ADVERTISEMENT

എല്ലാ ജനവിഭാഗങ്ങളും സുരക്ഷിതരായി ജീവിക്കുന്ന, വ്യത്യസ്ത ആശയങ്ങളും സ്വതന്ത്രചിന്തയും നിലനിൽക്കുന്ന ലിബറൽ സമൂഹമെന്നതാണ് നമ്മുടെ രാജ്യത്തിന്റെ നിത്യപ്രകാശം. മറ്റെ‍ാരാളുടെ മതത്തെ അറിയാനും അംഗീകരിക്കാനും ആദരിക്കാനും സാധിക്കുന്ന ക്രിയാത്മക നിലപാടാണ് ഇന്ത്യയുടെ മതനിരപേക്ഷതയുടെ കാതൽ. സഹജീവിയുടെ മതത്തെ ആദരിക്കാനായാൽ മാത്രമേ സമുദായസൗഹാർദം കാത്തുസൂക്ഷിക്കുക എന്ന പൗരധർമം നിർവഹിക്കാനാകൂ. ഈ കാഴ്ചപ്പാടിന് ഏതു സാഹചര്യത്തിലും മങ്ങലേറ്റുകൂടാ. അതുകെ‍ാണ്ടുതന്നെയാണ്, മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികർക്കു നേരെയുണ്ടായ ആക്രമണത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതും.

ജബൽപുരിലെ വിവിധ പള്ളികളിലേക്കു തീർഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന 52 അംഗ സംഘത്തെ തടഞ്ഞുവച്ചതറിഞ്ഞ് സഹായത്തിനെത്തിയ വൈദികസംഘമാണു തിങ്കളാഴ്ച ആക്രമിക്കപ്പെട്ടത്. ബജ്റങ്ദൾ പ്രവർത്തകർ ഇവരെ കയ്യേറ്റം ചെയ്യുകയായിരുന്നുവെന്നാണു പരാതി. ഇതെച്ചെ‍ാല്ലി പാർലമെന്റിൽവരെ പ്രതിഷേധമുയർന്നിട്ടും പെ‍ാലീസ് കേസ് എടുത്തതുതന്നെ ഇന്നലെയാണ്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

സമാനസംഭവങ്ങൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആവർത്തിക്കപ്പെടുന്നത് ഇക്കാര്യത്തിൽ ഉചിതവും നീതിയുക്തവുമായ അടിയന്തര നടപടികൾ ഉണ്ടാകാത്തതുകൊണ്ടുതന്നെ. നാം അഭിമാനപൂർവം കാത്തുസൂക്ഷിക്കുന്ന മതനിരപേക്ഷതയ്‌ക്കും ഭരണഘടന ഉറപ്പുനൽകുന്ന ന്യൂനപക്ഷ സംരക്ഷണത്തിനും ആവർത്തിച്ചു മുറിവേൽക്കുന്നത് അത്യന്തം ആശങ്കാജനകമാണ്. ജബൽപുരിലെ അതിക്രമത്തിൽ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ശക്തമായ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. ക്രൈസ്തവ മതവിശ്വാസികളെ തുടർച്ചയായി ലക്ഷ്യംവയ്ക്കുകയും ആക്രമിക്കുകയും ചെയ്യുന്നത് ഏറെ ആശങ്കപ്പെടുത്തുന്നുവെന്ന് സിബിസിഐ ചൂണ്ടിക്കാട്ടുന്നു; ഈ വിഷയത്തിൽ നടപടിയെടുക്കണമെന്നു കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

ജബൽപുരിൽ ക്രൈസ്തവർക്കു നേരെയുണ്ടായ ആക്രമണത്തിൽ ഇടപെടാനും അക്രമികൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും സർക്കാർ തയാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെടുകയുണ്ടായി. തീർഥാടനം നടത്തുകയായിരുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടുന്ന ആദിവാസികളുടെ സംഘത്തെ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയതും അവരെ സഹായിക്കാനെത്തിയ മലയാളികളായ വൈദികരെ പൊലീസുകാരുടെ സാന്നിധ്യത്തിൽ മർദിച്ചതും അത്യന്തം ഹീനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജബൽപുരിലുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്സഭയിൽനിന്നു കഴിഞ്ഞദിവസം ഇറങ്ങിപ്പോകുകയുണ്ടായി. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നാക്രമണമാണിതെന്ന് അവർ അഭിപ്രായപ്പെടുന്നു.

ഇതിനിടെ, ഒഡീഷയിലെ ബഹരാംപുർ രൂപതയിലെ ജൂബ ഇടവക പള്ളിയിൽ കയറിയ പൊലീസ് മലയാളി വൈദികനെ ക്രൂരമായി മർദിച്ച സംഭവമാണ് ഏറ്റവുമെ‍ാടുവിലായി കേട്ടത്. പള്ളിയിലെ വസ്തുവകകൾ നശിപ്പിച്ച പൊലീസ്, വൈദികന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന നാൽപതിനായിരത്തോളം രൂപ അപഹരിച്ചതായും രൂപതാ നേതൃത്വം ആരോപിച്ചു.

എല്ലാ വിഭാഗം ജനങ്ങൾക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. രാജ്യം മുറുകെപ്പിടിക്കുന്ന മതനിരപേക്ഷതയ്ക്കുതന്നെയാണ് ഇത്തരം സംഭവങ്ങളിലെ‌ാക്കെയും മുറിവേൽക്കുന്നത്. ഭരണഘടന നൽകുന്ന മതസ്വാതന്ത്ര്യവും ജീവിക്കാനുള്ള അവകാശവും ഹനിക്കപ്പെടുന്നുവെന്ന ആരോപണം ഉയരുമ്പോൾ അതിന് ഉചിത പരിഹാരം കാണേണ്ട ഉത്തരവാദിത്തം തീർച്ചയായും കേന്ദ്ര സർക്കാരിനുണ്ട്. ബഹുസ്വരത നിറഞ്ഞ സാമൂഹികക്രമം ഉറപ്പാക്കി സ്വതന്ത്രചിന്തയും വിശ്വാസങ്ങളും സാധ്യമാക്കാനുള്ള പ്രാഥമിക ചുമതല സർക്കാരിനാണെന്നും കടുത്ത അസഹിഷ്ണുതയുടേതായ മനോഭാവം ഒരുതരത്തിലും വച്ചുപൊറുപ്പിക്കാനാകില്ലെന്നും സുപ്രീം കോടതിതന്നെ പറഞ്ഞിട്ടുള്ളതുമാണ്.

രാജ്യത്തു വർധിക്കുന്ന വർഗീയസംഘർഷങ്ങളിൽ ഉത്കണ്ഠ രേഖപ്പെടുത്തിയും പരിഹാരം ആവശ്യപ്പെട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 17 പ്രമുഖ വ്യക്തികൾ കഴിഞ്ഞ വർഷാവസാനം എഴുതിയ കത്ത് വീണ്ടുമോർമിക്കാം. ഇന്ത്യ മതനിരപേക്ഷ രാജ്യമാണെന്ന തിരിച്ചറിവും അതനുസരിച്ചുള്ള ചുമതലാബോധവും നമ്മുടെ ഭരണസംവിധാനത്തിലുള്ളവർക്കും രാഷ്ട്രീയനേതാക്കൾക്കും ഉണ്ടായേതീരൂ. ജബൽപുരിൽ നടന്നതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ വേണ്ട തുടർനടപടികളും നിരന്തരശ്രദ്ധയും ഇനിയെങ്കിലും ഭരണാധികാരികളിൽനിന്നുണ്ടാകേണ്ടത് ഈ കാലത്തിന്റെതന്നെ ആവശ്യമാണ്.

English Summary:

Jabalpur Attack: The attack on Malayali priests in Jabalpur underscores the urgent need to protect religious freedom in India. Recurring incidents of violence against religious minorities demand immediate government intervention and a commitment to secular principles.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com