‘അച്ചൂ ഇത് നിനക്കു വേണ്ടി’; സ്റ്റേജിൽ സർപ്രൈസുമായി ജയറാം, അമ്പരന്ന് പാർവതി, വിഡിയോ

Mail This Article
വേദിയിൽ പാട്ടു പാടി കയ്യടി നേടുന്ന നടൻ ജയറാമിന്റെ വിഡിയോ ആരാധകശ്രദ്ധ നേടുന്നു. കല്യാൺ ഗ്രൂപ്പ് ഒരുക്കിയ നവരാത്രി ആഘോഷങ്ങൾക്കിടെ പാട്ട് പാടിയതിന്റെ വിഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. സദസ്സിലുണ്ടായിരുന്ന പാർവതിയോട് ‘അച്ചൂ, ഇത് നിനക്കു വേണ്ടിയാണ്’ എന്നു പറഞ്ഞുകൊണ്ടാണ് ജയറാം പാടിത്തുടങ്ങുന്നത്.
അപ്രതീക്ഷിതമായെത്തിയ ജയറാമിന്റെ പാട്ട് അമ്പരപ്പോടെയാണ് പാർവതി കേട്ടിരുന്നത്. ‘മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി’ എന്ന പാട്ടോടെയാണ് ജയറാം തുടങ്ങിയത്. പാർവതി വേഷമിട്ട ‘ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം’ എന്ന ചിത്രത്തിലെ ഗാനമാണിത്. അകാലത്തിൽ അന്തരിച്ച നടൻ പുനീത് രാജ്കുമാറിനു വേണ്ടിയും വേദിയിൽ ജയറാം പ്രത്യേക ഗാനം ആലപിച്ചു.
താരനിബിഢമായിരുന്നു കല്യാൺ ഗ്രൂപ്പിന്റെ നവരാത്രി ആഘോഷം. ഹിന്ദി സൂപ്പർ താരമായ രൺബീർ കപൂർ, നടി കത്രീന കെയ്ഫ് ഉൾപ്പടെയുള്ള ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് താരങ്ങൾ ആഘോഷത്തിൽ പങ്കെടുത്തു.
നിവിൻ പോളി, പൃഥ്വിരാജ്, സുപ്രിയ മേനോൻ, ആർ.മാധവൻ, പ്രിയദർശൻ, നാഗാർജ്ജുന, അമല, ടൊവിനൊ തോമസ്, ജയസൂര്യ, സത്യൻ അന്തിക്കാട്, അപർണ ബാലമുരളി, നീരജ് മാധവ്, നവ്യ നായർ, പൂർണിമ ഇന്ദ്രജിത്, പ്രഭു, ചിലമ്പരശൻ, വിക്രം പ്രഭു, ജോജു ജോർജ്, കല്യാണി പ്രിയദർശൻ, ആന്റണി പെരുമ്പാവൂർ, എം.ജി.ശ്രീകുമാർ, കിൻജൽ രാജപ്രിയ, പൂജ സാവന്ത്, റിത ബാരി ചക്രവർത്തി, വിജയ് യേശുദാസ്, ഔസേപ്പച്ചൻ തുടങ്ങി നിരവധിപേർ എത്തിയിരുന്നു.