ADVERTISEMENT

‌മൂന്നു വർഷം മുൻപ് തുടങ്ങിയ മീടൂ തീക്കാറ്റ് ഇപ്പോഴും അണയുന്നില്ല. ഏറ്റവുമൊടുവിൽ മീടൂ പ്രതിഷേധത്തിൽ ഉലഞ്ഞത് തമിഴ്കവി വൈരമുത്തുവിന്റെ ഒഎൻവി പുരസ്കാരം. ജ്ഞാനപീഠന ജേതാവും മലയാളത്തിന്റെ പ്രിയകവിയുമായ ഒഎൻവിയുടെ പേരിൽ ഏർപ്പെടുത്തിയ ഒഎൻവി പുരസ്കാരം തമിഴ് ഗാനരചയിതാവ് വൈരമുത്തുവിന് പ്രഖ്യാപിച്ചതിനെ തുടർന്ന് രണ്ടു ദിവസമായി ഉയരുന്ന പ്രതിഷേധങ്ങൾക്കൊടുവിൽ പുരസ്കാരം പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നു. ഇരപിടിയൻമാരായ സഹപ്രവർത്തകരോട് ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച വേണ്ടെന്ന സ്ത്രീകളുടെ ഉറച്ച നിലപാടിനുള്ള അംഗീകാരം കൂടിയാണ് ദേശീയ അവാർഡ് ജേതാവിനു പ്രഖ്യാപിച്ച പുരസ്കാരം പുനഃപരിശോധിക്കുമെന്ന പ്രഖ്യാപനം. 

മേയ് 26നു  വൈരമുത്തുവിന് അവാർഡ് പ്രഖ്യാപിച്ചപ്പോൾ മുതൽ വനിതാ സംഘടനകളിൽ നിന്ന് പ്രതിഷേധം ഉയർന്നിരുന്നു. മീടൂ ആരോപണത്തിൽ നിരവധി സ്ത്രീകൾ പീഡന പരാതി ഉന്നയിച്ച സാഹചര്യത്തിൽ വൈരമുത്തുവിന് പുരസ്കാരം നൽകരുതെന്നാണു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. എന്നാൽ വൈരമുത്തുവിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു അക്കാദമിയുടേത്. എഴുത്തിലെ മികവിനാണു പുരസ്കാരം എന്നും സ്വഭാവ ശുദ്ധിക്കല്ല പുരസ്കാരമെന്നുമായിരുന്നു അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണന്റെ പ്രതികരണം. ‘‘വൈരമുത്തു ഇത്തരം ആരോപണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടായിരുന്നെന്നു ജൂറി അംഗങ്ങൾക്ക് അറിയുമോ എന്നെനിക്കറിയില്ല. എന്തായാലും ജൂറിയുടെ തീരുമാനത്തിൽ ഇടപെടാൽ ഉദ്ദേശിക്കുന്നില്ല എന്നും പറഞ്ഞിരുന്ന അടൂർ വെള്ളിയാഴ്ച രാവിലെയോടെയാണ് തീരുമാനം പുനഃപരിശോധിക്കുമെന്ന് ഔദ്യോഗിക പ്രസ്താവന ഇറക്കിയിരിക്കുന്നത്. പ്രതിഷേധം ശക്തിമായതോടെയാണു പുരസ്കാര പ്രഖ്യാപനം പുനഃപരിശോധിക്കുമെന്നു ഒഎൻവി കൾച്ചറൽ അക്കാദമി പ്രസിഡന്റ് അടൂർ ഗോപാലകൃഷ്ണൻ പ്രഖ്യാപിച്ചത്. എന്തുകാരണം കൊണ്ടാണ് പുനഃപരിശോധിക്കുമെന്നു പ്രഖ്യാപിച്ചതെന്നോ ഇനി തുടർനടപടികൾ എന്താണെന്നോ പത്രക്കുറിപ്പിൽ പറയുന്നില്ല. 

പുരസ്കാരം എഴുത്തിലെ മികവിന്

മലയാളത്തിലെയും മറ്റുഭാഷകളിലെയും മികച്ച എഴുത്തുകാർക്ക് ഏർപ്പെടുത്തിയ ഒഎൻവി പുരസ്കാരം 3 ലക്ഷം രൂപയാണ്. കവികളായ പ്രഭാവർമ, ആലങ്കോട് ലീലാകൃഷ്ണൻ, മലയാളം സർവകലാശാല വൈസ് ചാൻസലർ അനിൽ വള്ളത്തോൾ എന്നിവരടങ്ങുന്ന ജൂറിയാണ് ഇക്കുറി പുരസ്കാരം തീരുമാനിച്ചത്. എം.ടി.വാസുദേവൻനായർ, സുഗതകുമാരി, അക്കിത്തം അച്യുതൻ നമ്പൂതിരി, എം.ലീലാവതി എന്നിങ്ങനെ മലയാള സാഹിത്യത്തിലെ അതുല്യ വ്യക്തിത്വങ്ങളാണ് മുൻ വർഷങ്ങളിൽ പുരസ്കാരം നേടിയത്. മുഖ്യമന്ത്രി പിണറായി വിജയൻ മുഖ്യരക്ഷാധികാരിയും എം.ടി.വാസുദേവൻ നായർ, കെ.ജെ.യേശുദാസ് അടക്കമുള്ളവർ ഉൾപ്പെട്ടതാണ് അക്കാദമി. 

ഗുരുതരം ആരോപണങ്ങൾ

മലയാള സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കലക്ടീവ്(ഡബ്ലുസിസി)ആണ് അവാർഡ് ചോദ്യം ചെയ്ത് ആദ്യം രംഗത്തെത്തിയത്.  ‘മലയാളിയുടെ ഭാവനയെയും വിപ്ലവ സങ്കൽപ്പങ്ങളെയും ആഴത്തിൽ സ്വാധീനിച്ച കവിയായിരുന്നു ഒ.എൻ.വി.കുറുപ്പ്. പ്രവർത്തന മേഖലയിലും വ്യക്തി എന്ന നിലയിലും മാനുഷുക മൂല്യങ്ങളും സഹാനുഭൂതിയും ഉയർത്തിപ്പിടിച്ച ഒ.എൻ.വി.കുറുപ്പ് സഹപ്രവർത്തകർക്കും വായനക്കാർക്കും ഒരു പോലെ ആരാധ്യനായിരുന്നു. വൈരമുത്തുവിനെതിരായ ആരോപണത്തിൽ 17 സ്ത്രീകളാണു മുന്നോട്ടു വന്നത്. ഒ.എൻ.വി.കുറുപ്പ് തന്റെ കലയിലൂടെയും ജീവിതത്തിലൂടെയും ഉയർത്തിപ്പിടിച്ച മൂല്യങ്ങളെയും സിദ്ധാന്തങ്ങളെയും ഒ.എൻ.വി ലിറ്റററി അവാർഡ് ജൂറി മാനിക്കണമെന്നും കുറ്റാരോപിതനെ ആദരിക്കുന്നതു പുനരാലോചിക്കണമെന്നും അപേക്ഷിക്കുന്നു. സഹപ്രവർത്തകയെ അതിക്രമങ്ങൾക്കിരയാക്കി സൃഷ്ടിക്കപ്പെടുന്ന കല ആഘോഷിക്കപ്പെടേണ്ടതാണോ? കല ഒരിക്കലും പീഡനങ്ങൾക്കുള്ള ഒരു മറയാവരുത്’’– എന്നും ഡബ്ലിസിസി പുറത്തിറക്കിയ പ്രതിഷേധക്കുറിപ്പിൽ പറയുന്നു. എഴുത്തുകാരി കെ.ആർ.മീര അടക്കമുള്ളവർ തീരുമാനത്തിനെതിരെ രംഗത്തു വന്നു. സമൂഹമാധ്യമങ്ങളിലും പ്രതിഷേധം ശക്തമായി. കവിതയിലും കവികളിലും അരാജകത്വം വിളയാടിയിരുന്ന കാലത്തും അത്തരം ശീലങ്ങളിൽ നിന്നു വിട്ടു നിന്നയാളാണ് ഒ.എൻ.വി.എന്നു പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. സ്വഭാവഗുണം വളരെയേറെയുള്ള, സ്ത്രീകളെ വേദനിപ്പിക്കുന്ന ഒരു വാക്കു പോലും ജീവിതകാലത്തു പറഞ്ഞിട്ടില്ലാത്ത ഒഎൻവിയുടെ പേരിലുള്ള പുരസ്കാരം ഇത്ര ഗുരുതരമായ ആരോപണങ്ങൾ നേരിട്ട ഒരാൾക്കു നൽകുന്നത് സ്ത്രീകളോടുള്ള അതിക്രമമാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. 

അണയാതെ മീടൂ

ഉന്നതപദവികളിൽ ഇരുന്നു സ്ത്രീകളെ ചൂഷണം ചെയ്യുന്ന സമൂഹത്തിലെ പ്രമുഖർക്കെതിരെ സ്ത്രീകളുടെ തുറന്നു പറച്ചിലുകളായിരുന്നു മീടൂ ക്യാംപയിൻ. ഹോളിവുഡിൽ ആരംഭിച്ച  മീടൂ ക്യാംപയിന്റെ ചുവടു പിടിച്ച് 2018ൽ ആരംഭിച്ച ഇന്ത്യൻ മീടൂ മൂവ്‍മെന്റിന്റെ ഭാഗമായി കേന്ദ്രമന്ത്രിയും പത്രപ്രവർത്തകനുമായിരുന്ന എം.ജെ.അക്ബർ അടക്കമുള്ളവർക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഈ ക്യാംപയിന്റെ ഭാഗമായാണു വൈരമുത്തുവിനെതിരെയും ലൈംഗിക ആരോപണങ്ങൾ ഉയർന്നത്. പത്തിലേറെ സ്ത്രീകൾ ഇദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ചു. മികച്ച ഗായികയ്ക്കുള്ള തമിഴ്നാട് സർക്കാരിന്റെ പുരസ്കാരം 3 തവണ നേടിയ ഗായിക ചിന്മയി ശ്രീപദ അടക്കമുള്ളവർ ഈ കൂട്ടത്തിലുണ്ട്. ഗായികയും ഡബ്ബിങ് ആർടിസ്റ്റുമായ ചിന്മയിയുടെ ആരോപണം ഏറെ ഗുരുതരമായിരുന്നു. തനിക്കു വഴങ്ങിയില്ലെങ്കിൽ കരിയർ ഇല്ലാതാക്കും എന്ന് അടക്കമുള്ള നിരന്തര ഭീഷണി വൈരമുത്തു മുഴക്കിയിരുന്നതായി ചിന്മയി ആരോപിച്ചിരുന്നു. ഗായികയായി നിലനിൽക്കണമെങ്കിൽ ഉടൻ പങ്കിട്ടേ പറ്റൂ എന്നു പറഞ്ഞപ്പോൾ ജീവനും കൊണ്ടു രക്ഷപ്പെടുകയായിരുന്നു എന്നു ചിന്മയി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ ആരോപണങ്ങൾ നിഷേധിച്ച വൈരമുത്തു നിയമനടപടി നേരിടുമെന്നു പറഞ്ഞിരുന്നു. 

തമിഴിലെ അറിയപ്പെടുന്ന കവിയും ഗാനരചയിതാവുമാണ് വൈരമുത്തു. ജെന്റിൽമാൻ, കാതലൻ, ഇന്ത്യൻ, ജീൻസ്, മുതൽവൻ, ശിവാജി, എന്തിരജൻ, തിരുടാ തിരുടാ, ബോംബെ, അലൈപായുതേ, കന്നത്തിൽ മുത്തമിട്ടാൽ, ആയുധ എഴുത്ത്, രാവണൻ, കടൽ, ഒ.കെ.കൺമണി, കാറ്റു വെളിയിടൈ, ചെക്ക ചെവന്ത വാനം തുടങ്ങിയ നിരവധി ഹിറ്റ് സിനിമകൾക്കു ഗാനം രചിച്ചിട്ടുണ്ട്. പത്മശ്രീ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ, ദേശീയ അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com