കെപിഎസി ലളിതയ്ക്കെതിരായ പ്രതിഷേധങ്ങൾ സംസ്കാര ശൂന്യം: കെ.ബി. ഗണേശ് കുമാർ

Mail This Article
നടി കെപിഎസി ലളിതയ്ക്ക് സർക്കാർ ചികിത്സാ ധനസഹായം നല്‍കുന്നതിനെ അനുകൂലിച്ച് കെ.ബി. ഗണേശ് കുമാർ എംഎൽഎ. കെപിഎസി ലളിതയ്ക്കു ചികിത്സ നൽക്കുന്നത് രാഷ്ട്രീയവൽക്കരിക്കുന്നതും അധിക്ഷേപിക്കുന്നതും ശരിയായ പ്രവണതയല്ലെന്നും പ്രതിഷേധങ്ങൾ സംസ്കാര ശൂന്യമാണെന്നും ഗണേശ് കുമാര്‍ പറഞ്ഞു.
‘ഒരു കലാകാരിയാണവര്‍, അവര്‍ക്ക് ഒരുപാട് സാമ്പത്തിക ബാധ്യതയുണ്ട്. നിലവില്‍ സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍റെ പദവി വഹിക്കുന്ന കെ.പി.എ.സി ലളിത സര്‍ക്കാര്‍ ചികിത്സാ സഹായം ലഭിക്കാന്‍ യോഗ്യയാണ്. ജഗതിക്കും തിലകനും ഉൾപ്പെടെ നിരവധി കലാകാരന്മാർക്ക് മുമ്പ് ധനസഹായം നല്കിയിട്ടുണ്ട്.’–ഗണേശ് കുമാര്‍ പറഞ്ഞു
നമ്മള്‍ ആദരിക്കുന്നവരും സ്നേഹിക്കുന്നവരുമാണ് കലാകാരന്മാര്‍. അവര്‍ക്ക് ഒരാപത്ത് വരുമ്പോള്‍ വീട്ടില്‍ കാശുണ്ടോ എന്ന് അന്വേഷിക്കുന്നത് മര്യാദകേടാണ്. ചികിത്സാ സഹായം നല്‍കുന്നതിനെ എതിര്‍ക്കുന്നത് ഇടുങ്ങിയ ചിന്താഗതിക്കാരന്‍റെ വക്ര ബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് കെ.പി.എ.സി ലളിത. നിലവില്‍ ലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. കലാകാരി എന്ന നിലയ്ക്കാണ് ലളിതയ്ക്ക് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചതെന്നും കലാകാരന്മാര്‍ കേരളത്തിന് മുതല്‍കൂട്ടാണെന്നും കഴിഞ്ഞ ദിവസം മന്ത്രി വി. അബ്ദുറഹ്‌മാന്‍ വ്യക്തമാക്കിയിരുന്നു.