ADVERTISEMENT

പത്തൊൻപതാം നൂറ്റാണ്ട് എന്ന ചിത്രത്തിൽ താൻ പാടിയ ഗാനം ഒഴിവാക്കിയെന്നാരോപിച്ച് പന്തളം ബാലൻ നടത്തിയ പ്രതികരണത്തിൽ നിലപാട് വ്യക്തമാക്കി ചിത്രത്തിന്റെ സംവിധായകൻ വിനയന്‍. തിരക്കഥയിൽ തിരുത്തലുകളുണ്ടായപ്പോൾ പാട്ടിനനുയോജ്യമായ സാഹചര്യം എടുത്തുകളഞ്ഞെന്നും അതുകൊണ്ടാണ് ബാലന്റെ പാട്ട് നീക്കം ചെയ്തതെന്നും വിനയൻ മനോരമ ഓൺലൈനിനോടു പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ബാലനെ ബോധ്യപ്പെടുത്തിയിരുന്നെന്നും ഇപ്പോൾ എന്തുകൊണ്ടാണ് ഇത്തരമൊരു പോസ്റ്റ് പങ്കുവച്ചതെന്നു മനസ്സിലാകുന്നില്ലെന്നും വിനയൻ കൂട്ടിച്ചേർത്തു.  

 

‘പത്തൊൻപതാം നൂറ്റാണ്ട് എന്ന സിനിമയുടെ സ്ക്രിപ്റ്റ് എഴുതുന്നതിന്റെ തുടക്കത്തിലാണ് പന്തളം ബാലനെകൊണ്ട് ഒരു പാട്ട് പാടിക്കണം എന്ന ആഗ്രഹം എനിക്ക് തോന്നിയത്. ഒരു പാട്ട് അദ്ദേഹത്തിന് കൊടുക്കാൻ ഞാൻ എം.ജയചന്ദ്രനോടു പറഞ്ഞു. അങ്ങനെ ജയചന്ദ്രൻ ബാലനെ വിളിച്ചു പാടിച്ചിരുന്നു.  അന്നത്തെ സ്ക്രിപ്റ്റിൽ പിറന്നാളാഘോഷം പോലെ ഒരു സീൻ ഉണ്ടായിരുന്നു. ആ പാട്ടാണ് അദ്ദേഹം പാടിയത്. പക്ഷേ തിരക്കഥ പൂർത്തിയാക്കിയപ്പോൾ പിറന്നാളാഘോഷത്തിനു പകരം ആ ഏരിയയിൽ ഒരു പൂതം തുള്ളൽ ആണ് ആവശ്യമായി വന്നത്. അത് എല്ലാവരുടെയും കൂട്ടായ തീരുമാനമായിരുന്നു.  അങ്ങനെയാണ് അവിടെ ഒരു പൂതം തുള്ളൽ പാട്ടും നൃത്തരംഗവും വന്നത്. അപ്പോൾ തന്നെ ഞാൻ ബാലനെ വിളിച്ച് വിഷമം അറിയിച്ചു. "ബാലന് ഒരു പാട്ട് തരണം എന്നത് എന്റെ ആഗ്രഹമായിരുന്നു പക്ഷേ സ്ക്രിപ്റ്റ് ഇങ്ങനെ ആയപ്പോൾ അവിടെ പിറന്നാൾ ആഘോഷം ചേർക്കാൻ പറ്റില്ല അതുകൊണ്ട് ബാലന്റെ പാട്ട് ഉൾപ്പെടുത്താൻ കഴിയില്ല, എന്തായാലും എന്റെ അടുത്ത പടത്തിൽ ബാലന് ഒരു പാട്ട് ഞാൻ തരും" എന്ന് ഞാൻ അദ്ദേഹത്തോടു പറഞ്ഞു. ബാലൻ പറഞ്ഞത് "ശരി സർ അങ്ങനെ ആകട്ടെ, എന്റെ വിധിയായിരിക്കും, അടുത്ത പടത്തിൽ സർ എന്നെ പരിഗണിക്കണം" എന്നാണ്. 

 

സിനിമ അങ്ങനെയാണ്. ഷൂട്ട് ചെയ്ത കാര്യങ്ങൾ, ചില താരങ്ങൾ പാട്ടുകൾ അങ്ങനെ പലതും നമുക്ക് ചിലപ്പോൾ ഒഴിവാക്കേണ്ടി വരും. സിനിമയുടെ തിരക്കഥ വികസിക്കുന്നതിനനുസരിച്ച് പല കാര്യങ്ങളും മാറിമറിയും. ആ രംഗത്തിന് ആവശ്യമില്ലാത്ത ഒരു പാട്ടിനു വേണ്ടി 40 ലക്ഷം രൂപയോളം മുടക്കി ചിത്രീകരിക്കാൻ നിർമാതാവിനോട് പറയാൻ കഴിയില്ലല്ലോ. ഇത്രയും വർഷത്തെ അനുഭവസമ്പത്ത് ഉള്ള ബാലന് അതൊന്നും അറിയാത്തതല്ല. ഈ സിനിമയിൽ യുവഗായകൻ ഹരിശങ്കറിന്റെ ഒരു പാട്ടും ഒഴിവാക്കിയിട്ടുണ്ട്. സിനിമയിൽ ഇതൊക്കെ പതിവാണ്. ബാലനോട് ഇതൊക്കെ ഞാൻ പറഞ്ഞതാണ്. പക്ഷേ ബാലൻ ഇപ്പോൾ ഇത്തരമൊരു പോസ്റ്റുമായി വന്നത് എന്താണെന്ന് മനസ്സിലാകുന്നില്ല. ബാലന്റെ പോസ്റ്റ് കണ്ടപ്പോൾ എനിക്ക് ശരിക്കും വിഷമം തോന്നി. ബാലനെപ്പോലെയുള്ള ഒരു സീനിയർ കലാകാരൻ പറയേണ്ട വാക്കുകളല്ല അത്. ഞാൻ ജാതിയോ മതമോ നോക്കാതെ എല്ലാ കലാകാരന്മാരെയും ചേർത്തു പിടിക്കുന്ന ആളാണ്. പല ജാതിയിലും മതത്തിലും പെട്ട പുതിയതും പഴയതുമായ പലരെയും ഞാൻ എന്റെ സിനിമകളിൽ ഉൾപ്പെടുത്താറുണ്ട്. ബാലനോടുള്ള സ്നേഹത്തിന്റെ പുറത്താണ് ഞാൻ വിളിച്ചു പാടിച്ചത്. ബാലന്റെ ജാതി നോക്കി ഒഴിവാക്കി എന്നൊക്കെ പറയുന്നത് എന്ത് കഷ്ടമാണ്. സിനിമയെയും കലയെയും കുറിച്ച് നല്ല വിവരമുള്ള ബാലനെപ്പോലെ ഒരു കലാകാരനിൽ നിന്ന് ഞാൻ ഇത് പ്രതീക്ഷിച്ചില്ല. എനിക്ക് നല്ല പ്രയാസമുണ്ട്’ വിനയൻ പറഞ്ഞു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com