ഇതാണ് സ്ലീവാച്ചന്റെ ‘മാലാഖ’; വീണ നന്ദകുമാർ അഭിമുഖം
Mail This Article
സിവിൽ സർവീസ് ആയിരുന്നു വീണ നന്ദകുമാർ എന്ന ഇംഗ്ലിഷ് ബിരുദക്കാരിയുടെ ജീവിത ലക്ഷ്യം. ബാങ്കിൽ ജോലി ചെയ്തു കൊണ്ടു തന്നെ അതിനായി തകർത്തു പഠിക്കുന്നതിനിടെയാണു ‘സ്ലീവാച്ചന്റെ കെട്ട്യോൾ’ ആകാനുള്ള വിളി വന്നത്.
മുംബൈയിൽ ജനിച്ചു വളർന്ന ‘മെട്രോ ഗേൾ’ സ്ക്രീനിൽ തനി നാടൻ പെൺകുട്ടിയായപ്പോൾ മലയാളികൾക്കു ‘മാലാഖ’യായി. തിയറ്ററുകളിൽ ‘കെട്ട്യോളാണ് എന്റെ മാലാഖ’ കയ്യടി തീർക്കുമ്പോൾ വീണ ആഹ്ലാദത്തിലാണ്. സിനിമയിലേക്കുള്ള രണ്ടാം വരവു പൊലിച്ചതിന്റെ സന്തോഷം വാക്കുകളിൽ.
മലയാളം സൂപ്പറാണല്ലോ?
വീട്ടിൽ മലയാളം മാത്രം മതി എന്ന് അച്ഛനും അമ്മയ്ക്കും നിർബന്ധമായിരുന്നു. അതുകൊണ്ടു ഞാനും സഹോദരനും നന്നായി മലയാളം പറയും.
രണ്ടാം വരവാണ്?
അതെ, സെന്തിൽരാജിന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ കടംകഥയായിരുന്നു ആദ്യ ചിത്രം. വിനയ് ഫോർട്, ജോജു ജോർജ് എന്നിവരായിരുന്നു നായകൻമാർ.
ആദ്യ ചിത്രത്തിൽ അത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതുകൊണ്ടു തന്നെയാകാം 2 വർഷത്തെ ഇടവേളയുണ്ടായത്. ഇപ്പോൾ ഒരുപാടു പേർ വിളിക്കുന്നു, അഭിനന്ദിക്കുന്നു. സന്തോഷമായി. ഇനി സിനിമയിൽ ഉറച്ചു നിൽക്കാനാണ് ആഗ്രഹം.
സ്ലീവാച്ചന്റെ കെട്ട്യോൾ?
ശരിക്കുള്ള ഞാനുമായി ഒരു ബന്ധവുമില്ലാത്ത ഒരു വേഷമായിരുന്നു. ശരീരഭാഷയിലും ചിന്തകളിലും ഗെറ്റ്അപ്പിലുമൊക്കെ തികച്ചും വ്യത്യസ്തമായ കഥാപാത്രം. സംവിധായകനും ആസിഫ് അലിയും ഉൾപ്പെടെയുള്ളവർ നന്നായി സഹായിച്ചു.
സിവിൽ സർവീസ്?
സമൂഹത്തിനായി എന്തെങ്കിലും ചെയ്യണം എന്ന ആഗ്രഹമായിരുന്നു സിവിൽ സർവീസ് മോഹത്തിനു പിന്നിൽ. എന്നാൽ അഭിനയ മേഖലയും പല നല്ല കാര്യങ്ങളും ചെയ്യാനും ഒരുപാടു പേർക്കു പ്രചോദനമാകാനും കഴിയുന്ന മേഖലയാണ്.
ഇഷ്ടങ്ങൾ?
പാട്ടിനോടാണു പ്രണയം. പാടും. പാട്ടു കേൾക്കും. പിന്നെ, സിനിമകൾ ഏറെ കാണും. ത്രില്ലറുകളാണ് ഇഷ്ടം.