കോൺഗ്രസ് പ്രകടന പത്രിക ഇന്ന്: വൺ റാങ്ക് വൺ പെൻഷൻ
Mail This Article
ന്യൂഡൽഹി ∙ സമീപകാലത്ത് കോൺഗ്രസിന് ആശ്വാസജയം നൽകിയ സംസ്ഥാനങ്ങളിൽ വിജയം കണ്ട പ്രഖ്യാപനങ്ങൾ ഉൾപ്പെടുത്തി കോൺഗ്രസിന്റെ സമ്പൂർണ പ്രകടനപത്രിക ഇന്നു പുറത്തിറക്കും. രാവിലെ 11.30നു എഐസിസി ആസ്ഥാനത്തു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർ ചേർന്നാണ് പ്രകടനപത്രിക അവതരിപ്പിക്കുക. വൺ റാങ്ക് വൺ പെൻഷൻ, ജിഎസ്ടി പരിഷ്കാരം, അന്വേഷണ ഏജൻസികളുടെ ദുരുപയോഗം തടയൽ, അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കുന്ന തരത്തിൽ ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി തുടങ്ങിയ വാഗ്ദാനങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടും.
മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ നേതൃത്വത്തിലുള്ള സമിതി ദേശീയതലത്തിൽ ആശയസമാഹരണം നടത്തിയാണ് സമ്പൂർണ പ്രകടന പത്രിക തയാറാക്കിയിരിക്കുന്നത്. കശ്മീരിനു പൂർണ സംസ്ഥാന പദവി, ലഡാക്കിനു പ്രത്യേക പദവി, അഗ്നിവീർ പദ്ധതി റദ്ദാക്കൽ, സച്ചാർ കമ്മിറ്റിയുടെ ശേഷിക്കുന്ന ശുപാർശകൾ നടപ്പാക്കൽ, ഫെഡറിലസം ഉറപ്പാക്കൽ, കേന്ദ്ര–സംസ്ഥാന ബന്ധം മെച്ചപ്പെടുത്തുന്ന നിർദേശങ്ങൾ തുടങ്ങിയവയും കോൺഗ്രസിന്റെ പ്രകടനപത്രികയിൽ വരും. യുവാക്കൾ, കർഷകർ, സ്ത്രീകൾ തുടങ്ങി വിവിധ വിഭാഗങ്ങൾക്ക് നീതി ഉറപ്പാക്കുന്ന 25 നിർദേശങ്ങൾ നേരത്തേ അവതരിപ്പിച്ചിരുന്നു.