പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്; പ്രതിഫലവിവരങ്ങൾ നൽകാൻ നിർദേശം

Mail This Article
കൊച്ചി ∙ നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടിസ്. മുൻപ് അഭിനയിച്ച മൂന്നു ചിത്രങ്ങളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങളിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ടാണ് നോട്ടിസെന്നാണ് സൂചന. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളിൽ അഭിനയിച്ചതിനു പ്രതിഫലം വാങ്ങിയിട്ടില്ലെന്നും പക്ഷേ നിർമാണ പങ്കാളിയെന്ന നിലയിൽ പണം വാങ്ങിയെന്നും ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടിസ്. പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫിസുകളിൽ 2022 ഡിസംബർ 15ന് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ നോട്ടിസ് നൽകിയിരിക്കുന്നത്.
പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന സിനിമയുടെ പേരിൽ വിവാദങ്ങളുണ്ടായതിനെ തുടർന്ന് അത് റീസെൻസർ ചെയ്തിരുന്നു. അതിനു പിന്നാലെ, അതിന്റെ നിർമാതാക്കളിലൊരാളായ ഗോകുലം ഗോപാലന്റെ ഓഫിസുകളിലും വീടുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുകയും അദ്ദേഹത്തെ ചോദ്യം ചെയ്യുകയും ചെയ്തു. അതിന്റെ നടപടികൾ തുടരുകയാണ്.
അതേസമയം, പൃഥ്വിരാജിനു നോട്ടിസ് നൽകിയതിന് എമ്പുരാനുമായി ബന്ധമില്ലെന്നും മുൻ ചിത്രങ്ങളിലെ പ്രതിഫലവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പരിശോധിക്കുന്നതെന്നുമാണ് ആദായനികുതി വകുപ്പിന്റെ വിശദീകരണം.