ADVERTISEMENT

എടക്കര (മലപ്പുറം) ∙ നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയും ഡിസിസി അധ്യക്ഷനുമായ വി.വി.പ്രകാശ്(56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെ 4.30ന് ആയിരുന്നു അന്ത്യം. കടുത്ത പോരാട്ടം നടന്ന നിലമ്പൂരിലെ ഫലം വരുന്നതിന് 2 നാൾ മുൻപ് മുഖ്യ സ്ഥാനാർഥികളിലൊരാൾ മരിച്ചത് കേരളത്തിനാകെ നടുക്കമായി. ഹൃദയാഘാതത്തെ തുടർന്ന് ആദ്യം എടക്കരയിലെയും പിന്നീട് മഞ്ചേരിയിലെയും സ്വകാര്യ ആശുപത്രികളിൽ എത്തിച്ച അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്കു കൊണ്ടുപോകുന്നതിനിടെയാണു മരണം.

എടക്കര ഗവ. ഹൈസ്കൂളിനു സമീപം പരേതരായ വലിയവീട്ടിൽ കൃഷ്ണൻ നായരുടെയും സരോജിനി അമ്മയുടെയും മകനാണ്. സ്കൂൾ കാലം മുതൽ കെഎസ്‌യു പ്രവർത്തകനായിരുന്നു. കോഴിക്കോട് ഗവ.ലോ കോളജിൽ നിന്ന് നിയമബിരുദം നേടിയ പ്രകാശ് കെഎസ്‌യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംസ്ഥാന ജനറൽ സെക്രട്ടറിയായും കെപിസിസി സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല സെനറ്റ് അംഗം, റീജനൽ ഫിലിം സെൻസർ ബോർഡ് അംഗം, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി അംഗം, ഈസ്റ്റ് ഏറനാട് സഹകരണ ബാങ്ക് പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. 2011ൽ തവനൂർ മണ്ഡലത്തിൽ കെ.ടി.ജലീലിനെതിരെ മത്സരിച്ചിരുന്നു. എടക്കര പഞ്ചായത്തംഗവുമായിട്ടുണ്ട്.

മൃതദേഹം മലപ്പുറം ഡിസിസി ഓഫിസിലും തുടർന്ന് എടക്കരയിലെ വീട്ടിലും എടക്കര പഞ്ചായത്ത് ബസ് സ്റ്റാൻഡിലും ‌പൊതുദർശനത്തിന് വച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ അന്തിമോപചാരമർപ്പിക്കാനെത്തി. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എ.കെ.ആന്റണി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ അനുശോചിച്ചു. മലയാള മനോരമയ്ക്കു വേണ്ടി ചീഫ് ന്യൂസ് എഡിറ്റർ ജേക്കബ് ജോൺ അന്ത്യാഞ്ജലി അർപ്പിച്ചു. എടക്കര ഈസ്റ്റ് ഏറനാട് സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥ സ്മിതയാണു ഭാര്യ. മക്കൾ: നന്ദന, നിള. സംസ്കാരം  നടത്തി.

Content Highlights: VV Prakash passes away

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com