യൂണിഫോമിടാത്ത ആ പൊലീസുകാരൻ; കണ്ണൂർ സ്െപഷൽ ബ്രാഞ്ച് എസ്ഐ ശിവദാസ്

Mail This Article
മട്ടന്നൂരിൽ നിന്ന് പതികാലത്തിൽ തുടങ്ങിയ മേളം കൊട്ടിക്കയറി മലയാളി മനസ്സിന്റെ ബിഗ് സ്ക്രീനിൽ ദ്രുതതാളത്തിലെത്തിച്ചിരിക്കുകയാണ് ശിവദാസ് കണ്ണൂർ എന്ന പൊലീസുകാരൻ അല്ല, നടൻ. ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറന്മൂടും തകർത്തഭിനയിച്ച തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രം കണ്ടിറിങ്ങിയവരുടെ മനസ്സിൽ ഇടംപിടിച്ച ഒരു ‘റൈറ്ററു’ണ്ട്. സിനിമയിൽ കണ്ണൂർ ശൈലിയിൽ സംസാരിച്ച, യൂണിഫോമിടാത്ത ആ പൊലീസുകാരൻ. അയാൾ ഇവിടെ കണ്ണൂരിൽ തന്നെയുണ്ട്. സിനിമയിലെ പോലെ യൂണിഫോമിടാതെ ജനങ്ങൾക്കിടയിൽ നിൽക്കുന്ന പൊലീസുകാരൻ. കണ്ണൂർ സ്െപഷൽ ബ്രാഞ്ച് എസ്ഐ ശിവദാസ് കണ്ണൂർ.


തൊണ്ടിമുതലിൽ തുടങ്ങി പ്രീസ്റ്റ് വരെയുള്ള 26 സിനിമകളിൽ തന്റേതായ ഇടം അടയാളപ്പെടുത്തിയിരിക്കുകയാണ് ശിവദാസ്. തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ശിവദാസിന്റെ പേരില്ലാത്ത കഥാപാത്രത്തെ യൂണിഫോമിടാത്ത പൊലീസുകാരൻ എന്നു വിളിച്ചു.

സിനിമയിലെത്തും മുൻപ് കലയുമായി ആകെയുള്ള ബന്ധം മട്ടന്നൂർ പഞ്ചവാദ്യ സംഘത്തിൽ അംഗമായിരുന്നു എന്നതാണ്. പിന്നെ മട്ടന്നൂർ കോളജ് മാഗസിൻ എഡിറ്ററായി. ആ വർഷം കാലിക്കറ്റ് സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ ഏറ്റവും മികച്ച മാഗസിനായി തിരഞ്ഞെടുത്തതും ശിവദാസൻ എഡിറ്ററായ മാഗസിൻ ആയിരുന്നു. പൊലീസ് കലാമേളകളിൽ ശിവദാസ് തന്നെയായിരുന്നു മേളത്തിൽ ഒന്നാമൻ. അഭിനയത്തിൽ ആദ്യത്തെ അനുഭവമായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും.
സിനിമയിലേക്കു താരങ്ങളെ കണ്ടെത്താൻ വേണ്ടി നടത്തിയ ഓഡിഷനിൽ എഴുന്നൂറോളം പേരിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ടയാളായിരുന്നു ശിവദാസ്. സ്വതന്ത്രമായി അഭിനയിക്കാൻ ആദ്യ സിനിമയിൽ തന്നെ ദിലീഷ് പോത്തൻ നൽകിയ സ്വാതന്ത്ര്യമായിരുന്നു കഥാപാത്രത്തെ ഇത്രയേറെ മികവുറ്റതാക്കാൻ ശിവദാസിനായത്. ചെയ്യുന്ന കഥാപാത്രങ്ങളെല്ലാം സ്വാഭാവികമാക്കാൻ ശിവദാസും പരമാവധി ശ്രമിക്കുന്നുണ്ട്.
മമ്മുട്ടി, ഫഹദ് ഫാസിൽ, പ്രകാശ് രാജ്, നിവിൻപോളി, സുരാജ് വെഞ്ഞാറന്മൂട് തുടങ്ങി ഒട്ടേറെ നായകരുടെ കൂടെ നിഴലായി പ്രവർത്തിച്ചു കഴിഞ്ഞു. കക്ഷി അമ്മിണിപിള്ള, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, അതിരൻ, ഓട്ടർഷ, പ്രീസ്റ്റ് ഇങ്ങനെ നീളുന്നു ശിവദാസിന്റെ വിജയ സാന്നിധ്യം. കനകം കാമിനി കലഹം, തുറമുഖം, അവിയൽ, ഹിഗ്വിറ്റ തുടങ്ങിയ ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുങ്ങിക്കഴിഞ്ഞു.