ഉത്തരാഖണ്ഡ്: തുടർഭരണം ചരിത്രം
Mail This Article
ന്യൂഡൽഹി ∙ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി കുറിച്ചത് ചരിത്രനേട്ടം. സംസ്ഥാനത്ത് ഒരു കക്ഷിക്കും തുടർഭരണം ലഭിച്ചിട്ടില്ലെന്ന ചരിത്രമാണു ബിജെപി തിരുത്തിയത്. തകർപ്പൻ നേട്ടത്തിനിടയിലും ഖാട്ടിമ മണ്ഡലത്തിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി കോൺഗ്രസ് സ്ഥാനാർഥി ഭുവൻചന്ദ്ര കപ്ഡിയോടു പരാജയപ്പെട്ടതു ബിജെപിക്ക് ആഘാതമായി.
മുഖ്യമന്ത്രിസ്ഥാനത്തേക്ക് ആരെന്ന ചോദ്യവും ഒപ്പം ഉയരുന്നു. മുൻ മുഖ്യമന്ത്രിയും ഹരിദ്വാർ എംപിയുമായ രമേശ് പൊക്രിയാൽ, മന്ത്രി ധൻ സിങ് റാവത്ത്, കേന്ദ്രമന്ത്രി അജയ് ഭട്ട്, ബിജെപി സംസ്ഥാന അധ്യക്ഷൻ മദൻ കൗശിക് എന്നിവരിലൊരാൾക്കു നറുക്കുവീണേക്കാം. ധാമിയെപ്പോലെ അപ്രതീക്ഷിത മുഖ്യമന്ത്രിക്കുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.
ഭരണത്തിൽ തിരിച്ചെത്തുമെന്ന ശുഭാപ്തി വിശ്വാസത്തിലായിരുന്നു കോൺഗ്രസ്. വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും താമസിയാതെ ബിജെപി മുൻതൂക്കം നേടി.
ഭരണവിരുദ്ധ വികാരം, 5 വർഷത്തിനിടെ 3 മുഖ്യമന്ത്രിമാരെ പരീക്ഷിക്കേണ്ടിവന്ന സാഹചര്യം, യുവനേതാവിനെ മുഖ്യമന്ത്രിയാക്കിയതിൽ മുതിർന്ന നേതാക്കളുടെ നീരസം, വിമതശല്യം ഉൾപ്പെടെയുള്ള പ്രതിബന്ധങ്ങൾ മറികടന്നാണു ബിജെപി ചരിത്രം കുറിച്ചത്. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ചേർന്നുള്ള ഇരട്ട എൻജിൻ വികസനം, പ്രമുഖ തീർഥാടന കേന്ദ്രങ്ങളുടെ പുനരുദ്ധാരണം, സൗജന്യ ഗ്യാസ് സിലിണ്ടർ ഉൾപ്പെടെയുള്ള വാഗ്ദാനങ്ങൾ ബിജെപിക്കു ഗുണം ചെയ്തു.
കടുത്ത വിഭാഗീയതയും സ്ഥാനാർഥിനിർണയത്തിലെ പാകപ്പിഴകളുമാണു കോൺഗ്രസിനു വിനയായത്. ആദ്യം റാംനഗറിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ഹരീഷ് റാവത്തിന് പാർട്ടിക്കുള്ളിലെ എതിർപ്പിനെത്തുടർന്നാണു ലാൽകുവയിലേക്കു മാറേണ്ടി വന്നത്. അവിടെ കോൺഗ്രസ് വിമതസ്ഥാനാർഥി മത്സരിച്ചതോടെ റാവത്തും തോറ്റു. എഎപി, ബിഎസ്പി സാന്നിധ്യവും കോൺഗ്രസിനു തിരിച്ചടിയായി.
English Summary: BJP Continues in Uttarakhand