‘ഞാൻ ആർക്കുവേണ്ടിയാണ് പാടുന്നത്?’; റഹ്മാന്റെ സ്റ്റുഡിയോയിൽ ഒറ്റപ്പെട്ടുപോയ ലത മങ്കേഷ്കർ ചോദിച്ചു, സംഭവം ഇങ്ങനെ!

Mail This Article
സംഗീതസംവിധായകൻ എ.ആർ.റഹ്മാനെക്കുറിച്ചു വാചാലനായി പ്രശസ്ത ഗാനരചയിതാവ് ഗുൽസാർ. ജോലി ചെയ്യുമ്പോൾ റഹ്മാന് അധികം ആളുകളുടെയൊന്നും സഹായം ആവശ്യമില്ലെന്നും പലപ്പോഴും ഒറ്റയ്ക്കു തന്നെയാണ് അദ്ദേഹം തന്റെ ജോലികൾ തീർക്കാൻ ശ്രമിക്കുന്നതെന്നും ഗുൽസാർ പറഞ്ഞു. ഇത്തരം ആളുകളെ വളരെ അപൂർവമായേ കാണാൻ സാധിക്കൂ എന്നും ഗുൽസാർ കൂട്ടിച്ചേർത്തു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റഹ്മാനെക്കുറിച്ച് ഗുൽസാർ മനസ്സു തുറന്നത്.
‘മിക്കപ്പോഴും സ്റ്റുഡിയോയിൽ റഹ്മാൻ ഒറ്റയ്ക്കായിരിക്കും. വലിയ റെക്കോർഡിങ്ങുകൾ പോലും അദ്ദേഹത്തിന് ഒറ്റയ്ക്കു കൈകാര്യം ചെയ്യാൻ സാധിക്കും. അക്കാര്യത്തിൽ റഹ്മാന് പ്രത്യേക കഴിവ് ഉണ്ട്. ഇതുപോലെയൊരാളെ ഞാൻ മുൻപ് കണ്ടിട്ടില്ല. ചെറിയ ചില കാര്യങ്ങൾക്കു സഹായിക്കാൻ ചിലപ്പോൾ ഒരാൾ കൂടെയുണ്ടായിരിക്കുമെന്നല്ലാതെ മിക്കപ്പോഴും റഹ്മാൻ ഒറ്റയ്ക്കുതന്നെയാണ്.
ദിൽ സേ എന്ന ചിത്രത്തിനു വേണ്ടി ഞാൻ എഴുതിയ ‘‘ജിയ ചലേ’’ എന്ന പാട്ടിന്റെ റെക്കോർഡിങ് വേളയെക്കുറിച്ച് ഓർത്തുപോവുകയാണ് ഇപ്പോൾ. അന്ന് പാട്ട് പാടാൻ സ്റ്റുഡിയോയിൽ എത്തിയ ലതാ മങ്കേഷ്കർ അവിടെ ഒറ്റപ്പെട്ടു പോയി. റഹ്മാനൊപ്പമുള്ള ലതയുടെ ആദ്യ ഗാനമായിരുന്നു അത്. സാധാരണയായി റെക്കോർഡിങ് വേളയിൽ ഗായകരുടെ എതിർ ദിശയിലെ ഒരു മുറിയിൽ നിന്ന് സംഗീതസംവിധായകർ ആംഗ്യങ്ങൾ കാണിക്കുന്നതും നിർദേശം നൽകുന്നതും പതിവാണ്. എന്നാൽ അന്ന് ലത നോക്കിയപ്പോൾ തന്റെ കൺമുന്നിൽ ആരും ഉണ്ടായിരുന്നില്ല.
അൽപനേരം കഴിഞ്ഞപ്പോൾ ലത എന്നോടു ഹിന്ദിയിൽ ചോദിച്ചു, ‘‘എന്റെ മുന്നിൽ ആരെയും കാണാൻ കഴിയുന്നില്ല; ഞാൻ ആർക്കുവേണ്ടിയാണ് പാടുന്നത്? ആരുമായും ഒരു ബന്ധവുമില്ലാത്തതിനാൽ എനിക്ക് വളരെ അസ്വസ്ഥത തോന്നുന്നു’’. ലതയ്ക്ക് കൺമുന്നിൽ ആരുമില്ലാതെ പാട്ട് പാടാനോ ഒരു കവിത ചൊല്ലാനോ പോലും കഴിയില്ല. അന്ന് റഹ്മാന് ഹിന്ദി അത്രവശമില്ലായിരുന്നു. ലത എന്നോടു പറഞ്ഞ കാര്യങ്ങൾ ഞാൻ റഹ്മാനെ അറിയിച്ചു. തുടർന്ന് ലതയ്ക്കു കാണാൻ പാകത്തിന് റെക്കോർഡിങ് റൂമിന്റെ വാതിലിനോടു ചേർന്ന് ഒരു സ്റ്റൂളിട്ട് ഞാൻ അതിൽ ഇരുന്നു. അങ്ങനെ എന്നെ കണ്ടുകൊണ്ട് ലത പാട്ട് പാടി പൂർത്തിയാക്കി’, ഗുൽസാർ പറഞ്ഞു.