ADVERTISEMENT

ദുബായ്/ന്യൂഡൽഹി ∙ ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഇന്ത്യയിൽ എത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, പ്രതിരോധമന്ത്രി രാജ്‌ നാഥ് സിങ് എന്നിവരെയും കാണും. നാളെ മുംബൈയിൽ വ്യവസായ പ്രമുഖരുമായി ചർച്ച നടത്തും.

വ്യാപാരം, നിക്ഷേപം, പ്രതിരോധം, നൈപുണ്യ ശേഷി പങ്കുവയ്ക്കൽ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനൊപ്പം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സെപ) കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതും ചർച്ച ചെയ്യും. ദുബായ് കിരീടാവകാശിയായ ശേഷം ഷെയ്ഖ് ഹംദാന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്. ഒട്ടേറെ മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും ബിസിനസ് പ്രതിനിധികൾ ഉൾപ്പെടെ ഉന്നത തല സംഘവും അനുഗമിക്കുന്നുണ്ട്.

സ്വന്തം കുടുംബം പോലെയാണ് ഇന്ത്യയെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ഒരു നൂറ്റാണ്ട് മുൻപ് തന്റെ വലിയ മുത്തച്ഛൻ, ഷെയ്ഖ് സായീദ് ബിൻ മക്തും അൽ മക്തും ചികിത്സയ്ക്കുവേണ്ടി നിരന്തരം ഇന്ത്യ സന്ദർശിച്ചതും ദുബായിലെ സറൂഖ് അൽ ഹാദിദ് മേഖലയിൽ നടത്തിയ ആർക്കിയോളജിക്കൽ പരിശോധനയിൽ 3000 വർഷം പഴക്കമുള്ള ഇന്ത്യൻ മുത്തുകളും മൺ പാത്രങ്ങളും കണ്ടെത്തിയതും അദ്ദേഹം അനുസ്മരിച്ചു. 2023 – 2024 സാമ്പത്തിക വർഷത്തെ ഉഭയകക്ഷി വ്യാപാരം 8450 കോടി ഡോളർ ആണ്. ഇത് താമസിയാതെ 10,000 കോടി ഡോളർ പിന്നിടും. ഇന്ത്യയുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ 7500 കോടി ഡോളർ നിക്ഷേപിക്കാൻ യുഎഇ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

നിർമാണ തൊഴിലാളികൾ മുതൽ വ്യവസായ പ്രമുഖർ വരെയുള്ള ഇന്ത്യൻ പ്രവാസികൾ, യുഎഇയുടെ ദേശീയ സമ്പദ്ഘടനയ്ക്കു നൽകുന്ന സംഭാവനകൾ അതുല്യമാണ്. യുഎഇയിലെ ആദ്യ സ്കൂളിനു നേതൃത്വം നൽകിയത് ഇന്ത്യയിൽ നിന്നുള്ള അധ്യാപകരാണ്. ആദ്യ ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യയുടെ വിപുലമായ വ്യാപാര സാധ്യതകളും വിഭവശേഷിയും വൈദഗ്ധ്യവും യുഎഇയുടെ കർമശേഷിയും ചടുലതയും വേഗവും ചേരുമ്പോൾ മറ്റാർക്കും ഇരുരാജ്യങ്ങളെയും തടയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Sheikh Hamdan's India Trip: Dubai crown prince Sheikh Hamdan bin Mohammed Al Maktoum on historic India visit

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com