കോതമംഗലം ചെറിയ പള്ളിയിൽ കയറാനാവാതെ ഓർത്തഡോക്സ് സഭാ സംഘം മടങ്ങി

Mail This Article
കോതമംഗലം ∙ കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ പ്രവേശിക്കാനെത്തിയ തോമസ് പോൾ റമ്പാനും മൂന്നു മെത്രാപ്പൊലീത്തമാരും വിശ്വാസികളും ഉൾപ്പെട്ട ഓർത്തഡോക്സ് സഭാ സംഘത്തിനു യാക്കോബായ സഭാംഗങ്ങളുടെ ശക്തമായ ചെറുത്തുനിൽപിനെ തുടർന്നു പള്ളിയിൽ പ്രവേശിക്കാനാവാതെ മടങ്ങേണ്ടി വന്നു.
അതിരാവിലെ മുതൽ പള്ളിയുടെ എല്ലാ ഗേറ്റിലും ശക്തമായ പ്രതിരോധം തീർത്ത യാക്കോബായ സഭാംഗങ്ങൾ ഉച്ചയ്ക്കു മൂന്നോടെ ഓർത്തഡോക്സ് സംഘം മടങ്ങുന്നതു വരെ ചെറുത്തുനിൽപു തുടർന്നു. കോടതി വിധി നടപ്പാക്കാൻ പൊലീസ് സംരക്ഷണം നൽകാത്ത സാഹചര്യത്തിൽ തിരിച്ചു പോകുകയല്ലാതെ വേറെ മാർഗമില്ലെന്നും ഇക്കാര്യം കാണിച്ചു വീണ്ടും കോടതിയെ സമീപിക്കുമെന്നും തോമസ് പോൾ റമ്പാൻ പറഞ്ഞു.
സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന യാക്കോബായ സഭാംഗങ്ങളും ഓർത്തഡോക്സ് സഭാംഗങ്ങളും പള്ളിയുടെ പടിഞ്ഞാറേ ഗേറ്റിൽ മണിക്കൂറുകളോളം അഭിമുഖമായി നിന്നതു കോതമംഗലം പട്ടണത്തെ സംഘർഷ ഭീതിയിലാഴ്ത്തി. ശക്തമായ പൊലീസ് സന്നാഹം ഏറെ പണിപ്പെട്ടു സംഘർഷം ഒഴിവാക്കി. പള്ളിയിൽ പ്രവേശിക്കാനുള്ള ഓർത്തഡോക്സ് സംഘത്തിന്റെ ശ്രമത്തിൽ പ്രതിഷേധിച്ചു കോതമംഗലം ടൗണിൽ ഉച്ചയ്ക്കു ശേഷം വ്യാപാരികൾ ഹർത്താൽ നടത്തി. സ്വകാര്യ ബസുകൾ ഉച്ചയോടെ സർവീസ് അവസാനിപ്പിച്ചു. ടൗണിലെ സ്കൂളുകളിൽ അധ്യയനം നിർത്തിവച്ചു
പള്ളിയിൽ പ്രവേശിക്കാൻ കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് തോമസ് പോൾ റമ്പാൻ മുവാറ്റുപുഴ മുൻസിഫ് കോടതിയിൽ നൽകിയ ഹർജിയിൽ, റമ്പാനു പള്ളിയിൽ കയറാൻ പൊലീസ് സംരക്ഷണം നൽകാൻ കോടതി ഡിജിപിക്കു നിർദേശം നൽകിയിരുന്നു. പൊലീസ് സംരക്ഷണം നൽകാമെന്ന ഡിജിപിയുടെ ഉറപ്പിലാണു പള്ളിയിൽ കയറാനെത്തിയതെന്ന് തോമസ് പോൾ റമ്പാൻ പറഞ്ഞു.
രാവിലെ 9നു പള്ളിക്കു മുന്നിൽ എത്തുമെന്നു റമ്പാൻ അറിയിച്ചതനുസരിച്ച് ഞായറാഴ്ച രാത്രി മുതൽ ചെറിയ പള്ളി പൊലീസ് വലയത്തിലായിരുന്നു. പുലർച്ചെ സ്ത്രീകളും കുട്ടികളും പള്ളിക്കുള്ളിൽ അഖണ്ഡ പ്രാർഥന ആരംഭിച്ചു. പള്ളിയുടെ വടക്കു വശത്തുള്ള ഗേറ്റിലൂടെയാവും ഓർത്തഡോക്സ് സംഘം വരികയെന്ന ധാരണയിൽ പൊലീസ് അവിടെ ബാരിക്കേഡ് തീർത്തു വിശ്വാസികളെ നിയന്ത്രിച്ചു.

രാവിലെ 10നു ബൈപാസിലെ സാന്ത്വനം സ്പെഷൽ സ്കൂളിൽ നിന്ന് ഓർത്തഡോക്സ് ബിഷപ്പുമാരായ ഡോ. തോമസ് മാർ അത്തനാസിയോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ്, യൂഹാനോൻ മാർ പോളിക്കാർപ്പോസ്, ഗീവർഗീസ് കൊച്ചുപറമ്പിൽ റമ്പാൻ, അൻപതോളം വൈദികർ, വിശ്വാസികൾ എന്നിവർക്കൊപ്പം നടന്ന് തോമസ് പോൾ റമ്പാൻ പള്ളിക്കു മുന്നിലെത്തി.
വടക്കു വശത്തെ ഗേറ്റിനു പകരം പടിഞ്ഞാറേ ഗേറ്റിലൂടെ പ്രവേശിക്കാൻ ശ്രമിച്ചതോടെ യാക്കോബായ വിശ്വാസികൾ അവിടെയും പ്രതിരോധം തീർത്തു. ഏതാനും വൈദികർ ശരീരം ഗേറ്റിനോടു ചേർത്തു ചങ്ങലയിൽ ബന്ധിച്ചു നിലയുറപ്പിച്ചു.
പടിഞ്ഞാറേ നടയിൽ ലയൺസ് ഹാളിനു മുൻവശം ഓർത്തഡോക്സ് സഭാ സംഘത്തെ പൊലീസ് തടഞ്ഞു. ഓർത്തഡോക്സ് വിശ്വാസികൾക്കു പിന്നിലെത്തി അവരെ വലയം ചെയ്യാനുള്ള യാക്കോബായ വിശ്വാസികളുടെ ശ്രമം പൊലീസ് തടഞ്ഞു. 5 മണിക്കൂറോളം പൊരിവെയിലിൽ ഇരു വിഭാഗവും അവർക്കിടയിൽ പൊലീസും നിലയുറപ്പിച്ചു.
‘അന്ത്യോക്യ – മലങ്കര ബന്ധം നീണാൾ വാഴട്ടെ’യെന്ന കാതടപ്പിക്കുന്ന മുദ്രാവാക്യങ്ങൾക്കിടയിൽ പ്രകോപനം ഉണ്ടാകാതിരിക്കാൻ പൊലീസ് പാടുപെട്ടു. മുൻസിഫ് കോടതിയുടെയും സുപ്രീം കോടതി വിധികളുടെയും അടിസ്ഥാനത്തിൽ തോമസ് പോൾ റമ്പാൻ പള്ളിയിൽ പ്രവേശിക്കുന്നതു തടയരുതെന്നും ആളുകൾ പിരിഞ്ഞു പോകണമെന്നും ആർഡിഒ എം. ടി. അനിൽകുമാർ 3 വട്ടം മൈക്കിലൂടെ അറിയിപ്പു നൽകിയെങ്കിലും മുദ്രാവാക്യം വിളികളിലും ആളുകളുടെ കൂക്കുവിളികളിലും മുങ്ങിപ്പോയി. ജലപീരങ്കി ഗേറ്റിനോട് അടുപ്പിച്ചതോടെ പൊലീസ് നടപടി ഏവരും പ്രതീക്ഷിച്ചു. അതോടെ കൂടുതലാളുകളെത്തി പ്രതിരോധ മതിലിൽ ചേർന്നു.
പതിനായിരത്തോളം വരുന്ന ജനക്കൂട്ടത്തെ നീക്കുക എളുപ്പമല്ലെന്നു കണ്ട് പൊലീസ് പിന്തിരിഞ്ഞു. ഇക്കാര്യം ഓർത്തഡോക്സ് സംഘത്തെ അറിയിച്ചപ്പോൾ പിരിഞ്ഞു പോവുകയാണെന്ന് അവർ അറിയിച്ചു.
വിശ്വാസികളുടെ മാത്രം നേതൃത്വത്തിലായിരുന്നു പള്ളിക്കു മുന്നിലെ യാക്കോബായ പ്രതിരോധം. എസ്പി ജെ. കാർത്തിക്, ഡിവൈഎസ്പിമാരായ കെ. അനിൽകുമാർ, കെ.എം. ജിജിമോൻ, തഹസിൽദാർമാരായ റേച്ചൽ കെ. വർഗീസ്, എം.ഡി. ലാലു എന്നിവർ ക്രമസമാധാന പാലനത്തിനു നേതൃത്വം നൽകി.