പാർവതിയെയും ശോഭനയെയും പിന്നിലാക്കി അന്ന ബെൻ; ജൂറിയുടെ വിലയിരുത്തൽ

Mail This Article
നടി അന്ന ബെന്നിന് രണ്ടാം തവണയാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിക്കുന്നത്. കഴിഞ്ഞ വർഷം 'ഹെലൻ' സിനിമയിലെ പ്രകടനത്തിന് പ്രത്യേക ജൂറി പരാമർശം നടി നേടിയിരുന്നു.ജീവിതത്തിൽ നിരവധി വിഷമ സന്ധികളെ അഭിമുഖീകരിക്കേണ്ടിവരുന്ന ഒരു പെൺകുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീര ഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്കരിച്ചതിനാണ് അന്ന ബെന്നിനെ മികച്ച നടിയായി തിരഞ്ഞെടുത്തിരിക്കുന്നത്.
നിമിഷ സജയൻ, പാര്‍വതി തിരുവോത്ത്, ശോഭന തുടങ്ങിയവരെ പിന്തള്ളിക്കൊണ്ടായിരുന്നു അന്ന മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1,00,000 രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്.
മുസ്തഫയുടെ സംവിധാനത്തിൽ 2020 മാർച്ചിൽ പുറത്തിറങ്ങിയ ചിത്രമാണ് കപ്പേള. റോഷൻ മാത്യു, ശ്രീനാഥ് ഭാസി, എന്നിവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ചിത്രം അതിന്റെ ആഖ്യാനശൈലിയിലും, കഥാപാത്രങ്ങളെ വെളിവാക്കുന്ന രീതിയിലും പുതുമ നിലനിർത്തി.
വയനാട്ടിലെ ഒരു ഗ്രാമത്തിലെ ജെസ്സി എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. സാമ്പത്തികമായി പിന്നോട്ടു നിൽക്കുന്ന കുടുംബത്തിലെ, കൂലിപ്പണിക്കാരനായ അച്ഛന്‍റെ മകളായ ജെസ്സി യാദൃശ്ചികമായി വിഷ്ണു എന്ന ചെറുപ്പക്കാരനുമായി ഫോണിൽ കൂടി അടുക്കുന്നു.
തനി നാട്ടിൻപുറത്തുകാരിയായ, സ്മാർട്ട് ഫോൺ ഇല്ലാത്ത, കടൽ കണ്ടിട്ടില്ലാത്ത ജെസ്സി തന്റെ കാമുകനെ ആദ്യമായി കണ്ടു പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ ഒറ്റയ്ക്ക് ഒരു ദിവസം കോഴിക്കോട് പട്ടണത്തിലേക്കു ബസ് കയറുന്നു. പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.