കിംകിംകിം മോഷണമോ? സംഗീതസംവിധായകൻ രാം സുരേന്ദർ പറയട്ടെ!
Mail This Article
തൃശൂർ∙ സന്തോഷ് ശിവൻ ചിത്രമായ ജാക്ക് ആൻഡ് ജില്ലിലെ കിംകിം കിം എന്ന മഞ്ജു വാരിയർ പാട്ട് നല്ല ജില്ല് ജില്ലെന്നു ഹിറ്റായിക്കൊണ്ടേയിരിക്കുകയാണ്... കാന്താ കാതോർത്തു നിൽപ്പു ഞാൻ.. എന്ന വരികൾക്കുവേണ്ടി മലയാളികൾ കാതോർക്കുന്നു.
അതിനിടെയാണ് ഭർത്താവിനൊപ്പം പാർക്കിൽ പോയപ്പോൾ ദാ, പഴയ കാമുകൻ വരുന്നു എന്നു പറഞ്ഞതുപോലെ പഴയ ‘കാന്താ..’ പാട്ടിന്റെ വരവ്... അതിലുമുണ്ട് കിംകിംകിം... ഈണത്തിലും സാമ്യം.
സംഗതി ചൂണ്ടീതാണ് എന്ന മട്ടിലുള്ള ആരോപണങ്ങളും ആക്രമണവും സമൂഹ മാധ്യമങ്ങളിൽ തുടങ്ങിയിട്ടുണ്ട്.
‘മനോരമ ഓൺലൈൻ ഈ ചോദ്യം നേരെ ഈ പാട്ടിന്റെ സംഗീത സംവിധായകൻ ‘ രാം സുരേന്ദറി’നോടു ചോദിച്ചു.
എന്താ, സംഗതി ചൂണ്ടീതാ?
‘‘ അത് ആ പാട്ടിന്റെ ക്രെഡിറ്റ്സ് കാണാത്തതുകൊണ്ട് ആരോപിക്കുന്നതാ’’’ എന്നാണ് രാം സുരേന്ദറിന്റെ മറുപടി.’’ ഈ പാട്ട് പഴയ കാന്താ പാട്ടിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടു തയ്യാറാക്കിയതാണെന്ന് ക്രെഡിറ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.
∙ അപഹരണമല്ല, പുഷ്പാപഹരണം.
പാരിജാത പുഷ്പാഹരണം എന്ന പഴയകാല നൃത്തസംഗീത നാടകത്തിൽ വക്കം മണി എന്ന കലാകാരൻ പാടിയഭിനയിച്ച പാട്ടിലുണ്ട് ഈ കിംകിംകിം... കാന്താ എന്നുള്ള വിളിയും.
‘കാന്താ തൂകുന്നു തൂമണം... ഇതെങ്ങു നിന്ന്...
മുമ്പിതുപോലിമ്പമെഴും ഗന്ധം ഗന്ധിച്ചതില്ല...
കിംകിംകിം... മേമേമേ...
എന്നാണ് ആ പാട്ട്.
അതിൽ നിന്ന് കിംകിമ്മിനേയും കാന്തനേയുമാണ് സന്തോഷ് ശിവനും സംഘവും പാട്ടിലേക്കെടുത്തത്. എടുക്കും മുൻപ് പഴയ അണിയറപ്രവർത്തകരുടെ ബന്ധുക്കളെ തേടിയെത്തുകയും ചെയ്തു.
പഴയ പാട്ടിലെ കാന്താ എന്ന വാക്കും കിംകിംകിം, മേമേമേ പ്രയോഗങ്ങളും എടുത്തശേഷം മറ്റുവരികളെല്ലാം ഹരിനാരായണൻ എഴുതി മനോഹരമാക്കി.രാം സുരേന്ദർ അതിമനോഹരമായി പുതിയ ഈണത്തിലുമാക്കി.
കിംകിമ്മിനെ മുൻപേ സിനിമയിലെടുത്തിട്ടുണ്ട്..
അരവിന്ദൻ സംവിധാനം ചെയ്ത ഒരിടത്ത് എന്ന സിനിമയിൽ നടൻ ജഗന്നാഥൻ ഇതു പാടി അഭിനയിച്ചിട്ടുണ്ട്.. നെടുമുടി േവണുവിനോടൊപ്പമുള്ള രംഗത്തിൽ.
പഴയകാലങ്ങളെ ഓർമിപ്പിക്കുന്ന ഒരു പാട്ടുവേണമെന്നു സംവിധായകൻ ആവശ്യപ്പെട്ടപ്പോൾ ഹരിനാരായണനും രാം സുരേന്ദറും സന്തോഷ് ശിവനുമുൾപ്പെട്ട സംഘം ഈ പാട്ടിലേക്ക് എത്തിച്ചേർന്നു..
പഴയകാലത്തെ പാട്ടിനെ ആധുനിക തരത്തിൽ ചിട്ടപ്പെടുത്തന്നതിന് ഏറെ പാടുപെട്ടുവെന്ന് രാം സുരേന്ദർ പറയുന്നു.
ഒരു ‘കിളിപോയ ലൈനിലുള്ള പാട്ട്’ വേണമെന്നായിരുന്നു സന്തോഷ് ശിവന്റെ നിർദേശം.. അനുപല്ലവിയുടെ സംഗീതം പലതവണ പരിഷ്കരിച്ചാണ് ഈ രൂപത്തിലേക്ക് എത്തിച്ചതെന്നും രാം സുരേന്ദർ പറയുന്നു.
ചെമ്പകമേ... ചെമ്പകമേ... എന്ന എക്കാലത്തെയും ഹിറ്റ് ഗാനത്തിനും മിഴിയഴക് പൊഴിയും രാധാ... എന്ന സൂപ്പർ ഗാനത്തിനും ഓർക്കസ്ട്രേഷൻ നിർവഹിച്ചയാളാണു രാം സുരേന്ദർ. ഒന്നര പതിറ്റാണ്ടായി സംഗീതമേഖലയിലുള്ള രാമിനു കിട്ടിയ സൂപ്പർഹിറ്റ് പാട്ടുമായി !