ADVERTISEMENT

തർക്കമുണ്ടെങ്കിലും ദശകങ്ങളായി തമ്മിൽ അടിക്കാതെ, പിണങ്ങിയും ഇടയ്ക്കിടെ തന്ത്രപൂർവമായ സൗഹൃദവുമായി, അതിർത്തി പങ്കിട്ടിരുന്ന ഇന്ത്യൻ സൈന്യവും ചൈനീസ് സൈന്യവും ഒടുവിൽ ചോര ചിന്തിയിരിക്കയാണ്. 1962 ലേതുപോലുള്ള ഒരു വിപുല യുദ്ധത്തിലേക്ക് ഇത് വഴിതെളിക്കാനുള്ള സാധ്യതയില്ലെങ്കിലും 1967 ലെ നാഥു ലാ സംഭവത്തിനു സമാനമായ പ്രശ്നങ്ങളിലേക്കു നയിക്കുമോ എന്നാണ് സുരക്ഷാ തന്ത്രജ്ഞരുടെ ആശങ്ക.

1967: നാഥു ലാ

അന്നും അതിർത്തിയിലെ നിർമാണമായിരുന്നു പ്രശ്നമായത്. ഇരു സൈന്യത്തിന്റെയും റോളുകൾ നേരെ മറിച്ചായിരുന്നുവെന്നു മാത്രം.

അരുണാചലും സിക്കിമും തങ്ങളുടെ അധീനതയിലാക്കാൻ ചൈന ശ്രമിക്കുമെന്നുള്ള ആശങ്കയിൽ കിഴക്കൻ മേഖലയിൽ ഇന്ത്യ നേരത്തെ തന്നെ മേൽക്കൈ ഉറപ്പിച്ചിരുന്നു. ആ മേഖലയിലെ ചുംബി താഴ്‍വര പ്രദേശത്ത് ഇന്ത്യൻ സൈന്യത്തിനുണ്ടായിരുന്ന മേൽക്കൈ മാറ്റിയെടുക്കാൻ ചൈനീസ് സൈന്യം നാഥു ചുര (ലാ എന്നാൽ ചുരം എന്നർഥം) ത്തിനെതിരെയുള്ള പ്രദേശത്ത് സൈനിക സൗകര്യങ്ങൾ നിർമിച്ചു തുടങ്ങി. നിർമാണം ഇന്ത്യൻ നിയന്ത്രിത ഭൂമിയിലേക്കു കടന്നുവന്നുവെന്നാണ് ഇന്ത്യ ആരോപിച്ചത്. ഏതായാലും നിർമാണം ഇന്ത്യൻ സൈന്യം തടഞ്ഞതാണ് ഇരുപക്ഷത്തുനിന്നും കാര്യമായ ആൾനാശത്തിനു വഴിതെളിച്ച സംഭവത്തിലേക്കു നയിച്ചത്.

1962 ലെ പരാജയത്തിനു ശേഷം ചൈനീസ് സൈന്യത്തെ നേരിടാൻ ഇന്ത്യൻ സൈന്യത്തിന് ആത്മവിശ്വാസം നേടിക്കൊടുത്തത് ഈ സംഭവമായിരുന്നു. ഇന്ത്യൻ സൈന്യത്തിന്റെ കനത്ത ചെറുത്തുനിൽപ്പിനെ തുടർന്ന് അന്ന് ചൈനീസ് സൈന്യത്തിന് മുൻനിലയിലേക്കു മടങ്ങേണ്ടിവന്നു.

2020: ലഡാക്ക്

കിഴക്ക് മേൽക്കൈ ഇന്ത്യക്കാണെങ്കിൽ ലഡാക്കിൽ (പടിഞ്ഞാറ്) അന്നും ഇന്നും ചൈനീസ് സൈന്യത്തിനാണ് മേൽക്കൈ. അതിനൊപ്പമെത്താനാണ് ഇന്ത്യ കഴിഞ്ഞ ഒന്നര–രണ്ടു ദശകങ്ങളായി സൈനിക നിർമാണപ്രവർത്തനങ്ങളിലുടെ ശ്രമിച്ചുവരുന്നത്. ദൗളത്ത് ബേഗ് ഓൾഡിയിലേക്കുള്ള അതിർത്തി റോഡും ഷ്യോക്ക് നദിയിലെ പാലവും നിർമിച്ചത് ഇതിന്റെ ഭാഗമായാണ്. ഇവ നിർത്തിവെക്കണമെന്നതാണ് ചൈനയുടെ ഇപ്പോഴത്തെ ആവശ്യം. അതിനുള്ള സമ്മർദതന്ത്രമായാണ് അതിർത്തിയിൽ മൂന്നിടത്ത് അതിക്രമിച്ചുകയറിയത്.

കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാൻ സൈനികതലത്തിൽ നടത്തിയ ചർച്ചകളിൽ ചില ധാരണകളുണ്ടായതായാണ് അറിവ്. എന്നാൽ ഈ ധാരണയനുസരിച്ച് പിൻമാറാനുള്ള നീക്കത്തിനിടയിൽ ഒരിടത്താണ് ഇപ്പോൾ പ്രശ്നമുണ്ടായിരിക്കുന്നത്.

സൈനികതലത്തിൽ ഇതുവരെ നടന്ന ചർച്ചകളുടെ ഘടനയും ശ്രദ്ധേയമാണ്. ആദ്യ ചർച്ചകൾ കോർ കമാൻഡർമാർ തമ്മിലായിരുന്നു. ലഫ്റ്റനന്റ് ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥന്മാരാണ് കോർ കമാൻഡർമാർ. 

അതിനുശേഷം മേജർ ജനറൽമാർ കമാൻഡ് ചെയ്യുന്ന ഡിവിഷൻ തലത്തിൽ ചർച്ച നടന്നു. തുടർന്ന് ബ്രിഗേഡിയർമാർ കമാൻഡ് ചെയ്യുന്ന ബ്രിഗേഡ് തലത്തിൽ ചർച്ച നടന്നു. അതു കഴിഞ്ഞാണ് യഥാർഥത്തിൽ പ്രശ്നഭൂമിയിലുള്ള സൈനികരുൾപ്പെടുന്ന ബറ്റാലിയൻ തലത്തിൽ പിൻമാറ്റ ചർച്ചകൾ നടന്നത്.

ഈ ചർച്ചകൾക്കിടയിലാണ് ഇപ്പോൾ കയ്യാങ്കളി നടന്നിരിക്കുന്നത്. കയ്യാങ്കളിയിൽ കൊല്ലപ്പെട്ട സൈനികരിൽ‌ ഒരാൾ ബറ്റാലിയന്റെ കമാൻഡിങ് ഓഫിസർ (കേണൽ) തന്നെയാണെന്നത് ഇവിടെ ശ്രദ്ധേയമാണ്.

English Summary: Will Nathula happen again?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com