ADVERTISEMENT

കാശമാർഗം കുതിച്ചുയരാനുള്ള ഉത്തര മലബാറിന്റെ ആവേശച്ചിറകുകൾ തളരുകയാണ്.  അടിസ്ഥാന സൗകര്യങ്ങളിൽ രാജ്യത്തെ മെട്രോ നഗരങ്ങളിലെ വിമാനത്താവളങ്ങൾക്കൊപ്പമാണ് കണ്ണൂർ വിമാനത്താവളം. എന്നാൽ, ആശാവഹമായ തുടക്കത്തിനുശേഷം കണ്ണൂർ പറന്നതു പ്രതിസന്ധികളിലേക്കാണ്.  ഇവിടെനിന്നുള്ള സർവീസുകൾ അവസാനിപ്പിക്കാനുള്ള ഗോ ഫസ്റ്റ് എയർലൈൻസിന്റെ തീരുമാനമാണ് ഏറ്റവും ഒടുവിലത്തെ തിരിച്ചടി. 

കണ്ണൂരിൽനിന്നു മുംബൈയിലേക്കും അബുദാബി, ദുബായ്, ദമാം, മസ്കത്ത് തുടങ്ങിയ ഗൾഫ് നഗരങ്ങളിലേക്കുമായി മാസം 240 സർവീസുകളാണു ഗോ ഫസ്റ്റിനുണ്ടായിരുന്നത്. ഇവ നിർത്തിയതോടെ ഒരു മാസം കണ്ണൂർ എയർപോർട്ട് ഇന്റർനാഷനൽ ലിമിറ്റഡിനുള്ള(കിയാൽ) നഷ്ടം 4 കോടി രൂപയാണ്. മുൻപ് എയർ ഇന്ത്യയും ഇവിടെനിന്നുള്ള സർവീസുകൾ അവസാനിപ്പിച്ചിരുന്നു. ഇപ്പോൾ ശേഷിക്കുന്നത് എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയും മാത്രം. വിമാനങ്ങൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ ഉയർന്നത് യാത്രക്കാരെ പിന്നോട്ടടിക്കുമെന്ന ആശങ്കയുമുണ്ട്.

2018 ഡിസംബർ ഒൻപതിനാണ് കണ്ണൂരിൽനിന്ന് ആദ്യ വിമാനം ടേക് ഓഫ് ചെയ്തത്. ആദ്യ 10 മാസംകൊണ്ട് 10 ലക്ഷം യാത്രക്കാരുമായി വിമാനത്താവളം ചരിത്രം കുറിച്ചിരുന്നു. വിദേശ വിമാനങ്ങൾക്കു സർവീസ് നടത്തുന്നതിനുള്ള പോയിന്റ് ഓഫ് കോൾ പദവിക്കായി തുടക്കം മുതൽ കേന്ദ്ര സർക്കാരിന്റെ വാതിലിൽ മുട്ടിക്കൊണ്ടിരിക്കുകയാണ് കണ്ണൂർ. കോ‍ഡ് ഷെയറിങ് വഴി ഇന്ത്യൻ വിമാനക്കമ്പനികൾക്ക് യൂറോപ്പിലേക്ക് ഉൾപ്പെടെ സർവീസ് നടത്താനുള്ള കണക്‌ഷൻ ഫ്ലൈറ്റ് സൗകര്യമെങ്കിലും ഒരുക്കണമെന്ന ആവശ്യം കേന്ദ്രം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കേണ്ടതാണ്.

കോവിഡ് സമയത്ത് വിദേശത്തു കുടുങ്ങിയവരുമായി കുവൈത്ത് എയർവേയ്സ്, സൗദി എയർ, എയർ അറേബ്യ എന്നിവയുടെ വൈഡ് ബോഡി വിമാനങ്ങളും ഇത്തിഹാദ്, ഫ്ലൈ ദുബായ്, സലാം എയർ, ജസീറ എയർവേയ്സ്, സൗദി എയർവേയ്സ് തുടങ്ങിയവയുടെ ചാർട്ടേഡ് വിമാനങ്ങളും കണ്ണൂരിലെത്തിയിരുന്നു. ഹജ് പുറപ്പെടൽ കേന്ദ്രങ്ങളുടെ പട്ടികയിൽ കണ്ണൂർ ഉൾപ്പെട്ടപ്പോഴും കിയാൽ വലിയ പ്രതീക്ഷയിലായിരുന്നു. എമിറേറ്റ്സ്, ശ്രീലങ്കൻ എയർലൈൻസ്, മലിൻഡോ എയർ, സിംഗപ്പൂർ എയർ‌ലൈൻസ് തുടങ്ങി മറ്റ് ഒട്ടേറെ വിദേശ കമ്പനികളും കണ്ണൂരിൽനിന്ന് സർവീസിനു താൽപര്യം പ്രകടിപ്പിച്ചിരുന്നു. വിദേശ വിമാന സർവീസുകൾ തുടങ്ങാനാകാത്തത് വിമാനത്താവളത്തിന്റെ വള‍ർച്ചയെ സാരമായി ബാധിച്ചു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ അനുമതി മാത്രമേ ആവശ്യമുള്ളൂ. അതു നേടിയെടുക്കാൻ സംസ്ഥാന സർക്കാരിന്റെയും എംപിമാരുടെയുമെല്ലാം കൂട്ടായ ശ്രമം ഉണ്ടാകേണ്ടിയിരിക്കുന്നു.

ചരക്കുനീക്കത്തിനു വേണ്ടത്ര വിമാനങ്ങൾ ഇല്ലെന്നതും കണ്ണൂർ നേരിടുന്ന പ്രതിസന്ധിയാണ്. നിലവിൽ പ്രതിദിന ചരക്കുനീക്കം 7 ടൺ വരെ മാത്രമാണ്. ഗോ ഫസ്റ്റ് സർവീസുകൾ നിർത്തലാക്കിയതു ചരക്കുനീക്കത്തെയും ബാധിച്ചിട്ടുണ്ട്. വിമാനത്താവളത്തോട് അനുബന്ധിച്ചു വികസിപ്പിക്കേണ്ട റോഡുകളുടെ നിർമാണം പാതിവഴിയിലാണ്. വിമാനത്താവള നഗരമായി മട്ടന്നൂരിനെ വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വൻകിട സംരംഭങ്ങൾ പലതും തുടങ്ങിയിട്ടില്ല. വിമാനത്താവള പരിസരത്ത് കുറഞ്ഞ ചെലവിലുള്ള താമസ സൗകര്യങ്ങളും പരിമിതം. കൃഷി, വ്യവസായ, ടൂറിസം മേഖലകളും കാര്യമായി ഉണർന്നിട്ടില്ല. ഇക്കാര്യങ്ങളിലെല്ലാം കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അടിയന്തര ശ്രദ്ധ പതിയേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞു.

വിമാനങ്ങളുടെ എണ്ണം കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലുമുണ്ടായിരിക്കുന്ന ഇടിവ് വിമാനത്താവളത്തിന്റെ ഭാവി അപകടപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. 2350 കോടി രൂപ ചെലവിൽ നിർമിച്ച വിമാനത്താവളത്തിനു കടബാധ്യതകൾ ഏറെയുണ്ട്. ബാങ്കിങ് കൺസോർഷ്യം വഴിയെടുത്ത 892 കോടി രൂപയുടെ വായ്പ കോവിഡ് കാലത്തെ മൊറട്ടോറിയം കാലാവധി കഴിഞ്ഞതോടെ 1100 കോടിക്കു മുകളിലായിക്കഴിഞ്ഞു. വരുമാനം കുത്തനെ കുറയുന്നതു വായ്പ തിരിച്ചടവ്, ശമ്പള വിതരണം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയെയും ബാധിക്കും. കണ്ണൂർ വിമാനത്താവളത്തെ പ്രതിസന്ധിയിൽനിന്നു കരകയറ്റാൻ രാഷ്ട്രീയം മറന്നുള്ള ഇടപെടലാണ് നാട് ആഗ്രഹിക്കുന്നത്.

Content Highlight: Kannur International Airport crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com