5 നായികമാർ, 5 കഥാപാത്രങ്ങൾ; ചർച്ചയാകാൻ ‘ഹെര്‍’ വരുന്നു

Mail This Article
ഉർവശി, ഐശ്വര്യ രാജേഷ്, പാർവതി തിരുവോത്ത്, ലിജോ മോൾ ജോസ്, രമ്യ നമ്പീശൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഹെര്‍ സിനിമയുടെ ഫസ്റ്റ്ലുക്ക് എത്തി. ജീവിതത്തിന്‍റെ വിവിധ തുറകളിലുള്ള 5 സ്ത്രീകളുടെ കഥകൾ ഉൾക്കൊള്ളുന്ന ചിത്രത്തിന്‍റെ സംവിധാനം ലിജിൻ ജോസാണ്. നിർമാണം അനീഷ് എം. തോമസ്, അർച്ചന വാസുദേവാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫ്രൈഡേ ,ലോ പോയിൻ്റ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് ലിജിന്‍.
ശാന്തയായി ഉര്‍വ്വശിയും രുചിയായി പാര്‍വതിയും രേഷ്മയായി രമ്യാ നമ്പീശനും എത്തുമ്പോൾ അനാമിക എന്ന കഥാപാത്രമായിട്ടാണ് ഐശ്വര്യ രാജേഷ് എത്തുന്നത്. അഭിനയ എന്ന കഥാപാത്രമായാണ് ലിജോ മോള്‍ എത്തുക. ചിത്രത്തിലെ പ്രധാന പുരുഷ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പ്രതാപ് പോത്തനും ഗുരു സോമസുന്ദരവും രാജേഷ് മാധവനുമാണ്.
വ്യത്യസ്ഥ സാഹചര്യങ്ങളിൽ ജീവിക്കുന്ന അഞ്ചു സ്ത്രീകൾ ഇവർ അഞ്ചു പേരും ഒരു പോയിൻ്റിൽ എത്തിച്ചേരുന്നതും അതിലൂടെ ഇവരുടെ ജീവിതത്തിൽ അരങ്ങേറുന്നതുമായ സംഭവങ്ങളാണ് കാലിക പ്രാധാന്യമായ ജീവിത സാഹചര്യങ്ങളിലൂടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
ഉർവശി തിയറ്റേഴ്‌സിന്‍റെ ബാനറിൽ സഹനിർമാതാവായി തൊണ്ടിമുതലും ദൃക്‌സാക്ഷിയും, നീ കോ ഞാ ചാ, സത്യം പറഞ്ഞാൽ വിശ്വസിക്കുവോ? തുടങ്ങി നിരവധി ബ്ലോക്ക്ബസ്റ്ററുകളുടെ ഭാഗമായ അനീഷ് എം. തോമസിന്‍റെ ആദ്യത്തെ സ്വതന്ത്ര പ്രൊജക്റ്റാണ് 'ഹെർ'. ഫ്രൈഡേ, ലോ പോയിന്റ്, ചേര എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജിന്‍ ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.ലിജിന്‍റെ മൂന്നാമത്തെ ചിത്രമായ 'ചേര'യുടെ ചിത്രീകരണം പൂർത്തിയായി വരുന്നു. ചിത്രത്തിന്‍റെ രചയിതാവ് അർച്ചന വാസുദേവ് ഇന്ത്യ ഫിലിം പ്രോജക്റ്റിനായി 'ആത്മനിർഭർ' എന്ന ഹ്രസ്വചിത്രം എഴുതിയിട്ടുണ്ട്.
ചന്ദ്രു സെൽവരാജ് ഛായാഗ്രഹണവും കിരൺ ദാസ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ഗോവിന്ദ് വസന്തയാണ് സംഗീതം. സമീറ സനീഷ് വസ്ത്രാലങ്കാരം, ഹംസ കലാ സംവിധാനം, ഷിബു ജി. സുശീലനാണ് പ്രൊഡക്‌ഷൻ കൺട്രോളർ.