ADVERTISEMENT

എന്റെ കൂട്ടുകാർക്കെല്ലാം ജോലിയും ബിസിനസുമുണ്ടായിരുന്ന കാലം. അന്നു ഇരിങ്ങാലക്കുട പാർക്കിൽ ഇരിക്കുന്ന സംഘത്തിൽ ജോലിയും കൂലിയും ഇല്ലാത്തത് എനിക്കു മാത്രം. ഒരു ദിവസം കൂട്ടുകാരെല്ലാവരും കൂടി എന്നെ കളിയാക്കി ചോദിച്ചു ‘നിനക്കു വിദ്യാഭ്യാസവും കുറവ്, പണിയെടുക്കാനും അറിയില്ല. എന്നാൽ പോയി ഇലക്‌ഷനു നിന്നു കൂടെടാ എന്ന്. ’ മുൻസിപ്പൽ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സമയമാണ്. എനിക്കു രാത്രി കിടന്നിട്ടുറക്കം വന്നില്ല. കളിയാക്കലിന്റെ വേദന ഒരു ഭാഗത്ത്. 

 

കൗൺസിലർമാരുടെ അന്നത്തെ പ്രധാന ജോലി തർക്കങ്ങളിൽ മധ്യസ്ഥം വഹിക്കലാണ്. കല്യാണത്തിനുപോകലോ മരിച്ച വീട്ടിൽ പോകലോ അല്ല. അതുകൊണ്ടുതന്നെ മധ്യസ്ഥക്കാരനെ എല്ലാവർക്കും വിലയുണ്ടാകും. നാട്ടിൽ എല്ലാവരുടെയും മുന്നിൽ ഒരു വില വേണമെന്ന് എനിക്കും തോന്നി. ചെയ്ത ബിസിനസുകൾ പലതും പൊട്ടിയതിനാൽ ആ വഴിക്കു ചിന്തിക്കാനാകില്ല. 5 വർഷത്തേക്കാണെങ്കിലും ഒരു പണിയായല്ലോ. രാഷ്ട്രീയമോ തിരഞ്ഞെടുപ്പോ ഒന്നും അറിയില്ലെങ്കിലും പിറ്റേ ദിവസം എല്ലാവരെയും ഞെട്ടിച്ചു കൊണ്ടു ഞാൻ പ്രഖ്യാപിച്ചു ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോകുന്നുവെന്ന്. അതോടെ എല്ലാവർക്കും ആവേശമായി. കുറച്ചു ദിവസത്തേക്ക് ഒരു വിഷയമായല്ലോ.

 

ഇടതുമുന്നണിയോടു പോയി പിന്തുണ ചോദിക്കാൻ തീരുമാനിച്ചു. മുന്നണിയിലെ എല്ലാവർക്കും സമ്മതമായി. എന്നാൽ പിറ്റേ ദിവസം അവർ പറഞ്ഞു, മുന്നണി ഈ ആവശ്യം തള്ളിയെന്ന്. കാരണം, അതിലെ ജനതാ പാർട്ടിക്കാർ എന്നെ മത്സരിപ്പിക്കാൻ സമ്മതിച്ചില്ല. അന്ന് എന്റെ വീടിനടുത്തു 6 ജനതാ പാർട്ടിക്കാരാണുള്ളത്. എല്ലാം ഒരേ വീട്ടുകാർ. ചില ദിവസം ഇവർ കൊടി പിടിച്ചു പ്രകടനം നടത്തും. ഒരു ദിവസംഞാൻ അവരെ തടഞ്ഞു നിർത്തി പറഞ്ഞു, നിങ്ങൾ ഇങ്ങനെ പകൽ പ്രകടനം നടത്തേണ്ട. എല്ലാവരും രണ്ടു കൈകളിലും പന്തം പിടിച്ചു രാത്രി പ്രകടനം നടത്തിയാൽ 12 ആളുടെ ജാഥയാണെന്നു തോന്നും. 6 ആളെ ഉള്ളുവെന്ന് ആരും അറിയുകയുമില്ല. ഒരാവശ്യവുമില്ലാതെ പറഞ്ഞതാണ്. അത് എനിക്ക് പാരയായി. അങ്ങനെ 6 പേർ ചേർന്ന് എനിക്കു സീറ്റു നിഷേധിച്ചു. അതോടെ വാശിയായി. അതുവരെ തമാശയായിരുന്നു.

 

ഞാൻ സ്വതന്ത്രനായി നിന്നു. അതോടെ കോൺഗ്രസുകാർ പിന്തുണയുമായി എത്തി. 4 പേർ എനിക്കെതിരെ മത്സരിച്ചുവെങ്കിലും ഞാൻ 102 വോട്ടിനു വിജയിച്ചു. 40 വർഷത്തോളം മുൻപുള്ള കാര്യമാണിത്. അന്ന് നാട്ടുകാർ എന്നെ ജയിപ്പിച്ചത് വേറെ ഒരു പണിയുമില്ലാത്തതിനാൽ എപ്പോൾ വിളിച്ചാലും കിട്ടുന്ന ഒരാൾ എന്ന നിലയ്ക്കു കൂടിയാകാനിടയുണ്ട്. കാരണം, മത്സരിച്ച എല്ലാവർക്കും അവരുടെ രാഷ്ട്രീയ പാർട്ടിയുടെ ജോലിയെങ്കിലും ചെയ്യണ്ടെ. ഇന്നസന്റു ജയിച്ചാൽ അതും വേണ്ടല്ലോ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com