നെഞ്ചിലേക്ക് 3 തവണ സ്വയം വെടിവച്ച എസ്ഐ പാനൂർ സോമൻ; സിബിഐ തോറ്റ കേസ്, ഇരട്ടയിലെ ട്വിസ്റ്റ്!
Mail This Article
നെഞ്ചിലേക്ക് മൂന്നുപ്രാവശ്യം വെടിയുതിർത്ത് ഒരാൾക്ക് ആത്മഹത്യ ചെയ്യാൻ സാധിക്കുമോ? കേരളം ഒന്നടങ്കം സംശയിച്ച; സാധിക്കില്ലെന്ന് സിബിഐയും കോടതിയും വിധിയെഴുതിയ, പിന്നീട് തിരുത്തിയ ഒരു കേസ് പറഞ്ഞുതരും അതിനുത്തരം. 42 വർഷങ്ങൾക്കു മുൻപു നടന്ന, ഏറെ കോളിളക്കം സൃഷ്ടിച്ച പാനൂർ സോമൻ കേസ്! ജോജു ജോർജ് നായകനായ ‘ഇരട്ട’ എന്ന സിനിമയിലെ ക്ലൈമാക്സ് സോമൻ കേസിനെ വീണ്ടും മലയാളികളുടെ ഓർമകളിലേക്കെത്തിക്കുന്നു. 1981 മാർച്ച് 12ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടടുത്ത്, കണ്ണൂർ ജില്ലയിലെ പാനൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന ജോർജ് സോമൻ സർവീസ് റിവോൾവറിൽ നിന്നുതിർന്ന വെടിയേറ്റു മരിച്ചു. 3 വെടിയുണ്ടയാണു നെഞ്ചിൽ തറച്ചത്. ഹെഡ് കോൺസ്റ്റബിൾ ഉൾപ്പെടെ ആറോളം പൊലീസുകാർ സ്റ്റേഷനിലുള്ളപ്പോൾ നടന്ന ഈ സംഭവം കൊലപാതകമാണെന്ന് പലരും ആദ്യമേ വിധിയെഴുതി. ആദ്യം കേസന്വേഷിച്ച ക്രൈംബ്രാഞ്ച് ആത്മഹത്യയാണെന്ന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ പിന്നീട് അന്വേഷിച്ച സിബിഐ ഇത് കൊലപാതകമാണെന്നു സ്ഥാപിച്ച് സ്റ്റേഷനിലുണ്ടായിരുന്ന 7 പൊലീസുകാർക്കെതിരെ കൊലക്കുറ്റം,ഗൂഢാലോചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു. 3 പൊലീസുകാർക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ച് തലശ്ശേരി സെഷൻസ് കോടതിയുടെ വിധി. ഹൈക്കോടതിയിലെത്തിയപ്പോൾ ആദ്യം വധശിക്ഷ വിധിക്കുകയും പിന്നാലെ മൂന്നു പ്രതികളെയും വെറുതേ വിടുന്നുവെന്നുമുള്ള നാടകീയ ക്ലൈമാക്സ്! അന്ന് പാനൂർ സ്റ്റേഷനിൽ നടന്നത് എന്താണ്? ഒരാൾക്കു നെഞ്ചിൽ മൂന്നു തവണ സ്വയം നിറയൊഴിക്കാൻ സാധിക്കുന്നത് എങ്ങനെ? വിശദമായി പരിശോധിക്കാം.