പ്രേമിക്കുമ്പോൾ നീയും ഞാനും...; പ്രണയ വരികൾ കോറിയിട്ട് കൊതി തീരാതെ രചയിതാക്കൾ, കേട്ട് മതിയാകാതെ നമ്മളും!

Mail This Article
ഹൃദയങ്ങളുടെ പുഞ്ചിരിയാണ് പ്രണയം. കവി പ്രഭാവർമയുടെ വരികളിൽ പറയുന്നത് പോലെ ഒരു ചെമ്പനീർ പൂവ് പോലും കൈമാറാതെ മനസ്സിലാക്കാൻ കഴിയുന്ന സ്വർഗീയമായ അനുഭൂതി. ജന്മാന്തര ബന്ധങ്ങളുടെ ഓർമപ്പെടുത്തൽ പോലെ കലാകാലം അതങ്ങനെ തലമുറകൾ പിന്നിട്ട് മുന്നോട്ടൊഴുകുന്നു. പ്രായഭേദമില്ലാതെ ഏവരും അനുഭവിക്കുന്ന നവ്യസുഗന്ധമാണത്, ഹൃദയവിശാലതയുടെ സുഗന്ധം.
പ്രണയഗാനങ്ങൾക്ക് എക്കാലത്തും താരപരിവേഷമാണ്. മലയാളത്തിന്റെ അഭ്രപാളികളെ കോരിത്തരിപ്പിച്ചിരുന്ന ഒട്ടേറെ ഗാനങ്ങൾ എല്ലാ പ്രണയദിനത്തിലും നമ്മുടെ ഓർമകളിൽ സുഗന്ധം പരത്തും. അവയിലൂടെ ഒന്ന് കണ്ണോടിച്ചാൽ പ്രേമത്തെ പലതലമുറയിലെ കവികൾ പല തരത്തിലാണ് നോക്കികാണുന്നതെന്നും വ്യക്തമാകും. കാലത്തിനൊത്ത മാറ്റമാണ് വരികളിലും പ്രകടമാകുന്നത്. വയലാറിന്റെ വരികളിലെ ഇന്ദ്രജാലങ്ങളെ അനുഭവിച്ചറിഞ്ഞവർ പുത്തൻ ഗാനരചയിതാക്കളേയും ഇരുകയ്യും നീട്ടി സ്വീകരിച്ചപ്പോൾ നമ്മുടെ സംഗീതലോകം പൂത്തുലഞ്ഞു.
പ്രാണനാകുന്ന രണ്ടുപേർ അവരുടെ വികാരവിചാരങ്ങളെ പങ്കുവയ്ക്കുന്നതിനിടയിലാകും ചിലപ്പോഴൊക്കെ ഗാനങ്ങൾ അവരുടെ അനുഭവങ്ങൾക്ക് നിറം നൽകുന്നത്.
പുനർജന്മം എന്ന ചിത്രത്തിലെ പ്രേമ ഭിക്ഷുകി എന്ന ഗാനത്തിൽ ഏതു ജന്മത്തില്‍ ഏതു സന്ധ്യയിലാണ് ആദ്യം കാണുന്നതെന്ന് വയലാർ ചോദിക്കുമ്പോൾ ഇരുവർക്കുമിടയിലെ അന്തരം പ്രേക്ഷകർ മനസ്സിലാക്കുന്നു. കമലദളത്തിൽ കൈതപ്രം പ്രണയിനി തന്റെ നാഥനോട് ആവശ്യപ്പെടുന്നതും പ്രേമോദാരനായ് അണയാനാണ്. കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുമ്പോൾ പ്രിയൻ അരികിലേക്കെത്തണമെന്ന ആവശ്യം തള്ളിക്കളയാൻ ആർക്കാണ് സാധിക്കുന്നത്?
പ്രായം നമ്മിൽ മോഹം നൽകി മോഹം കണ്ണിൽ പ്രേമം നൽകിയെന്ന് ബിച്ചു തിരുമല നിറം എന്ന ചിത്രത്തിനായി കുറിക്കുമ്പോൾ എക്കാലത്തെയും ഹിറ്റായി അത് മാറുമെന്ന് ഓർത്തിരിക്കുമോ? പാല പൂത്ത കാവിൽ ആദ്യം കണ്ടുമുട്ടിയതും തമ്മിൽ പങ്കുവച്ച കഥകൾ കവിതകളായി മാറിയതും പ്രായഭേദമില്ലാതെ ഹൃദയങ്ങൾ ഏറ്റെടുത്തു.
പ്രേമിക്കുമ്പോൾ നീരിൽ വീഴുന്ന പൂക്കളാണ് കമിതാക്കൾ എന്ന് റഫീക്ക് അഹമ്മദ് കുറിച്ചപ്പോൾ ഒരു കാലഘട്ടം അതേറ്റുപാടി. സിരയിലെ എരിവായും പ്രണയം വ്യാഖ്യനിക്കപ്പെട്ടു. അമർ അക്ബർ അന്തോണി എന്ന ചിത്രത്തിനു വേണ്ടി നാദിർഷ പ്രേമമെന്നാൽ കരളിനുള്ളിലെ തീയാണെന്ന് പറഞ്ഞപ്പോഴും പ്രണയം പുഞ്ചിരി തൂകി.
പ്രണയകാവ്യങ്ങളില്‍ ഭാവങ്ങള്‍ക്കാണ് പലപ്പോഴും പ്രാധാന്യം കൽപിക്കപ്പെടുന്നത്. സംഘകാല പ്രണയകാവ്യമായ 'അകനാനൂറി'ല്‍ പ്രണയത്തിന്റെ വൈവിധ്യങ്ങള്‍ക്കനുസരിച്ച് പൂക്കളേയും ഇടങ്ങളേയും ഋതുക്കളേയുമൊക്കെ ഉൾപ്പെടുത്തിരിക്കുന്നതായും കാണാം. പ്രണയ കാവ്യങ്ങളെ കാലാതിവർത്തിയായി നിലനിർത്തുന്നത് അതിലെ രൂപഭാവങ്ങളും വൈകാരികതലങ്ങളും ഉൾച്ചേർത്ത കൃത്യമായ പദവിന്യാസം കൊണ്ടാണെന്നുള്ളത് ഉറപ്പ്. കാമുക ഭാഷണങ്ങളിലൂടെ പ്രണയിനിയുടെ മിഴിവാര്‍ന്ന ചിത്രങ്ങള്‍ വരച്ചുകാട്ടുന്ന പ്രണയ ഗാനങ്ങളും കവിഭാവനയിൽ വിരിഞ്ഞതോടെ പ്രണയമൊരസുലഭനിർവൃതിയായി. പ്രേമം കാലം ചെല്ലുന്തോറും വീര്യം കൂടുന്ന വീഞ്ഞുപോലെയാണെന്ന് പറഞ്ഞ പ്രണയം എന്ന ചിത്രത്തിൽ പകലൊളി ഇരവിനെ കേൾക്കുമ്പോൾ പ്രണയിനിയുടെ കവിളിലുമരുണിമ പൂത്തതായി കവി കാണുന്നു.
"പ്രണയം വൃദ്ധനെ പതിനാറുകാരനാക്കുന്നു. അസുരനെപോലും സ്വപ്നം കാണാൻ പഠിപ്പിക്കുന്നു. ആ ഭാഷയിൽ സംസാരിച്ചു തുടങ്ങുമ്പോൾ ഓരോ ദിവസവും നേരത്തെ തുടങ്ങട്ടെയെന്നും പകലുകൾ അവസാനിക്കാതിരിക്കട്ടെ എന്നും പ്രാർഥിച്ചു പോകുന്നു. ഏത് ജീവജാലത്തിനും മനസ്സിലാകുന്ന ഭാഷ, ഏറ്റവും വലിയ പ്രാർഥന" ഒരു പ്രണയദിനം കൂടി കടന്നുവന്നിരിക്കുകയാണ്. പ്രണയം സംവദിക്കുന്നത് ഗാനങ്ങളിലൂടെയാകുമ്പോൾ പ്രണയിക്കുന്നവർ ചെറുപ്പകാരാകും. ഒരിക്കലും പ്രണയിച്ചു തീരാത്ത കാസനോവമാർക്കായി, വർണരാജികൾ വീശി മലയാള സിനിമയിൽ ഇനിയും ഒട്ടേറെ ഗാനങ്ങൾ പിറവികൊള്ളും. ആ പുത്തൻ ഗാനങ്ങൾക്കൊപ്പം പഴമയുടെ പ്രൗഢിയും നൈർമല്യവും നിലനിർത്തിക്കൊണ്ട്, തലയുയർത്തി നിൽക്കുന്ന പഴയ പ്രണയഗാനങ്ങളും നാം മൂളും. ജന്മജന്മാന്തരങ്ങളായി അതങ്ങനെ തുടർന്നുകൊണ്ടേയിരിക്കും. ലോകമെമ്പാടുമുള്ളവർ ഏറ്റുപാടിയ മലയാള പ്രണയഗാനങ്ങളിൽ പലതും പുതുമ നഷ്ടപ്പെടാത്ത, വാടാമലരായി ഓരോ പ്രണയദിനത്തെയും സ്വാഗതം ചെയ്തുകൊണ്ടിരിക്കും.