പാളത്തിൽ ഗ്യാസ് കുറ്റി; കാളിന്ദി എക്സ്പ്രസ് അട്ടിമറിക്കാൻ ശ്രമം

Mail This Article
കാൻപുർ (യുപി) ∙ പാചകവാതക സിലിണ്ടർ ഉപയോഗിച്ച് റെയിൽപാളത്തിൽ സ്ഫോടനം നടത്തി കാളിന്ദി എക്സ്പ്രസ് പാളം തെറ്റിക്കാനുള്ള ശ്രമം വിഫലമായി. അതിവേഗത്തിൽ വന്ന ട്രെയിൻ, സിലിണ്ടർ ഇടിച്ചുതെറിപ്പിച്ചെങ്കിലും അപകടമുണ്ടായില്ല. പൊലീസും ഭീകരവിരുദ്ധസേനയും കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവസ്ഥലത്തുനിന്നു ലഭിച്ച മധുരപലഹാരങ്ങളുടെ പെട്ടിക്ക് പ്രതികളുമായി ബന്ധമുണ്ടെന്ന നിഗമനത്തിൽ പൊലീസ് സംഘം കനൗജിലേക്കും പുറപ്പെട്ടു.
ഞായറാഴ്ച രാത്രി 8.20ന് ആണ് അട്ടിമറിശ്രമം ഉണ്ടായത്. സിലിണ്ടറിനു പുറമേ പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും പാളത്തിൽ വച്ചിരുന്നു. ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് സംവിധാനം ഉപയോഗിച്ചെങ്കിലും സിലിണ്ടറിലിടിച്ച ശേഷമാണ് ട്രെയിൻ നിന്നത്. 20 മിനിറ്റിനുശേഷം യാത്ര തുടർന്നു.