ADVERTISEMENT

ഫഹദ് ഫാസില്‍ ഇന്ത്യയില്‍ മറ്റൊരു പുതുതലമുറ താരത്തിനും സ്വപ്നം കാണാനാവാത്ത ഉയരങ്ങളിലേക്ക് കുതിക്കുകയാണ്. നിലവില്‍ താരമൂല്യം കൊണ്ടും അഭിനയമികവ് കൊണ്ടും മലയാളത്തിലെ ഒന്നാം നമ്പര്‍ നടന്‍ എന്ന നിലയിലെത്തിക്കഴിഞ്ഞ ഫഹദിന്റെ വിജയരഹസ്യം എന്താണ്?

ഫഹദ് ഫാസിലിന്റെ ചുരുക്കപ്പേരാണ് ഫാഫാ. ഫസ്റ്റ്‌ നെയിമിലെയും സര്‍ നെയിമിലെയും രണ്ട് ‘ഫ’കള്‍ തുന്നിച്ചേര്‍ത്തുണ്ടാക്കിയ ചെല്ലപ്പേര്. ആരാണ് ഈ പേര് ആദ്യം വിളിച്ചു തുടങ്ങിയതെന്ന് അറിയില്ല. പക്ഷേ മലയാള സിനിമാ പ്രവര്‍ത്തകരില്‍ ഫഹദുമായി അടുത്തു നില്‍ക്കുന്ന പലരും അദ്ദേഹത്തെ അങ്ങനെ അഭിസംബോധന ചെയ്യുന്നു. ക്രമേണ ഈ വിളിപ്പേര് മാധ്യമങ്ങളും തെന്നിന്ത്യന്‍ സിനിമയിയെ മറ്റ് പല പ്രമുഖരും ഏറ്റെടുത്തിരിക്കുന്നതായി അറിയുന്നു. സീനിയര്‍ താരങ്ങള്‍ക്ക് പോലും വാത്സല്യം കലര്‍ന്ന സ്‌നേഹവും ആദരവുമാണ് ഫഹദിനോട്. അത് അദ്ദേഹത്തിന്റെ അനിതര സാധാരണമായ അഭിനയശേഷി ഒന്നു കൊണ്ട് മാത്രം ആർജിച്ചെടുത്ത ഒന്നാണ്. ആരെയും അങ്ങോട്ട് പോയി പ്രീണിപ്പിക്കുകയോ പ്രീതിപ്പെടുത്തുകയോ കപടസ്‌നേഹം നടിക്കുകയോ ചെയ്യുന്നത് ഫഫയുടെ രീതിയല്ല. നൂറുശതമാനം ജനുവിനായ ഫഹദ് തീര്‍ത്തും ഓര്‍ഗാനിക്കായ പെരുമാറ്റ ശൈലിയുടെ ഉടമയാണ്. തന്റെ കര്‍മ മണ്ഡലത്തില്‍ മാത്രമാണ് അദ്ദേഹത്തിന്റെ ഫോക്കസ് നടന്‍ എന്ന നിലയില്‍ ഫഹദ് നടത്തുന്ന പകര്‍ന്നാട്ടും അത്യപൂര്‍വമാണ്. അനന്യമാണ് അതുല്യമാണ്.

അഭിനയിക്കാന്‍ അറിയാത്ത നടന്‍

തീര്‍ത്തും അഭിനയിക്കാന്‍ അറിയാത്ത അഭിനയിക്കാന്‍ ഇഷ്ടപ്പെടാത്ത നടനാണ് ഫാഫാ. കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുന്നു എന്ന ക്ലീഷേ വിശേഷണം ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ മഹത്ത്വത്തെ ലഘൂകരിക്കുന്നതിന് തുല്യമാവും.

faha

ഒരു കഥാപാത്രത്തിന്റെ സഹജമായ മാനറിസങ്ങളും അത്തരമൊരു വ്യക്തിത്വം ഓരോ കഥാസന്ദര്‍ഭങ്ങളിലും എങ്ങനെ റിയാക്ട് ചെയ്യും എന്ന മൂന്‍കൂര്‍ ധാരണയും അസാധ്യ സെന്‍സിബിലിറ്റിയുളള ഒരു നടന് മാത്രം സാധിക്കുന്ന മാജിക്കാണ്. ഫഹദ് വളരെ അനായാസമായി ഇതെല്ലാം നിര്‍വഹിക്കുന്നു. ഫഹദിന് മൂന്‍പ് ഈ വിസ്മയം സാധിച്ചിട്ടുളള ഏക നായകനടന്‍ മോഹന്‍ലാലാണ്. എന്നാല്‍ ലാലിന്റെ പിന്‍തുടര്‍ച്ചക്കാരനല്ല ഫാഫാ. അദ്ദേഹം രാജ്യാന്തര നിലവാരമുളള യൂണിവേഴ്‌സലായ ആക്ടിങ് മെത്തേഡാണ് കാഴ്ച വയ്ക്കുന്നത്. 

സാധാരണ മലയാളി മുതല്‍ യുകെയിലോ യുഎസിലോ ജീവിക്കുന്ന ഒരാള്‍ക്ക് പോലും പെട്ടെന്ന് കണക്ട് ആവുന്ന ആക്ടിങ് പാറ്റേണ്‍. വാസ്തവത്തില്‍ അഭിനയം എന്ന് വിശേഷിപ്പിക്കാനാവാത്ത വിധം ബിഹേവിങ് എന്നതിന്റെ ഏറ്റവും മൂര്‍ത്തരൂപത്തിലുളള പ്രകടനമാണ് അദ്ദേഹത്തിന്റേത്. നിയന്ത്രിതവും ധ്വനിസാന്ദ്രവും ഒതുക്കവും മുറുക്കവുമുളള കാച്ചിക്കുറുക്കിയ അഭിനയശൈലി. അതേ ഫഹദ് ആവേശം പോലൊരു സിനിമയില്‍ ഇളകിയാടുന്നത് കാണാം. രംഗന്‍ എന്ന ഗുണ്ടയുടെ മാനറിസങ്ങള്‍ക്ക് അത് അനിവാര്യമാണെന്ന തിരിച്ചറിവും അദ്ദേഹത്തെ നയിക്കുന്നു. ഓരോന്നും ഏത് അനുപാതത്തില്‍ നിര്‍വഹിക്കണമെന്നത് സംബന്ധിച്ചും അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ട്.

fahadh-maalik

അപാരമായ കയ്യൊതുക്കം

ഇന്ത്യന്‍ പ്രണയകഥയിലും പതിവ് രീതികളില്‍ നിന്ന് വിഭിന്നമായി ഒരു പരിധി വരെ പ്രകടനപരമായി അഭിനയിക്കുന്ന ഫഹദിനെ കാണാം. പ്രകടനപരത മുഖമുദ്രമാക്കിയ ഒരു വലതുപക്ഷ രാഷ്ട്രീയക്കാരന്റെ ശരീരഭാഷയ്ക്ക് അത് അനിവാര്യമാണെന്ന് തിരിച്ചറിയുന്ന ഫഹദ്, തൊണ്ടിമുതലിലെ കളളനിലെത്തുമ്പോള്‍ ആ കണ്ണില്‍ പോലും കളളം തുടിക്കുന്നത് കാണാം. കളളം മറയ്ക്കാന്‍ ശ്രമിക്കുന്ന, അപ്പോഴും കളളത്തരം ഒളിമിന്നുന്ന ഒരു തരം കളളന്‍. നടന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സൂക്ഷ്മാഭിനയത്തിന്റെ അപാരസാധ്യതകള്‍ മുതലെടുക്കാന്‍ കഴിവുളള ഒരു പ്രത്യേക തരം കഥാപാത്രത്തെ ഫഫ ഉളളം കയ്യിലിട്ട് അമ്മാനമാടുകയാണ് ഇവിടെ. അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരു നടനായിരുന്നെങ്കില്‍ കൃത്രിമത്വം കൊണ്ട് പാളിപ്പോയേക്കാവുന്ന മുഹൂര്‍ത്തങ്ങള്‍ അദ്ദേഹം അപാരമായ കയ്യൊതുക്കത്തോടെ അവതരിപ്പിക്കുന്നത് കാണാം.

ട്രാന്‍സില്‍ ഭക്തിയില്‍ അമിതമായി അഭിരമിക്കുന്ന എക്‌സന്‍ട്രിസിറ്റിയുളള പാസ്റ്റര്‍ കഥാപാത്രത്തെ അദ്ദേഹം ആ തലത്തില്‍ നിറഞ്ഞാടി തന്നെ അഭിനയിച്ച് ഫലിപ്പിക്കുകയുണ്ടായി. കഥാപാത്രം ഡിമാന്റ് ചെയ്യുന്ന തലത്തിലേക്ക് വഴിമാറാനുളള ഔചിത്യബോധം നടനെ നയിക്കുമ്പോള്‍ അയാള്‍ അതിരുകളില്ലാത്ത വൈവിധ്യത്തിന്റെ ചിറകിലേറി പറക്കുന്ന  കാഴ്ച കാണാം. ഇത് നമ്മെ നിരന്തരം അനുഭവിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഫഹദ് ഫാസില്‍.

fahadh-joji

അപാരസിദ്ധിയുളള നടന്‍ ഏതെങ്കിലും ഒരു പ്രത്യേക ശൈലിയുടെ തടവുകാരനാവില്ല. മലയാളത്തിലെ പ്രഖ്യാതരായ പല നടന്‍മാര്‍ക്കും സ്ഥിരം ശൈലിയുണ്ടായിരുന്നു. ഇന്നസന്റ ്, മുകേഷ്, ശ്രീനിവാസന്‍ എന്നിങ്ങനെ പ്രകടമായ ഉദാഹരണങ്ങള്‍ പറയാം. ഇവര്‍ മോശം നടന്‍മാരാണ് എന്നല്ല അതിനർഥം. ശൈലിയെ മറികടക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അഭിനേതാക്കള്‍ എന്ന നിലയില്‍ പരിമിതപ്പെട്ട് പോകുന്നു.

സ്വയം അനുകരിക്കുന്ന തലത്തിലേക്ക് എത്തിപ്പെടുന്നു. അവരുടെ പ്രകടനത്തിന് അതിര്‍വരമ്പുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഈ പ്രതിസന്ധിയെ സമര്‍ത്ഥമായി മറി കടന്ന അപൂര്‍വം ചിലരില്‍ ഒരാളാണ് ഫഹദ്. തന്റെ ഒരു കഥാപാത്രത്തിലും മറ്റൊരു കഥാപാത്രത്തിന്റെ ലാഞ്ജനയില്ലാത്ത വിധം ഒന്നിനൊന്ന് വേറിട്ടതാക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു. നടന്റെ വ്യക്തിത്വും ശരീരഭാഷയും മാനറിസങ്ങളും കഥാപാത്രങ്ങളിലേക്ക് സന്നിവേശിപ്പിക്കാതെ കഥാപാത്രത്തെ തന്നിലേക്ക് ആവാഹിക്കുന്ന മാന്ത്രികതയാണ് ഇവിടെ സംഭവിക്കുന്നത്. മഹാനടനായ മോഹന്‍ലാലിന് പോലും അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ കുസൃതിയും കൗതുകവും തമാശകളും ശരീരഭാഷയും ആശ്രയിക്കേണ്ടതായി വന്നിട്ടുണ്ട്. 

പ്രിയന്‍ ചിത്രങ്ങളില്‍ ഒരു പരിധി വരെ യഥാര്‍ത്ഥ മോഹന്‍ലാലിന്റെ ചേഷ്ടകള്‍ കാണാന്‍ സാധിക്കുമെന്ന് അടുപ്പമുളളവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. എന്നാല്‍ ഫഹദ് ഫാസില്‍ എന്ന വ്യക്തി പൂര്‍ണമായും മാറി നിന്ന് കഥാപാത്രമാവുകയാണ്. ഊട്ടിയിലും വിദേശത്തുമായി പഠനം പുര്‍ത്തിയാക്കിയ ഫഹദ് സുഖലോലുപതയുടെ മടിത്തട്ടില്‍ ജനിച്ചു വളര്‍ന്ന നടനാണ്. വ്യക്തിജീവിതത്തില്‍ വ്യത്യസ്ത ജനുസിലുളള മനുഷ്യരെ നിരീക്ഷിക്കാനോ പഠിക്കാനോ കാര്യമായ അവസരം ലഭിക്കാതെ പോയ ഒരാള്‍.

faha3
തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയിൽ ഫഹദ് ഫാസിൽ

എന്നിട്ടും സ്വന്തം സെന്‍സിബിലിറ്റിയെ മാത്രം ആശ്രയിച്ച് ഇന്ത്യന്‍ പ്രണയകഥയിലെ യുവജനനേതാവിനെയും മഹേഷിന്റെ പ്രതികാരത്തിലെ മുരിക്കാശ്ശേരിക്കാരനെയും ട്രാന്‍സിലെ പാസ്റ്ററെയും അദ്ദേഹം അനശ്വരമാക്കി. കുമ്പളങ്ങി നൈറ്റ്‌സിലെ നെഗറ്റീവ് വേഷത്തിനും തൊണ്ടിമുതലിലെ കളളനും ഇതില്‍ നിന്നെല്ലാം തീര്‍ത്തും വേറിട്ട ശരീരഭാഷയും ഭാവപ്പകര്‍ച്ചയുമാണ്. കണ്ടതല്ല കാണാനിരിക്കുന്നത് എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന റേഞ്ച് ഈ നടന് സ്വന്തമാണ്. അദ്ദേഹത്തിന്റെ അഭിനയശേഷി പൂര്‍ണ്ണമായി ചൂഷണം ചെയ്യാന്‍ കെല്‍പ്പുളള കരുത്തുറ്റ കഥാപാത്രങ്ങള്‍ ഇനിയും സംഭവിക്കേണ്ടിയിരിക്കുന്നു. 

പാളിപ്പോയ തുടക്കം; തകര്‍ത്തു വാരിയ രണ്ടാം വരവ്

ഫഹദ് എന്ന നടനെക്കുറിച്ചുളള വിശേഷണങ്ങളും വിശകലനങ്ങളും പലപ്പോഴൂം അസ്ഥാനത്താണ് എന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ കണ്ടെത്താന്‍ കഴിയും. കയ്യെത്തും ദൂരത്ത് എന്ന ഫാസില്‍ ചിത്രത്തിലുടെയാണ് അദ്ദേഹത്തിന്റെ അരങ്ങേറ്റം .ഫാസില്‍ പരിചയപ്പെടുത്തിയ താരങ്ങളാരും തന്നെ മോശക്കാരായ ചരിത്രമില്ല. മോഹന്‍ലാലും ശങ്കറും ശാലിനിയും നദിയാ മൊയ്തുവും കുഞ്ചാക്കോ ബോബനുമെല്ലാം എല്ലാം മലയാള സിനിമയില്‍ തങ്ങളുടേതായ സ്ഥാനം ഉറപ്പിച്ചവരാണ്.  ഇവരില്‍ മോഹന്‍ലാല്‍ ഒഴികെ മറ്റാരും നടനവിസ്മയങ്ങളല്ല.  എന്നാല്‍ മോഹന്‍ലാല്‍ നൂറ്റാണ്ടുകള്‍ക്കിടയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു അപൂര്‍വജന്മം എന്ന തലത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. ഫാസിലിന്റെ സ്ഥാനത്ത് മറ്റാരെങ്കിലും അവതരിപ്പിച്ചിരുന്നെങ്കിലും ലാലില്‍ ഇന്ന് കാണുന്ന അതേ പൊട്ടന്‍ഷ്യല്‍ ദൃശ്യമാകുമായിരുന്നു. കാരണം അദ്ദേഹം നൂറുശതമാനം ബോണ്‍ ആക്ടറായിരുന്നു. മൗലികമായ അഭിനയരീതികള്‍ കൊണ്ടാണ് ലാല്‍ സമാനതകളില്ലാത്ത ഉയരങ്ങള്‍ താണ്ടിയത്. 

അഭിനയകലയുടെ ഒരു പാഠപുസ്തകങ്ങള്‍ക്കും ഉള്‍ക്കൊളളാനാവാത്ത വിധം വ്യവസ്ഥാപിത ധാരണകളെയും ശൈലികളെയും പൊളിച്ചടുക്കിയും ഉടച്ചു വാര്‍ത്തും ലാല്‍ പുതിയ രീതികള്‍ പരീക്ഷിച്ചു. ലാലിസം എന്ന പേരില്‍ പില്‍ക്കാലത്ത് അറിയപ്പെട്ട മാജിക്കല്‍ ആക്ടിംഗ് തന്നെയായിരുന്നു അത്. സമീപകാലത്ത് അതിന്റെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകളുണ്ടായി എന്ന് പരക്കെ വിമര്‍ശനം ഉയരുമ്പോഴും ഒരു സത്യംനിഷേധിക്കാനാവില്ല. ഒരു നടന് ഒരു ജന്മം കൊണ്ട് ചെയ്തു തീര്‍ക്കാന്‍ കഴിയുന്നതിനപ്പുറം മികവാര്‍ന്ന അഭിനയമുഹൂര്‍ത്തങ്ങള്‍ ബാക്കി വച്ചിട്ടാണ് ലാല്‍ ഇന്നും നിലനില്‍ക്കുന്നത്. മലയാളത്തില്‍ ഏറ്റവും താരമൂല്യമുളള നടനായി തന്നെ.

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ അഭിനയിച്ച് ഫലിപ്പിക്കാന്‍ കെല്‍പ്പുളള നിരവധി നടന്‍മാര്‍ ഇന്ത്യയിലുണ്ട്. കമല്‍ഹാസനും നെടുമുടി വേണുവും ഭരത് ഗോപിയും തിലകനും മമ്മൂട്ടിയുമൊക്കെ ഇതിന് ഉദാഹരണങ്ങളാണ്. എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും സാധിക്കാന്‍ കഴിയാത്ത ഉയരങ്ങളെ സ്പര്‍ശിക്കുന്ന ഒരു മോഹന്‍ലാലിനെ നാം പലപ്പോഴും കണ്ടു. 

വൈരുദ്ധ്യ പൂര്‍ണമായ കഥാപാത്രങ്ങളെ ഒരേ ഇന്റന്‍സിറ്റിയില്‍ ചെയ്തു  വയ്ക്കുക എന്നത് ഒട്ടും എളുപ്പമുളള കാര്യമല്ല. താളവട്ടത്തില്‍ ഉണ്യേട്ടന്റെ നാടെവിടെയാ, വീടെവിടെയാ എന്ന് നെടുമുടി അവതരിപ്പിക്കുന്ന ഡോക്ടര്‍ കഥാപാത്രത്തോട് ചോദിക്കുന്ന മനോനില തെറ്റിയ  വേഷത്തില്‍ ഭാവാഭിനയത്തില്‍ മാത്രമല്ല ഡയലോഗ് റെന്‍ഡറിങിലും മോഹന്‍ലാല്‍ പുലര്‍ത്തുന്ന സവിശേഷതകള്‍ പഠനാര്‍ഹമാണ്. അതില്‍ മനസിന്റെ താളം തെറ്റിയ ഒരാളുടെ ചേഷ്ടകളുണ്ട്, കുട്ടിത്തത്തിന്റെ പരമകാഷ്ഠയില്‍ നില്‍ക്കുന്ന ഒരാളുടെ താളമുണ്ട്. അങ്ങനെ വളരെ വേറിട്ട ഒരു പാത്രവ്യഖ്യാനം നിര്‍വഹിക്കുന്ന നടനെ ആ സിനിമയില്‍ ഉടനീളം കാണാം. 

വേറിട്ട പാത്രവ്യാഖ്യാനം 

ഇതേ ലാല്‍ തന്നെയാണ് ദേവാസുരം എന്ന സിനിമയില്‍ ആസുരഭാവമുളള കഥാപാത്രത്തിലേക്ക് ട്രാന്‍സിഷന്‍ നടത്തുന്നത്. മീശ പിരിച്ചും ഇടയ്ക്ക് തുടയില്‍ താളം പിടിച്ചും നടപ്പിലും നോട്ടത്തിലും ഭാഷണത്തിലുമെല്ലാം ആഭിജാത്യമുളള മാടമ്പിയുടെയും ചട്ടമ്പിയുടെയും ഭാവങ്ങള്‍ സമ്മിശ്രമായി സന്നിവേശിപ്പിച്ച ലാല്‍ സ്ഫടികത്തിലേക്ക് വരുമ്പോള്‍ സംസ്‌കാരം തൊട്ടുതെറിച്ചിട്ടില്ലാത്ത തനി ചട്ടമ്പിയാണ്. ദേവാസുരവും ആറാം തമ്പുരാനും ഒരേ ശ്രേണിയില്‍ നില്‍ക്കുമ്പോള്‍ സ്ഫടികം മറ്റൊരു തലമാണ്. ഇത് തമ്മിലുളള അതിരുകള്‍ നേരിയതാണെന്ന് പ്രത്യക്ഷത്തില്‍ തോന്നാമെങ്കിലും സുക്ഷ്മനിരീക്ഷണത്തില്‍ സത്യം അതല്ലെന്ന് വ്യക്തമാകും. കഥാപാത്ര വ്യാഖ്യാനം വേറിട്ട തലത്തില്‍ വ്യവചേ്ഛദിച്ച് നിര്‍വഹിച്ച ഇന്ത്യയിലെ അപൂര്‍വം നടന്‍മാരില്‍ ഒരാളാണ് ലാല്‍.

still-from-aavesham-movie

കിരീടത്തില്‍ നിസഹായത എന്ന അഭിനയിച്ച് ഫലിപ്പിക്കാന്‍ പ്രയാസമുളള ഭാവത്തെ ലാല്‍ സ്‌ക്രീനിലേക്ക് കൊണ്ടു വരുന്നതും പഠനവസ്തുവാണ്. രണ്ട് വിഭിന്ന തലത്തിലാണ് സേതുമാധവന്‍ എന്ന കഥാപാത്രത്തിന്റെ ഷേയ്ഡ്‌സ്. അടിസ്ഥാനപരമായി സാധുവും ശാന്തപ്രകൃതിയും ഒരു പരിധി വരെ ഭീരുവുമാണ് അയാള്‍. എന്നാല്‍ സാഹചര്യങ്ങള്‍ അയാളിലെ പൗരുഷവും ധീരതയും സാഹസികതയും അക്രമവാസനയും ഉണര്‍ത്തുന്നു. പ്രതിരോധത്തിന് വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നതെങ്കിലും ഒരു നടന്‍ ഒരു കഥാപാത്രത്തിനായി പരസ്പര വിരുദ്ധമായ ഒരു പാട് ഭാവങ്ങളിലൂടെ കടന്നു പോവുകയും അവയൊക്കെ തന്നെ പൂര്‍ണ്ണതയോടെ നിര്‍വഹിക്കുകയും ചെയ്യുന്നിടത്താണ് മോഹന്‍ലാല്‍ ഒരു കംപ്ലീറ്റ് ആക്ടര്‍ എന്ന വിശേഷണത്തിന് അര്‍ഹനാവുന്നത്. 

ചിത്രത്തിലും ഹിസ് ഹൈനസ് അബ്ദുളളയിലും ഭരതത്തിലും കിരിടത്തിലും സംഗീതജ്ഞനായ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ താളലയങ്ങള്‍ അദ്ദേഹത്തിന്റെ കൈവിരലുകളിലും മുഖത്തും പുരികക്കൊടിയിലുമെല്ലാം വിന്ന്യസിക്കപ്പെടുന്നത് എത്ര ഭംഗിയോടെയും അനായാസവുമായാണ്. ഭരതത്തില്‍ ഉളളില്‍ ഒരു അഗ്നിപര്‍വതം ഒളിപ്പിച്ചു വച്ച് ഒരു മംഗള മുഹുര്‍ത്തം നടത്തുന്നതിനായി സന്തോഷം അഭിനയിക്കുന്ന കഥാപാത്രം ഏത് നടനും പതറിപോകാനിടയുളള ഒന്നാണ്. 

ഉളളിലെ തകര്‍ച്ചയും പുറമെയുളള പ്രസാദാത്മകതയും സമ്മിശ്രമായി വരണം. ഒപ്പം ഒപ്പമുളളയാള്‍ക്ക് ധൈര്യം പകരുകയും വേണം. മൂന്ന് തരം അവസ്ഥാപരിണതികളുടെ നൂല്‍പ്പാലത്തിലുടെ സഞ്ചരിക്കുന്ന കല്ലുര്‍ ഗോപിനാഥനെ കയ്യൊതുക്കത്തോടെ മോഹന്‍ലാല്‍ അവതരിപ്പിക്കുമ്പോള്‍ നടനകല അതിന്റെ ജന്മം സഫലമായ നിര്‍വൃതിയോടെ മന്ദഹസിക്കുന്നത് കാണാന്‍ സാധിക്കും.

ഫഹദ് ഫാസിൽ
ഫഹദ് ഫാസിൽ

ഇത്രയധികം റേഞ്ചുളള ഒരു താരമാണ് സമീപകാലത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. പുതിയ തലമുറയില്‍ താന്‍ ഏറ്റവും പ്രതീക്ഷാപൂര്‍വം നോക്കി കാണുന്ന നടന്‍ ഫഹദ് ഫാസിലാണെന്ന്. കമല്‍ഹാസനും സമാനമായ വിധത്തില്‍ പ്രതികരിച്ചത് ആക്ടിങ് എന്ന കലയിലെ മൗലികതയോടുളള  ആദരവ് പ്രകടിപ്പിക്കലാണ്.

സ്വയം തേച്ചുമിനുക്കിയ നടന്‍

ഫഹദ് വിദേശത്തു പോയി അഭിനയം പഠിച്ചിട്ടു വന്നാണ് ഇന്ന് നാം കാണുന്ന തലത്തിലെത്തിയതെന്ന് വിലയിരുത്തുന്നവരുണ്ട്. ആദ്യചിത്രമായ കയ്യെത്തും ദൂരത്ത് വിപണിയില്‍ പരാജയപ്പെടുകയും ഫഹദിന്റെ പ്രകടനം അത്ര മെച്ചപ്പെട്ടതല്ല എന്ന് പരക്കെ വിമര്‍ശനം ഉയരുകയും ചെയ്ത സന്ദര്‍ഭത്തില്‍ ചിലര്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങള്‍ കൗതുകകരമായി തോന്നുന്നു. മകന്‍ ഫാസിലിന് ചീത്തപ്പേരുണ്ടാക്കിയെന്നായിരുന്നു അക്കൂട്ടരുടെ പക്ഷം. പിന്നീട് ഏറെക്കാലത്തേക്ക് ഫഹദ് നിശ്ശബ്ദനായി. അദ്ദേഹം വിദേശത്ത് പോയി അഭിനയത്തില്‍ എന്തെങ്കിലും പരിശീലനം നേടിയോ എന്നതും ലോകസിനിമകള്‍ കണ്ട് അഭിനയം മെച്ചപ്പെടുത്താന്‍ ശ്രമിച്ചോ എന്നതുമൊന്നുമല്ല കാതലായ സംഗതി.

ഫഹദ് ഫാസിൽ. ചിത്രത്തിനു കടപ്പാട്: www.twitter.com/411ae8870b4541f
ഫഹദ് ഫാസിൽ. ചിത്രത്തിനു കടപ്പാട്: www.twitter.com/411ae8870b4541f

ഒരു കലയും ആര്‍ക്കും പഠിപ്പിച്ചെടുക്കാനാവുന്നതല്ല. നിരന്തര ശ്രമങ്ങളിലൂടെയും പരിശീലനങ്ങളിലുടെയും സ്വയം തേച്ചുമിനുക്കിയെടുക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍ സ്വതസിദ്ധവും നൈസര്‍ഗികവും ജൈവികവുമായ ഒന്നാണ് കല. അഭിനയത്തിന്റെ കാര്യത്തിലും മറിച്ചാവാന്‍ വഴിയില്ല. ഫഹദിന്റെ ഉളളിലെ അഭിനയ വാസന മികച്ച കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും നവഭാവുകത്വം സൃഷ്ടിച്ച സംവിധായകരും ലഭിച്ചപ്പോള്‍ അതിന്റെ പൂര്‍ണ്ണതയില്‍ എത്തി എന്നതാണ് സത്യം. ഫാസില്‍ തന്നെ സമ്മാനിച്ച പല താരങ്ങള്‍ക്കും വര്‍ഷങ്ങളുടെ അനുഭവ സമ്പത്തുണ്ടായിട്ടും ഒരു പരിധിക്കപ്പുറം സഞ്ചരിക്കാന്‍ കഴിഞ്ഞില്ല എന്ന യാഥാര്‍ത്ഥ്യവും ഇതുമായി കൂട്ടി  വായിക്കേണ്ടതുണ്ട്. 

അഭിനയം മാത്രമല്ല താന്‍ സഹകരിക്കുന്ന സിനിമകളുടെ സ്വഭാവം പോലും തീര്‍ത്തും വിഭിന്നമാണെന്ന വ്യക്തമായ ധാരണ ഫഹദിനുണ്ട്. ഫാസില്‍ ഒരുക്കിയ സിനിമകള്‍ സിനിമയ്ക്കായി സൃഷ്ടിച്ചെടുത്തതെന്ന് തോന്നിപ്പിക്കുന്ന കഥകളും നാടകീയതയും അതിഭാവുകത്വവും നിറഞ്ഞ കഥാസന്ദര്‍ഭങ്ങളിലും ഊന്നിയവയായിരുന്നു. എന്നാല്‍ ഫഹദിന്റെ സഞ്ചാരപഥം തീര്‍ത്തും വേറിട്ടതായിരുന്നു. ജീവിതത്തോട് അങ്ങേയറ്റം ചേര്‍ന്നു നില്‍ക്കും വിധം അത്ര സ്വാഭാവികമായ കഥാപരിസരങ്ങളും ആവിഷ്‌കരണ രീതിയും തദനുസൃതമായ അഭിനയശൈലിയും ഈ സിനിമകളില്‍ ദൃശ്യമായി. ഒരു ഒളിക്യാമറ കൊണ്ട് ജീവിതം പകര്‍ത്തുന്ന അത്ര യാഥാര്‍ത്ഥ്യബോധം നിലനിര്‍ത്താന്‍ ഇത്തരം സിനിമകള്‍ക്ക് സാധിച്ചു. 

fahadh-faasil-pushpa
പുഷ്പയിൽ ഫഹദ് ഫാസിൽ

22 ഫീമെയില്‍ കോട്ടയം പോലുളള ഹൈവോള്‍ട്ടേജ് പ്രമേയങ്ങള്‍ ഉള്‍ക്കൊളളുന്ന സിനിമകളെ പോലും റിയലിസ്റ്റിക്കായി പരിവര്‍ത്തിപ്പിക്കാന്‍ ട്രീറ്റ്‌മെന്റിലെ മികവ് കൊണ്ട് കഴിഞ്ഞു. ചാപ്പാ കുരിശ് മുതല്‍ വിഷയത്തിലും ആഖ്യാനത്തിലും അഭിനയത്തിലുമെല്ലാം യുവതലമുറ കൊണ്ടു വന്ന മാറ്റങ്ങള്‍ക്കൊപ്പം ഏറ്റവും സജീവമായി നിലകൊണ്ട നടനാണ് ഫഹദ്.

സ്വയം വെല്ലുവിളിക്കുന്ന നടൻ

ഒരേ സമയം രണ്ട് തലങ്ങളിലാണ് ഫഹദ് ചര്‍ച്ച ചെയ്യപ്പെട്ടത്. ആള്‍ക്കൂട്ടത്തെ തിയറ്ററിലെത്തിക്കാനും സിനിമയ്ക്ക് മികച്ച ബിസിനസ് സൃഷ്ടിക്കാനും കെല്‍പ്പുളള  താരമായിരിക്കുകയും ഒപ്പം വലിയ നടനായി  തലയെടുപ്പോടെ നില്‍ക്കാനും അദ്ദേഹത്തിന് സാധിച്ചു. മികച്ച നടന്‍മാര്‍ വലിയ താരങ്ങളാവുക അപൂര്‍വമാണ്. മലയാളത്തിന്റെ കാര്യമെടുത്താല്‍ ഭരത് ഗോപിയും നെടുമുടിയും തിലകനും ഒടുവിലും സായികുമാറും സിദ്ദിക്കും ഒന്നും ഇനീഷ്യന്‍ കലക്‌ഷനും ഡിസ്ട്രിബ്യൂക്ഷന്‍ വാല്യവും സാറ്റലൈറ്റ്-ഒ.ടി.ടി വാല്യൂവുമുളള (ഒടിടി അന്ന് സജീവമല്ല) താരങ്ങളായിരുന്നില്ല.

ഇതെല്ലാമുളള നായകനടന്‍മാരായി ശോഭിക്കുന്നവരില്‍ അമ്പരപ്പിക്കുന്ന ആക്ടിങ് കപ്പാസിറ്റിയുളള രണ്ടേ രണ്ടു പേര്‍ മാത്രമേയുളളു. മോഹന്‍ലാലും മമ്മൂട്ടിയും.  മറ്റുളളവര്‍ മികച്ച നടന്‍മാരെങ്കിലും അനിതര സാധാരണമായ റേഞ്ചും വൈവിധ്യവും പ്രകടിപ്പിച്ചതായി അവകാശപ്പെടാനാവില്ല. മമ്മൂട്ടി പോലും താന്‍ ഒരു ബോണ്‍ ആക്ടര്‍ അല്ലെന്നും ആഗ്രഹനടനാണെന്നും വളരെ കഷ്ടപ്പെട്ടും പരിശ്രമിച്ചും പഠിച്ചെടുത്തതാണ് ഇന്ന് കാണുന്ന തലത്തിലെത്തിയതെന്ന് പല അഭിമുഖങ്ങളിലും തുറന്ന് പറഞ്ഞിട്ടുണ്ട്. സ്വയം സമ്മതിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോള്‍ നായകനടന്‍മാരിലെ ഇതിഹാസ താരം എന്ന് വിശേഷിപ്പിക്കാവുന്ന ഒരേ ഒരു നടന്‍ എന്ന അപൂര്‍വബഹുമതി മോഹന്‍ലാലിന് സ്വന്തമാകുന്നു. ആ സിംഹാസനത്തിലേക്കാണ് ആരെയും അനുകരിക്കാതെ ആരില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കാതെ തനത് വഴികളിലൂടെ ഫഹദ് നടന്നു കയറുന്നത്. 

fazil-fahadh
ഫർഹാനും ഫാസിലിനുമൊപ്പം ഫഹദ്

അദ്ദേഹത്തിന്റെ ഫിലിമോഗ്രഫി പരിശോധിച്ചാല്‍  ഒരു കാര്യം വ്യക്തമാകും. സ്വയം വെല്ലുവിളിക്കുന്ന നടനാണ് ഫഹദ്. സ്വയം മറികടക്കുക എന്ന അപൂര്‍വ പ്രതിസന്ധിയെയാണ് അദ്ദേഹം നിരന്തരം അഭിമുഖീകരിക്കുന്നത്. ഏതെങ്കിലും തരത്തില്‍ സമാനതയുടെ ലാഞ്ജന പോലുമുളള കഥാപാത്രങ്ങളെ അദ്ദേഹം സ്വീകരിക്കാറില്ല. വിജയഫോര്‍മുലകള്‍ ആവര്‍ത്തിക്കാറുമില്ല. സ്വന്തം കഥാപാത്രത്തിന്റെ മികവ് എന്നതിലുപരി സിനിമയുടെ ആകത്തുക മികച്ചതാകണം എന്ന ധാരണയും അദ്ദേഹത്തെ നയിക്കുന്നു. ഒരേ സമയം മികച്ച നടനായും വിപണിമൂല്യമുളള താരമായും നിലനില്‍ക്കുക എന്ന വിഷമഘട്ടത്തെ അനായാസമായാണ് അദ്ദേഹം നേരിടുന്നത്. 

ഔചിത്യബോധമുളള നിർമാതാവ്

നടന്‍മാര്‍ നിര്‍മാതാക്കളൂടെ വേഷം കെട്ടുന്നത് മലയാളത്തിന് പുത്തരിയല്ല. മധുവിന്റെ  കാലം മുതല്‍ക്കു തന്നെ ഇത് സംഭവിച്ചിട്ടുമുണ്ട്. നിര്‍മാണ രംഗത്ത് മോഹന്‍ലാലും ദിലീപും സജീവമാകുകയും മോഹിപ്പിക്കുന്ന വിജയം കൊയ്യുകയും ചെയ്തതോടെ സകലമാന താരങ്ങളും സ്വന്തം നിര്‍മ്മാണക്കമ്പനിയുമായി രംഗത്ത് ഇറങ്ങി. അതിന്റെ നന്മ തിന്മകളല്ല വിഷയം. പലരും സ്വീകരിച്ച വഴികളില്‍ നിന്ന് മാറി നടക്കുന്ന ഫഹദിനെ ചലച്ചിത്ര നിര്‍മാണത്തിലും കാണാം. ദിലീഷ് പോത്തന്‍, ശ്യാംപുഷ്‌കരന്‍ എന്നിവരുമായുളള ജോയിന്റ് വെന്‍ച്വറാണ് ഹഫദും നസ്രിയയും സഹകരിക്കുന്ന ഭാവനാ സ്റ്റുഡിയോസ് എന്ന നിര്‍മാണക്കമ്പനി. അവരുടെ പ്രഥമചിത്രമായ കുമ്പളങ്ങി നൈറ്റ്‌സില്‍ ഫഹദ് ചെയ്തത് നെഗറ്റീവ് റോളാണ്. പകരം ഷെയ്ന്‍ നിഗം നായകനായി. മറ്റൊരു ചിത്രമായ പ്രേമലുവില്‍ ഫഹദ് അഭിനയിച്ചതേ ഇല്ല. പകരം നസ്‌ലിന്‍ നായകനായി. പാല്‍ത്തൂജാന്‍വര്‍ എന്ന ചിത്രത്തില്‍ ബേസില്‍ ജോസഫായിരുന്നു നായകന്‍. തങ്കത്തില്‍ ബിജു മേനോനും ജോജിയില്‍ ഫഹദും മുഖ്യവേഷത്തിലെത്തി. നസ്രിയ നിര്‍മ്മിച്ച വരത്തനിലും സീയു സൂണിലും ഫഹദ് നായകനായി.

fahadh-sathyan
സത്യൻ അന്തിക്കാടിനൊപ്പം ഫഹദ് ഫാസിൽ

പല താരങ്ങളും തങ്ങള്‍ക്ക് നായകവേഷം ചെയ്യാനും തങ്ങളുടെ താരപ്പൊലിമയും അമാനുഷിക പരിവേഷവും വര്‍ധിപ്പിക്കാനുമായി കഥാപാത്രങ്ങളെ ബോധപൂര്‍വം ആസൂത്രണം ചെയ്തപ്പോള്‍ വിഷയവൈവിധ്യത്തിനും സിനിമയുടെ ടോട്ടാലിറ്റിക്കുമാണ് ഫഹദ് മുന്‍തൂക്കം നല്‍കിയത്. താന്‍ അഭിനയിക്കുക എന്നതിന് അദ്ദേഹം ലീസ്റ്റ് പ്രയോറിറ്റിയാണ് നല്‍കിയത്. പകരം നല്ല പ്രമേയങ്ങള്‍ കണ്ടെത്തി അതിന് യോജിക്കുന്ന നടന്‍മാരെ കാസ്റ്റ് ചെയ്തു. 

fahadh-faasil
മാമന്നൻ സിനിമയിൽ ഫഹദ് ഫാസിൽ

ഉദയനാണ് താരത്തില്‍ ശ്രീനിവാസന്‍ പറഞ്ഞതു പോലെ എന്റെ മുഖം എന്റെ തല എന്ന് പരിതപിക്കുന്നവര്‍ക്കിടയില്‍ ഫഹദ് വ്യത്യസ്തനായി.  തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന പടത്തില്‍ നായകതുല്യ വേഷം സുരാജിന് നല്‍കി കളളനായി അഭിനയിക്കാന്‍ തയ്യാറായി നായകനിരയില്‍ തിളങ്ങി നില്‍ക്കുന്ന ഫഹദ്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുളള പല സീനിയര്‍ താരങ്ങളും ഇതര ഭാഷാചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും അന്യസംസ്ഥാനങ്ങളില്‍ താരമുല്യമുളള അവസ്ഥയിലേക്ക് വളര്‍ന്നിട്ടില്ല. ഇരുവര്‍ എന്ന മണിരത്‌നം ചിത്രത്തില്‍ മോഹന്‍ലാല്‍

fahadh-faasil-vikram
വിക്രം സിനിമയിൽ ഫഹദ്

എംജിആറുമായി സമാനതകള്‍ ഏറെയുളള നായകവേഷം ചെയ്‌തെങ്കിലും പടം ഹിറ്റായില്ല. എന്നാല്‍ ഫഹദ് ആവട്ടെ തമിഴ്, തെലുങ്ക് ഭാഷകളില്‍ വിപണിമുല്യമുളള താരമാവുകയും ഒപ്പം മികച്ച നടന്‍ എന്ന പരിവേഷത്തോടെ രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. അങ്ങനെ പാന്‍ ഇന്ത്യന്‍ താരം എന്നതിനൊപ്പം എല്ലാ ഇന്‍ഡസ്ട്രിയിലും ആദരിക്കപ്പെടുന്ന നടന്‍ എന്ന പരിവേഷവും ലഭിക്കുന്നു.

കാലത്തിനൊപ്പം സഞ്ചാരം

സീനിയര്‍ താരങ്ങളില്‍ ഫഹദ് സഹകരിച്ച ഒരേ ഒരു സംവിധായകന്‍ സത്യന്‍ അന്തിക്കാട് മാത്രമാണ്. അദ്ദേഹത്തിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് കാലം തെളിയിക്കുകയും ചെയ്തു. ഞാന്‍ പ്രകാശന്‍, ഒരു ഇന്ത്യന്‍ പ്രണയകഥ എന്നീ സിനികള്‍ തീയറ്ററില്‍ ഹിറ്റായി എന്ന് മാത്രമല്ല ഭേദപ്പെട്ട സിനിമകള്‍ കൂടിയായിരുന്നു. നടന്‍ എന്ന നിലയില്‍ ഫഹദിന്റെ മറ്റൊരു മുഖം കാണാന്‍ അവസരം ഒരുക്കിയ സിനിമകള്‍ കൂടിയായിരുന്നു.

എന്നാല്‍ ഒരു കാലത്ത് മലയാള സിനിമയെ ഉളളം കയ്യിലിട്ട് അമ്മാനമാടിയ പലര്‍ക്കും അദ്ദേഹം ഡേറ്റ് നല്‍കിയില്ല എന്നതും പരസ്യമായ രഹസ്യമാണ്. അദ്ദേഹത്തിന്റെ അഭാവത്തില്‍ മറ്റ് ചില യുവനായകന്‍മാരെ വച്ച് അവര്‍ ഒരുക്കിയ സിനിമകള്‍ തീയറ്ററിലും ഗുണനിലവാരത്തിലും ചരമം അടയുന്ന ദയനീയ ദൃശ്യവും നാം കണ്ടു. കാലത്തിനൊപ്പം സഞ്ചരിക്കുക എന്നതാണ് ഇക്കാര്യത്തില്‍ ഫഫയുടെ മാനദണ്ഡം. സ്വയം നവീകരിക്കാന്‍ കഴിയാത്തവരെ ഉള്‍ക്കൊളളാന്‍ അദ്ദേഹത്തിന് കഴിയാത്തത് അവരുടെ കുറ്റമാണ്. അതില്‍ ഫഹദിനെ വിമര്‍ശിക്കാനാവില്ല.

കുടുംബത്തിനൊപ്പം ഫഹദ് ഫാസിലും നസ്രിയയും
കുടുംബത്തിനൊപ്പം ഫഹദ് ഫാസിലും നസ്രിയയും

സിനിമകള്‍ നന്നാവുക. തിയറ്റര്‍ വിജയത്തിനൊപ്പം അത് എല്ലാ തലങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുക. ഒപ്പം കാലത്തെ അതിജീവിക്കുക. ഇതെല്ലാം ഫഹദിന്റെ പരിഗണനാ വിഷയങ്ങളാണ്. എന്നാല്‍ ഏറ്റവുമൊടുവില്‍ അദ്ദേഹം ചെയ്ത ആവേശം ഫഹദിന്റെ പതിവ് ചലച്ചിത്രസമീപനങ്ങളില്‍ നിന്ന് ഏറെ വിഭിന്നമാണ്. പുതിയ കാലത്തിന്റെ അഭിരുചികള്‍ അനുസരിച്ച് ഒരുക്കിയ മാസ് സിനിമയാണിത്. തെന്നിന്ത്യ ഒന്നാകെ ഈ സിനിമ സ്വീകരിക്കപ്പെടുന്നു. ഗ്രോസ് കലക്‌ഷന്‍ 160 കോടിയില്‍ എത്തിനില്‍ക്കുന്ന ചിത്രം വമ്പന്‍ ഹിറ്റിലേക്ക് കുതിക്കുന്നു. ഇതിലും താരം എന്നതിലുപരി ഫഹദിലെ നടനെ നന്നായി പ്രയോജനപ്പെടുത്താന്‍ സംവിധായകനായ ജിത്തു മാധവന്‍ ശ്രമിച്ചിട്ടുണ്ട്.

ഞാന്‍ എന്ന ഭാവം

അറിഞ്ഞു ചെയ്യുക എന്നതാണ് ഫാഫായുടെ രീതി. പൂര്‍ണമായി മനസര്‍പ്പിച്ച് പ്രവര്‍ത്തിക്കുന്ന സമര്‍പ്പണബുദ്ധിയുടെ വല്ലാത്ത ഒരു തരം ശാഠ്യം അദ്ദേഹത്തിനുണ്ട്. ആത്മാര്‍ത്ഥതയാണ് ഫഹദ് എന്ന നടന്റെയും വ്യക്തിയുടെയും മറ്റൊരു സവിശേഷത. അഭിമുഖങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പരമപുച്ഛം ഭാവിക്കുകയും നിഷേധാത്മകമായ മറുപടികള്‍ നല്‍കുകയും ചെയ്യുന്ന താരങ്ങള്‍ സര്‍വ സാധാരണമാണ്. എന്നാല്‍ ഫഹദ് വളരെ ജൂനിയറായ കുട്ടികളുടെ പോലും ചോദ്യങ്ങള്‍ ശ്രദ്ധാപൂര്‍വം കേട്ട് തികച്ചും മാന്യവും സഭ്യവുമായ ഭാഷയില്‍ പ്രതികരിക്കുന്നത് കാണാം. പ്രകോപനപരമായ ചോദ്യങ്ങളില്‍ പോലും അദ്ദേഹം സംയമനം കൈവിടാറില്ല. ക്ഷമയോടെ സഹിഷ്ണുതയോടെ ഓരോന്നിനും മറുപടി നല്‍കും.

fahadh-karatte-chandran
കരാട്ടെ ചന്ദ്രൻ എന്ന സിനിമയുടെ തയാറെടുപ്പിൽ ഫഹദ്

ഞാന്‍ എന്ന ഭാവം ഫാഫായില്‍ ഇല്ല. താന്‍ മഹത്തായ കാര്യങ്ങള്‍ ചെയ്യുന്നതായി സ്ഥാപിച്ചെടുക്കാന്‍ മുതിരുന്നില്ല. എന്നാല്‍ കഴിയുന്ന വിധം ചിലതെല്ലാം ചെയ്യാന്‍ ശ്രമിക്കുന്നു എന്നാണ് അദ്ദേഹം പറയാറുളളത്. എല്ലാത്തിനെയും വളരെ കൂളായും കാഷ്വലായും എടുക്കുന്ന ഫാഫായിലെ ഈസിനസ് തന്നെയാണ് അഭിനയകലയിലും അദ്ദേഹത്തെ സമാനതകളില്ലാത്ത ഉയരങ്ങളിലേക്ക് കൈപിടിച്ച് നടത്തുന്നത്.

English Summary:

Fahadh Faasil Special Article

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com