രണ്ടാം ദിവസം ശ്രദ്ധേയമായി സഞ്ജയ് ശിവയുടെ സംഗീതക്കച്ചേരി

Mail This Article
മനോരമ മ്യൂസിക് നവരാത്രി സംഗീതോത്സവത്തിലെ രണ്ടാം ദിവസം സഞ്ജയ് ശിവയുടെ സംഗീതക്കച്ചേരി ശ്രദ്ധേയമായി. വയലിൻ വിഷ്ണു ചന്ദ്രമോഹൻ തൃപ്പൂണിത്തുറ, മൃദംഗം കോട്ടയം മനോജ്കുമാർ, ഘടം കുമരകം ഗണേഷ് ഗോപാൽ. സ്വാതിതിരുനാൾ ചിട്ടപ്പെടുത്തിയ ഏഴ് കീർത്തനങ്ങളാണ് സഞ്ജയ് ശിവ ആലപിച്ചത്. 'ഹംസധ്വനി' രാഗത്തിൽ 'ആദി' താളത്തിലുള്ള 'പാഹി ശ്രീപതേ' എന്ന കീർത്തനത്തോടെയാണ് കച്ചേരി ആരംഭിച്ചത്.
'രൂപക' താളത്തിൽ 'നാട്ടകുറിഞ്ചി' രാഗത്തിലുള്ള 'മാമവസദാവരദേ', 'മിശ്രചപ്പ്' താളത്തിൽ 'കാപ്പി' രാഗത്തിലുള്ള 'വിഹരമാനസ', 'കുന്ദളവരാളി' രാഗത്തിൽ 'ഘണ്ഡചപ്പ്' താളത്തിലുള്ള പ്രശസ്തമായ 'ഭോഗീന്ദ്രശായീനാം' എന്നിവയാണ് പിന്നീട് ആലപിച്ചവ. 'പന്തുവരാളി' രാഗത്തിൽ ചിട്ടപ്പെടുത്തിയ 'സരോരുഹാസനജായേ' എന്ന കീർത്തനമായിരുന്നു പ്രധാന കൃതിയായി ആലപിച്ചത്. തുടർന്ന് തനിയാവർത്തനം, 'ഹംസാനന്ദി' രാഗത്തിലുള്ള 'ശങ്കര ശ്രീഗിരി' എന്ന കീർത്തനത്തിനു ശേഷം തില്ലാന ആനന്ദഭൈരവി രാഗത്തിൽ ആയിരുന്നു കച്ചേരിയുടെ സമാപനം.