്പെടുന്നതും ഈ സിനിമയിൽ അവസരം ലഭിക്കുന്നതും.

മാർക്കോയിലേക്ക്
ഫോണിലൂടെയാണ് സിനിമയുടെ നരേഷൻ ഞാൻ ആദ്യമായി കേൾക്കുന്നത്. സിനിമയുടെ അസോഷ്യേറ്റ് ആയിരുന്ന ഹരി ചേട്ടനാണ് എന്നോടു കഥ പറയുന്നത്. അദ്ദേഹം പറഞ്ഞത്, ഇത് ഒത്തിരി വയലൻസ് ഉള്ള സിനിമയാണെങ്കിലും സിനിമയുടെ സത്ത അതിലെ ഇമോഷൻസാണ് എന്നാണ്. അപ്പോൾ തന്നെ ഞാൻ ഈ കഥാപാത്രവുമായി കണക്ട് ആയി. എല്ലാവർക്കും പ്രത്യേകിച്ച് സ്ത്രീകൾക്ക് ഈ കഥാപാത്രത്തിന്റെ വേദന പെട്ടെന്ന് ഫീൽ ചെയ്യാൻ കഴിയും. അതൊരു നല്ല തുടക്കമാകുമെന്ന് തോന്നി. അങ്ങനെയാണ് സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്.

ആ സീൻ എടുത്തപ്പോൾ
ആദ്യ പടത്തിൽ തന്നെ ഡെലിവറി സീൻ ആണ് ചെയ്യേണ്ടി വന്നത്. അതും നല്ല വയലൻസ് ഉള്ള സീൻ! ശരിക്കും വലിയ ചാലഞ്ച് ആയിരുന്നു അത്. ഈ സീൻ എടുക്കുന്ന സമയത്ത് ഒരു ഡോക്ടർ സെറ്റിലുണ്ടായിരുന്നു. അതു നല്ല രീതിയിൽ സഹായിച്ചു. എങ്ങനൊണ് ഒരു റിയൽ ഡെലിവറി എന്നൊക്കെ വിശദമായി പറഞ്ഞു തന്നു. അതുകൊണ്ടാണ് അത്രയും റിയൽ ആയിത്തന്നെ ചെയ്യാൻ കഴിഞ്ഞത്. ആകെ ചോരയിൽ കുളിച്ചൊരു ബെഡിലാണ് കിടക്കുന്നത്. ആ മുറിയുടെ ഫീൽ തന്നെ ആകെ ഡാർക്ക് ആയിരുന്നു. അതിന്റെ കൂടെ എനിക്ക് ഡങ്കിപ്പനിയും! 103 ഡിഗ്രി പനിച്ചിരിക്കുമ്പോഴായിരുന്നു ഷൂട്ട്. കാരവാനിൽ ഞാൻ വയ്യാതെ കിടക്കുകയായിരുന്നു. ഷോട്ട് റെഡി ആകുന്നതിനു മുൻപെ സംവിധായകൻ കാരാവാനിലേക്കു വന്ന് എന്നെ കണ്ടു. എന്റെ കോലം കണ്ടിട്ട്, അദ്ദേഹം പറഞ്ഞു, ‘ഇതു കറക്ടാ... മുഖത്തിന് ആ ക്ഷീണം ഒറിജിനൽ ആയി തന്നെയുണ്ട്,’ എന്ന്. അങ്ങനെയാണ് ആ സീൻ എടുക്കുന്നത്. ആ സമയത്ത് നിർമാതാവിന്റെ ഭാര്യയും സെറ്റിലുണ്ടായിരുന്നു. അവർ ഗർഭിണി ആയിരുന്നു. ഈ സീൻ എടുക്കുന്നത് കാണാൻ വയ്യാതെ അവർ മാറി ഇരുന്നു.

സിനിമ കണ്ട് മമ്മി കരഞ്ഞു
ആ സീൻ സിനിമയിൽ കണ്ടിട്ട് എന്റെ മമ്മി വലിയ കരച്ചിലായിരുന്നു. പപ്പ പിന്നെയും പിടിച്ചു നിന്നു. ഇത് ശരിക്കും അനുഭവിച്ച ഫീലായിരുന്നു മമ്മിക്ക്. സെറ്റിൽ ഞാൻ ഇവരെ ആരെയും കൊണ്ടു പോയിരുന്നില്ല. എനിക്കും പെർഫോം ചെയ്യാൻ അതാണ് സൗകര്യം. നോർമൽ ഷൂട്ട് ആണെങ്കിൽ പിന്നെയും ഓകെയാണ്. പക്ഷേ, മാർക്കോ പോലൊരു വയലന്റ് ഫിലിം മേക്കിങ് കാണുന്നത് കുറച്ചു ബുദ്ധിമുട്ടാവുമല്ലോ.

ഉണ്ണി മുകുന്ദന്റെ ഗുജറാത്തി വർത്തമാനം
മൂന്നാറിൽ വച്ചായിരുന്നു പൂജ. അവിടെ വച്ചായിരുന്നു എന്റെയും ആദ്യ ഷോട്ട്. വിക്ടർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഇഷാനെയും അവിടെ വച്ചാണ് പരിചയപ്പെടുന്നത്. ആദ്യം ഞങ്ങളുടെ കുറച്ച് സോങ് കട്ട്സ് ആണ് എടുത്തത്. സന്തോഷമുള്ള നിമിഷങ്ങൾ! ഞങ്ങൾ രണ്ടു പേരും പുതിയ ആളുകൾ ആയതുകൊണ്ട് ഒരേ തരം ടെൻഷനും കൗതുകങ്ങളുമായിരുന്നു. ഞങ്ങൾ സംസാരിച്ചിരിക്കുമ്പോൾ ഉണ്ണി ചേട്ടൻ ഇങ്ങോട്ടു വന്നു പരിചയപ്പെട്ടു. വളരെ വിനയമുള്ള വ്യക്തിയാണ് അദ്ദേഹം. മാർക്കോയിലെ കോസ്റ്റ്യൂമിൽ ആദ്യ ഷോട്ട് കൊടുത്തിട്ടാണ് അദ്ദേഹം വന്നിരിക്കുന്നത്. ആ ഗെറ്റപ്പിലാണ് ഞങ്ങളോടു വന്നു സംസാരിച്ചത്. ഞാൻ ഗുജറാത്തി ആണെന്നു പറഞ്ഞപ്പോൾ അദ്ദേഹം എന്നോടു ഗുജറാത്തിയിൽ സംസാരിച്ചു. ഞാൻ സൂപ്പർ ഹാപ്പിയായിരുന്നു. ഉണ്ണി ചേട്ടനോടു സംസാരിച്ചപ്പോൾ നല്ല ആത്മവിശ്വാസം തോന്നി. അത് സിനിമയിൽ ശരിക്കും സഹായിച്ചു. ഷൂട്ടിന്റെ ഇടവേളയിൽ ഞങ്ങൾ ഒരുമിച്ചിരുന്ന് സംസാരിക്കുമായിരുന്നു. അഭിനയം, ഫിറ്റനസ്, സിനിമ എന്നിവയൊക്കെയായിരുന്നു ഞങ്ങളുടെ വിഷയങ്ങൾ. മൂന്നാറിലായിരുന്നു ഒരുമിച്ച് കൂടുതൽ സമയം കിട്ടിയത്.

പ്രതികരണം പ്രതീക്ഷകൾക്കും അപ്പുറത്ത്
തിയറ്ററിൽ സിനിമ വന്നപ്പോഴുള്ള പ്രതികരണം എന്റെ പ്രതീക്ഷയ്ക്കും അപ്പുറത്തായിരുന്നു. സിനിമ കാണുന്നതിന്റെ ഫോട്ടോയെല്ലാം വച്ചായിരുന്നു പലരും മെസജ് അയച്ചത്. ആദ്യം കുറച്ചു ഹാപ്പി സീനുകൾ ആണല്ലോ. അവസാനത്തെ ട്വിസ്റ്റ് ആരും പ്രതീക്ഷിച്ചില്ല. അതു പലരെയും ഞെട്ടിച്ചു. നാട്ടിൽ നിന്നു മാത്രമല്ല ഗുജറാത്തിൽ നിന്നും ഉത്തരേന്ത്യയിൽ നിന്നും നല്ല പ്രതികരണങ്ങൾ കിട്ടി. എന്നെ നേരിൽ അറിയാത്തവർ പോലും ഇൻസ്റ്റയിൽ മെസജ് അയച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. ആദ്യം പടം തന്നെ 100 കോടി ക്ലബിൽ ഇടം നേടിയതിന്റെ സന്തോഷം വാക്കുകളിൽ വിവരിക്കാൻ അറിയില്ല.

അഭിനയം തുടരും
പരസ്യചിത്രങ്ങൾക്കൊപ്പം അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ആഗ്രഹിക്കുന്നത്. ഓഫറുകൾ വരുന്നുണ്ട്. സുഹൃത്തുക്കളുടെ സഹായത്തോടെ നല്ല സിനിമകൾ തിരഞ്ഞെടുക്കാനാണ് ശ്രമിക്കുന്നത്. കാരണം, എന്നെക്കാൾ മലയാള സിനിമകൾ കണ്ടു പരിചയമുള്ളത് സുഹൃത്തുക്കൾക്കാണ്. ഞാൻ ശരിക്കും ഗൗരവമായി മലയാള സിനിമകൾ കണ്ടു തുടങ്ങിയിട്ട് രണ്ടു വർഷമെ ആകുന്നുള്ളൂ. സുഹൃത്തുക്കൾ കുറെ പഴയ സിനിമകൾ റഫർ ചെയ്യാറുണ്ട്. അതെല്ലാം ഇരുന്നു കാണണം.