കളിയാക്കുന്നവരെക്കൊണ്ട് വീണ്ടും വീണ്ടും കയ്യടിപ്പിക്കുന്ന പൃഥ്വിരാജ്

Mail This Article
തകര്‍ക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ. ന്യൂജെന്‍ ശൈലി കടമെടുത്ത് പറഞ്ഞാല്‍ പൂണ്ടുവിളയാടുകയാണ്, പൊളിക്കുകയാണ്. അല്ല അര്‍മാദിക്കുകയാണ്. ഏറ്റവും പുതിയ ചിത്രമായ ‘ഗുരുവായൂരമ്പലനടയിലി’നെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. നിഖില വിമലിന്റെ ഭര്‍ത്താവും അനശ്വരയുടെ ആങ്ങളയുമായി വരുന്ന പൃഥ്വിരാജ്, പടം റിലീസാകും മുന്‍പ് രണ്ട് തരത്തിലുളള അധിക്ഷേപങ്ങളാണ് കേട്ടത്. കോമഡി വഴങ്ങാത്ത രാജു കോമഡി ചെയ്താല്‍ അത് നനഞ്ഞ പടക്കമാവുമെന്നും ചീറ്റിപ്പോകുമെന്നും എതിരാളികള്‍ വ്യാപകമായി പ്രചരിപ്പിച്ചു. ‘ചോക്ലേറ്റ്’ അടക്കമുളള ചില പടങ്ങളില്‍ നേരിയ തോതില്‍ നര്‍മരംഗങ്ങളില്‍ അഭിനയിച്ചതൊഴിച്ചാല്‍ കോമഡി രംഗങ്ങളില്‍ ഔട്ട്‌സ്റ്റാന്‍ഡിങ് പെര്‍ഫോമന്‍സ് കാഴ്ചവച്ച ഒരു ചരിത്രം രാജുവിനില്ല.
അതുകൊണ്ട് തന്നെ വിമര്‍ശകര്‍ പറഞ്ഞു പരത്തിയതു പോലെ നര്‍മത്തില്‍ ചവുട്ടി വീഴുന്ന പൃഥ്വിരാജിന്റെ പതനമോര്‍ത്ത് ആഹ്‌ളാദിച്ചവര്‍ ഏറെ. ഹ്യൂമര്‍ അസലായി ചെയ്യാന്‍ കെല്‍പ്പുളള ബേസില്‍ ജോസഫിനൊപ്പം സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യേണ്ടി വരുമ്പോഴുളള ദുരന്തവും ചിലര്‍ മുന്‍കൂട്ടി കണ്ടു. എന്നാല്‍ സിനിമ റിലീസായപ്പോള്‍ സംഭവിച്ചത് ഇതൊന്നുമല്ല. ഇതുവരെ കാണാത്ത ഒരു പൃഥ്വിരാജിനെ സ്‌ക്രീനില്‍ കണ്ട് എതിരാളികളും വിമര്‍ശകരും അന്തം വിട്ട് നിന്നു. ഹ്യൂമര്‍ ബേസുളള മറ്റേതൊരു നടനെയും പോലെ ബേസിലുമായി കട്ടയ്ക്കു നിന്ന് കോമഡി ചെയ്യുന്ന പൃഥ്വിരാജ്.

നടന്‍ എന്ന നിലയിലുളള അദ്ദേഹത്തിന്റെ സമര്‍പ്പണം ‘ആടുജീവിതം’ അടക്കം ഒട്ടനവധി സിനിമകളില്‍ നാം കണ്ടതാണ്. എന്നാല്‍ ഏതൊരു നടനും കോമഡി അത്ര എളുപ്പം വഴങ്ങുന്ന ഒന്നല്ല. പല മഹാനടന്‍മാരും കോമഡിയില്‍ തട്ടിവീഴുന്ന കാഴ്ച കണ്ട് സഹതപിച്ചവരാണ് നാം. ചിലര്‍ ട്രാജഡിയോളം എത്തുന്ന കോമഡി ചെയ്ത് പരിഹാസ്യരാവുകയും ചെയ്തു. എന്നാല്‍ രാജു അനായാസമായും സ്വാഭാവികമായും തമാശ രംഗങ്ങളില്‍ ശോഭിക്കുകയല്ല വാസ്തവത്തില്‍ നിറഞ്ഞാടുക തന്നെയായിരുന്നു.
ഗുരുവായൂരമ്പലനടയില്‍ പൂര്‍ണമായും ഒരു ബേസില്‍ ചിത്രമാകുമെന്ന് മനക്കോട്ട കെട്ടിയവരെ അമ്പരപ്പിച്ചുകൊണ്ട് പൃഥ്വിരാജ് നടന്‍ എന്ന നിലയില്‍ താന്‍ ആരുടെയും പിന്നിലല്ലെന്ന് തെളിയിച്ചു.
ആക്‌ഷനും സെന്റിമെന്‍സും അടക്കം വിവിധ സ്വഭാവമുളള കഥാപാത്രങ്ങളില്‍ തിളങ്ങിയ അദ്ദേഹം സ്വയം സംവിധാനം ചെയ്ത ‘ബ്രോ ഡാഡി’യില്‍ അത്യാവശ്യം നര്‍മ മുഹൂര്‍ത്തങ്ങളിലും നന്നായി തിളങ്ങിയിരുന്നു. എന്നാല്‍ ഗുരുവായുരമ്പലനടയില്‍ എത്തുമ്പോള്‍ ഹ്യൂമറില്‍ മായികമായ പ്രകടനം തന്നെ കാഴ്ച വച്ചിരിക്കുന്നു രാജു.
പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സ് തന്നെ നിര്‍മ്മാണ പങ്കാളിയായ ഈ ചിത്രം തിയറ്ററുകളില്‍ അസാമാന്യ പ്രതികരണമാണ് സൃഷ്ടിച്ചിരിക്കുന്നത്. മലയാളത്തിലെ കോടി ക്ലബ്ബ് സിനിമകളുടെ പട്ടികയില്‍ അനായാസം കടന്നു കയറാനിടയുളള ചിത്രം എത്ര കലക്ട് ചെയ്യുമെന്ന് മാത്രമേ ഇനി അറിയാനുളളു.
ഒരു കാലത്ത് അഹങ്കാരി പിന്നെ ഗൗരവക്കാരന്‍
ഏതെങ്കിലും തരത്തില്‍ ആളുകള്‍ക്ക് താറടിക്കാന്‍ പാകത്തിലുളള വ്യക്തിത്വപരമായ പിഴവുകളില്ലാത്ത ഒരു മനുഷ്യനായിരുന്നു കരിയറിന്റെ തുടക്കം മുതല്‍ രാജു. പിതാവ് സുകുമാരന്റെ അഭിജാതമായ പാരമ്പര്യം എന്നും കാത്തുസൂക്ഷിച്ചിരുന്നു അദ്ദേഹം. എന്നാല്‍ രാജുവിന്റെ വളര്‍ച്ചയില്‍ അസ്വസ്ഥരായ ചിലര്‍ വ്യാപകമായ പ്രചരണങ്ങള്‍ അഴിച്ചുവിട്ടു. അതില്‍ ഏറ്റവും പ്രധാനം പൃഥ്വി ഒരു അഹങ്കാരിയും ധാര്‍ഷ്ട്യക്കാരനുമെന്നതായിരുന്നു. അദ്ദേഹത്തെ അടുത്തറിയുന്നവര്‍ അത് അന്നേ അവഗണിച്ച തളളിയെങ്കിലും സമൂഹ മാധ്യമങ്ങളിലുടെയും മറ്റും ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരുന്നു. അഭിമുഖങ്ങളിലും മറ്റും സ്വാഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന രാജു സ്വാഭാവികമായും അത്തരക്കാരനാവാമെന്ന് തെറ്റിദ്ധരിച്ചവര്‍ അക്കാലത്ത് ഏറെയുണ്ടായിരുന്നു.

കാലാന്തരത്തില്‍ അതിന്റെ നിജസ്ഥിതി ആളുകള്‍ തിരിച്ചറിഞ്ഞു. തനിക്ക് ശരിയെന്ന് തോന്നുന്ന കാര്യങ്ങള്‍ വരുംവരാഴികകള്‍ നോക്കാതെ ആരുടെയും മുഖത്ത് നോക്കി പറയുന്ന സ്‌ട്രെയിറ്റ് ഫോര്‍വേഡ് നേച്ചറുളള ഒരാളായിരുന്നു രാജു. കപടവിനയം നടിക്കാനോ സാധുവായി അഭിനയിക്കാനോ ക്യാമറയ്ക്ക് പിന്നില്‍ നാട്യം അറിയാത്ത ഈ നേരെ വാ നേരെ പോ മനുഷ്യന് കഴിഞ്ഞില്ല.
പിന്നീട് ചിരിക്കാനറിയാത്ത ഗൗരവക്കാരന്‍ എന്നായി ആരോപണം. അതേക്കുറിച്ച് സന്ദേഹങ്ങള്‍ ഉന്നയിച്ച മാധ്യമപ്രവര്‍ത്തകരോട് സംശയലേശേെന്യേ രാജു ഇപ്രകാരം പറഞ്ഞു.
‘‘ഞാന്‍ ഇങ്ങനെയാണ്. ഇതാണ് എന്റെ നേച്ചര്‍. മുഖത്ത് ഒരു കൃത്രിമച്ചിരി ഒട്ടിച്ചുവച്ച് നടക്കാന്‍ എനിക്ക് കഴിയില്ല. ചിരിക്കാന്‍ തോന്നുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ നന്നായി ചിരിക്കാറുമുണ്ട്. ഗൗരവം ഭാവിക്കുന്നതല്ല. അത് സഹജമായുളളതാണ്.’’
നാളുകള്‍ പിന്നിട്ടപ്പോള്‍ അദ്ദേഹം പറഞ്ഞതൊക്കെയും സത്യമാണെന്ന് തെളിഞ്ഞു. സിനിമാ മേഖലയില്‍ ഉളളതായി വ്യാപകമായി പ്രചരിക്കപ്പെടുന്ന കുത്തിത്തിരിപ്പുകളും കുതന്ത്രങ്ങളും അന്യമായ പെര്‍ഫക്ട് ജന്റില്‍മാന്‍ എന്ന വിശേഷണം അര്‍ഹിക്കുന്ന ഒരു രാജുവിനെ കണ്ട് പലരും അമ്പരന്നു.
പുറംലോകമറിയാത്ത മാനുഷികമുഖം
സഹപ്രവര്‍ത്തക ഒരു അസാധാരണ പ്രതിസന്ധി നേരിട്ടപ്പോള്‍ അവിടെയും ഇവിടെയും തൊടാതെ പ്രതികരിച്ചവരും രണ്ട് വളളത്തില്‍ കാല് ചവുട്ടി നിന്നവരും ഏത് നിലപാട് സ്വീകരിക്കണമെന്ന് അറിയാതെ പരുങ്ങിയപ്പോള്‍ തികഞ്ഞ ആര്‍ജവത്തോടെ അതിജീവിതയ്‌ക്കൊപ്പം നിന്ന നട്ടെല്ലുളള വ്യക്തിയായി പൃഥ്വിരാജ്. ഇന്നും ആ നിലപാടില്‍ വെളളം ചേര്‍ക്കാതെ ഉറച്ചു നില്‍ക്കുന്ന അദ്ദേഹത്തെ കേരളീയ സമൂഹം ആദരവോടെ നോക്കി നിന്നു. താത്കാലിക നേട്ടങ്ങളേക്കാള്‍ രാജു മുന്തിയ പരിഗണന നല്‍കിയത് മാനുഷികവും നൈതികവുമായ നിലപാടുകള്‍ക്കായിരുന്നു. സ്വന്തം മനസാക്ഷിക്ക് ശരിയെന്ന് തോന്നുന്ന ഏത് കാര്യങ്ങള്‍ക്കൊപ്പം നില്‍ക്കാനും തന്റെ അഭിപ്രായം പരസ്യമായി പറയാനും അദ്ദേഹം മടികാണിച്ചില്ല.
പല താരങ്ങളും അന്ധമായ മത-രാഷ്ട്രീയ പക്ഷപാതിത്വങ്ങളുടെ പേരില്‍ ക്രൂശിക്കപ്പെട്ടപ്പോള്‍ പക്ഷം പിടിക്കാതെ അതാത് വിഷയങ്ങളോട് സത്യസന്ധമായി പ്രതികരിക്കുന്ന രാജുവിനെ കണ്ട് പലരും അമ്പരന്നു. മുഖത്ത് ചായമിടുന്നവര്‍ പൊയ്മുഖക്കാരെന്ന പൊതുധാരണ പൊളിച്ചടുക്കിയ രാജു അഭിനയമേഖലയ്ക്ക് ആകമാനം അഭിമാനമായി.
പൃഥ്വിരാജ് ഒരു നല്ല മനുഷ്യനാണെന്ന് പലരും രഹസ്യമായും പരസ്യമായും പറഞ്ഞപ്പോള്‍ അതിന്റെ കാരണം അറിയാതെ അമ്പരന്നിട്ടുണ്ട്. എന്നാല്‍ സമീപകാലത്ത് അന്തരിച്ച ചലച്ചിത്രകാരന്‍ കെ.ജി.ജോര്‍ജിന്റെ ജീവിതത്തില്‍ ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ ആരില്‍ നിന്നും സംഭാവനയ്ക്കു നില്‍ക്കാതെ വലിയ തുകകൊടുത്ത് അദ്ദേഹത്തെ സഹായിക്കാന്‍ രാജു മുന്നോട്ട് വന്നു. അത് ആരോടും പറയാതെ ഗോപ്യമായി വയ്ക്കാനും ശ്രദ്ധിച്ചു. ജോര്‍ജിന്റെ മരണശേഷം രാജുവുമായി ബന്ധമില്ലാത്തവരാണ് വിവരം മാധ്യമങ്ങളുമായി പങ്കു വച്ചത്. കെ.ജി.ജോര്‍ജിന്റെ സിനിമകളില്‍ രാജു അഭിനയിച്ചിട്ടില്ല. അവര്‍ തമ്മില്‍ ഏതെങ്കിലും കടപ്പാടിന്റെ കണക്കുകളുമില്ല. ഹ്യൂമാനിറ്റി കണ്‍സേണ്‍ മാത്രമാണ് രാജുവിനെ അതിന് പ്രേരിപ്പിച്ചത്. വാസ്തവത്തില്‍ രാജുവിനോട് അദ്ദേഹത്തോട് മമത തോന്നേണ്ട കാര്യം പോലുമില്ല. പൃഥ്വിരാജിന്റെ പിതാവ് സുകുമാരന്‍ നിര്‍മിച്ച ഇരകള്‍ സംവിധാനം ചെയ്തത് കെ.ജി. ജോര്‍ജാണെങ്കിലും ആ പടം തിയറ്ററില്‍ വന്‍പരാജയമായിരുന്നു. എന്നാല്‍ ഇതൊന്നും രാജുവിലെ മനുഷ്യനെ സ്വാധീനിച്ചില്ല. സഹായം അര്‍ഹിക്കുന്ന ഘട്ടത്തില്‍ ആരെയും മനസറിഞ്ഞ് സഹായിക്കുക എന്നതാണ് പൃഥ്വിരാജ് തിയറി.
ആ മനസിന്റെ ഗുണഫലം ലഭിച്ച മറ്റൊരു മനുഷ്യനാണ് ‘ആടുജീവിതം’ എന്ന നോവലില്‍ ആഖ്യാനം ചെയ്യപ്പെട്ട ജീവിതത്തിന് ഉടമയായ നജീബ്. നോവല്‍ ലക്ഷക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞിട്ടും കോടികള്‍ മുതല്‍മുടക്കി സിനിമയായിട്ടും നജീബിന് കാര്യമായ ഗുണഫലം ലഭിച്ചില്ല. എന്നാല്‍ പൃഥ്വിരാജ് ആരുമറിയാതെ അദ്ദേഹത്തെ നല്ല നിലയില്‍ സാമ്പത്തികമായി സഹായിച്ചു. ഈ വിവരം പുറത്ത് പോകാതെ ശ്രദ്ധിക്കുകയും ചെയ്തു. എന്നാല്‍ നജീബിനെ മുതലാക്കുന്നു എന്നും ദരിദ്രനായ അദ്ദേഹം ഇപ്പോഴും ഉപജീവനാര്‍ത്ഥം കഷ്ടപ്പെടുന്നുവെന്നും ചിലര്‍ സൈബറിടങ്ങളിലുടെ പ്രചരിപ്പിച്ചപ്പോള്‍ സാക്ഷാല്‍ നജീബ് നേരിട്ട് രംഗത്ത് വന്ന് സത്യം തുറന്ന് പറയുകയായിരുന്നു. അതാണ് വാസ്തവത്തില്‍ പൃഥ്വിരാജ്.

നവാഗതര്‍ക്ക് ഒരു കൈത്താങ്ങ്
‘എന്ന് സ്വന്തം മൊയ്തീന്‍’ എന്ന സിനിമയുടെ അണിയറയിലും ഇതേ മനസ് നാം കണ്ടതാണ്. കാഴ്ചയില്‍ മാന്‍ലിയായ ഹാന്‍ഡ്‌സമായ നന്നായി അഭിനയിക്കാന്‍ കെല്‍പ്പുളള ടൊവിനോയെ ആ സിനിമയിലൂടെ പരിചയപ്പെടുത്താനും മികച്ച കഥാപാത്രം നല്‍കാനും മുന്‍കൈ എടുത്തത് രാജുവാണ്. സാധാരണ ഗതിയില്‍ സിനിമയില്‍ അങ്ങനെ സംഭവിക്കാറില്ല. തനിക്ക് ഭീഷണിയാകുമെന്ന് ഭയന്ന് തങ്ങളുടെ റോളുകള്‍ വെട്ടിക്കുറയ്ക്കാനും അവസരങ്ങള്‍ ഇല്ലാതാക്കാനും ശ്രമിച്ചവരെക്കുറിച്ച് കാലാകാലങ്ങളില്‍ നടന്‍മാരായ റഹ്‌മാനും മുരളിയും ദേവനും സുരേഷ് ഗോപിയും ക്യാപ്ടന്‍ രാജുവുമെല്ലാം തുറന്ന് പറഞ്ഞിട്ടുണ്ട്.
വെട്ടിമാറ്റലും ഒതുക്കലും പതിവായ ഒരു ലോകത്ത് കൈപിടിച്ചുയര്‍ത്തലിന്റെ മനശാസ്ത്രം കൊണ്ടു നടക്കുന്ന പൃഥ്വിരാജിനെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം പൊതുസമൂഹവും ഹര്‍ഷാരവങ്ങളോടെ ഏറ്റെടുത്തു. അഭിനയിച്ച സിനിമകള്‍ക്കൊപ്പം അദ്ദേഹം സംവിധാനം ചെയ്ത രണ്ട് സിനിമകളും നിറഞ്ഞ മനസോടെ മലയാളികള്‍ സ്വീകരിച്ചു. എത്ര ഭംഗിയായി അഭിനയിച്ചാലും ഒരു നടനോടും നടിയോടും വ്യക്തിപരമായ ഇഷ്ടവും വൈകാരികമായ അടുപ്പവും തോന്നുമ്പോള്‍ മാത്രമാണ് മലയാളികള്‍ അവരെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്നത്. മറിച്ചുളള സമീപനങ്ങള്‍ സ്വീകരിച്ചാല്‍ നിര്‍ദ്ദയം തളളിക്കളയാനും അവര്‍ക്ക് അറിയാം. ആരെയെങ്കിലും ബോധ്യപ്പെടുത്താനായി നന്മമരം ചമയുന്ന വ്യക്തിയല്ല പൃഥ്വിരാജ്. തന്റെ ഭാഗത്ത് തെറ്റുണ്ടെങ്കില്‍ അത് തെറ്റാണെന്ന് തുറന്ന് പറയാന്‍ മറ്റുളളവരോട് ആവശ്യപ്പെടാനുളള ആര്‍ജ്ജവം അദ്ദേഹത്തിനുണ്ട്.

സംവിധാനത്തിലും നിര്‍മാണത്തിലും കയ്യൊപ്പ്
സമർഥനായ ബിസിനസുകാരന്‍ കൂടിയാണ് പൃഥ്വിരാജ്. തട്ടുപൊളിപ്പന്‍ സിനിമകള്‍ക്കു പകരം കലാമൂല്യവും സാമൂഹികപ്രതിബദ്ധതയും ഒപ്പം എന്റര്‍ടെയ്ന്‍മെന്റ് വാല്യൂവുമുളള സിനിമകള്‍ നിര്‍മ്മിക്കാന്‍ അദ്ദേഹം ശ്രദ്ധിക്കുന്നു. ‘ജനഗണമന’ അടക്കം മികച്ച സിനിമകള്‍ നിര്‍മിച്ച അദ്ദേഹം കാന്താര പോലാരു കന്നടചിത്രം മലയാളത്തില്‍ മൊഴിമാറ്റം ചെയ്ത് കേരളത്തില്‍ പ്രദര്‍ശിപ്പിക്കാനും മുന്‍കൈ എടുത്തു. ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമയിലും സഹനിര്‍മാതാവാണ് അദ്ദേഹം. സംവിധാനം ചെയ്ത രണ്ട് സിനിമകള്‍ ലൂസിഫറും ബ്രോ ഡാഡിയും സാങ്കേതികമായും സൗന്ദര്യശാസ്ത്രപരമായും മികച്ചു നിന്ന ചിത്രങ്ങള്‍ തന്നെയായിരുന്നു. ലൂസിഫറിന്റെ മേക്കിങ് സ്‌റ്റൈല്‍ പരിണിതപ്രജ്ഞനായ ഒരു ചലച്ചിത്രകാരന്റേതിന് സമാനമായിരുന്നു.
‘എമ്പുരാന്‍’ എന്ന മലയാളം കണ്ട ഏറ്റവും ബിഗ്ബജറ്റ് സിനിമയുടെ സംവിധാനത്തിരക്കുകള്‍ക്കിടയിലാണ് അദ്ദേഹം ഗുരുവായൂരമ്പലനടയില്‍ എന്ന താരതമ്യേന കൊച്ചുചിത്രത്തില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തിയത്. അതും ബോക്‌സ്ഓഫിസില്‍ വിജയഹര്‍ഷം തീര്‍ക്കുമ്പോള്‍ ഒരേ സമയം നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം പൃഥ്വിരാജിന്റെ ഗ്രാഫ് ഉയരുന്നു.

അഭിനയരംഗത്ത് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിടുന്ന ഈ നടന്‍ കൂടുതല്‍ ജനപ്രീതിയിലേക്കും അംഗീകാരങ്ങളിലേക്കും നടന്നു കയറുന്നതിനിടയില്‍ അദ്ദേഹത്തില്‍ നിന്നും മറ്റ് ചില അത്ഭുതങ്ങള്‍ കൂടി പ്രതീക്ഷിക്കുകയാണ് ചലച്ചിത്ര നിരീക്ഷകര്‍. ഒന്ന്, എമ്പുരാന്‍ ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളില്‍ ഒന്നായേക്കാം. മറ്റൊന്ന് ആടുജീവിതത്തിലെ മികച്ച പ്രകടത്തിന് ദേശീയ-രാജ്യാന്തര പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടി വന്നേക്കാം. ശബ്ദലേഖനത്തിനും സംഗീതത്തിനും ഓസ്‌കര്‍ കൊണ്ടു വന്ന ഒരു നാട്ടിലേക്ക് അഭിനയത്തിനും അത് ലഭിക്കില്ലെന്ന് ആരു കണ്ടു?
