കമൽ ഖേര, അനിത ആനന്ദ്: കാർണി മന്ത്രിസഭയിലെ ഇന്ത്യൻ മുഖം

Mail This Article
ഓട്ടവ ∙ കാനഡയിൽ അധികാരമേറ്റ മാർക്ക് കാർണി മന്ത്രിസഭയിൽ ഇന്ത്യൻ വംശജരായ 2 വനിതകളും. ആരോഗ്യവകുപ്പിന്റെ ചുമതല വഹിക്കുന്ന കമൽ ഖേര (36), ശാസ്ത്രം, വ്യവസായം എന്നീ വകുപ്പുകളുടെ ചുമതല ലഭിച്ച അനിത ആനന്ദ് (58) എന്നിവർ ഉൾപ്പെടെ 11 വനിതകളാണ് 24 അംഗമന്ത്രിസഭയിൽ ഇടം നേടിയത്.
കാനഡയുടെ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ അംഗമായ കമൽ ഖേര ജനിച്ചത് ഡൽഹിയിലാണ്. കുടുംബം പിന്നീട് കാനഡയിലെത്തി. അവിടെ ടൊറന്റോയിലെ യോർക് യൂണിവേഴ്സിറ്റിയിൽനിന്ന് ശാസ്ത്രബിരുദം നേടിയശേഷം സെന്റ് ജോസഫ്സ് ഹെൽത്ത് സെന്ററിലെ ഓങ്കോളജി വിഭാഗത്തിൽ നഴ്സായി പരിശീലനം നേടി. ബ്രാംപ്ടൻ വെസ്റ്റിൽനിന്ന് 2015 ൽ ആദ്യമായി എംപിയായി.
രാജിവച്ച ജസ്റ്റിൻ ട്രൂഡോയ്ക്കു പകരക്കാരിയായി പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ മുൻപിൽ നിന്നിരുന്ന അനിത ആനന്ദ് പിന്നീട് മത്സരത്തിൽനിന്നു പിൻവാങ്ങി. നോവ സ്കോട്ടിയയിൽ ജനിച്ചുവളർന്ന അവർ 1985 ൽ ഒന്റാറിയോയിലേക്ക് താമസം മാറ്റി. 2019 ൽ ഓക്‌വില്ലയിൽനിന്ന് ആദ്യമായി എംപിയായി.
ട്രൂഡോ മന്ത്രിസഭയിൽ 37 അംഗങ്ങളാണുണ്ടായിരുന്നത്. ആ മന്ത്രിസഭയിലുണ്ടായിരുന്ന മെലാനി ജോളിതന്നെയാണ് പുതിയ മന്ത്രിസഭയിലും വിദേശകാര്യം കൈകാര്യം ചെയ്യുന്നത്. മുൻ ഉപപ്രധാനമന്ത്രിയും ധനമന്ത്രിയുമായ ക്രിസ്റ്റിയ ഫ്രീലാൻഡിന് പുതിയ മന്ത്രിസഭയിൽ ഗതാഗതവകുപ്പ് ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 20ന് പൊതു തിരഞ്ഞെടുപ്പ് നടത്തുന്നതുവരെയാണ് മാർക്ക് കാർണി മന്ത്രിസഭയുടെ കാലാവധി.